തിങ്കളാഴ്‌ച, ഡിസംബർ 13, 2010

കൈത്തോട്

      ചി
   ത
റി,

തു
   ടി
      ച്ച്,

       തു
           ളു
               മ്പി,

                    പരന്നു പടര്‍ന്ന്,


 പു     ഞ്ഞു          ക
    ക          പു         ഞ്ഞ്. ..........

ചൊവ്വാഴ്ച, ഡിസംബർ 07, 2010

സാക്ഷാത്കാരം

എല്ലാം നീ പറഞ്ഞു തന്നതുപോലെ,
ഗ്രോസറിയിലെ ചെക്കന്റെ
മുഷിഞ്ഞ വേഷം ,

ലോകത്തെ കാണിക്കാന്‍ മടിക്കുന്ന
രണ്ടു ചെരുപ്പുകള്‍,
കയ്യിലെ കടുംനീല കവറില്‍
ഭദ്രം,നമ്മുടെ പ്രണയം

അഞ്ചാം നിലയില്‍ ലിഫ്ടിറങ്ങി,
പെട്ടന്നൊരു തിരിച്ചറിവുപോലെ,
സ്വയം ശപിച്ച്,
നഖം കടിച്ചു,
നാലാം നിലയിലേക്ക് ....

ഒളികണ്ണാല്‍ ചുറ്റും നോക്കി
ബെല്ലടിക്കാതെ തുറക്കപ്പെട്ട
വാതില്‍
ഉള്ളില്‍ ഇനി എനിക്ക് നീയും
നിനക്ക് ഞാനും മാത്രം

നാളെ എല്ലാം പതിവുപോലെ
പതിനെട്ടു ഡിഗ്രിയിലും
തണുപ്പറിയാത്ത ഈ മുറി,
അല്പം തുറന്ന ജനല്‍ വിരിയിലൂടെ
ഒളികണ്ണെറിയുന്ന വെളിച്ചം,
ക്ഷീണത്താല്‍ ഞരങ്ങുന്ന ഫാന്‍,
സ്ഥാനം തെറ്റിയ വിരിപ്പുകള്‍
അകമേ നിന്നടഞ്ഞ വാതില്‍ ...

ഉരിഞ്ഞെറിഞ്ഞ വസ്ത്രങ്ങളെ പോലെ
നാം നമ്മളെ ഉപേക്ഷിക്കുമ്പോള്‍ ,
പരസ്പരം നഖങ്ങളാഴ്ത്തിയെക്കാം
ചുണ്ടുകളില്‍ ചോര പൊടിച്ചു
മുഖങ്ങള്‍ ചുവന്നേക്കാം

ആദ്യം കാണുന്നവര്‍ക്ക്
നീയില്ല,
ഞാന്‍ മാത്രമാണെന്ന് തോന്നിയേക്കാം

ഒരു പ്രണയം ഇതിലേറെ
സാക്ഷാത്കരിക്കപ്പെടുന്നതെങ്ങിനെ ....

http://www.chintha.com/node/72597  (തര്‍ജ്ജനി)

ബുധനാഴ്‌ച, നവംബർ 24, 2010

ഇസ്മൈല്‍, # 050 6156878.

വീഞ്ഞപ്പെട്ടിയുടെ മൂടിമാറ്റി

ഈറന്‍ മാറ്റി,
വിയര്‍പ്പു പുതച്ച്,
മമ്മൂട്ടിയും മോഹന്‍ലാലും പുറത്തിറങ്ങും.
ഏയ്ചല്‍ ജോണും പരുന്തും ഹൗസ്സ് ഫുള്ളാകും.

വൈകുന്നേരങ്ങളില്‍ ഭാഷകളുടെ
വേലികള്‍ ചാടിക്കടക്കും
ഇസ്മയിലിന്റെ ബോക്സോഫീസ് റിപ്പോര്ട്ട്
വെള്ളതുണിയിലെ സീയ്യടിയുടെ
കണ്ണുചിമ്മലിനിടയില്‍
രണ്ടെടുത്താല്‍ രണ്ടു ദിര്‍ഹം കുറവ്‍

ഇസ്മായിലെ,പകലന്തിയോളം ‍
വീഞ്ഞപ്പെടി കാക്കുന്നവനേ,
ഞീയെപ്പോഴാണീ വകയെല്ലാം കണ്ടുകൂട്ടുന്നത്,

ന്റെ ചങ്ങായി,
ഞമ്മക്കീ സിലിമയെല്ലാം
ഹറാമാണേന്നിങ്ങക്കറിഞ്ഞൂടെ...

ചൊവ്വാഴ്ച, നവംബർ 16, 2010

ഇക്കോ സിസ്റ്റത്തിലെ പ്രാപ്പിടിയന്മാര്‍

ബയോളജിമാഷ് ഇക്കോ സിസ്റ്റത്തിന്റെ


വളവു തിരിയുമ്പോഴാണ്

നുണ,നുണയെന്ന്

കുഞ്ഞിത്തൂവലൊന്ന് മാഷിന്റെ

തലയില്‍ വീണത്


വൈകുന്നേരം മുതല്‍ കുരുമുളകില്‍ കുതിര്‍ന്ന്

ഓംലെറ്റും ദോശയുമായി പ്രാവിന്‍ മുട്ടകള്‍

മാഷിന്റെ അടുക്കളയിലെ

വിരിക്കലിന്‍ വിതുമ്പലുള്ള

അതിഥികളായി



തൂവല്‍ ചിത്ര തൊങ്ങലും

കുറുകലിന്‍ കോറസ്സുമില്ലാത്ത

ക്ലാസ്സുമുറികള്‍ ഊട്ടുപുരയായി,

സ്കൂള്‍ കുരവത്താളങ്ങലില്‍ നാണിച്ചു .



മണല്‍ കാറ്റു മണക്കുന്ന

ഷാബിയ വലിയപള്ളിയ്ക്കെതിരെ

ഫ്ലാറ്റുകളുടെ വിടവില്‍

കുറുകല്‍ സൈറന്‍ പോലെയാണ്.



