ഞായറാഴ്‌ച, ഓഗസ്റ്റ് 10, 2014

ചൊവ്വാഴ്ച, ജൂലൈ 01, 2014

സമകാലീന അഭിഭാഷകരംഗത്ത്, ഇടപെടുന്ന മേഖലകളുടെ വൈവിധ്യത്താല്‍  സവിശേഷ സാന്നിദ്ധ്യമാവുകയാണ് അഡ്വക്കെറ്റ്‌ നിസ ഫാസില്‍. അഭിഭാഷക എന്നതിനു പുറമേ, നിയമാദ്ധ്യാപിക, ഒരു കോളമിസ്റ്റ്, സാമൂഹിക പ്രവര്‍ത്തക, 
നിയമമേഖലയുമായി  രണ്ടു സവിശേഷവും വ്യത്യസ്തവുമായ പുസ്തകങ്ങളുടെ സൃഷ്ടാവ് തുടങ്ങി വിശേഷണങ്ങള്‍ പലതാണ്. തിരുവനന്തപുരം ലോ കോളേജില്‍ നിന്ന് ഒന്നാം റാങ്കില്‍ എല്‍. എല്‍.എം പാസായ നിസ ഫാസില്‍ കൊല്ലം സ്വദേശി ആണ്. , വിവിധ കോളേജുകളില്‍ ഗസ്റ്റ് അദ്ധ്യാപികയായും, വിവിധ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ നിയമ സംബന്ധിയായ കോളങ്ങള്‍ എഴുതുന്നു. അഭിഭാഷക രംഗത്ത് നിന്ന് തന്നെയുള്ള ജാനിയുടെ സഹധര്‍മ്മിണി ആണ്. അമല്‍ ജാനി, ഫിദനാസ് ജാനി മക്കള്‍  .  
-----------------------------------------------------------------------------------------
ചോദ്യം  : ഏറ്റവും അധികം മഹദ് വചനങ്ങള്‍ . അത് പോലെ തന്നെ പഴം ചൊല്ലുകളുടെ ഒരു വലിയ ശേഖരം തന്നെയാണ് നീതിന്യായവ്യവസ്ഥയുമായി ബന്ധപ്പെട്ടുള്ളത്.  മിക്കതും നീതിന്യായവ്യവസ്ഥയുടെ  ഒരു പാവനാവസ്ഥയുമായി ചേര്‍ന്ന് നില്ലുന്നതാണ്. ഇത്രയും കാലത്തെ അഭിഭാഷക വൃത്തിയുമായി തട്ടിച്ചു നോക്കുമ്പോ ള്‍ ഒരു പ്രൊഫഷന്‍ എന്ന നിലയി ല്‍ അതിനെ സ്വീകരിച്ചിരിക്കുന്നവര്‍ പൊതു സമൂഹത്തിന്റെ പ്രതീക്ഷകളുമായി എങ്ങനെ ചേര്‍ന്ന് നില്‍ക്കുന്നു?

ഉത്തരം : നീതി ഏതൊരു സമൂഹത്തിന്റെയും അവിഭാജ്യ ഘടകം ആണ് . നീതിയി ല്‍ എത്താനുള്ള മാര്‍ഗ്ഗമാണ് നിയമം. നിയമ വ്യവസ്ഥ, നിലവിലുള്ള പഴംചൊല്ലുകളുടെയും മഹദ് വചനങ്ങളുടേയും ഉപരിയാണ് . അഭിഭാഷക വൃത്തി എന്നല്ല ഒരു പ്രൊഫെഷനും പൊതു സമൂഹത്തിന്റെ പ്രതീക്ഷക്കൊത്ത്‌ ചെയ്യാ ന്‍  കഴിയില്ല. സമൂഹം നിരന്തര മാറ്റങ്ങള്‍ക്ക്‌ വിധേയമാകുന്നു. പല കാലഘട്ടങ്ങളിലും സമൂഹത്തിന്റെ  കാഴ്ചപ്പാടുകളും വ്യത്യസ്തമാണ്. അതിനാ ല്‍  അഭിഭാഷക വൃത്തിയുടെ പ്രൊഫഷണ ല്‍  സ്റ്റാന്‍ ഡേ ര്‍ഡ് മൂല്യച്യുതി വരാതെ നില നിറുത്തി മുന്നോട്ടു പോകാനേ കഴിയു.


ചോദ്യം : എങ്ങനെ ആണ് അഭിഭാഷക വൃത്തിയെ ഒരു പ്രൊഫഷ ന്‍ ആയി സ്വീകരിക്കാ
ന്‍  കാരണമായത്. പൊതുവേ എല്‍ എല്‍ ബി ചെയ്ത പലരും രാഷ്ട്രീയത്തിലേക്ക് ഉള്ള ചവിട്ടു പടി എന്ന നിലയ്ക്കോ, മറ്റു ഉപജീവന വൃത്തിയുടെ വഴിയിലേക്കുള്ള ഒരു സാധ്യതയോ ആയി ആണ് അതിനെ കാണുന്നത് എന്നൊരു പൊതു പരാതി കേട്ടിട്ടുണ്ട്. നിയമ പരീക്ഷ പാസ്സായ പല വനിതകളും അഭിഭാഷക വൃത്തിയിലേക്ക് വരുന്നുമില്ല. എന്താണ് താങ്കളുടെ നിരീക്ഷണം?

ഉത്തരം :  സമൂഹവുമായി അടുത്ത്  നി ല്‍ ക്കുന്ന സാമൂഹിക പ്രശ്നങ്ങളി ല്‍  പ്രതികരിക്കാ ന്‍ പറ്റുന്ന ഒരു മേഖല എന്ന നിലയിലാണ് അഭിഭാഷക വൃത്തി തിരഞ്ഞെടുത്തത് . ഇക്കാരണം കൊണ്ട് തന്നെ, പല രാഷ്ട്രീയ നേതാക്കള്‍ക്കും നിയമ ബിരുദം ഉള്ളതും അല്ലാതെ ഇതിനെ രാഷ്ട്രീയത്തിലേക്കുള്ള ചവിട്ടു പടി എന്ന് പറയാ ന്‍ കഴിയില്ല .നിയമ പഠനം കഴിഞ്ഞവ ര്‍ക്ക് ഒരു പാട് മേഖലകളില പ്രവ ര്‍ത്തിക്കാ ന്‍ കഴിയും. Judiciary , മാധ്യമ പ്രവ ര്‍ത്തനം,കമ്പനി ,ബാങ്ക് ഇവയുടെ നിയമ ഉപദേഷ്ടാവ് ,അദ്ധ്യാപക ന്‍ തുടങ്ങി വിവിധ മേഖലക ള്‍ .അഭിഭാഷക ന്‍ തന്നെ കോടതിയി.ല്‍ പോകുന്നവ.ര്‍ (Litigating ) , കോടതിയില്‍ പോകാതെ നിയമ ഉപദേശം നല്‍കുന്നവ.ര്‍ (Non Litigating ) എന്ന് രണ്ടു തരത്തി.ല്‍ ഉണ്ട് . അഭിഭാഷക ര്‍ നിയമ ബിരുദ ധാരികളുടെ ഒരു വിഭാഗം മാത്രം .ആകയാ ല്‍  നിയമ ബിരുദം എടുക്കുന്ന എല്ലാവരും അഭിഭാകര്‍  ആയി വരണം എന്നില്ല .


