വ്യാഴാഴ്‌ച, സെപ്റ്റംബർ 10, 2015

സുരപാനം : മറവിക്കുറിപ്പ്.

ദുബായ് പാതകള്‍ വീണ്ടും വാഹനങ്ങളെ ഒച്ചുകളുടെ വേഗതയിലേക്ക് വിവര്‍ത്തനം ചെയ്യുന്ന ദിവസങ്ങള്‍ ആണ്. എല്ലാ  യാത്രകള്‍ക്കും അപകടങ്ങള്‍ സാക്ഷ്യം പറയുന്നു. എകാന്തപ്പെടലിന്റെ ഒന്നോ രണ്ടോ പേജുകള്‍ മറിഞ്ഞു കഴിമ്പോള്‍ ആവും ഗതാഗതം വീണ്ടും പഴയ പടിയാവുക. അതുവരെ കൂട്ടാവുന്നത് റേഡിയോ ആണ്. എത്ര ചാനലുകള്‍ എന്നറിയില്ല. പല പേരുകള്‍ ; പല ശബ്ദങ്ങള്‍. വീണ്ടും ബാര്‍ ലൈസന്‍സിന് ഒരു വണ്ടിപ്പെരിയാര്‍ റിസോര്‍ട്ട് ഉടമ കോടതിയില്‍ എത്തി. പാതയോരത്തെ ബിവരെജ് കടകള്‍ മാറ്റി സ്ഥാപിക്കണം എന്ന് കോടതി ആവശ്യപ്പെടുന്നു. ഏറെ നാളായി മദ്യത്തിന്റെ രുചി അറിയാത്ത ചുണ്ടുകള്‍ക്ക്  തുറക്കലോ അടയ്ക്കലോ ഒരു വ്യത്യാസവും തോന്നിപ്പിക്കുന്നില്ല. ഓര്‍മ്മ മാത്രം താണ് പറക്കുന്ന ഒരു പക്ഷിയെ പോലെ അതിന്റെ ചിറകടിയോച്ച കേള്‍പ്പിച്ച ഏതോ ഒരു ഇല ചുണ്ടില്‍ കൊരുത്ത് ഉള്ളിലെ കൂട്ടിലേക്ക് പറന്നു കയറും ആ നേരം. ലഹരിയുടെ ഓര്‍മ്മയ്ക്ക് ഓര്‍മ്മ തുടങ്ങിയ കാലത്തോളം ദൂരം ഉണ്ടാവും.

ഒന്നാം ഓര്‍മ്മ.
-----------------
ഓര്‍മ്മയുടെ കിഴക്കും പടിഞ്ഞാറും തെക്കും വടക്കും നീളത്തിലും വീതിയിലും അച്ഛന്‍ ഒരു നല്ല മദ്യപാനിയാണ്. അന്നും ഇന്നും. വാറ്റുചാരായം കുടിച്ചാല്‍ തലചാരായം കുടിക്കണം എന്നാവണം പോളിസി. കുടിക്കാവുന്ന ചാരായത്തിന്റെ അവസാനഅളവുകോല്‍ ചാരായത്തില്‍ മുക്കിയ ചൂണ്ടു വിരലിന്റെ അറ്റം വിളക്കിന്റെ എത്ര അകലെ പിടിച്ചാല്‍ തീ നക്കിയെടുക്കും എന്നതാണ്. മദ്യപിക്കുന്ന ഒരു പിതാവിന്റെ പുത്രന്‍ മദ്യപിക്കാത്ത പരിശുദ്ധാത്മാവ് ആവില്ല എന്നാവും ഏതു പോലീസുകാരനും പറയുക. ഏതെങ്കിലും അദ്ധ്യാപിക അങ്ങനെ പറഞ്ഞാലും തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. അത്തിമരത്തില്‍ ഹൃദയം വച്ച കുരങ്ങന്റെ പാഠം ഏതു ക്ലാസില്‍ ആണ് പഠിച്ചത് എന്നോര്‍മ്മയില്ല. അത് ആ പുസ്തകത്തിന്റെ അവസാനതാളുകളില്‍ ആണ് ഉള്ളത് എന്നും അത് പഠിച്ച സമയത്ത് നല്ല മഴക്കാലം ആയിരുന്നു എന്നും മറന്നിട്ടില്ല.ആ ഒരു മഴയ്ക്കൊപ്പം ആണ് ആ പാഠത്തിന്റെ രണ്ടാം പുറം ഒരു വന്ചിയായി ഒഴുകി അകന്നത്. വീടിനടുത്തുള്ള തോട് മുക്കാലും കര കവിഞ്ഞിരുന്നു അപ്പോള്‍. കുറെ ദിവസം കഴിഞ്ഞ് ടീച്ചര്‍ ഇതേ പാഠം പഠിപ്പിക്കുന്നു. എന്റെ പിന്നില്‍ നിന്ന് പേജ് മറിയ്ക്കാന്‍ ആവശ്യപ്പെടുന്നു. അടുത്ത നിമിഷം പ്രതി ബോധശൂന്യനായി നിലത്തു വീഴുന്നു. അപ്പന്‍ കുടിച്ച മദ്യത്തിന്റെ ബാക്കി മകന്‍ കുടിച്ചതാവും എന്ന് ടീച്ചര്‍ റൂട്ട് കോസ് അനലൈസ് ചെയ്യുന്നു. വീട്ടിലേക്ക് ആള് പോവുന്നു. പിതാവ് വരുന്നു. പുത്രനെ തോളിലിട്ട് വീട്ടിലേക്ക് നടക്കുന്നു. നാല് ചുവടിനപ്പുറം കണ്ണ് തുറന്ന പുത്രനെ സ്കൂളിനടുത്തുള്ള ഒരു കാപ്പിക്കടയില്‍ കയറ്റി ചായയ്ക്ക് പറയുന്നു. ഒരു വടയും ആവാം എന്ന് പുത്രന്‍ അഭിപ്രായം പറയുന്നു. ചായ കുടി കഴിഞ്ഞു പിതാവ് വീട്ടിലേക്കും പുത്രന്‍ സ്കൂളിലേക്കും യാത്രയാവുന്നു. ഒന്നാം ഓര്‍മ്മ അവസാനിക്കുന്നു.