കുറുകുന്നവര്‍ക്കീടയിലുണ്ട്,

വെള്ളച്ചിറകുള്ള നെറ്റിയില്‍ കുറിതൊട്ടവര്‍,

കറുത്തിരുണ്ട് കാലം പോലെ മൗനിയായവര്‍,

കയ്യൂക്കിന്റെ തൂവല്‍ വിരിപ്പേന്തിയവര്‍.



കുറുകലുകള്‍ക്കു മീതേ കോതമ്പു വിതറാറുണ്ട്;

കാലത്തെ റോഡു മുറിച്ചെത്തുന്ന

ടൈ കെട്ടിയൊരു പാക്കിസ്ഥാനി.

വരികളിലൂടെ വീടു നഷ്ടപ്പെട്ടവനാകും; ഞാന‍പ്പോള്‍



വിരിച്ച വലയില്‍ കണ്ണെറിഞ്ഞ്

ദൂരത്തിരുന്നു നാലുപേരിന്നലെ

ജീവിതത്തിലേക്കുള്ള ചിറകടികളില്

പഴയൊരോര്‍മ്മ വേലിയിറങ്ങി.






 

തോര്‍ച്ച മാഗസിന്‍ , നവംമ്പര്‍-ഡിസംമ്പര്‍ ലക്കം


ചൊവ്വാഴ്ച, ഒക്‌ടോബർ 12, 2010

ഒട്ടും അസ്വാഭാവികതയില്ലാത്ത ചിലത്

ഗ്രാമത്തിനും പട്ടണത്തിനുമിടയിലെ‍

ലക്ഷ്മണരേഖ; പുഴ.
മണല്‍ത്തിട്ടയില്‍ മുള‍ങ്കഴ
ഒരു വില്ല്;
അക്കരെയിക്കരെ ഞങ്ങള്‍
അമ്പുകള്‍.


നിറം മാറാത്ത മഴക്കാലങ്ങള്‍‍
പുഴയെ വീടുകള്‍ കാണീക്കും.
കിഴക്കന്‍ മലയില്‍ നിന്ന്
വേരറുത്ത് നാടുകാണാനെത്തും
മഴുവില്‍ നിന്നൊളിച്ച കാതലുകള്‍‍,
കഴുത്തില്‍ കുടമണികിലുക്കി
അമ്മമാരെ വിളിച്ചാര്‍ത്ത് ആട്ടിങ്കുട്ടികള്‍.
നനഞ്ഞു തോരാത്ത ക്ലാസ്സ് മുറികള്‍‍
കരയില്‍ കാവല്‍ നില്‍ക്കും.

ഒഴുക്കിനുമീതെ ആള്‍ക്കൂട്ടം,
പലജാതി വണ്ടികള്‍
മുള‍ങ്കഴ കടലു കാണാനിറങ്ങി.

ഒഴുക്കില്ലാ പുഴയില്‍
നാടുകാണാനെത്താറുണ്ടിപ്പോഴും.
സ്വപ്നങ്ങളില്‍ മുങ്ങാംകുഴിയിട്ട്
മൂക്കുടഞ്ഞവര്‍,
മേലാകെ നഖംകൊണ്ട്
ചോരപൊടിച്ചവര്,
കേട്ടറിഞ്ഞ പ്രണയത്തെ കണ്ടറിയാന്‍
രാത്രിവണ്ടിയേറിയവര്‍.

കാണാത്ത മട്ടില്‍ നിന്നിട്ടും
കടന്നുപോവാത്ത ചിലരെ
സ്വാഭാവികമായെത്തിയ
അപരിചിതരെന്ന്
പുതപ്പിച്ചുറക്കുന്നു ഞങ്ങള്‍.

ശനിയാഴ്‌ച, സെപ്റ്റംബർ 25, 2010

ഉന്മത്തതകളുടെ ക്രാഷ് ലാന്‍ഡിംഗ്ഗുകള്‍

പെണ്ണൊഴുക്കിന്റെ ഈ ചെരിവ്.
നുരയുന്ന സ്ഫടികത്തുഴയൂന്നി
ലഹരിയാഴത്തിലേക്കടിവെച്ച്
വിശക്കുന്ന കണ്‍ചലനങ്ങളുടെ
കടിഞ്ഞാന്‍ മുറിച്ച്,
സ്വയം മറന്ന് ആണ്‍കൂട്ടം‍.


ഇരിത്രിയയുടെ ഭൂപടം,
മിഴിയോളപ്പരപ്പിലൂടെ ഇങ്ങേച്ചരുവിലേക്ക്.
ഏതു വെള്ളപ്പൊക്കത്തിന്റെ,
തിരുശേഷിപ്പാണീ അര‍ക്കെട്ടിനൊതുക്കം,
അബോധത്താളുകളില്‍ പരതുന്നു കൈകള്‍.


കൈത്തണ്ടയുടെ നിറസാമ്യതകളിലെ കറുത്തതേനേ;
ഹണീയെന്ന നിന്റെ‍ പേരുപോല്‍ മധുരമേ ,
മൊറോക്കൊയില്‍ കാടുണ്ടോ,
നീയേതു കാട്ടി,ലേതുമരപ്പൊത്തിലിളിച്ചിത്രനാള്‍
ചുണ്ടുകളിലെ തേനരുവിയുറവേ.


നീളും കയ്യുകളിലെല്ലാമുടലുരസി,
ഉയര്‍ന്ന നെഞ്ചിലെല്ലാമൊതുക്കി,
പോകും വഴിയെല്ലാം പരക്കുന്നീ
സുഗന്ധമേ,റൂസ്സിന്‍ തലയെടുപ്പേ.

ഒരൊ പെണ്ണുടല്‍ ചലനങ്ങളും
ഓരോ രാജ്യത്തേക്കുള്ള
എമിഗ്രേഷന്‍ ക്ലിയറനില്ലാവിസ
ഓരോ ആണുടലിനും
ഒരു സഡന്‍ ടേക്കോഫ്;
നിമിഷാര്‍ദ്ധത്തിലൊരു ക്രാഷ് ലാന്‍ഡിംഗ്.

ഹേയ്,ഈ രാത്രി,
താക്കോലറ്റത്തെ മുറിയുടെ
നമ്പറോര്‍മ്മിക്ക നീ,
കലാപത്തിന്റെ ഇമവെട്ടലേ,
മുന്‍പിന്‍ ചലിക്കും എത്യോപ്യന്‍ കുന്നുകളെ, .