ചോദ്യം :  വിവരാവകാശ നിയമം ഉള്‍പ്പടെ പല പൌരാവകാശ നിയമങ്ങളും  നിലവില്‍ ഉള്ള ഒരു രാജ്യമാണ് നമ്മുടേത്‌.  കേരളം ആവട്ടെ നിരന്തരം പുതുക്കപ്പെടുന്ന ഒരു സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു. എല്ലാ സാമൂഹിക രാഷ്ട്രീയ വിഷയങ്ങളിലും ഇടപെടുകയും തങ്ങളുടെതായ അഭിപ്രായം പ്രകടിപ്പിക്കുകയും ചെയ്യുന്ന സമൂഹമാണ് നമ്മുടെത്.  എന്നാല്‍ ഒരു പൊതു നിരീക്ഷണത്തില്‍ അത് മറ്റൊരാളുടെ മൌലിക അവകാശങ്ങള്‍ക്ക് നേരെ ബോധപൂര്‍വം കണ്ണടയ്ക്കുകയും ചെയ്യുന്നുണ്ട്. പൌരാവകാശങ്ങളെ പറ്റിയുള്ള അജ്ഞത ആണോ അതോ മനപൂര്‍വമുള്ള അവഗണനയോ? എങ്ങനെ കാണുന്നു ഇത്തരം ഒരു അവസ്ഥയെ?

ഉത്തരം : നമ്മുടെ രാജ്യത്തെ ഭരണ ഘടന തന്നെ പൌരാവകാശങ്ങ ള്‍ ഉറപ്പു ന ല്‍കുന്നു. ലോകത്തിലെ ഏറ്റവും കൂടുത ല്‍ സ്ത്രീ സംരക്ഷണ നിയമങ്ങളുള്ള രാജ്യം ആണ് ഇന്ത്യ . കേരളം ആകട്ടെ സാക്ഷര ര്‍ ആയ ഒരു ബൌധിക സമൂഹത്തെ പ്രതിനിധാനം ചെയ്യുന്നു .എന്നാ ല്‍ പൌരാവകാശ ലംഘനങ്ങ.ള്‍ കൂടി വരുന്നുണ്ട് .ഇതിനുള്ള കാരണം മനപൂ.ര്‍വമുള്ള അവഗണന അല്ലേങ്കി.ല്‍  ബോധപൂ ര്‍വ്വം ഉള്ള കണ്ണടക്ക ല്‍ തന്നെയാണ്.   ഇപ്പോഴാവട്ടെ, ധാരാളം നിയമ അവബോധ സംവിധാനങ്ങ ള്‍  നടപ്പിലാവുന്നുണ്ട്.

ചോദ്യം :  നീതി എത്ര കടുത്ത രീതിയില്‍ വിധിക്കപ്പെട്ടാലും അത് നീതി തന്നെയാണ് എന്ന് എവിടെയോ വായിച്ചിട്ടുണ്ട്. തൂക്കുകയര്‍ പോലെയുള്ള ശിക്ഷ വിധികളെ അപലപിക്കുന്നവരുടെ എണ്ണം കൂടി വരുന്ന ഒരു സമൂഹം ആണ് നമ്മുടെത്. കാലനുഗതമായ മാറ്റത്തിന്റെ അഭാവം എത്രത്തോളം പ്രകടമാണ് നമ്മുടെ നിലനില്‍ക്കുന്ന നിയമങ്ങളി ല്‍  ? ഒന്ന് വിശദമാക്കാമോ?


ഉത്തരം : വധ ശിക്ഷ നിര്‍ത്തലാക്കണോ എന്നത് നീതി ന്യായ വ്യവവസ്ഥയെ ധാ.ര്‍മികമായും നിയമപരമായും കുഴക്കുന്ന ഒരു വിഷയം ആണ് . കടുത്ത നീതി നിഷേധങ്ങളും ക്രൂരമായ നരഹത്യകളും നില നില്ക്കുന്നതിനാൽ അപൂ.ര്‍വ്വങ്ങളിൽ അപൂര്‍വ്വമായ കേസുകളി.ല്‍ വധ ശിക്ഷ നല്‍കണം എന്നാണ് ഇന്ത്യ.ന്‍ നീതി ന്യായ വ്യവസ്ഥയുടെ നിലപാട്. എന്നാ.ല്‍ വ്യക്തിപരമായി ഞാ.ന്‍ വധ ശിക്ഷയ്ക്കു എതിരാണ്. നിയമത്തി.ല്‍ മാറ്റത്തിന്റെ അഭാവം ഉണ്ടെന്നു തോന്നുന്നില്ല . കാലാനുസരണ മാറ്റങ്ങള്‍ വരുത്താറുണ്ട്. ഉദാഹരണമായി വിവര സാങ്കേതിക വിദ്യ പുരോഗമിച്ചതോടെ വിവര സാങ്കേതിക നിയമം (Information Technology Act)  പാസ്സാക്കുക ഉണ്ടായി .
 
ചോദ്യം : ചെയ്യാത്ത തെറ്റിന് വിചാരണ നേരിടുന്ന ഒരു വ്യക്തിയോളം മാനസിക സംഘര്‍ഷം നേരിടുന്ന മറ്റൊരാ ള്‍  ഉണ്ടാവില്ല  എന്ന് വായിച്ചിട്ടുണ്ട്. അര്‍ഹിക്കുന്ന ഒരാള്‍ക്ക് അതര്‍ഹിക്കുന്ന സമയത്ത് ലഭിക്കാതെ പോവുന്ന നീതിയും ഒരു പക്ഷെ നീതി നിഷേധം തന്നെ ആവണം. നമ്മുടെ രാജ്യത്ത് അഴിമതി തടയുന്നതില്‍ ഒരു പരിധി വരെ നിഷേധിക്കപ്പെടുകയോ താമസിച്ചു ലഭിക്കുകയോ ചെയ്യപ്പെടുന്ന നീതി തന്നെ ആവണം.  പല കേസുകളിലും  ഉള്ള കാല വിളംബം  ഇത്തരത്തിലുള്ള കുറ്റങ്ങളില്‍ ഏര്‍പ്പെടുന്നവരെ നിരുത്സാഹപ്പെടുത്തുന്നതിനു പര്യാപ്തമല്ല.  താങ്കളുടെ നിരീക്ഷണത്തില്‍ എന്താണ് ഒരു മാറ്റത്തിനുള്ള വഴി?


ഉത്തരം : ചെയ്യാത്ത തെറ്റിന് കുറ്റാരോപിത.ര്‍ ആകുന്നതും ശിക്ഷിക്കപ്പെടുന്നതും മരണ തുല്യം . കാല താമസം തീ ര്‍ച്ചയായും കേസിനെ ബാധിക്കും ."justice delayed is justice denied " എന്നാണ് ആപ്ത വാക്യം അഴിമതി കേസുകളി.ല്‍  കാലതാമസം വലിയൊരു തടസ്സം ആണ് .അഴിമതി ന്നമ്മുടെ സമൂഹം നേരിടുന്ന ഏറ്റവും ഗൗരവമായ പ്രതിസന്ധിയാണ് . 2G സ്പെക്ട്രം സ്കാം ,കല്ക്കരി പാഠം സ്കാം ,കോമണ്‍ വെ.ല്‍ത്ത് ഗെയിംസ് സ്കാം ഇവയൊക്കെ ദശ ലക്ഷം കോടി രൂപ ഉള്‍പ്പെടുന്ന അഴിമതികളാണ് .ഇങ്ങനെയുള്ള കേസുകളി ല്‍ പെട്ടെന്നുള്ള വിചാരണ അനിവാര്യം ആണ് . എന്നാ.ല്‍ "justice hurried is justice burried "എന്നൊരു ചൊല്ലും ഉണ്ട്. വളരെ തിടുക്കത്തി.ല്‍ ഉള്ള കോടതി തീരുമാനങ്ങളും അപകടകരം ആണ് .അതിനാ.ല്‍ ഇതിനിടയിലുള്ള ഒരു സമീപനം ആണ് ആവശ്യം.

