വെള്ളിയാഴ്‌ച, ഏപ്രിൽ 09, 2010

നിശ്ശബ്ദതയുടെ ആഘോഷങ്ങള്

കയ്യൂക്കുള്ള അയല്‍ക്കാരനെ
പോലെയാണ് നിന്‍റെ മനസ്സ്
ഞാന്‍ കരുതിയെ വാക്കുകളെയെല്ലാം
അതിര്‍ത്തി സൂചികക്ക് വെളിയിലാക്കുന്നു
വല്ലാത്തൊരു നീശ്ശബ്ദതയുടെ
മണ്‍കോരിയില്‍ നിന്‍റെ മനസ്സെത്താ
ദൂരത്തുപേക്ഷിക്കുന്നു.

മനസ്സില്‍ ഒതുങ്ങാത്തൊരു
വാക്കിന്‍റെ ഉളിചലനങ്ങള്‍
തൊണ്ടക്കുഴലില്‍ മുറിയാമീന്‍മുള്ള്
നിന്‍റെ കണ്ണുകളത് അടക്കം പറയുന്നുണ്ട്.

മുത്തശ്ശന്‍ മണ്‍കൂനയില്‍
അടക്കം ചെയ്ത കാച്ചില്‍ കുരുന്നുകളുടെ
വിരല്‍ തുമ്പ് കാത്തിരിക്കുന്ന
അക്ഷമ തൂവുന്നുണ്ട്

നമുക്കിടയിലെ അറിയാദൂരങ്ങളില്‍
തുഴയില്ലാ വഞ്ചി പോലെ
നിന്നിലേക്ക്‌ മാത്രം ഒഴുകുന്നുണ്ട്,
ഹൃദയം കൈവിട്ട വാക്കുകള്‍ .
നിന്‍റെ മനസ്സിന്‍റെ അഭിചാരങ്ങളില്‍ അവ
ദിക്കറിയാതെ പിണങ്ങി നില്‍ക്കുന്നുണ്ട് .

നിന്‍റെ മൌനം നിറച്ച മിഴിദൂരങ്ങള്‍ക്കിരുവശവും
വാക്കുകളുടെ കടത്തുവഞ്ചി കാത്തിരിക്കുമ്പോള്‍
പ്രണയം നിശബ്ദതയുടെ ഒരാഘോഷമാണെന്ന്
ജീവിതം നെഞ്ചില്‍ തൊട്ടു സാക്ഷ്യപ്പെടുത്തുന്നുണ്ട്
.
.
.