മറവെത്താത്തിരു കുന്നുകള്‍‍ക്കിടയില്‍
മറഞ്ഞിരുന്നോരു കുരിശ്,
നെഞ്ചിലെ വേദപുസ്തകച്ചൂര്
അറിയാത്തൊരു ഗ്രാമത്തില്‍
കാത്തിരിക്കുന്നുണ്ടോരുവന്‍;യൂസേഫ്
രാജൂ,നീയെനിക്ക് എന്റെ സഹോദരന്‍.
കണ്ണുകളിലെ പ്രണയമിന്നാമിനുങ്ങിനെ
തൊട്ടു സത്യം ചെയ്യുന്നുണ്ട് റാഫില


അമിതാഭേ,ഷാരൂഖെ,
കണ്ടെല്ലാ സിനിമയിലും സ്നേഹം
വാരിത്തൂവിപ്പിച്ച രാജൂമാരെ,


ലഹരീത്തൂവലുകള്‍ പാതികൊഴിയുമ്പൊള്‍
മൊബൈല്‍ ദേവതാപ്രാര്‍‍ത്ഥനകളില്‍ ,
പന്ത്രണ്ടക്കം തെളിഞ്ഞാല്‍ തന്നെയതു
ബിസ്സിയാകുമോ, ഔട്ടോഫ് കവറേജോ?


..പുതു കവിതയില്‍..

വ്യാഴാഴ്‌ച, ഓഗസ്റ്റ് 26, 2010

ഓര്‍മ്മകള്‍ ചൂളങ്കുത്തിക്കുന്ന പുകത്തീവണ്ടികള്‍

കാഞ്ഞിരമുട്ടി തിന്നു
ചെമ്പുരുളികള്‍ ചുവന്നു.
ഉള്ളില്‍ മുറികൂടാനാകാതെ
കപ്പക്കഷണങ്ങള്‍ വെള്ളത്തിളപ്പു തൊട്ട്
അലറിക്കരഞ്ഞു തളര്‍ന്നു.


പനമ്പായയില്‍ തെക്കെപറമ്പിലെ
തവിട്ടുമണ്ണ് പോളയിളകിച്ചിതറി
ഇലയിളക്കിയ തണ്ടുകള്‍
ഇണചേര്‍ക്കുന്നുണ്ട്,ആയിച്ചന്‍.

വെളിച്ചത്തില്‍ നിന്നകന്ന് പെണ്ണിരുളുകള്‍
കാറ്റില്‍ ഉണക്കവാഴയിലപോലെയിളകി.
അദ്രുമാനും ആയിഷയും
കല്‍ക്കണ്ട്ക്കനി കല്‍ക്കട്ടയും ‍
വന്നുപോവുന്നുണ്ടിടയ്ക്ക്

കുംഭക്കാര്ത്തികയിരുട്ടില്‍ മെയ്യളവു
പരതിയ കയ്യില്‍ ഇക്കിളിപ്പെടുന്നുണ്ട്;ചിരുത.

നിലാവില്‍ ചിരുതയും തേയിയും
റാന്തല്‍ വിളക്കിനെക്കാള്‍ വെട്ടം വച്ചു,
വെടിവട്ടം ചിതറുന്ന
ആണ്‍കൂട്ടങ്ങള്‍ക്കിടയില്‍ ഉലുവാമണം.


സ്റ്റീല്‍ പിഞ്ഞാണങ്ങളില്‍,
വെളുമ്പിയും,കറമ്പിയും
കാപ്പിമണം പൊങ്ങുന്ന ഉടലുചുറ്റല്‍.
ചാണകമെഴുപ്പില്‍
തെക്കെ മുറ്റത്തെ കാന്താരി,
കോമാടന്‍ തെളിയെണ്ണയില്‍ മുങ്ങാംകുഴിയിട്ടു:


താഴെപാടത്തെ ചേമ്പും കാച്ചിലും
വട്ടയില പുതച്ച വേവ്,
ഈറവട്ടികളില്‍ വീടുകളിലേക്കുള്ള
വഴി കാത്തിരിക്കുന്നുണ്ട്.

നിലാവില്‍ പോലും മീശതെളിയാത്ത
മൈനര്‍ പയ്യന്മാരാണ്,
വായ പോയ പിച്ചാത്തിയില്‍
മണ്ണിന്‍ പുതപ്പുനീക്കി കപ്പയെ
തെളിനീരില്‍ കുളിപ്പിക്കുന്നത്.


പരമുവിന്റെ കുന്തിച്ചിരിക്കുന്ന
കടത്തട്ടി കുടചൂടി
നെഞ്ചിലെക്കാദ്യ-
പുകത്തീവണ്ടി ചൂളം കുത്തിക്കും.


ചുളുങ്ങിപ്പൊയ ഇലഞ്ഞിപൂമെത്തയില്‍
ആദ്യവിരല്‍ പാടുകളുടെയിക്കിളി-
പ്പുതപ്പിന്‍ വിടവിലൂടാണ് ഉണര്‍വ്വെത്തിയത്


‍നിലാവു പാതി ചാരിനില്‍ക്കുന്ന
ആഞ്ഞിലിമരചില്ലയ്ക്കപ്പുറം
വിജനതയുടെ വിരിപ്പിട്ട
വഴിവേഗമെത്തിച്ചത്
കുന്നിന്‍പുറത്തെ സുറിയാനി സെമിത്തേരി.

ഉണര്‍ന്നിരിക്കുന്ന നിങ്ങളെന്നേ
ഉറങ്ങിപ്പോയവര്‍
ആകാശത്തേക്ക് കൈചൂണ്ടി
അടക്കം പറയുന്നുണ്ട്
മുറിക്കയ്യന്‍ കരിങ്കല്‍ക്കുറ്റികള്‍.
.
.

ചൊവ്വാഴ്ച, ഓഗസ്റ്റ് 03, 2010

പനിക്കാഴ്ചകള്‍...