ചോദ്യം : താങ്കള്‍ പലപ്പോഴും നീതി നിഷേധിക്കപ്പെട്ട പല സുഹൃത്തുക്കള്‍ക്കും  നിയമസഹായം ചെയ്തിട്ടുണ്ട്. ചിലത് മീഡിയകളില്‍ വളരെ വാര്‍ത്താ പ്രാധാന്യം നേടിയിട്ടും ഉണ്ട്.  പെട്ടന്ന് മനസ്സില്‍ ഓര്‍ക്കുന്ന ഒന്ന് രണ്ടു അനുഭവങ്ങള്‍ എന്തെല്ലാമാണ്?

ഉത്തരം : സോഷ്യ.ല്‍ മീഡിയയി.ല്‍ സജീവം ആയതില്‍ പിന്നെ നീതി നിഷേധങ്ങളി.ല്‍ ഇരകളായ പലരെയും സഹായിക്കാ.ന്‍ കഴിഞ്ഞിട്ടുണ്ട് .ഒരു വര്‍ഷം മുന്നെ എന്റെ സഹോദര തുല്യനായ ഒരു സുഹൃത്തിന്റെ കുടുംബം സൗദി അറേബ്യയില്‍ നിന്നും നാട്ടിലേക്ക് വരാനായി കുവൈറ്റ്‌ എയര്‍വെയ്സ് ടിക്കറ്റ്‌ എടുത്തു .എന്നാലോ എയ.ര്‍ ലൈനധികൃതരുടെ അനാസ്ഥ മൂലം ഫ്ലൈറ്റ് ലഭിക്കാതെ അവ.ര്‍ എയര്‍ പോര്‍ട്ടി.ല്‍ കുടുങ്ങി , വിമാന കമ്പനി യാതൊരു വിധ സഹായങ്ങളും ചെയ്തു കൊടുത്തില്ല .ഈ വിവരം മീഡിയകളെ അറിയിക്കാനും അവരെ സഹായിക്കാനും കഴിഞ്ഞു, കൂടാതെ വിമാന കമ്പനിക്ക്‌ എതിരെ കണ്‍സ്യൂമര്‍ കോടതിയിലും കേസും നടക്കുന്നുണ്ട് .അത് പോലെ കുറച്ചു ദിവസം മുന്നെ കിഡ്നി തകരാറ് മൂലം ഡയാലിസിസിനു വിധേയയായി കൊണ്ടിരിക്കുന്ന രോഗാതുരയായ 16 വയസ്സുകാരിയെ സ്വന്തം പിതാവ് ലൈംഗികമായി പീഡിപ്പിക്കാ.ന്‍ ശ്രമിക്കുന്നു എന്ന് ഡോക്ടറായ ആയ സുഹൃത്ത്‌ അറിയിച്ചതിനെ തുടര്‍ന്ന് വേണ്ട നിയമ ഉപദേശം നല്കി സഹായിക്കാനും കഴിഞ്ഞു 

ചോദ്യം : സോഷ്യ.ല്‍ നെറ്റ്  വര്‍ക്കുകള്‍ , പുതു മാധ്യമങ്ങ.ള്‍ ഇവയിലൂടെയൊക്കെ സാധാരണക്കാരനു ലഭിക്കുന്ന നിയമവിജ്ഞാന സാദ്ധ്യതകള്‍ അഞ്ചോ പത്തോ വര്ഷം മുന്നേ ഉണ്ടായിരുന്നതി.ല്‍ നിന്ന് ഏറെ വ്യത്യസ്തമാണ് . ഇത്തരം ഒരു സാധ്യതയെ എത്രത്തോളം ഉപയോഗപ്പെടുത്താന്‍ ആവുന്നുണ്ട്‌? ഒരു കോളമിസ്റ്റ് എന്ന നിലയില്‍ താങ്കള്‍ക്ക് സമൂഹത്തി.ല്‍ നിന്ന് കിട്ടുന്ന ഫീഡ് ബാക്ക് എന്താണ്?

ഉത്തരം : നവ മാധ്യങ്ങള്‍ നിയമ സഹായം എത്തിക്കാന്‍ വളരെ സഹായകം ആകുന്നുണ്ട് . സോഷ്യല്‍ മീഡിയ വഴിയും കുറെയധികം പേരുടെ നിയമപരമായ സംശയങ്ങള്‍ പരിഹരിക്കാന്‍ സാധിച്ചുണ്ട്. ഒരു കോളമിസ്റ്റ് എന്ന നിലയില്‍ ഞാനെപ്പോഴും എഴുതാന്‍ ശ്രമിക്കുന്നത് നിയമം സാധാരണക്കാരിലേക്ക് എത്തിക്കുന്ന തരത്തിലുള്ള വിഷയങ്ങളിലാണ്. ദത്തെടുക്കലിന്റെ വിവിധ വശങ്ങളെക്കുറിച്ച് വിശദം ആയ ഒരു ലേഖനം എഴുതി. എന്റെ ബ്ലോഗിലും പ്രസിദ്ധീകരിച്ചു . ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആള്‍ക്കാര്‍ ദത്തെടുക്കലിനെകുറിച്ച് സംശയങ്ങള്‍ ആരായാന്‍ എന്നെ വിളിച്ചിരുന്നു.


ചോദ്യം :  അടുത്തിടെ ആണ് ഒരു യുവഅഭിഭാഷകയ്ക്ക് , കോഴിക്കോട് ബാറില്‍ ആണെന്ന് ഓര്‍ക്കുന്നു. വളരെ ലിംഗപരമായ വിവേചനത്തിനും ലൈംഗികമായ അവഗണനയ്ക്കും പാത്രമാവേണ്ടി വന്നത്. ഇത്തരത്തില്‍ ഉള്ള അനുഭവങ്ങള്‍ ഒറ്റപ്പെട്ടതാണോ? പ്രത്യേകിച്ചും നിയമബോധമുള്ള ഒരു മേഖലയിലെ ആള്‍ക്കാര്‍  എന്ന നിലയില്‍ ?  എന്താണ് താങ്കള്‍ക്കുള്ള അനുഭവം?

ഉത്തരം : കോഴിക്കോട് ബാറിലെ അഭിഭാഷക സുഹൃത്തിനുണ്ടായ അനുഭവം അപലപനീയം ആണ് .സമൂഹത്തിലെ മൊത്തത്തില്‍ നിലനില്കുന്ന ലിംഗ വിവേചനത്തിന്റെ ഒരു മുഖം മാത്രം ആണിത് . ഒരു സ്ത്രീ ഒരു പൊതു ഇടത്ത് പ്രത്യക്ഷപ്പെടുമ്പോള്‍ ആദ്യം അവളെ എല്ലാവരും ലിംഗപരമായ വിവേചനത്തോടെ തന്നെയാണ് കാണുന്നത്. എന്നാല്‍ കഴിവ് തെളിയിക്കാന്‍ കഴിഞ്ഞാല്‍ പിന്നീട് ഈ വിവേചനം മാറ്റി എടുക്കാവുന്നതാണ്. എങ്കിലും ഇതിനായുള്ള സമരസപ്പെടല്‍ സ്ത്രീയുടെ മുന്നിലെ ഒരു ബാലികേറ മല തന്നെയാണ് .

