തിങ്കളാഴ്‌ച, ഫെബ്രുവരി 22, 2010

കടല്‍ത്തീരത്തെ പ്രണയനഗരം

ഒരു നഗരം പണിയുന്നുണ്ട്

ഒരമ്മ പെറ്റ മക്കളെപ്പോലെ,

പുറത്തേക്ക് ഓരോ വാതില്‍

മാത്രമുള്ള വീടുകള്‍ ‍

വാതിലുകളെല്ലാം നിരത്തിലേക്ക് കണ്ണെറിയും

കണ്ണുകളില്‍ നിരത്തു മാത്രം

നിരത്തുകളെല്ലാം കടലിനോടു സല്ലപിക്കും

എന്നും നവദമ്പതികളെപ്പോലെ


ചുവരുകള്‍ ഒരേ വലിപ്പത്തില്‍
വീടുകള്‍ക്കെല്ലാം വെള്ള നിറം.

പെയ്യുന്ന നിലാവുകളില്‍ കടല്‍ തീരം
യമുനാതീരത്തെ ഓര്‍മ്മിപ്പിക്കും


എല്ലാ വാതിലുകള്‍ക്കും ഇടംവലം
എല്ലായ്പ്പോഴും അടഞ്ഞ ജനാലകള്‍

ജനാലകള്‍ക്കിരുവശവും

പലജാതിചെടികളില്‍ പുഞ്ചിരി

കാറ്റില്‍ വിശറികള്‍ വീശും

അടുക്കളകള്‍ക്ക് മേലേ
പുകക്കുഴലുകളിലൂടെ വീടുകള്‍
ആകാശത്തേക്ക് നിശ്വസിക്കും


ഇടക്കെപ്പോഴോ വിശറികള്‍
കൈമോശം വന്ന ചെടികള്‍
വേരുകളിലേക്ക് മുഖം പൂഴ്ത്തി
കുഴലുകള്‍ മരിച്ച മണത്തില്‍ മുങ്ങി


ഒരു വീട്ടിലും നിന്നെ കാണാഞ്ഞിട്ടാവണം.
ഞാന്‍ പാതികയറിയൊരു സ്വപ്നമരത്തില്‍
നിന്നു വീണെപ്പോഴോ കരഞ്ഞുണര്‍ന്നത് !