ഷാബിയയിലെ ആശുപത്രിമുറിയില്‍
ഞാനും അഹമ്മദും,
കാബൂള്‍ എക്സ്പ്രസ്സി*ലെ
ജോണ്‍ അബ്രഹാമും അര്‍ഷദും പോലെ



ഞാന്‍,ഫോണ്‍വിളികളുടെ
നിശബ്ദതാളത്തില്‍ വിറയ്ക്കുന്ന പനി
അടയ്ക്കാന്‍ മുന്നറിയിപ്പില്ലാത്ത
ഗാസാഗേറ്റുപോലെ അഹമ്മദ്‌
ദസ്വിയിലെ ‍വിരലമര്‍ത്തലുകളില്‍
വിരഹത്തിന്‍ എണ്ണിത്തിട്ടപ്പെടുത്തലുകള്‍;
ചലനവേഗങ്ങളില്‍ കത്തിക്കാളുന്ന അക്ഷമ.

ഭാരമിറക്കാനൊരിടത്തിനായുള്ള
തിരച്ചിലില്‍ കണ്ണേറുകള്‍
കണ്ണു വീഴുന്നിടത്തോളം തലപ്പാവുകള്‍;
ജീവിതം പോലെ അഴിച്ചഴിച്ചു
കുരുങ്ങിക്കിടക്കുന്ന ചുരുളുകള്‍ക്കിടയില്‍
നിര്‍വചനം നഷ്ടപെട്ട നിറങ്ങള്‍.
വെടിക്കോപ്പ് തീര്‍ന്നുപോയ ടാങ്കുകളിലെ
പട്ടാളക്കാരുടെ ‍നിസ്സംഗമുഖങ്ങള്‍.‍

കൊയ്ത്തു കഴിഞ്ഞ പാടത്ത്
ബാക്കിയായ കുറ്റികള്‍ക്കിടയില്‍
വെള്ളപുതച്ച താറാവുകള്‍,
മൌനം വിതയ്ക്കപ്പെട്ടവര്‍ക്കിടയില്‍
നഴ്സുമാരുടെ പാദചലനങ്ങള്‍

ചുമകുറുകല്‍ മത്സരത്തിനിടയില്‍
നേര്‍ത്ത പേരുവിളിത്താളത്തില്‍
ഓരോ ടാങ്കും കാലിയാക്കി
ഒരു പേരിന്റെ ഊന്നുവടിയില്‍
സൈനികര്‍ ഓരോരുത്തരായി അകത്തേക്ക്

കൃത്യമായ ഇടവേളകളില്‍
രാജ്യംമാറി ഉമിനീര്‍കടല്‍
മുങ്ങിനിവരുന്ന താപമാപിനി


നീലത്തില്‍ മുങ്ങിയ
പൊരുന്നയുള്ളൊരു താറാവിനൊപ്പം
ഉള്ളിലേക്ക് ഞാനുമൊരു പേര്.


കഴുത്തില്‍ ഓമത്തണ്ടുമാലയിട്ട
ഡോക്ടര്‍ക്ക് മുന്നില്‍
അച്ഛന്റെ തോളിലെ‍
വാടിയൊരു മുന്നണിത്തണ്ട്.‍ ‍
.
*  കാബൂള്‍ എക്സ്പ്രസ്സ് - അഫ്ഗാന്‍ ബെയ്സ് ചെയ്തു നിര്മ്മിച്ച ഹിന്ദി ചലച്ചിത്രം


 
 


പഴയ ഒന്ന്..............

തിങ്കളാഴ്‌ച, ഓഗസ്റ്റ് 02, 2010

നീയും ഞാനും

പഴയ പോസ്റ്റ്....നേരത്തെ വായിച്ചവരോട്, ക്ഷമാപണം.

വ്യാഴാഴ്‌ച, ജൂലൈ 22, 2010

പുഴനോവുകളുടെ ജപസങ്കീര്‍ത്തനം















.

ഇലവെട്ടാതെ,


തുളുമ്പിച്ചിരിക്കുന്നൊരു മരക്കൂട്ടം.



വേരുകളില്‍ ചിരിചാലിച്ച്

ഇലക്കണ്ണേറുകള്‍.

നുണക്കുഴിപ്പാടുകളിന്‍‍

തിണര്‍പ്പിലൊരു മണ്‍‍പുതപ്പ്.





കുളിരേ,കുളിരേ ..

കാറ്റിന്‍ മേഘവിളര്‍ച്ച.



പോകും വഴിയെല്ലാം

ചിതറിവീഴുന്നുണ്ട്,

കാറ്റു ചീര്‍പ്പിച്ചിളക്കിയ

കടല്‍ വരളുപ്പുമുടിയിഴകള്‍. ‍





കാറ്റേ,കാറ്റെ,

കുളിരേ,കുളിരേ,

പാതിതിളച്ചൊരു മരുത്തേങ്ങല്‍

മണലാലകളുടെ‍ ജപസങ്കീര്‍ത്തനം പോലെ

ആര്‍ത്തലച്ചു തോരുന്നുണ്ട്.



മേഘശാപങ്ങളുരുക്കിയ

മണല്‍മുറിവുകളില്‍ കണ്ണീരിറ്റി,

ഇടവത്തുലാപ്രാക്കിലും,

കുംഭമീനപ്രാര്‍ത്ഥനയിലും,

കണ്ണീരുപ്പു പെയ്യുന്നുണ്ട്

പുഴനെഞ്ചിന്‍ കടലാഴത്തോളം..
.
.

picture courtesy : studiodapore.blogspot.com

ഞായറാഴ്‌ച, ജൂൺ 13, 2010

വെയില്‍ക്കാഴ്ചകള്‍















തെക്കോട്ടു നോക്കി
വെറുതേ വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
ഇരിക്കെയിരിക്കെ "കാഞ്ഞവെയിലെ"ന്നോര്‍ക്കും
ഓര്‍ത്തോര്‍ത്തിരിക്കെ മറന്നു വെച്ചതെല്ലാം
നിലവിളിച്ചോടിയോടിയെത്തും
ഓര്‍മ്മകളില്‍ മനസും വയറും കായും

കാഞ്ഞവയറിനും കാഞ്ഞവെയിലിനും മീതെ
കൈകള്‍ ഓരോന്നു വീതം വയ്ക്കും .