ചോദ്യം :  ഒരു അഭിഭാഷക എന്നതില്‍ ഉപരിയായി ഒരു കോളമിസ്റ്റ്,  ഒരു അധ്യാപിക, ഒരു എഴുത്തുകാരി എന്ന നിലയില്‍ ഒക്കെ വ്യാപ്രതയാണ് താങ്കള്‍.  ഇതില്‍ എതാണ് താങ്കളുടെ ഇഷ്ട മേഖല?  എന്തുകൊണ്ട്?

ഉത്തരം : ഓരോ മേഖലയും ഓരോ രീതിയിലുള്ള അനുഭവങ്ങ ള്‍ ആണ് നല്‍കുന്നത്. അഭിഭാഷക എന്ന നിലയി ല്‍ സമൂഹത്തിലേക്ക് ഇറങ്ങി ചെന്ന് സാക്ഷരരും നിരക്ഷരരും ആയി സമൂഹത്തിന്റെ എല്ലാ തുറകളിലും ഉള്ളവരുമായി സംവദിക്കാനും കഴിയുന്നു. എഴുത്തുകാരി , കോളമിസ്റ്റ് എന്ന നിലകളിലോ. മറ്റൊരു തലം ആളുകളുമായി സംവദിക്കാനും അടുക്കാനും കഴിയുന്നു . അദ്ധ്യാപിക എന്ന നിലയില്‍ യുവ തലമുറയുമായി നിരന്തര സമ്പ.ര്‍ക്കത്തി ല്‍ എ.ര്‍പ്പെടാനും ഒരു പരിധി വരെ അവരെ നേരായി ഗൈഡ് ചെയ്യാനും കഴിയുന്നു . എല്ലാ മേഖലകളും ആത്മ സംതൃപ്തി ന ല്‍കുന്നു .എന്നാലും അദ്ധ്യാപിക എന്ന റോ ള്‍ കൂടുതലിഷ്ടപ്പെടുന്നു. അതിനു കാരണം, കുട്ടികളിലൂടെ കിട്ടുന്ന സ്നേഹ ബഹുമാനങ്ങളും പിന്നെ അവരെ ഗൈഡ് ചെയ്തു ജീവിതത്തി ല്‍ ഓരോ സ്ഥാനങ്ങളി ല്‍ എത്തിക്കാനും കഴിയുമ്പോ ള്‍ കിട്ടുന്ന ആത്മ സംതൃപ്തി .
ചോദ്യം  : ഒരു നല്ല സിനിമാ പ്രേമികൂടി ആണ് താങ്കള്‍.  അടുത്തിടെ വന്ന ദൃശ്യം എന്ന സിനിമയെ പറ്റി വളരെ കൂടുതല്‍ വിമര്‍ശിക്കപ്പെട്ടത് അതിലെ നിയമനിഷേധം ആണ്. അറിഞ്ഞു കൊണ്ട് ഉള്ള മറച്ചു വെയ്ക്കല്‍. അതും തങ്ങള്‍ക്ക് വേണ്ടവരെ ചെയ്ത തെറ്റില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി. എങ്ങനെ കാണുന്നു ഒരു കലാ സംരഭത്തിനെ പറ്റി ഇത്തരത്തി ല്‍  ഉള്ള പരാതികള്‍. അത് ഒരു ഭാവനാ സൃഷ്ടിയല്ലേ?  അതിനു ശേഷം നടന്ന ഒരു കുറ്റകൃത്യത്തില്‍ അതിലെ തെളിവ് നശിപ്പിക്കലിനു പ്രേരകം ആയത് ദൃശ്യം ആണ് എന്നും പറയുന്നുണ്ട്?


ഉത്തരം : അടുത്ത കാലത്ത് ഇറങ്ങിയതി ല്‍ മനസ്സിലേക്ക് ഇറങ്ങി ചെന്ന് ഒരു കുറ്റകൃത്യം ന്യായീകരിക്കപ്പെടുന്നത് ആണെന്നും അതിനുള്ള സാഹചര്യങ്ങ ള്‍ എങ്ങനെ സൃഷ്ടിക്കാം എന്നും സമൂഹത്തിനു നെഗറ്റീവ് മെസ്സേജ് നല്‍കിയ സിനിമ ആണ് ദൃശ്യം. എന്റെ 11 കാരനായ മകനും സിനിമ കണ്ടിട്ട് പറഞ്ഞു "ഫാമിലിയെ രക്ഷിക്കാനല്ലേ കുറ്റം ഒളിപ്പിച്ചതെന്നു എന്റെ ഒരു സുഹൃത്തിന്റെ 7 വയസ്സുള്ള മകനാവട്ടെ ഒരു കളവു ഒളിപ്പിച്ച ശേഷം പറയുകയുണ്ടായി ദൃശ്യം കണ്ടത് കൊണ്ട് എനിക്കിങ്ങനെ മാറ്റി പറയാനയത് എന്ന്. ഇങ്ങനെ വളരെ അധികം ദു ര്‍സ്വാധീനം ഈ സിനിമ ഉണ്ടാക്കി എന്നാണ് എന്റെ അഭിപ്രായം,

ചോദ്യം : അടുത്ത്  വായിച്ച ഒരു റിപ്പോര്‍ട് പ്രകാരം കേരളത്തിലെ പോലിസ് 90%  കുറ്റങ്ങളും തെളിയിക്കുന്നുണ്ട്. പക്ഷെ ശിക്ഷിക്കപ്പെടുന്നത് 40% ശതമാനം മാത്രം എന്ന് പറയുന്നു.  എന്തുകൊണ്ടാവും  ഇത്തരത്തില്‍ ഒരു ഗ്യാപ് ഉണ്ടാവുന്നത്?

ഉത്തരം : പോലീസ് അന്വേഷണം നടത്തി കണ്ടെത്തുന്ന തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി പ്രതിയെ ശിക്ഷികുന്നത് . അന്വേഷണത്തിലെ പിഴവുകളാണ് പല കേസുകളും വെറുതെ വിടാനുള്ള കാരണം ആകുന്നത്. കൂടാതെ കൂറ് മാറുന്ന സാക്ഷികളും ആണ് മറ്റൊരു പ്രധാന കാരണമാകുന്നുണ്ട് .പണവും സ്വാധീനവും ഉപയോഗിച്ച് പ്രതികളാവട്ടെ സാക്ഷികളെ സ്വാധീനിക്കുകയും അവരോ കോടതിയിലെത്തി മൊഴി മാറ്റുകയും ചെയ്യപ്പെടുന്നു. പോലീസ് തെളിയിച്ചു എന്ന് പറഞ്ഞിട്ട് കാര്യമില്ല വ്യക്തമായ തെളിവുകളുവേണം ."ആയിരം കുറ്റവാളികളെ വെറുതെ വിട്ടാലും ഒരു നിരപരാധി പോലും ശിക്ഷിക്കപ്പെടരുത്‌" എന്നതാണ് നിയമത്തിന്റെ അടിസ്ഥാന പ്രമാണം.
ചോദ്യം :  പ്രത്യേക ഇഷ്യുവിനെ അതിന്റെ കള്‍ച്ചറല്‍  / സോഷ്യോ- എക്കൊനോമിക്കല്‍ / ഫുച്ച്വരിസ്ടിക് ഇമ്പാക്റ്റ് / ഇങ്ങനെ ഒക്കെ സാദ്ധ്യതകള്‍ മുന്‍നിറുത്തി തീരുമാനം പറയാന്‍ നമ്മുടെ കോടതികള്‍ക്ക് കഴിയുന്നുണ്ടോ? അതിനുള്ള സാദ്ധ്യതകള്‍ ഉണ്ടോ, നിലവിലുള്ള ജുഡിഷ്യ ല്‍ സംവിധാനത്തി ല്‍ ?
ഉത്തരം : ഒരു കേസിനെ അല്ലെങ്കില്‍ പ്രത്യേക വിഷയത്തെ കോടതിയുടെ മുന്നില്‍  ഹാജരാക്കപ്പെടുന്ന തെളിവുകളുടെ അടിസ്ഥാനത്തിലുള്ള വിധി എഴുതുക എന്നതാണ് നീതി ന്യായ കോടതികളുടെ പ്രഥമ കര്‍ത്തവ്യം . സാധ്യതകളും / futuristic impact ചില കേസുകളില്‍ പരിഗണിക്കാറുണ്ട് . ത്രിതീയ ലിംഗത്തെ (Third Gender ) ലോകത്ത് ആദ്യമായി നിയമപരമായി അംഗീകരിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധി ന്യായം ഇപ്രകാരം ഉള്ളതാണ് . 

