ചൊവ്വാഴ്ച, ഓഗസ്റ്റ് 03, 2010

പനിക്കാഴ്ചകള്‍...

ഷാബിയയിലെ ആശുപത്രിമുറിയില്‍
ഞാനും അഹമ്മദും,
കാബൂള്‍ എക്സ്പ്രസ്സി*ലെ
ജോണ്‍ അബ്രഹാമും അര്‍ഷദും പോലെഞാന്‍,ഫോണ്‍വിളികളുടെ
നിശബ്ദതാളത്തില്‍ വിറയ്ക്കുന്ന പനി
അടയ്ക്കാന്‍ മുന്നറിയിപ്പില്ലാത്ത
ഗാസാഗേറ്റുപോലെ അഹമ്മദ്‌
ദസ്വിയിലെ ‍വിരലമര്‍ത്തലുകളില്‍
വിരഹത്തിന്‍ എണ്ണിത്തിട്ടപ്പെടുത്തലുകള്‍;
ചലനവേഗങ്ങളില്‍ കത്തിക്കാളുന്ന അക്ഷമ.

ഭാരമിറക്കാനൊരിടത്തിനായുള്ള
തിരച്ചിലില്‍ കണ്ണേറുകള്‍
കണ്ണു വീഴുന്നിടത്തോളം തലപ്പാവുകള്‍;
ജീവിതം പോലെ അഴിച്ചഴിച്ചു
കുരുങ്ങിക്കിടക്കുന്ന ചുരുളുകള്‍ക്കിടയില്‍
നിര്‍വചനം നഷ്ടപെട്ട നിറങ്ങള്‍.
വെടിക്കോപ്പ് തീര്‍ന്നുപോയ ടാങ്കുകളിലെ
പട്ടാളക്കാരുടെ ‍നിസ്സംഗമുഖങ്ങള്‍.‍

കൊയ്ത്തു കഴിഞ്ഞ പാടത്ത്
ബാക്കിയായ കുറ്റികള്‍ക്കിടയില്‍
വെള്ളപുതച്ച താറാവുകള്‍,
മൌനം വിതയ്ക്കപ്പെട്ടവര്‍ക്കിടയില്‍
നഴ്സുമാരുടെ പാദചലനങ്ങള്‍

ചുമകുറുകല്‍ മത്സരത്തിനിടയില്‍
നേര്‍ത്ത പേരുവിളിത്താളത്തില്‍
ഓരോ ടാങ്കും കാലിയാക്കി
ഒരു പേരിന്റെ ഊന്നുവടിയില്‍
സൈനികര്‍ ഓരോരുത്തരായി അകത്തേക്ക്

കൃത്യമായ ഇടവേളകളില്‍
രാജ്യംമാറി ഉമിനീര്‍കടല്‍
മുങ്ങിനിവരുന്ന താപമാപിനി


നീലത്തില്‍ മുങ്ങിയ
പൊരുന്നയുള്ളൊരു താറാവിനൊപ്പം
ഉള്ളിലേക്ക് ഞാനുമൊരു പേര്.


കഴുത്തില്‍ ഓമത്തണ്ടുമാലയിട്ട
ഡോക്ടര്‍ക്ക് മുന്നില്‍
അച്ഛന്റെ തോളിലെ‍
വാടിയൊരു മുന്നണിത്തണ്ട്.‍ ‍
.
*  കാബൂള്‍ എക്സ്പ്രസ്സ് - അഫ്ഗാന്‍ ബെയ്സ് ചെയ്തു നിര്മ്മിച്ച ഹിന്ദി ചലച്ചിത്രം


 
 


പഴയ ഒന്ന്..............

19 അഭിപ്രായങ്ങൾ:

ബിലാത്തിപട്ടണം / BILATTHIPATTANAM. പറഞ്ഞു...

പനിക്കും യുദ്ധക്കാഴ്ച്ചകൾ തന്നെയല്ലേ....

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് പറഞ്ഞു...

എന്നെ പനിപിടിപ്പിക്കാതെ.

ഒരു നുറുങ്ങ് പറഞ്ഞു...

പനിച്ചൂട്...ഇടതും വലതുമിടമില്ലാ...

nirbhagyavathy പറഞ്ഞു...

രോഗങ്ങള്‍ക്ക് കൂടെ സഞ്ചരിച്ചു
എഴുതാനേറെ,കാണുവാനെരെ-
വയ്ക്കുമ്പോള് അറിയുവാനേറെ.
ഇഷ്ടമായി.