വെയില്‍ കുളക്കടവിലേക്കു
കുതികുതിക്കുംവരെ ഒരേയിരിപ്പ് .
വെയില്‍ തിന്നിരുണ്ടയിടതു കൈയ്ക്കു താഴേ
വയലിന്‍ ചുടുവാത തെണിര്‍പ്പുകളില്‍
കണ്ണഞ്ചും‍ ചിത്രപ്പണി തെളിയും


ഇലയെല്ലാം പിണങ്ങിപ്പോയ
മരത്തിന്‍റെ മനസുപോലെ വയലിന്റെ
ഉടലും പുകഞ്ഞുപുകഞ്ഞു പൊങ്ങും.
അകലെ വയലിന്‍റെ അരഞ്ഞാണങ്ങള്‍
രാപ്പനിപ്പെട്ടപോലെ നിറം മങ്ങും

വെയിലുണക്കിയ കണ്ണില്‍
പാടം പുതച്ച ചെമ്പട്ടില്‍
നിറം പിടിപ്പിച്ച
ശൂര്‍പ്പണഖമേനികള്‍‍ പന്തലിക്കും
അരഞ്ഞാണച്ചരടിലും കാട്ടളകളിലും
കട്ടുറുമ്പുകള്‍ പാട്ടുപാടും


തെക്കോട്ടു നോക്കി പിന്നെയും
വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.
കാഴ്ചകള്‍ മാത്രം മാറി മാറി വന്നു പോകും 
 
ബ്ലോത്രം വാരാന്ത്യപ്പതിപ്പ്..13/05/2010
,
.
foto courtesy : Google..

വ്യാഴാഴ്‌ച, ജൂൺ 03, 2010

ആഴങ്ങളിലെ ചില മുറിവുകള്‍




അകക്കണ്ണാണ് വഴികാട്ടി, ചിലര്‍ക്ക് .

മനസ്സാകും സ്ഥാനം നിശ്ചയിക്കുക.

ചിലരാവട്ടെ,

നക്ഷത്രവഴികളെയും കാന്തികങ്ങളുടെ

കാണാച്ചരടുകളെയും മനക്കണ്ണില് ‍പാറ്റി

നിശ്ചയിച്ചു കൊടുത്തിടത്താവും തുടങ്ങുക

വാക്കുകളുടെ ക്രയവിക്രയങ്ങള്‍

പുതുമണ്ണില്‍ കൈക്കോട്ടു പോലെ

അറിയാതുള്ളിലേക്കാക്കാണ്ടാണ്ടു പോകും .

പരിചിതമായ വഴികളെന്നു

തോന്നിപ്പിക്കുന്ന ഇടങ്ങളിലൂടെയാവും

ഉള്ളറകളിലേക്ക് ചെന്നെത്തുക

നിശ്വാസത്തിന്റെ ചെറുതാളം‍‍ പോലും

പ്രതീക്ഷയുടെ ഒരുറവ തുളുമ്പിക്കും

ആഴത്തിലെവിടെയോ ഉറയൂറുന്ന

നനവ് കണ്ണുകളെ മോഹിപ്പിക്കും


അളക്കാനാവാത്ത ദൂരങ്ങളിലെവിടെയോ

ചെങ്കല്ലിലെ കൊത്തുപോലെ,

പ്രതീക്ഷകള്‍ക്ക് മേലേ അക്ഷമ

വേലിയേറ്റമാകുമ്പോഴാകും

മൂടാനാവത്തൊരു കിണര്‍ ബാക്കിയുണ്ടെന്നറിയുക


ആഴം കൂടുന്തോറുമാണ്

നനവ്‌ അകന്നു പോകുന്നതറിയുക

അദൃശ്യ അതിരുകളില്‍ വച്ചാവും

അപരിചിതരാവുക .


കൂടെയുണ്ടാകുപ്പോഴും ,

ഉപേക്ഷിക്കപ്പെട്ട ചില കിണറാഴങ്ങള്‍ പോലെ

തുന്നിച്ചേര്‍ക്കാനാവാത്ത ചില മുറിവുകള്‍.

ഓര്‍മ്മകളുടെ ജലതാളങ്ങളില്‍ 

ഇടക്കിടെ വീണു മരിക്കാനായി

സ്വയം കരുതിവച്ചവ.

പിന്നിട്ട വഴികളുടെ ഓര്‍മ്മപ്പുസ്തകം പോലെ.




.

തിങ്കളാഴ്‌ച, മേയ് 17, 2010

പാര്‍ട്ടി ഗ്രാമം



കായലിനെ ചുറ്റി ഇരുപതുവീടുകളാണ്
വീടിന്റെ വിശപ്പറിഞ്ഞു മീനുകള്‍
അടുക്കളകളിലേക്കു ഒളിഞ്ഞു നോക്കും
ഇടതുകാലിലെ നനഞ്ഞു കുതിര്‍ന്ന
പാതിവെളുത്ത കറുത്തചരടില്‍
ഉമ്മവെച്ചു നില്‍ക്കും ഉച്ചനേരത്ത് .


രാവിലെ കൊമ്പുതാഴ്ത്തി നിന്നു കൊടുക്കും
മുറ്റത്തെ തൈമാവ്.
ചെറുകമ്പുകള്‍ പല്ലുകളിലുരഞ്ഞു കൊഞ്ചുന്നത്
ചില്ലകളെ ചെറുങ്ങനെയനക്കും


പാര്‍ട്ടിയാപ്പീസ് തുറക്കുന്ന നേരത്താവും
വീട്ടുകാരന്മാരെല്ലാം‍ നിരത്തിലേക്ക്
മാര്‍ച്ച് ചെയ്യുന്നത്..
പോക്കറ്റിലിട്ട രണ്ടു നാണയങ്ങള്‍ ‍
പരസ്പരം പിണങ്ങി ചിണുങ്ങൂം.

