ബുധനാഴ്‌ച, ജൂലൈ 24, 2013

റഹ്മാന്‍ കിടങ്ങയത്തിന്റെ : 50 ചെറിയ കഥകള്‍






ബ്ലെന്റെഡില്‍ നിന്ന് സിങ്കിള്‍ മാള്‍ട്ട് മദ്യത്തിലെക്കുള്ള രുചി വ്യതിയാനം തന്നെയാണ് ചിലനേരം ബൃഹത് ആഖ്യാനകങ്ങളില്‍ നിന്ന് ലഘു ആഖ്യാനകങ്ങളിലെക്ക് ഉള്ള വായനയുടെ പുതുമ തേടലിലും അനുഭവിക്കാനാവുക. കവിതയില്‍ മാത്രമല്ല കഥയിലും ഇത്തരത്തിലുള്ള കാച്ചിക്കുറുക്കലുകള്‍ വളരെ പരിചിതം തന്നെയാണ്. റഹ്മാന്‍ കിടങ്ങയത്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് തന്നെ 50 ചെറിയ കഥകള്‍ എന്നാണു. അമ്പതു ചെറിയ കഥകള്‍ അതില്‍ തന്നെ നാല്‍പ്പത്തി ഏഴോളം കഥകള്‍ കാച്ചിക്കുറുക്കലുകളുടെ ചിത്രമാണ് കാട്ടിത്തരുക. ചുരുങ്ങിയ വാക്കുകളിലൂടെ വരികളിലൂടെ തനിക്കു പറയാനുള്ള കാര്യങ്ങളുടെ മര്‍മ്മത്തേക്ക് തന്നെ വിരല്‍ ചൂണ്ടി നിര്‍ത്താനാവുന്നു റഹ്മാന് ഈ കഥകളിലൂടെ. സമകാലീന മനുഷ്യാവസ്ഥകളുടെ എല്ലാ രൂപഭേദങ്ങളും തന്റെ കഥകളിലൂടെ പരിചയപ്പെടുത്താനുള്ള ശ്രമമായി ഈ കഥകളുടെ ഒന്നാം വായന കണ്ടറിയുന്നു. തന്റെ ശ്രമത്തെ ഫലപ്രാപ്തിയിലെത്തിക്കാന്‍ റഹ്മാന് ആവുന്നുണ്ട്‌ താനും. മുഖ്താര്‍ ഉദരംമ്പോയിലിന്റെ ഇലസ്ട്രെഷനുമുണ്ട് കഥകള്ക്കൊ പ്പം. പതിവ് ഇലസ്ട്രേഷനുകള്ക്ക് വിരുദ്ധമായി മുഖ്താരിന്റെ ചിത്രങ്ങള്‍ കഥകളുടെ ഒരു എക്സ്റെഷനായി മാറുന്നുണ്ട്. പരസ്പരം കോമ്പ്ലിമെന്റ് ചെയ്യുന്നു കഥകളും ചിത്രങ്ങളും.

രണ്ടു കഥകള്‍ താഴെ ചേര്ക്കുന്നു.

ഒന്ന് : പാമ്പുകള്‍.
-------------
ഇടവഴി നിറയെ പാമ്പുകളായിരുന്നു.

