വ്യാഴാഴ്‌ച, മാർച്ച് 31, 2011

പ്രൈം ടൈം ന്യൂസ്സ്

.
.
വെള്ളം തൊടാതെത്രെ കുപ്പി
പാല്‍ ഭഗവതിയ്ക്ക്.
കൊമ്പന്‍ മലയ്ക്കെത്ര വെറ്റില-
യടക്ക,പൊയില ശനിയാഴ്ചകള്‍

പതിനാലു പെണ്ണാടുകള്‍ക്കിപ്പുറ-
മൊരു ആണാട്..

കുടമണികിലുക്കി,
കാറ്റിനെതിരെ വാലോങ്ങി,
ചെറു കൊമ്പ് ഇടയ്ക്കൊന്നിളക്കി
അവനിങ്ങനെ..

ഉണക്കയിലയുടെ പാലാഴികടഞ്ഞ്,
കുറുമ്പിന്റെയകിടു ചുരത്തി,
മലയിറങ്ങി,
ഇടയ്ക്കെപ്പൊഴൊ..

തിരഞ്ഞുതിരഞ്ഞ്,
അക്ഷമയുടെ വേലിക്കമ്പില്‍
ഇരുപിടിക്കയറില്‍
അവനെയും കൂട്ടി..

വയസ്സറിയിക്കാത്ത പതിനാലുപേര്‍
അറിയാവളവില്‍ ഒറ്റയ്ക്കായവര്‍.

എതോടക്കുഴലിന്റെ താളത്തില്‍,
എതു കാല്‍ത്തളമേളത്തില്‍,
എതു നിലത്തിന്റെ ചരിവിനെ പഴി-
ച്ചേതു നൃത്തത്തെ പുനര്‍വചിക്കുന്നുണ്ടാവും ..

തോരാമഴ കണ്ണീരുണങ്ങുമ്പോള്‍
പ്രൈം ടൈം ന്യൂ‍സ്സ്,‍ നൃത്തം ലൈവ് ,
ഓടക്കുഴലിന്റെ റിംഗ്ഗ് ടോണ്‍ റെക്കോര്‍ഡഡ്
കണ്ടാലറിയാവുന്ന ജഡ്ജസ്സിന്റെ പരേഡ്
ഇടയ്ക്കൊരു കൊമേര്‍സ്യല്‍ ബ്രേക്ക്..

ശനിയാഴ്‌ച, മാർച്ച് 05, 2011

ഓര്‍മ്മപ്പുകയലിന്റെ കുന്തിരിക്കം‍

ഇത്,

അന്ധനാമൊരു കുട്ടി
മിഴിത്തുമ്പാല്‍ തൂവിയിട്ട
പേരറിയാച്ചായത്തില്‍
കിനാക്കാഴ്ച്ചകളും
നമ്മളുമലിഞ്ഞ ചായപ്പകര്‍ച്ച .


ബധിരനാമൊരു കുഞ്ഞിന്റെ
കാതില്‍ വന്നലക്കുന്നുണ്ട്
വിജയത്തിന്റെ തലേനാള്‍
പല്ലില്‍ കോര്‍ത്തൊരു പതാകയുമായ്
പലായനം ചെയ്തോരോറ്റ കുളമ്പടി


നിശ്വാസച്ചൂരിന്റെ കാടെരിച്ചില്‍
പാതിയുലുപേക്ഷിച്ച രാത്രി.

യാത്രയുടെ അറിയാത്തിരിവില്‍
സ്വയമറിയാതെയെരിഞ്ഞു തീര്‍ന്നൊരു
നക്ഷത്രപാളി പോലെ മനസ്സ്;
ഓര്‍മ്മപ്പുകയലിന്റെ കുന്തിരിക്കം‍.

നിലാവേ ,
മായക്കാഴ്ചകളുടെ ഈ ചെമ്മണ്‍മല തുരന്ന്
നിന്‍ കണ്ണുകള്‍ക്കകലെയാ
ശുഭ്രസ്പടിക തടാകത്തിന്‍ ‍
ശൈത്യപ്പുതപ്പിലെന്നെയും
ചേര്‍ത്തണയ്ക്ക നീ