ബുധനാഴ്‌ച, ഏപ്രിൽ 28, 2010

പൊന്റൂര്‍ തീര്‍ത്ഥാടനം

























ചെമ്പകപ്പാലം ഇടവപ്പാതിക്കണ്ണീരില്‍
മുങ്ങാങ്കുഴിയിട്ട സന്ധ്യക്കാണ്‌
പൊന്നുവും പിന്നാലെ ശാരദയും
എല്ലുതെളിഞ്ഞൊരു കുടത്തുമ്പുതൊട്ട്
അക്കരെത്തോടുവഴി പടിഞ്ഞാട്ടു പോയത്.

നാലുപേര്‍ക്കൊപ്പം പൊന്റൂര്‍ പോകുംവരെ
കുമാരന്‍ തോടുവക്കത്തെ പൊത്തുകളില്‍
ശാരദേം പൊന്നൂനേം തിരഞ്ഞു.

തിരിച്ചു വന്ന കുമാരന്‍
പി ഡബ്ലൂ റോട്ടിലെ
മഴവെള്ളപൊത്തുകളില്‍ കല്ലു
കൊണ്ടു പൂക്കളം തീര്‍ത്തു.


പോന്റ്റൂന്നു വന്ന സരോയനിയമ്മ
കുമാരനു പിന്നാലെയെത്തും
                                                                   കുഴിയില്‍ പൊരുന്നയിരിക്കുന്ന കല്ലെല്ലാം
                                                                   പ്ലാസ്റിക് സഞ്ചിയിലാക്കും

അന്തിവരേക്കുള്ള ഊരുചുറ്റലിനു ശേഷം
കല്ലായകല്ലെല്ലാം പാറമടയിലെ
കല്ലുവെട്ടാംകുഴിക്ക്‌ കൊടുക്കും.

കുഴി നിറയുമ്പോ‍ കല്ലു ചവിട്ടി
മോളില്‍ കേറിവരുന്ന
രാധമ്മയുടെ ഓര്‍മ്മ പുതക്കും
കുഴിയുടെ ആഴങ്ങളിലാണ് രാധമ്മയ്ക്ക്
കിനാവൊന്നു കൈമോശം വന്നത്‌

വിതക്കുന്ന കുമാരനും
കൊയ്യുന്ന സരോയനിയും
ഒരേ നേരത്തു വരും
കാത്തിരിക്കുന്ന കണ്ണുകളില്‍ ‌
ഉന്മാദത്തിന്റെ പൂത്തിരിയേകാതെ
കല്ലുകള്‍ മാത്രം സ്ഥാനം മാറും

കര്‍മ്മഫലങ്ങളുടെ നിരര്‍ത്ഥകതയില്‍ ‍
പൊന്റൂര്‍പോക്ക് വ്രതശുദ്ധി 
വേണുന്നൊരു തീര്‍ത്ഥാടനമാണ്



* പൊന്റൂര്‍ ...പുനലൂരിനെ നാട്ടു ഭാഷയില്‍ വിളിച്ചിരുന്നത്‌.

പുനലൂര്‍ പണ്ടൊരു മാനസികാരോഗ്യകേന്ദ്രം ഉണ്ടായിരുന്നു.
foto courtesy : google fotos.
. 

വെള്ളിയാഴ്‌ച, ഏപ്രിൽ 09, 2010

നിശ്ശബ്ദതയുടെ ആഘോഷങ്ങള്

കയ്യൂക്കുള്ള അയല്‍ക്കാരനെ
പോലെയാണ് നിന്‍റെ മനസ്സ്
ഞാന്‍ കരുതിയെ വാക്കുകളെയെല്ലാം
അതിര്‍ത്തി സൂചികക്ക് വെളിയിലാക്കുന്നു
വല്ലാത്തൊരു നീശ്ശബ്ദതയുടെ
മണ്‍കോരിയില്‍ നിന്‍റെ മനസ്സെത്താ
ദൂരത്തുപേക്ഷിക്കുന്നു.

മനസ്സില്‍ ഒതുങ്ങാത്തൊരു
വാക്കിന്‍റെ ഉളിചലനങ്ങള്‍
തൊണ്ടക്കുഴലില്‍ മുറിയാമീന്‍മുള്ള്
നിന്‍റെ കണ്ണുകളത് അടക്കം പറയുന്നുണ്ട്.

മുത്തശ്ശന്‍ മണ്‍കൂനയില്‍
അടക്കം ചെയ്ത കാച്ചില്‍ കുരുന്നുകളുടെ
വിരല്‍ തുമ്പ് കാത്തിരിക്കുന്ന
അക്ഷമ തൂവുന്നുണ്ട്

നമുക്കിടയിലെ അറിയാദൂരങ്ങളില്‍
തുഴയില്ലാ വഞ്ചി പോലെ
നിന്നിലേക്ക്‌ മാത്രം ഒഴുകുന്നുണ്ട്,
ഹൃദയം കൈവിട്ട വാക്കുകള്‍ .
നിന്‍റെ മനസ്സിന്‍റെ അഭിചാരങ്ങളില്‍ അവ
ദിക്കറിയാതെ പിണങ്ങി നില്‍ക്കുന്നുണ്ട് .

നിന്‍റെ മൌനം നിറച്ച മിഴിദൂരങ്ങള്‍ക്കിരുവശവും
വാക്കുകളുടെ കടത്തുവഞ്ചി കാത്തിരിക്കുമ്പോള്‍
പ്രണയം നിശബ്ദതയുടെ ഒരാഘോഷമാണെന്ന്
ജീവിതം നെഞ്ചില്‍ തൊട്ടു സാക്ഷ്യപ്പെടുത്തുന്നുണ്ട്
.
.
.