ചൊവ്വാഴ്ച, ഒക്‌ടോബർ 12, 2010

ഒട്ടും അസ്വാഭാവികതയില്ലാത്ത ചിലത്

ഗ്രാമത്തിനും പട്ടണത്തിനുമിടയിലെ‍

ലക്ഷ്മണരേഖ; പുഴ.
മണല്‍ത്തിട്ടയില്‍ മുള‍ങ്കഴ
ഒരു വില്ല്;
അക്കരെയിക്കരെ ഞങ്ങള്‍
അമ്പുകള്‍.


നിറം മാറാത്ത മഴക്കാലങ്ങള്‍‍
പുഴയെ വീടുകള്‍ കാണീക്കും.
കിഴക്കന്‍ മലയില്‍ നിന്ന്
വേരറുത്ത് നാടുകാണാനെത്തും
മഴുവില്‍ നിന്നൊളിച്ച കാതലുകള്‍‍,
കഴുത്തില്‍ കുടമണികിലുക്കി
അമ്മമാരെ വിളിച്ചാര്‍ത്ത് ആട്ടിങ്കുട്ടികള്‍.
നനഞ്ഞു തോരാത്ത ക്ലാസ്സ് മുറികള്‍‍
കരയില്‍ കാവല്‍ നില്‍ക്കും.

ഒഴുക്കിനുമീതെ ആള്‍ക്കൂട്ടം,
പലജാതി വണ്ടികള്‍
മുള‍ങ്കഴ കടലു കാണാനിറങ്ങി.

ഒഴുക്കില്ലാ പുഴയില്‍
നാടുകാണാനെത്താറുണ്ടിപ്പോഴും.
സ്വപ്നങ്ങളില്‍ മുങ്ങാംകുഴിയിട്ട്
മൂക്കുടഞ്ഞവര്‍,
മേലാകെ നഖംകൊണ്ട്
ചോരപൊടിച്ചവര്,
കേട്ടറിഞ്ഞ പ്രണയത്തെ കണ്ടറിയാന്‍
രാത്രിവണ്ടിയേറിയവര്‍.

കാണാത്ത മട്ടില്‍ നിന്നിട്ടും
കടന്നുപോവാത്ത ചിലരെ
സ്വാഭാവികമായെത്തിയ
അപരിചിതരെന്ന്
പുതപ്പിച്ചുറക്കുന്നു ഞങ്ങള്‍.