കറുത്തതും വഴുവഴുത്തതുമായ ശരീരങ്ങലുള്ള വിഷപ്പാമ്പുകള്‍.
കണ്ണില്‍ കുത്തുന്ന ഇരുട്ടില്‍ അവയങ്ങനെ ചുരുണ്ടുകൂടിക്കിടക്കും.
വൈകുന്നേരത്തെ പതിവ് മിനുക്കം കഴിഞ്ഞു ഇടറിയാടിവരുന്ന ഏതെങ്കിലും ഒരു മദ്യപന്റെ കാലില്‍ ഒരു ദംശനം.
പിന്നെ കോമുക്കുട്ടി വൈദ്യരുടെ പച്ചമരുന്നില്‍ രക്ഷപെട്ടാലായി.
ഇതൊരു പഴയകഥ.
ആ ഇടവഴി നികത്തിയാണ് പുതിയ ഹൈവേ വന്നത്.
റോഡ്‌ ഇപ്പോള്‍ വലിയൊരു മലമ്പാമ്പിനെ പോലെ. അതിനു മുകളില്‍ ഉഗ്രവിഷമുള്ള കൊച്ചു സര്പ്പളങ്ങള്‍ ചക്രങ്ങളില്‍ ചീറിപ്പാഞ്ഞു.
ഇടയ്ക്ക് അവ വഴിയരികിലൂടെ നടന്നു പോവുന്ന ഏതെങ്കിലും ഒരു പാവത്തെ ദംശിക്കും.
അല്ലെങ്കില്‍ പരസ്പരം കൊത്തും.
ഇപ്പോള്‍ കോമുക്കുട്ടി വൈദ്യര്‍ക്കും ഞങ്ങളെ രക്ഷിക്കാനാവുന്നില്ലല്ലോ കൂട്ടരേ...

രണ്ട് : നിയോഗം.
---
പുല്‍ച്ചാടി ഇലയോട് പറഞ്ഞു :

“ നിന്റെ നിറം സ്വീകരിച്ച് ഐക്യദാര്ഡ്യം പ്രഖാപിച്ചവനെന്ന നിലക്ക് നിനക്കെന്നോടോരു ബാധ്യതയുണ്ട്. ശത്രുക്കളില്‍ നിന്ന് എനെ ഒളിച്ചു പിടിക്കുക എന്നത്. പക്ഷെ ഒരു തവളയോ പച്ചിലപാമ്പോ എന്നെ എളുപ്പം കണ്ടെത്തുന്നു. നീയന്നേരം നിര്‍വ്വികാരതയുടെ പുതപ്പണിഞ്ഞു പുണ്യാളനാവുകയാണ്.”

ഇല ചിരിച്ചുകൊണ്ട് മറുപടിയോതി :

അവനവന്റെ രക്ഷ അവനവനില്‍ തന്നെയാണ് സുഹൃത്തെ. എന്റെ നിറത്തിലേക്ക് സന്നിവേശിച്ചപോലെ ശത്രുവിന്റെ കണ്ണിലോതുങ്ങാതെ അദൃശ്യനാവേണ്ടതും നിന്റെ മാത്രം ബാധ്യതയാണ്. ഞാന്‍ നിനക്കൊരു ഇരിപ്പിടം മാത്രമാണല്ലോ.”

ഇലയുടെ വാക്കുകളുടെ പൊരുളിനുമേല്‍ പുല്ച്ചാടി കുറെനേരം അടയിരുന്നു. പിന്നെ, തന്റെ നേരെ അടുത്ത ശാഖയില്‍ നിന്ന് സാവധാനം ഇഴഞ്ഞു വരുന്ന പച്ചില പാമ്പിന്റെ ആര്‍ത്തിക്കണ്ണുകള്‍ക്ക് നേരെ ജാഗരൂപനായി.

"ജനനത്തിനും മരണത്തിനുമിടയില്‍ ഓര്‍ത്തുവെക്കാന്‍ ചിലത്’" :അരുണ്‍ കുമാര്‍ പൂക്കോം.



