ഞായറാഴ്‌ച, ഡിസംബർ 27, 2009

അധിനിവേശം

നിറധാതു ഗര്‍ഭത്തിന്‍ മേലേ
മാറില്‍ തിണര്‍പ്പുകളുമായീ
കൂരകള്‍ പനിക്കുന്നത്
ഒരു നുള്ളു ഗന്ധകത്തിന്‍ വിശപ്പിലോ
ഒരു ചെറുകനലില്‍ ചുംബനത്തിലോ
അടിയറവു പറഞ്ഞില്ലാതാവാന്‍

ബലഹീനമാമീ വിരലുകള്‍ക്കിടയില്‍
തളര്‍ന്നിരിക്കുന്നുണ്ട് ഒരു പെരുവിരല്‍
വേര്‍പാടിന്‍ വിറയലില്‍ വഴികള്‍ മറന്ന്


കരിമഷി തലോടാത്തോരീ കണ്ണുകളില്‍
വിരുന്നെത്തും മുന്‍പേ
കൈമോശം പോയൊരു
പെണ്മതന്‍ കൊടിയിറക്കം
അരയില്‍ ചുമടായി വിലാസം തെറ്റിയോരതിഥി
നിറയാവയറില്‍ ദഹിക്കത്തൊരു ഭാരം

മഞ്ഞോഴിയും പോലെ
കുന്നുകളിലെ പച്ചപ്പുമായും.
പുഴകള്‍ ,
മയങ്ങുന്ന ഞരമ്പുകള്‍ പോലെ
ചെറുചലനം ബാക്കിയില്ലാതെ
പുകഞ്ഞു തീരും


പടക്കോപ്പുകളില്‍ പുതുപേരുകള്‍;
ആംഗലേയ ലിപികളില്‍
ഓപ്പറേഷന്‍ ഗ്രീന്‍ ഹന്ടെന്നു കൊത്താം

ചോരയെ ചോരയാല്‍
ചുവരിലെ മെഴുക്കുപോലെ
തുടച്ചു മാറ്റാന്‍ സല്‍വ ജൂഡങ്ങള്‍
പുത്തന്‍ ഭസ്മാസുരജന്മങ്ങള്‍ക്കിനി
വെള്ളരിപ്രാവുകളുടെ മാര്‍ച്ച്‌ പാസ്റ്


ഒളിപ്പോരുകള്‍ക്കൊടുക്കം
കുടിലുകളുടെ അസ്ഥികള്‍ക്കുമേല്‍ ‍
കുടിയേറ്റത്തിന്‍ സൈറന്‍ മുഴുങ്ങും
ദല്ലാള ശിബിരങ്ങളില്‍ പച്ചമാംസത്തിന്റെ
പങ്കുവെക്കലുകള്‍ക്കവസാനം
പടം പൊഴിച്ചൊരു ചേരയുടെ
ദീര്‍ഘ നിശ്വാസത്തെയോ,
നിറംമാറിയൊരോന്തിന്റെ
സ്ഖലനാനുഭവങ്ങളെയോ
ഉപമിച്ചു വശംകെടും