ബുധനാഴ്‌ച, ജൂൺ 18, 2014

ഞാന്‍

വിളിക്കാന്‍ അനേകം പേരുണ്ടായിട്ടും ഒരു പേരുപോലും
ഉള്ളിലേക്കു കടക്കാനനുവുദിക്കാത്തൊരു കാമുകി-
ക്കുള്ളിലടക്കിയ പ്രണയമ്പോലെല്ലാ വാതിലുകളുമുള്ളില്‍
നിന്നടച്ചൊരു വീടിനുള്ളില്‍ ഗന്ധത്തിന്റെ
എണ്ണമറ്റജനാലകളിലൂടെ പരിചയപ്പെടുത്തുന്നു
മൃതിതന്‍ അജ്ഞാതദേഹപൂര്‍ണ്ണതയെന്ന്,എന്നെത്തന്നെ.‍"

ശനിയാഴ്‌ച, മേയ് 03, 2014

ആരെന്ന അന്വേഷണത്തിലെ നീയും നിന്നിലെ ഞാനും : അമലിന്റെ നോവല്‍ : കല്‍ഹണന്‍

 ആരെന്ന അന്വേഷണത്തിലെ നീയും നിന്നിലെ ഞാനും : അമലിന്റെ നോവല്‍ : കല്‍ഹണന്‍ 
-----------------------------------------------------------------------------------------------------

മനുഷ്യമനസ്സിന്റെ ആകസ്മിക,അനൈശ്ചിക നിരര്‍ത്ഥതാവസ്ഥകളെ ഏറ്റുവും കൂടുതല്‍ അനുഭവിപ്പിച്ച വായനയായിരുന്നു കാമ്യുവിന്റെ ദി സ്ട്രൈഞ്ചര്‍. അസ്ഥിത്വം എന്ന പ്രഹേളിക അതിന്റെ ആരംഭാവസാനങ്ങള്‍  ഇല്ലാതെ ഒരാളില്‍ എത്ര കണ്ടു ആവേശിക്കുന്നു എന്നതും പല പുസ്തകങ്ങളുടെയും മൂലഹേതു ആയിട്ടുണ്ട്‌. കാലാതീതമായ ഒരു അന്വേഷണത്വരത അസ്ഥിത്വാന്വേഷണത്തിന്റെ ഉപ്പും  ഉറവയും ആവുന്നുണ്ട്‌. ഒരുവന്റെ അസ്ഥിത്വാന്വേഷണവും സമൂഹത്തിന്റെ തന്നെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്ന അംബരദൂരം പോന്ന അയഥാര്‍ത്ഥഭാരവും ചേര്‍ന്ന് നില്‍ക്കുന്ന സാഹിത്യ സൃഷ്ടികള്‍ മലയാളത്തിലും ഏറെയുണ്ട്. ഒരു വന്റെ നിസ്സഹായതാവസ്ഥ എന്നത് കൃതികള്‍ ഏറെ പരിചയപ്പെടുത്തപ്പെട്ടതും വിജയിച്ചതുമായ ഒരു വിഷയമാണ്. ഇരുട്ടിന്റെ ആത്മാവ്, തനിയാവര്‍ത്തനം, കിരീടം തുടങ്ങിയ  ഒട്ടേറെ നോവല്‍, സിനിമകളുടെ  വിഷയവും മറ്റൊന്നല്ല. കല്‍ഹണന്‍ : നീ/ഞാന്‍ ആരാണ് എന്ന അമലിന്റെ ആദ്യ നോവല്‍ പറയുന്നത് ഒരേ നേരം ഒരാളില്‍ ഉണ്ടാവുന്ന രണ്ടു  പേരെക്കുറിച്ച്. ഒരാള്‍ക്ക് നിയന്ത്രിക്കാന്‍ ആവാത്ത മറ്റൊരാള്‍, ഒരാള്‍ ചെയ്യേണ്ടെന്ന് മനസ്സില്‍ കരുതുന്ന കാര്യം ആദ്യം പറഞ്ഞ അറിയാതെ ചെയ്യുന്ന മറ്റൊരാള്‍ . അപരപ്രവര്‍ത്തിയുടെ ചോദനകളെ അടക്കാന്‍ അയാള്‍ ചെയ്യുന്ന, ചെയ്തു പാഴായി പോവുന്ന ശ്രമങ്ങളെ പറ്റി അമല്‍ പറയുന്നു. നാല്‍പ്പത്തി ഒന്‍പതു വയസുള്ള ഗോപികുട്ടന്‍, കാക്കക്കുന്നു എന്ന നായകകഥാപാത്രം തന്റെ ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബത്തിനു വേണ്ടി പല തൊഴിലുകള്‍ ചെയ്യുന്നു. അവസാനം ചെയ്യുന്ന തൊഴില്‍ പെട്രോള്‍ ബങ്കിലെ ഫില്ലെര്‍ ആണ്. അയാള്‍ എന്തിലും ഏതിലും തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ തിരയുന്നു. അത്തരം കാര്‍ട്ടൂണുകള്‍  പൈങ്കിളി വാരികകളില്‍ പ്രസിദ്ധീകരിച്ചു കാണാന്‍  അയാള്‍ ആഗ്രഹിക്കുന്നു. അയാള്‍ ജീവിക്കുന്ന ചുറ്റുപാടും സമൂഹവും ഭാര്യയും ആരും തന്നെ തന്റെ കഴിവിനെ, കാര്‍ട്ടൂണിനെ അതര്‍ഹിക്കുന്ന രീതിയില്‍ കാണുന്നില്ല എന്ന വേദന അയാള്‍ക്കുണ്ട്. അതില്‍ നിന്ന് ഒരു മാറ്റം എന്ന നിലയ്ക്കാണ്, ഗോപിക്കുട്ടന്‍ എന്ന പേരില്‍ വേറെയും കാര്ട്ടൂണിസ്റ്റ് ഉള്ളത് കൊണ്ട് കൂടി അയാള്‍ "കല്‍ഹണന്‍,കാക്കക്കുന്നു" എന്ന പേരിലേക്ക് ചുവടു മാറുന്നു. ഗോപിക്കുട്ടനും അയാളിലെ  കല്‍ഹണനും തമ്മിലുള്ള ആത്മ സംഘര്‍ഷങ്ങള്‍ ആണ് പിന്നീടുന്ടാവുന്നത്. ഗോപിക്കുട്ടല്‍ ജയിലാവുന്നു. അയാളുടെ ജയില്‍ മോചനത്തിലൂടെ ആണ് അമല്‍ തന്റെ നോവല്‍, ഗോപിക്കുട്ടന്റെ ജീവിതത്തെ, അയാളുടെ ആത്മസംഘര്‍ഷങ്ങളെ പറഞ്ഞു തുടങ്ങുന്നത്.