MyDreams പറഞ്ഞു...

യുദ്ധത്തിന്റെ മുഖത്തും പനി കാഴ്ചകള്‍ .....നല്ല ഒരു അനുഭവം .....നന്ദി

Geetha പറഞ്ഞു...

പനികാഴ്ച കണ്ടു....
അയ്യോ എനിക്കും പനിക്കുന്നോ?

sm sadique പറഞ്ഞു...

വെടിക്കോപ്പ് തീര്‍ന്നുപോയ ടാങ്കുകളിലെ
പട്ടാളക്കാരുടെ ‍നിസ്സംഗമുഖങ്ങള്‍.‍
പാവം പലസ്തീനികൾ
പാവം കൊച്ച് ഗാസാ….
നീ നിലവിളിക്കുന്നു.
കൈകാലിട്ടടിക്കുന്നു
നിസഹായതയോടെ…?

ശ്രീനാഥന്‍ പറഞ്ഞു...

പോരാട്ടഭൂമിയും ശരീരവും ഒന്നിച്ചു പനിച്ചു വിയർത്തപ്പോൽ കുഞ്ഞുകാലത്ത് അച്ഛന്റെ തോളിൽ പനിച്ചു വാടിക്കിടന്നതോർത്തുവോ, നല്ല കവിത.

സോണ ജി പറഞ്ഞു...

പനിക്കുന്ന ചൂടുള്ള ഓര്‍മ്മകള്‍ ..
കവിതയില്‍ ചുക്ക് ചാലിച്ചൊന്നു കിടക്കണം...ഹാവൂ !................

അനില്‍കുമാര്‍. സി.പി. പറഞ്ഞു...

'നീലത്തില്‍ മുങ്ങിയ
പൊരുന്നയുള്ളൊരു താറാവിനൊപ്പം
ഉള്ളിലേക്ക് ഞാനുമൊരു പേര്.'

- ഇഷ്ടമായി.

Jishad Cronic™ പറഞ്ഞു...

താങ്കള്‍ പോസ്റ്റിലൂടെ പനി പരത്തുകയാണോ ?

രാമൊഴി പറഞ്ഞു...

bhoomikk pani..!..avatharanathil puthumayund..

the man to walk with പറഞ്ഞു...

:)

ജസ്റ്റിന്‍ പറഞ്ഞു...

പനിക്കപ്പുറം ഉള്ള കാഴ്ചകള്‍.

അത് നന്നായി

M.R.Anilan -എം. ആര്‍.അനിലന്‍ പറഞ്ഞു...

വെടിക്കോപ്പ് തീര്‍ന്നുപോയ ടാങ്കുകളിലെ
പട്ടാളക്കാരുടെ ‍നിസ്സംഗമുഖങ്ങള്‍.‍
-good

പി എ അനിഷ്, എളനാട് പറഞ്ഞു...

കഴുത്തില്‍ ഓമത്തണ്ടുമാലയിട്ട
ഡോക്ടര്‍ക്ക് മുന്നില്‍
അച്ഛന്റെ തോളിലെ‍
വാടിയൊരു മുന്നണിത്തണ്ട്

Nannayi
:)

ആയിരത്തിയൊന്നാംരാവ് പറഞ്ഞു...

മൌനം വിതയ്ക്കപ്പെട്ടവര്‍ക്കിടയില്‍
നഴ്സുമാരുടെ പാദചലനങ്ങള്‍
...............
..............ഉമിനീര്‍കടല്‍
മുങ്ങിനിവരുന്ന താപമാപിനി.........


.ഇതു മികച്ചതെന്നു പറയാം

ശ്രദ്ധേയന്‍ | shradheyan പറഞ്ഞു...

>>ജീവിതം പോലെ അഴിച്ചഴിച്ചു
കുരുങ്ങിക്കിടക്കുന്ന ചുരുളുകള്‍ക്കിടയില്‍
നിര്‍വചനം നഷ്ടപെട്ട നിറങ്ങള്‍.>>

എനിക്കും പനിക്കുന്നു!

മഞ്ഞയെ പച്ചയെന്നും
ചുവപ്പിനെ നീലയെന്നും
എന്റേതും ജീവിതമാണ്!!

ഭാനു കളരിക്കല്‍ പറഞ്ഞു...

പനിയെ യുദ്ധവുമായി ഇഴ ചേര്‍ക്കുന്നതിലൂടെ പുതിയ അനുഭവമാക്കി. ഈ കവിത.