വ്യാഴാഴ്‌ച, ജൂൺ 03, 2010

ആഴങ്ങളിലെ ചില മുറിവുകള്‍




അകക്കണ്ണാണ് വഴികാട്ടി, ചിലര്‍ക്ക് .

മനസ്സാകും സ്ഥാനം നിശ്ചയിക്കുക.

ചിലരാവട്ടെ,

നക്ഷത്രവഴികളെയും കാന്തികങ്ങളുടെ

കാണാച്ചരടുകളെയും മനക്കണ്ണില് ‍പാറ്റി

നിശ്ചയിച്ചു കൊടുത്തിടത്താവും തുടങ്ങുക

വാക്കുകളുടെ ക്രയവിക്രയങ്ങള്‍

പുതുമണ്ണില്‍ കൈക്കോട്ടു പോലെ

അറിയാതുള്ളിലേക്കാക്കാണ്ടാണ്ടു പോകും .

പരിചിതമായ വഴികളെന്നു

തോന്നിപ്പിക്കുന്ന ഇടങ്ങളിലൂടെയാവും

ഉള്ളറകളിലേക്ക് ചെന്നെത്തുക

നിശ്വാസത്തിന്റെ ചെറുതാളം‍‍ പോലും

പ്രതീക്ഷയുടെ ഒരുറവ തുളുമ്പിക്കും

ആഴത്തിലെവിടെയോ ഉറയൂറുന്ന

നനവ് കണ്ണുകളെ മോഹിപ്പിക്കും


അളക്കാനാവാത്ത ദൂരങ്ങളിലെവിടെയോ

ചെങ്കല്ലിലെ കൊത്തുപോലെ,

പ്രതീക്ഷകള്‍ക്ക് മേലേ അക്ഷമ

വേലിയേറ്റമാകുമ്പോഴാകും

മൂടാനാവത്തൊരു കിണര്‍ ബാക്കിയുണ്ടെന്നറിയുക


ആഴം കൂടുന്തോറുമാണ്

നനവ്‌ അകന്നു പോകുന്നതറിയുക

അദൃശ്യ അതിരുകളില്‍ വച്ചാവും

അപരിചിതരാവുക .


കൂടെയുണ്ടാകുപ്പോഴും ,

ഉപേക്ഷിക്കപ്പെട്ട ചില കിണറാഴങ്ങള്‍ പോലെ

തുന്നിച്ചേര്‍ക്കാനാവാത്ത ചില മുറിവുകള്‍.

ഓര്‍മ്മകളുടെ ജലതാളങ്ങളില്‍ 

ഇടക്കിടെ വീണു മരിക്കാനായി

സ്വയം കരുതിവച്ചവ.

പിന്നിട്ട വഴികളുടെ ഓര്‍മ്മപ്പുസ്തകം പോലെ.




.