നവവിവരസാങ്കേതികവിദ്യകള്‍ ഒരേ സമയം മനുഷ്യന്റെ ഉളിവിടങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുകയും അതേ നേരം അവനെ ഉടുതുണിയുടെ മറവു പോലുമില്ലാത്ത നിലയില്‍ വെളിപ്പെടലിന്റെ ലോകത്തേക്ക് ഒറ്റയ്ക്കാക്കുകയും ചെയ്യുന്നു. തൂലികാ നാമങ്ങളും ഫെയ്ക്ക് ഐഡികളും തമ്മില്‍ ഒട്ടും അകലം ഇല്ലാതെയാവുന്നു. ഒരു പക്ഷെ സാഹിത്യ ലോകത്ത് പുത്തന്‍ എഴുത്തുകാര്‍ ഏറ്റവും കൂടുതല്‍ തൂലികാനാമങ്ങള്‍  ഉപയോഗിക്കുന്ന ഒരു കാലം ഇതാവണം. ഹിഡുംബി, ഒട്ടകം , നിര്ജലിത എന്നിങ്ങനെ ജീവിയവും അജീവിയവുമായ ഒട്ടേറെ പേരുകള്‍ കൊണ്ട് സമ്പന്നമാവുന്നു സ്വയം പ്രകാശനത്തിന്റെ പുത്തന്‍ എഴുത്തിടങ്ങള്‍. തങ്ങളുടെ എഴുത്ത് പേരുകള്‍ /തൂലികാ നാമങ്ങള്‍ തങ്ങളുടെ സുരക്ഷിത ഒളിയിടങ്ങള്‍ എന്ന് കരുതുന്നവരാണ് കൂടുതല്‍ പേരും. അതെ സമയം ഒട്ടും തന്നെ ഒളിക്കാന്‍ ഇടമുള്ള ഒന്നല്ല ബ്ലോഗ്‌, സോഷ്യല്‍ നെറ്റ് വര്‍ക്ക് എഴുത്ത് ഇടങ്ങള്‍ എന്നത് അവരെ ചിന്താകുലര്‍ ആക്കുന്നുമില്ല. ഗോപിക്കുട്ടന്റെ കല്‍ഹണന്‍ എന്ന തൂലികാ നാമത്തിനാവട്ടെ ഇങ്ങനൊരു സാധ്യതയെ കണ്ടെടുക്കാനും ആവുന്നില്ല. അയാള്‍ മൊബൈലോ ഫെസ് ബുക്കോ ഇല്ലാത്ത പുത്തന്‍ സാങ്കേതികതയില്‍ ഏറെ ആകൃഷ്ടനല്ലാത്ത വ്യക്തിയാണ്. അത്തരം ഒരു സാഹചര്യത്തില്‍ അയാള്‍ക്ക് ഉണ്ടാകാവുന്ന വിനിമയ മാര്‍ഗം തപാല്‍ മാത്രമാണ്. അതാകട്ടെ, കല്‍ഹണന്‍ എന്ന അയാളുടെ സുരക്ഷിത ഇടത്തെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്നു. ഒരു പുതു എഴുത്തുകാരന് ഒരു അച്ചടി മാധ്യമത്തിലെക്കുള്ള വഴി ഒരു ഹെര്‍ക്കൂലിയന്‍ പ്രയത്നമാവണം. എഴുതുമാത്രമല്ല ഒന്നിന്റെയും പാസ്വേര്‍ഡ്‌. ഒരു തുടക്കക്കാരന്റെ പ്രയാസങ്ങള്‍ , ഇപ്പോഴും ഒട്ടിച്ച കവറില്‍ മാത്രം സൃഷ്ടികള്‍ സ്വീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് തപാല്‍ സ്റ്റാമ്പ് ഇനത്തില്‍ പോയ പൈസ കൊണ്ട് കുറച്ചു വസ്തു വാങ്ങാം എന്നുള്ള ഗോപിക്കുട്ടന്റെ ഭാര്യയുടെ നെടുവീര്‍പ്പ് എത്ര വാസ്തവം ആവണം.

സ്വന്തമായി ഒരു മുറിയുള്ള കലാകാരന്മാര്‍ കുറവാകും. എതു അമച്വര്‍ എഴുത്തുകാരന്റെയും ആദ്യ കടമ്പ തന്റെ കുടുംബത്തിന്റെ, ജീവിക്കുന്ന സമൂഹത്തിന്റെ ചുഴിഞ്ഞു നോട്ടങ്ങളെ അതി ജീവിക്കുക എന്നതാവും. കലാകാരന്‍/ കാര്‍ട്ടൂണിസ്റ്റ് തുടങ്ങിയ പദങ്ങള്‍   ഒട്ടും ലാഭകരമല്ലാത്ത, ഉപജീവന സാദ്ധ്യതകള്‍ ഇല്ലാത്ത എന്നാല്‍ ഉണ്മാദികളുടെയും അനാര്‍ക്കിസ്ട്ടുകളുടെയും സുരക്ഷിത ഒളിയിടങ്ങള്‍ ആണ്. അത്തരം ഒരിടത്ത് നിന്നും അവരെ വെളിച്ചത്തെക്ക് കൊണ്ട് വന്നു പൊതു സമൂഹത്തിന്റെ ഭാഗമാക്കുക എന്നത് ഓരോ പൌരന്റെയും കടമ എന്ന് ചിന്തിക്കുന്നു അവന്റെ/അവളുടെ ചുറ്റുമുള്ള സമൂഹം. കലയുടെ അനിര്‍വച്ചനീയത പോലെ തന്നെ അവനവന്റെ ഉള്ളിലുള്ള മറ്റൊരുവന്‍ എന്ന എഴുതിടത്ത്തിന്റെ അനിര്‍വച്ചനീയതയെ അതീവസൂക്ഷമതയോടെ വരയ്ക്കാന്‍ അമലിനു കഴിയുന്നു. ഓരോ വരിയും അമല്‍ എന്ന എഴുത്തുകാരന്റെ, മലയാള കഥ, നോവല്‍ ശാഖയുടെ  ഭാവിയുടെ ചൂണ്ടു പലക ആവുന്നു.  ഞാന്‍ / നീ ആര് എന്നാ ചോദ്യം, അതിന്റെ പ്രസക്തി കാലാതിതമാവുന്നു.