പാതി വഴി പിന്നിട്ട്‌ ഇടതു വശത്ത്
പാര്‍ട്ടി ആപ്പീസില്‍ കട്ടികണ്ണട
വിചാരണാത്താളില്‍ ഒച്ചയെടുക്കുന്നുണ്ടാവും
ആപ്പീസു മുറ്റത്ത്‌ കൊടിത്തണലില്‍
നക്ഷത്രം തുന്നിയ കുപ്പായങ്ങള്‍
വിധിയും കാത്തു കോട്ടുവായിടും

വലതു വശത്താണ് യൂണിയന്‍ ആപ്പീസ്സ് ‍
പാതി തുറന്ന ജനാലയ്ക്കകത്ത്
വിതയ്ക്കാതെ കൊയ്ത വിത്തിന്റെ
വീതം വയ്ക്കല്‍ ഓരിയിടും.

യൂണിയന്‍ ആപ്പീസ്സു കടക്കും വരെ
കണ്ണുകള്‍ രണ്ടും വെട്ടാന്‍ വൈകിപ്പോയ
കാല്‍നഖങ്ങളില്‍ കുരുക്കിയിടും;

നിരത്തില്‍ ചുറ്റിനടക്കും;
നാണയങ്ങള്‍ കുമ്പിള്‍ പൊരിയാകും
ഉച്ചവെയിലിനൊപ്പം തിരിച്ചെത്തും;
സ്കൂള്‍ സഞ്ചികളും ആണുങ്ങളും.
പാതിവെന്ത ചോറൂണും മയക്കവും
നാലു മണിക്കു വീണ്ടും നിരത്തിലേക്ക്

ചൊവ്വാഴ്ചകളിലാണ് വീട്ടുകാരികള്‍
ചന്തയിലേക്ക് പോകുക .
അവര്‍ക്കു ‍ പരിചിതങ്ങളായ
ഓള്‍‍‍ഡ് കാസ്കോ ഓ.പി.ആറോ
മണത്തിനൊപ്പം വിയര്‍പ്പുപൊന്തും
പ്രകാശം കുറഞ്ഞ മുറികളില്‍
കണ്ണീര്‍പ്പോള ഇളകിയടരും

അടുത്ത ചന്തവരേക്കുള്ള വിശപ്പ്
സഞ്ചിയില്‍ തൂക്കി
ഇരുളു മുറുകും മുന്‍പ്‍ വീട്ടിലേക്ക്.
നാളെ മുതല്‍ നാണയങ്ങള്‍
മേശമേല്‍ ഉഴംകാത്തു കിടക്കും.

.

foto courtesy :Below is the image at: www.merello.com

ബുധനാഴ്‌ച, ഏപ്രിൽ 28, 2010

പൊന്റൂര്‍ തീര്‍ത്ഥാടനം

























ചെമ്പകപ്പാലം ഇടവപ്പാതിക്കണ്ണീരില്‍
മുങ്ങാങ്കുഴിയിട്ട സന്ധ്യക്കാണ്‌
പൊന്നുവും പിന്നാലെ ശാരദയും
എല്ലുതെളിഞ്ഞൊരു കുടത്തുമ്പുതൊട്ട്
അക്കരെത്തോടുവഴി പടിഞ്ഞാട്ടു പോയത്.

നാലുപേര്‍ക്കൊപ്പം പൊന്റൂര്‍ പോകുംവരെ
കുമാരന്‍ തോടുവക്കത്തെ പൊത്തുകളില്‍
ശാരദേം പൊന്നൂനേം തിരഞ്ഞു.

തിരിച്ചു വന്ന കുമാരന്‍
പി ഡബ്ലൂ റോട്ടിലെ
മഴവെള്ളപൊത്തുകളില്‍ കല്ലു
കൊണ്ടു പൂക്കളം തീര്‍ത്തു.


പോന്റ്റൂന്നു വന്ന സരോയനിയമ്മ
കുമാരനു പിന്നാലെയെത്തും
                                                                   കുഴിയില്‍ പൊരുന്നയിരിക്കുന്ന കല്ലെല്ലാം
                                                                   പ്ലാസ്റിക് സഞ്ചിയിലാക്കും

അന്തിവരേക്കുള്ള ഊരുചുറ്റലിനു ശേഷം
കല്ലായകല്ലെല്ലാം പാറമടയിലെ
കല്ലുവെട്ടാംകുഴിക്ക്‌ കൊടുക്കും.

കുഴി നിറയുമ്പോ‍ കല്ലു ചവിട്ടി
മോളില്‍ കേറിവരുന്ന
രാധമ്മയുടെ ഓര്‍മ്മ പുതക്കും
കുഴിയുടെ ആഴങ്ങളിലാണ് രാധമ്മയ്ക്ക്
കിനാവൊന്നു കൈമോശം വന്നത്‌

വിതക്കുന്ന കുമാരനും
കൊയ്യുന്ന സരോയനിയും
ഒരേ നേരത്തു വരും
കാത്തിരിക്കുന്ന കണ്ണുകളില്‍ ‌
ഉന്മാദത്തിന്റെ പൂത്തിരിയേകാതെ
കല്ലുകള്‍ മാത്രം സ്ഥാനം മാറും

കര്‍മ്മഫലങ്ങളുടെ നിരര്‍ത്ഥകതയില്‍ ‍
പൊന്റൂര്‍പോക്ക് വ്രതശുദ്ധി 
വേണുന്നൊരു തീര്‍ത്ഥാടനമാണ്



* പൊന്റൂര്‍ ...പുനലൂരിനെ നാട്ടു ഭാഷയില്‍ വിളിച്ചിരുന്നത്‌.

പുനലൂര്‍ പണ്ടൊരു മാനസികാരോഗ്യകേന്ദ്രം ഉണ്ടായിരുന്നു.
foto courtesy : google fotos.
. 

വെള്ളിയാഴ്‌ച, ഏപ്രിൽ 09, 2010

നിശ്ശബ്ദതയുടെ ആഘോഷങ്ങള്

കയ്യൂക്കുള്ള അയല്‍ക്കാരനെ
പോലെയാണ് നിന്‍റെ മനസ്സ്
ഞാന്‍ കരുതിയെ വാക്കുകളെയെല്ലാം
അതിര്‍ത്തി സൂചികക്ക് വെളിയിലാക്കുന്നു
വല്ലാത്തൊരു നീശ്ശബ്ദതയുടെ
മണ്‍കോരിയില്‍ നിന്‍റെ മനസ്സെത്താ
ദൂരത്തുപേക്ഷിക്കുന്നു.