അശാന്തി , അനുകമ്പ, നിസ്സഹായത എന്നീ മൂന്നവസ്ഥകളുടെതെന്നു ചുരുക്കിപ്പറയാവുന്ന ഒരു കള്ളിയാണ് വര്‍ത്തമാനജീവിതം പലപ്പോഴും ഭൂരിഭാഗം പേര്‍ക്കും എന്ന് പറയാവുന്നതാണ്. ആമയുടെത് പോലെ ഉള്ളിലേക്ക് ചുരുങ്ങി ചുരുങ്ങി പോവുന്ന അല്ലെങ്കില്‍ ഉള്ളിലേക്ക് ആഴ്ന്നാഴ്ന്നു നട്ടെല്ലോളം ചെന്ന് നില്ക്കു ന്ന നിസ്സഹായതാവസ്ഥ എല്ലാവരിലും പ്രകടമാവുന്നുണ്ട് ചില നേരം എങ്കിലും. പ്രതികരണങ്ങളുടെ പൊള്ളയായ വാക്കുകള്‍ കാറ്റേടുത്ത് പോവനുള്ളവ ആണെന്നറിയാതെയല്ല കളപറിച്ച് ഏറിയും പോലെ ഉള്ളില്‍ നിന്ന് വാക്കുകളെ വലിച്ച് പുറത്താക്കുന്നത്. അരുണ്‍ കുമാര്‍ പൂക്കോമിന്റെ "ജനനത്തിനും മരണത്തിനുമിടയില്‍ ഓര്‍ത്തുവെക്കാന്‍ ചിലത്’" വായിക്കുന്നു. മുപ്പത് കവിതകളുടെ ഈ സമാഹാരത്തിലെ എല്ലാ കവിതകള്‍ക്കും പറയുവാനുള്ളതിതൊക്കെ തന്നെയാണ്. ഇവിടെ ഒരാള്‍ അയാളുടെ അശാന്തമായ മനസ്സിനെ, കണ്ട കാഴ്ചകളില്‍ അയാള്‍ക്കുള്ളില്‍ ഇനിയും ബാക്കിയായ അനുകമ്പ, എന്നാല്‍ ഇതിനെല്ലാമുപരി നിസ്സഹായതാവസ്ഥ, വായിക്കുന്ന മറ്റുള്ളവര്‍ക്കും ഇതൊക്കെയാണ് ഉള്ളത് എന്ന് ചേര്ത്ത് വയ്ക്കുന്നു. പല സമാന്തര പ്രസിദ്ധീകരണങ്ങളിലുടെ വായിച്ചവയാവാം ഈ കവിതകളില്‍ മിക്കവയും. പെണ്ചില്ന്തിയോടു/ ചൂണ്ടു വിരല്‍ , ഇക്ക്ന്ടന്‍ പോത്തപ്പന്‍, അയല്പിക്കം, മീന്‍, മൊട്ടു സൂചി.... കവിതകളുടെ പേരുകളില്‍ പോലും ഇത്തരം ഒരു സാധാരണത്വം ഉണ്ട്.

ഒളിജീവിതം എന്ന കവിത വായിക്കൂ :

ആമയുടെതു പോലുള്ള
ജീവിതം മടുത്തിരിക്കുന്നു.
കൈകാലുകളും തലയും ഉള്ളിലേക്ക് വലിച്ചു
ആരുമാരും കാണുന്നില്ലെന്നും
ഒന്നുമൊന്നും കാണുന്നില്ലേന്നുമുള്ള തോന്നീച്ചകളില്‍
പേടിയാല്‍ തീര്‍ത്ത ഒളിജീവിതം.
ഒളിക്കേണ്ടവരോട്ടു ഒളിക്കുന്നുമില്ല
അവര്‍ ആഘോഷങ്ങളില്‍
നിറഞ്ഞു നില്ക്കുകകയാണ്
വെറുമൊരു കാല്ത്തട്ടു കൊണ്ട്
പുറന്തോട് മലര്ത്തി
ഉടല്‍ ഊരിയെടുന്നവരാണവര്‍
വരുന്നത് വരട്ടെ
എന്ന് നില്ക്കാനെയുള്ളൂ
എന്നിട്ടും അവരെ കാണുമ്പോള്‍
ശീലിച്ചതേ പാടുന്നുള്ളൂ

--- ഒളിക്കേണ്ടവരുടെ ആഘോഷം ആണെങ്ങും, വരുന്നത് വരട്ടെ.