വെള്ളിയാഴ്‌ച, മാർച്ച് 07, 2014

ചൂണ്ടകുണ്ടളേ,കുണ്ടളേന്നു വിളിച്ചിട്ടൊന്നും ഒരു കാര്യോല്ല,
തിരക്കി കണ്ടെത്തണം പാലിന്റെ മണമുള്ള തൊഴുത്തില്‍
മുളപൊട്ടാറായ ഇഞ്ചിത്തടത്തിലെ ഇലച്ചപ്പിനു
മീതെയുള്ള പാതിയുണങ്ങയില്‍ ചാണകക്കൂട്ടില്‍

വെറുതെ ഈ ചൂണ്ടയിങ്ങനെ വെള്ളത്തിലേക്കിറക്കിവച്ച്
മണ്‍തിട്ടയില്‍ ഇരുന്നു കാലാട്ടി സുഖിച്ചിരിക്ക്
കല്ലേനക്കികളും വേറെ ചില പൊടി മീനുകളുമുണ്ട്
ഉള്ളീലെക്കങ്ങെടുക്കാന്‍  വായപൊളിക്കാത്തവ‍
നാലു വശത്തൂന്നും കാര്‍ന്നുകാര്‍ന്നങ്ങു തിന്നും

പോടാ പുല്ലെ, കൊറയായി നിന്റെ ഒരു കൊണവതിയാരം
അതിനല്ലെ കാലിനൊപ്പം ചൂണ്ടക്കമ്പും ഞാനിങ്ങനെ.
ചൂണ്ട വളവിലൂടൊരു കുണ്ടളപ്പുഴുവിനെ മെല്ലെമെല്ലെ
തിരികുമ്പോഴുണ്ടോരു രസം, കാലാട്ടയിരിക്കുമ്പോഴുള്ള പോലെ.

ഒഴുക്കുവെള്ളത്തില്‍ ഇല്ലാതാവും നമ്മുടെ അഴുക്കുകള്‍
നേരം മയങ്ങുന്ന നേരത്തങ്ങനെ നെഞ്ചോളം വെള്ളത്തില്‍
ചേര്‍ന്നുചേര്‍ന്ന് നിക്കുമ്പോ നമ്മളെത്തും ചില കരകള്‍
പനിക്കും ഓര്‍മ്മപോല്‍ പിന്നീടില്ലാതാവും തുരുത്തുകള്‍.

വീടുവിട്ടിറങ്ങുമൊരു പെണ്ണിന്റെ ഉള്‍പ്പിടയല്‍ കാണാം
പ്രണയം പോല്‍ ഉള്ളില്‍ കൊരുത്തു കൂടെ വലിക്കുമീ
ചൂണ്ട വളവിനൊപ്പം ജലരേഖ താണ്ടുമാ നിമിഷത്തിന്‍
മീന്‍ പിടയലില്‍ നീയില്ലാത്ത നേരമേ ഞാനെന്ന പോലെ.


ഞായറാഴ്‌ച, ഫെബ്രുവരി 23, 2014

കൂട്ടിരിക്കുന്നു.

ആശുപത്രിയുടെ ഉള്ളിലേക്ക് കയറിയിപ്പോള്‍.  മുടിയിലാണെന്റെ വിരലുകള്‍ മടിയിലുള്ള ശിരസ്സിന്റെ.

ഈ ഉടലിപ്പോള്‍ എത്ര നാക്കുകളുടെ വാക്കായി പൂക്കുന്നുണ്ടാവണം. ഇടതു ചേര്‍ന്നു വന്നതു കൊണ്ട് യൂ തിരിവീന്നു പിന്നോട്ടി വരേണ്ടി വന്നില്ലെന്നു പറയണം പിന്നീടെന്ന് ചിന്തിച്ചിട്ടുണ്ടാവണം രണ്ടാമന്‍ എന്നിപ്പോഴോര്‍ക്കുന്നു. ഒരുപാടു പേരോടൊന്നും അവന് പറയാനായിട്ടുണ്ടാവില്ല. ഉച്ചവെയില്‍ പുതച്ചു കിടക്കുന്ന വണ്ടികളോടൊപ്പം ഉറങ്ങിക്കിടക്കുകയിരുന്നു വിളിച്ചുണര്‍ത്തും വരെ ഡ്രൈവര് . ഓട്ടോകളൊക്കെ വെയിലില്‍ ആവിപിടിക്കുന്ന പനിക്കാരെപ്പോലെ പുതച്ചിട്ടുണ്ടായിരുന്നു. അധികം ഓടിക്കാണാത്ത വണ്ടിയില്‍ ഈ സമയം പതിവായുറങ്ങുന്നുണ്ട് അയാളെന്ന് ഓര്‍ക്കാന്‍ കാരണം നേരത്തെ അയാളെ കണ്ടതാണ്. അയാളുടെ രണ്ടു പെണ്മക്കളില്‍ മൂത്തവള്‍ ഇളയവളെക്കാള്‍ മെലിഞ്ഞിട്ടാണ്. അവളുടെ കാലുകള്‍ ആദ്യം കാണുമ്പോള്‍ വിളഞ്ഞു കിടന്ന ഏതോ ചോളവയലിലെ പൂവു കുഴച്ചതാണതെന്ന് തോന്നിപ്പിച്ചിരുന്നു.അവളുടെ ഒരു കാലില്‍ അവള്‍ വരുന്നതറിയിക്കുന്ന ചിലമണികള്‍ കൊരുത്തിട്ട ഒരു പാദസരമുണ്ടെന്ന് രണ്ടാമനാണ് ഒരിക്കല്‍ പറഞ്ഞത്. ഞങ്ങള്‍ മൂന്നുപേരാണ് ആ ഗലിയുടെ ഇങ്ങേ തുഞ്ചത്തെ വാടകക്കാര്‍. വീട്ടില്‍ അധികം ആള്‍ വരവു പറ്റില്ലെന്ന് പഞ്ചാബി അമ്മൂമ്മ പറഞ്ഞിരുന്നു. ചെവി കേള്‍ക്കാത്ത അവര്‍ക്ക് രാത്രി കണ്ണും കാണാത്തതു കൊണ്ട് രാത്രിയാണ് ഞങ്ങള്‍ ചീട്ടു കളിക്കുക. ചിലപ്പോള്‍ പത്തുപേരുണ്ടാവും.

എന്റെ മടിയിലുള്ള ഇയ്യാളുടെ ഭാര്യയ്ക്ക് വരണമെന്നുണ്ടായിരുന്നു. സ്ഥലമില്ലാത്തതുകൊണ്ട് അവര്‍ ഞങ്ങള്‍ക്കൊപ്പമില്ലാത്തത്. കുഴപ്പമായിപ്പോയെന്ന് മൂന്നാമന്‍ പിന്നീട് പല തവണ പറഞ്ഞു. ഈ ഡ്രൈവറുടെ ഇളയ മകളുടെ കൊലുസിനു പിന്നാലെ പോയ സമയത്തെല്ലാം ഗലിയുടെ അങ്ങേ അറ്റത്തുള്ള വീട്ടുമുറ്റത്ത് അയാളും ഓട്ടോയും ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് അയാളുടെ ഇളയമകളെയാണ് ഇഷ്ടക്കൂടുതലെന്ന് മൂന്നാമത്തെ തവണ അവരുടെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ അയാളുടെ കയ്യിലിരുന്ന ഐസ്ക്രീം കവറില്‍ നിന്ന് മനസ്സിലായിരുന്നു. അയാളുടെ മൂത്തമകള്‍ക്ക് തണുപ്പു പിടിക്കില്ലെന്ന് പറയുമ്പോള്‍ ഇളവയളുടെ ഇടംകാലിലെ കൊലുസ്സ് അതു ശരിവച്ചത് ഞാനോര്‍ക്കുന്നു. ഞങ്ങള്‍ താമസിക്കുന്ന ഗലിയില്‍ വച്ചിപ്പോള്‍ മിണ്ടാറേയില്ല. ദൂരത്തിനാണു കാശുവാങ്ങുന്നതെന്നും വേഗത എന്നത് ഒരു തോന്നല്‍ മാത്രമാണെന്നും മൂന്നാമന്റെ അക്ഷമയ്ക്കു മറുപടി പറഞ്ഞത് കഴിഞ്ഞ വളവിനാണ്. മറന്നുവച്ച കടിഞ്ഞാന്‍ തിരഞ്ഞു പായുന്ന കുതിരകളെന്നാണ്

