വെള്ളിയാഴ്‌ച, ഒക്‌ടോബർ 11, 2013

പ്രസന്ന ആര്യന്റെ കവിതാ സമാഹാരം 'ചില നേരങ്ങളില്‍ ചിലത്'


കുടിയേറ്റപ്പെട്ടവന്റെ എഴുത്ത് എന്നത് വര്‍ത്തമാനകാലത്തിലെ ഇടത്തെ അടയാളപ്പെടുത്തുക എന്നാകുന്നു. ഇടം എന്നത് കേവലം ഭൂമിശാസ്ത്രപരം മാത്രമല്ല അതിന്റെ സാമൂഹിക, സാമ്പത്തിക ,രാഷ്ട്രീയ കാലാവസ്ഥകളെ, പുതിയ ഒരു സാഹചര്യത്തില്‍ ആ വ്യക്തിയുടെ സ്വത്വബോധത്തിന്റെ അതിജീവനത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാവുന്നു ആ എഴുത്ത്. ഒരേ സമയം ഭൂതകാലത്തിന്റെ ഭാരവും വര്‍ത്തമാനത്തിന്റെ ക്ഷതങ്ങളും ഒക്കെകൂടിയുള്ള ഒരു ജുഗല്‍ ബന്ധി എന്നൊക്കെ വായിച്ചെടുക്കാവുന്നത്ര ദുര്‍ഗ്രഹമായ അല്ലെങ്കില്‍ അത്രയധികം കെട്ടുപിണഞ്ഞ ഒരു തലം കൂടി അതിനുണ്ടായെക്കാം. പറഞ്ഞു വരുന്നത് ശ്രീമതി പ്രസന്ന ആര്യന്റെ കവിതാ സമാഹാരം 'ചില നേരങ്ങളില്‍ ചിലത്' വായിച്ചതിനെ പറ്റിയാണ്. ഏകാതാനകതയുടെ ഒരു ഋജുയാത്രയല്ല മറിച്ച് ഒരേ സമയം പൂര്‍വ സ്മരണകളുടെ ഒരു കുടം വീണുടയുന്നതും , അതിസാധാരണ പ്രവാസ നോസ്ടല്ജിയയുടെ മഴ മഴവില്‍ നിറങ്ങളും ഒപ്പം സ്ത്രീ സ്വത്വപരമായ ആകാംക്ഷകളും ജീവിക്കുന്ന ഇടത്തോടുള്ള സ്വാഭാവിക പ്രതികരണങ്ങളും ഒക്കെയുണ്ട് ഈ വായനായാത്രയില്‍ . മാതൃ-പിതൃസ്മരണയും (കവിതകള്‍ : അച്ഛന്‍ , അമ്മ) വീടും ആല്‍മരവും അവന്‍ അവന്‍ മാത്രമെന്ന് കുഞ്ഞും ജീവിതയാത്രയുടെ അടയാളപ്പെടുത്തല്‍ പോലെ അയനങ്ങളും മഴ , മഴക്കോള്‍, മഴക്കാഴ്ച്ചകള്‍ , മഴവഴികള്‍ എന്നിങ്ങനെ ഒരു മഴ പ്രണയിനിയും കടന്നു പോവുന്ന കവിതകള്‍ ദില്ലിയില്‍ നമ്മുടെ, ഗംഗ, പ്രവാസികള്‍ എന്നിങ്ങനെ വര്‍ത്തമാനത്തിലെക്ക് പാലം തീര്‍ക്കുന്നു. കവി ദേശമംഗലം രാമകൃഷ്ണന്‍ ആണ് അവതാരിക.

ഒരു കവിത ഇവിടെ ചേര്‍ക്കുന്നു.

ദില്ലി തുടുത്തിരിക്കുന്നു.
(പുസ്തകം : ചില നേരങ്ങളില്‍ ചിലത് : പ്രസന്ന ആര്യന്‍)
---------------------------------
വര്ത്തമാനത്തെക്കാള്‍
ഭൂതത്തെ കൊണ്ടാടുന്ന
ജീവിച്ചിരിക്കുന്നവരെക്കാള്
മരിച്ചവര്‍ ഓര്‍മ്മിക്കപ്പെടുന്ന
വീഥിയുടെ ഓരോയിരമ്പിലും
ആരുടെയൊക്കെയോ
ശവകുടീരങ്ങളുള്ള
ദില്ലി തുടുത്തിരിക്കുന്നു.
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍
സുന്ദരിയുടെ
കൊതിപ്പിക്കുന്ന
ചുണ്ടുകള്‍ പോലെ
ചൂഴ്ന്നെടുത്തു വെച്ച
ഹൃദയം പോലെ
അത് ചുട്ടുകരിച്ച
കനാല്‍ പോലെ
പലാശപ്പൂക്കള്‍.
വഴിയോരങ്ങളിലും
ആകാശക്കാഴ്ച്ചകളിലും
ഇവിടെ ചിതറി
മരിച്ചവരുടെ
രക്തം പോലെ
അവരെ കുറിച്ചുള്ള
ഓര്‍മ്മകള്‍ പോലെ
ഇങ്ങനെ ചുകപ്പണിഞ്ഞു
നമ്മളും കിടന്നേക്കാമെന്ന
തിരിച്ചറിവ് പോലെ
ദില്ലി തുടുത്തിരിക്കുന്നു
ചോര നിറമുള്ള
പലാശപ്പൂക്കളാല്‍