മനസ്സില്‍ ഒതുങ്ങാത്തൊരു
വാക്കിന്‍റെ ഉളിചലനങ്ങള്‍
തൊണ്ടക്കുഴലില്‍ മുറിയാമീന്‍മുള്ള്
നിന്‍റെ കണ്ണുകളത് അടക്കം പറയുന്നുണ്ട്.

മുത്തശ്ശന്‍ മണ്‍കൂനയില്‍
അടക്കം ചെയ്ത കാച്ചില്‍ കുരുന്നുകളുടെ
വിരല്‍ തുമ്പ് കാത്തിരിക്കുന്ന
അക്ഷമ തൂവുന്നുണ്ട്

നമുക്കിടയിലെ അറിയാദൂരങ്ങളില്‍
തുഴയില്ലാ വഞ്ചി പോലെ
നിന്നിലേക്ക്‌ മാത്രം ഒഴുകുന്നുണ്ട്,
ഹൃദയം കൈവിട്ട വാക്കുകള്‍ .
നിന്‍റെ മനസ്സിന്‍റെ അഭിചാരങ്ങളില്‍ അവ
ദിക്കറിയാതെ പിണങ്ങി നില്‍ക്കുന്നുണ്ട് .

നിന്‍റെ മൌനം നിറച്ച മിഴിദൂരങ്ങള്‍ക്കിരുവശവും
വാക്കുകളുടെ കടത്തുവഞ്ചി കാത്തിരിക്കുമ്പോള്‍
പ്രണയം നിശബ്ദതയുടെ ഒരാഘോഷമാണെന്ന്
ജീവിതം നെഞ്ചില്‍ തൊട്ടു സാക്ഷ്യപ്പെടുത്തുന്നുണ്ട്
.
.
.

ശനിയാഴ്‌ച, മാർച്ച് 13, 2010

അമ്പത്തിയാറില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍













നവാതില്‍ക്കലോളം വന്നു മറഞ്ഞ
പാതിവാടിയ അരമുഴം മുല്ലപ്പൂക്കളാണ്
അമ്പത്തിയാറുനാള്‍ മുന്‍പ്
മറന്നുപോയൊരു പ്രതിജ്ഞ ഓര്‍മ്മിപ്പിച്ചത്.
ശീലിക്കാനും പാലിക്കാനും പറ്റാതെപോയ
ഒരുപാടുകളില്‍ ഒന്നു കൂടി.
ഈ വര്‍ഷം ഞാനൊരു സസ്യഭോജി;
ഒരു വാശിക്ക് പറഞ്ഞു പോയതാണ്.

മുല്ലപ്പൂവിന്റെ ഇളം മഞ്ഞനിറത്തില്‍
പുറം തിരിഞ്ഞുറങ്ങുന്ന
ത്രേതാ,കലിയുഗങ്ങളുടെ ഫ്ലാഷ് ബാക്ക്
പരസ്പരം വിയര്‍പ്പ് നാറും

ജീവനും മരണത്തിനും ഇടയിലെ
നിമിഷദശാംശങ്ങളില്‍
കണ്ണുകള്‍ തുറിച്ചുതള്ളിനിര്‍ത്തുന്നത്
പ്രാണഭയത്താലല്ല;
ആനിമേഷന്റെ അകമ്പടിയില്ലാതെ
വേട്ടക്കാരന്റെ പിന്നീടുള്ള
ഉറക്കപ്പാതികളിലത്പ്രാണനെക്കുറിച്ചുള്ള
പ്രാര്‍ത്ഥന തുറക്കും
ചുവന്നു കലങ്ങിയ ഒരു ജോഡികണ്ണുകള്‍.

പച്ച ചുവയ്ക്കുന്നതും പാതിവേവാത്തതുമായ
മാംസം തൊലിപ്പുറത്ത്
ചൊറിഞ്ഞു തിണര്‍ക്കും ;
കുരുക്കളായി പുറത്തേക്കു ചാടാന്‍ വെമ്പും

ശീതത്തിന്റെ സൂചിമുനകള്‍ ‍
ഉള്ളിലെ വേട്ടക്കാരനെ തോണ്ടിയുണര്‍ത്തും
വേട്ടയാടേണ്ടത് ഉള്ളിലെ
അരുതരുതായ്മകള്‍ തമ്മില്‍.
നീ വിലക്കിയകറ്റുന്ന
ഒരു കനിയാവുന്നുണ്ട് ഞാന്‍.

ഓരോ നിമിഷവും 
ആഘോഷിക്കാനാണെന്ന്
പഠിപ്പിക്കുന്നത് ഉറപ്പുകളെ 
ഒഴിവാക്കാനാണ്.

വാക്കുകളില്‍ പച്ചപ്പു നിറച്ചു
ചിന്തയിലും പ്രവൃത്തിയിലും
മാംസം കടിച്ചു കുടയും
പുതിയതൊന്ന് കണ്ടെത്തുന്ന
അടുത്ത പുതുവത്സര പ്രതിജ്ഞവരെ.

തിങ്കളാഴ്‌ച, ഫെബ്രുവരി 22, 2010

കടല്‍ത്തീരത്തെ പ്രണയനഗരം

ഒരു നഗരം പണിയുന്നുണ്ട്

ഒരമ്മ പെറ്റ മക്കളെപ്പോലെ,

പുറത്തേക്ക് ഓരോ വാതില്‍

മാത്രമുള്ള വീടുകള്‍ ‍

വാതിലുകളെല്ലാം നിരത്തിലേക്ക് കണ്ണെറിയും

കണ്ണുകളില്‍ നിരത്തു മാത്രം

നിരത്തുകളെല്ലാം കടലിനോടു സല്ലപിക്കും

എന്നും നവദമ്പതികളെപ്പോലെ


ചുവരുകള്‍ ഒരേ വലിപ്പത്തില്‍
വീടുകള്‍ക്കെല്ലാം വെള്ള നിറം.