ഈ നഗരത്തിലെ വാഹനങ്ങളെന്ന് രണ്ടാമന്‍ പറയാറുണ്ട്. ലാജ്പത് നഗര്‍ സിഗ്നലില്‍ രണ്ടു വണ്ടികള്‍ കൂട്ടിമുട്ടിയെന്ന് ടാക്സിക്കാരന്‍ സര്‍ദാര്‍ജിയാണ് ഡ്രൈവറോടു പറഞ്ഞത്. കള്ളുവാങ്ങാന്‍ പോവുന്ന വഴിയോര്‍മ്മിച്ച് അമര്‍ക്കോളനിക്കുള്ളിലൂടെയുള്ള വഴിപറഞ്ഞത് രണ്ടാമനാണ്. പശുക്കള്‍ ഗതാഗതം നിയന്ത്രിക്കുന്ന ഒരു തെരുവാണിതെന്ന് അവന്‍ ചിരിച്ചിരുന്നു. രാത്രി പോലെ സ്വന്തം കൂട്ടിലേക്ക് തിരിച്ചുപോവുന്നവരെ ഈ പശുക്കളോടുപമിച്ചത് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റെ തലേന്നായിരുന്നു. അന്നു ഞങ്ങള്‍ ജന്‍പഥ് കീഴടക്കിയ നര്‍ത്തകരായിരുന്നു. ഒരു അസ്സാമീസ് നാടോടിപ്പാട്ടായിരുന്നു കേട്ടത് ആ രാത്രി. ഭാഷ വിറുങ്ങലിച്ച് മരവിച്ചിരുന്നു ജനുവരിയുടെ തണുപ്പില്‍. ഓ.പി. വരെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു ഡ്രൈവറും. പത്തുമിനിട്ടു മുന്നേ വരെ ശ്വസിച്ചിട്ടുണ്ടാവണമെന്ന് ഡോക്ടര്‍ തന്നെ പറഞ്ഞത് ശരിയാവാതെ വരില്ല. സൗത്ത് എക്സിലെ ഒരു കുഴിയില്‍ നിന്നു നിവരുമ്പോള്‍ എന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കിയതോര്‍ക്കുന്നുണ്ട്. ഇരുപത്തിയെട്ടിനിടയിലെ കള്ളക്കളി പിടിച്ചത് ഈ നേരത്തെന്തിനാണ് ഓര്‍ത്തെടുക്കുന്നതെന്ന് ചോദിക്കേണ്ടതായിരുന്നു. ഇയ്യാളുടെ ഭാര്യ പുറപ്പെട്ടിട്ടുണ്ടാവണം കാത്തിരിക്കുക തന്നെ. ആപ്പീസില്‍ പോയിരിക്കുന്ന അയാളുടെ മകനെ വിളിക്കാം. ഏതു വിഷം കുടിച്ചെന്നാണ് അവന്റെ അമ്മ പറഞ്ഞെതെന്നു മറന്നു. അവന്‍ വന്നിട്ടു വേണം മടക്കി വച്ച കൈ വീണ്ടും തുടങ്ങാന്‍. നല്ലൊരു കൈയ്യായിരുന്നു.

ശനിയാഴ്‌ച, ജനുവരി 25, 2014

ഒരു ചോദ്യമല്ലേ, ന്നാ ചോദിച്ചാട്ടെ.

ഒന്നും ഉണ്ടായിട്ടില്ല.
ഒന്നും ഉണ്ടാവുകയുമില്ല.
അല്ലെങ്കില്‍ തന്നെ എന്താണ് ഉണ്ടാവുക.
അല്ലെങ്കില്‍ തന്നെ എന്താണ് ഉണ്ടായിട്ടുള്ളത്.
ചോദ്യം ചോദിക്കാതെ?

ചോദ്യം ചോദിക്കാനുള്ളത് അല്ലെ.
അല്ലെ?
ന്നാ ചോദിച്ചോ?

ഒരാളുടെ കവിതയില്‍ ടാഗ്ഗ് ചെയ്യപ്പെട്ട ചിലരെപ്പോലെ
വളരെ പരിചയക്കാരാവും ചോദ്യങ്ങള്‍
ഉത്തരങ്ങളെല്ലാം അറിഞ്ഞുവെന്ന ഭാവത്തില്‍
അദൃശ്യമായൊരു (അ) സാന്നിദ്ധ്യമെന്ന്‍
അവര്‍ക്ക് മാത്രമറിയാവുന്ന ചോദ്യങ്ങളാവണം

ഹോ, ചോദ്യമേ
നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ
അല്ലെങ്കില്‍
നിന്നെ കെട്ടിപ്പിടിച്ച് ഒരുത്തരം.
ഒന്നും ഉണ്ടായിട്ടല്ല
ഒന്നും ഉണ്ടാവുകയുമില്ല.

കണ്ടിട്ടില്ലേ എല്ലാ ചോദ്യത്തിനും
ഉമ്മ എന്നുത്തരമെഴുതുന്ന ഒരു കുട്ടിയെ?
ജീവിതത്തോളമെത്താത്ത അവന്റെ ചോദ്യങ്ങളില്‍
തലേന്ന് എന്നവണ്ണം
ഓരോര്‍മ്മ
ഉമ്മയെന്ന്‍
പുതുക്കപ്പെടുന്നുണ്ടാവണം

ഒരാളെടുത്ത ചിത്രങ്ങളില്‍ നിന്ന്
ഹോ, ദയനീയം എന്നൊരുത്തരം തന്നു
ജീവിതം തന്നെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍
കറുത്തിരുണ്ട നാഗങ്ങളുടെ ഇഴയെന്നു
ഒരുടലിന്റെ ഉച്ചിയോളം കൊണ്ടെത്തിക്കുന്നുണ്ട്

കണ്ടിട്ടുണ്ടാവാനിടയുണ്ട്
തന്റേതു തന്നെയായ നിഴല്‍ക്കൈയ്യുകളെ
എത്തിപ്പിടിക്കുന്നൊരു ബാല്യത്തെ
പരാജയത്തിന്റെ പുഞ്ചിരികള്‍ക്കൊപ്പം
തളരാതെ തുടരുന്ന അവന്റെ/അവളുടെ
ശ്രമങ്ങള്‍ നിഴലിന്റെ ഉത്തരങ്ങള്‍ക്ക്
ചോദ്യങ്ങളെ എഴുതി സമര്‍പ്പിക്കുന്നുണ്ട്
എല്ലാ ഉത്തരങ്ങളിലുമല്ല
എല്ലാ ചോദ്യങ്ങളിലുമല്ല
ചിലതിലെങ്കിലും അങ്ങനെയൊക്കെ ആവണം
അത് കൊണ്ടാണ്

ഒന്നും ഉണ്ടായിട്ടില്ലെങ്കിലും
ഒന്നും ഉണ്ടാവുകയുമില്ലെങ്കിലും.
അല്ലെങ്കില്‍ എന്താണ് ഉണ്ടാവുകയെങ്കിലും .
അല്ലെങ്കില്‍ എന്താണ് ഉണ്ടായിട്ടുള്ളതെങ്കിലും
ചോദ്യം ചോദിക്കാതെ/ ചോദിച്ചിട്ടും.
ചോദ്യം ചോദിക്കാനുള്ളത് ആവുന്നത് .
അല്ലെ?
ന്നാ ചോദിച്ചാട്ടെ