പെയ്യുന്ന നിലാവുകളില്‍ കടല്‍ തീരം
യമുനാതീരത്തെ ഓര്‍മ്മിപ്പിക്കും


എല്ലാ വാതിലുകള്‍ക്കും ഇടംവലം
എല്ലായ്പ്പോഴും അടഞ്ഞ ജനാലകള്‍

ജനാലകള്‍ക്കിരുവശവും

പലജാതിചെടികളില്‍ പുഞ്ചിരി

കാറ്റില്‍ വിശറികള്‍ വീശും

അടുക്കളകള്‍ക്ക് മേലേ
പുകക്കുഴലുകളിലൂടെ വീടുകള്‍
ആകാശത്തേക്ക് നിശ്വസിക്കും


ഇടക്കെപ്പോഴോ വിശറികള്‍
കൈമോശം വന്ന ചെടികള്‍
വേരുകളിലേക്ക് മുഖം പൂഴ്ത്തി
കുഴലുകള്‍ മരിച്ച മണത്തില്‍ മുങ്ങി


ഒരു വീട്ടിലും നിന്നെ കാണാഞ്ഞിട്ടാവണം.
ഞാന്‍ പാതികയറിയൊരു സ്വപ്നമരത്തില്‍
നിന്നു വീണെപ്പോഴോ കരഞ്ഞുണര്‍ന്നത് !

ഞായറാഴ്‌ച, ജനുവരി 24, 2010

കുന്നിന്‍ മുകളിലെ ഒറ്റമരം





കുന്നിനു മുകളില്‍ ‍
ഒറ്റയ്ക്കായാ ചെറു മരം
പച്ചപ്പു പുതച്ച കുന്നിന്റെ
ഇനിയും മുറിയാത്ത
പൊക്കിള്‍ കൊടി
ഒറ്റപ്പെടലിന്റെ വേദനയില്‍
ചെറുകാറ്റിനായി
ഒറ്റക്കാലില്‍ ഒടുങ്ങാത്ത തപസ്സ്

ഇടക്ക് കാറ്റിന്റെ കുസൃതിയില്‍
ഇക്കിളി പൂണ്ട് കുന്നിന്റെ
പച്ചപ്പിലോളിക്കാന്‍ നോക്കും
മരം കുന്നിനെ ചുംബിക്കും പോലെ
അല്ലെങ്കില്‍ കാണുന്നവര്‍ക്ക്
പ്രണയത്തിന്റെ ഒരര്‍ദ്ധവൃത്തം

പ്രണയ ലീലകള്‍ക്കൊടുക്കം
കാറ്റു പോയ വഴിയെ
മരം കുന്നോട് കാത്തിരിപ്പിന്‍റെ
വിരഹവേദന ഇലപോഴിക്കും


കഥകളില്‍ മധുരം കിനിഞ്ഞൊരു
പഴത്തില്‍ വിത്തായോളിപ്പിച്ച
അമ്മമരത്തിന്‍ ഓര്‍മ കരയും
കുന്നിലുപേക്ഷിച്ചു പോയ
കിളിയുടെ കൊഞ്ചല്‍ കേള്‍ക്കും
മഴയില്‍ വേരറ്റു പോവാത്ത
കുന്നിന്റെ പരിരംഭണം മുറുകും
ബന്ധനത്തിന്റെ സുഖമുള്ള നോവു കവിയും ‍

ഋതുഭേദങ്ങളില്‍ മരം കുന്നിന്‍റെ
നിറങ്ങള്‍ ചാലിക്കും
പച്ച, ചുവപ്പിനും ചുവപ്പ്, മഞ്ഞയ്ക്കും
എല്ലാം പരസ്പരം ഒന്നാകും

കുന്നിന്‍ ചരുവില്‍ മരത്തെ
കാണെക്കാണെ മരം ഞാനാകും
നിന്‍റെ ഋതുഭേദങ്ങളില്‍
മരം പോലെ പെയ്തും
പുഴ പോലെ ദാഹിച്ചും
ഒരു വസന്തത്തിന്റെ
നോവു നെഞ്ചില്‍ കുറുകിയും

ഒടുവില്‍ മരവും പുഴയുമാവാതെ
വസന്തത്തിന്‍ നോവറിയാതെ
ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു തുള്ളി കണ്ണീര്‍. ‍

ബുധനാഴ്‌ച, ജനുവരി 06, 2010

ഇരുട്ട്

ഇരുട്ട്

പകലുകളെ മാത്രം പെറ്റു കൂട്ടുന്ന
ദിവസ ശരശയ്യകളില്‍
ഉറങ്ങാതെ ഉറക്കം ‍ ‍
ഇരുട്ട് മോഹിപ്പിക്കുന്ന വ്യാമോഹം

നീ പിരിഞ്ഞ സന്ധ്യ
കാഴ്ചക്ക് സമ്മാനിച്ച അതേയിരുട്ട്

നിദ്രാടകനെ പോലെ
ചില്ലകളെ കീഴ്പെടുത്തി
മരത്തിന്റെ നെറുകയില്‍
ഇരുട്ടിന്റെ കൂടുതേടി
എന്‍റെ ഏകാന്തത


മുകളില്‍ ,
ചന്ദ്രസ്മിതം
തിരയുന്ന കണ്ണുകള്‍ക്ക്‌ മേല്‍
മേഘകാമിനിമാര്‍ക്കിടയില്‍
മനം നിറഞ്ഞൊരു കാമുകന്‍

മറ്റൊരു പകല്‍ പോലെ
ആകാശം,
തിരകള്‍ മറന്നൊരു കടല്‍


ചുറ്റും
ശിഖരശൂന്യമാം മരങ്ങളില്‍
മിഴി തുറന്ന് നക്ഷത്രപൂക്കള്‍
യന്ത്രമേഘ നൃത്തച്ചുവടുകളില്‍
താഴെ,
ഭൂമിയുമാകാശതുല്യം

രണ്ടാകാശങ്ങള്‍ക്കിടയില്‍
ഞാന്‍,
കാറ്റ് കൈവിട്ടൊരു പായ് വഞ്ചി
ദിക്കു മറന്നൊരു സൂചി
ഏതു വിളക്കാവും ഇരുട്ടിന്‍റെ
കണ്ണെറിഞ്ഞെന്നെ മയക്കുക ...
ഏതു ഗ്രഹണമാകും
ഇരുട്ടുമാത്രമുള്ള
കരയിലെന്നെ കൈവിടുക