രണ്ടാം ഓര്‍മ്മ.
------------------
പന്തളത്ത് വിദ്യാഭ്യാസത്തില്‍ ഏര്‍പ്പെട്ടിരുന്ന കാലത്ത് രാവിലെ എട്ടു മണിക്കാണ് പന്തളം ടൌണില്‍ എത്തുക. കൂട്ടായി കോന്നിക്കാരന്‍ ചങ്ങാതി ഉണ്ടാവും. "ഡാ, ഒരു അറുപത് വിട്ടാലോ" ചെങ്ങാതി ചോദിക്കും. രണ്ടാളും അന്ന് ഉണ്ടായിരുന്ന, ഇന്നില്ലാത്ത താമരക്കുളം വൈന്‍സ് (അങ്ങനെ ആണ് പേരെന്ന് ഓര്‍ക്കുന്നു) ലക്ഷ്യമാക്കി നീങ്ങുന്നു. അവിടെ സ്ഥിരമായി ഉന്ടാവുന്ന ഇടിയപ്പത്തെ സാക്ഷിയാക്കി ലഹരി നുരയുന്നു. ക്ലാസില്‍  അവസാന ബഞ്ചില്‍ ദിവസം കഴിക്കുന്നു. അങ്ങനെ ഇരിക്കെ ഓണം എത്തുന്നു. അടുത്ത ഒരു ചങ്ങാതി യുടെ കല്യാണം കഴിഞ്ഞു വരുന്ന ദിവസം ഉത്രാടമാണ്. പിറ്റേന്ന് തിരുവോണം. നേരെ അന്നുണ്ടാവുകയും ഇപ്പോള്‍ ഇല്ലാത്തതുമായ ഗംഗാ വൈന്‍സിലെക്ക് യാത്ര യാവുന്നു. ഗംഗാ വൈന്‍സ് മദ്യപാനത്തിന്റെ സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണ്.  ഊരും പേരും ജാതിയും മതവും ഒന്നും തന്നെ ഗ്ലാസുകള്‍ കൈമാറി മദ്യപിക്കാന്‍ അവിടെ തടസമാവുന്നില്ല. മദ്യപാനി വീട്ടിലെത്തി ജീവിതത്തിലെ ആദ്യത്തെ കുടല്‍ തിരിച്ചിടല്‍ നടത്തുന്നു, ഇനി മദ്യപിക്കില്ല എന്ന ദൃഡപ്രതിജ്ഞയെടുക്കുന്നു. അതിനിടയ്ക്ക് എപ്പോഴോക്കെയോ നാടന്‍ ഷാപ്പിലെ അറുപതു പട്ടയുടെയും മുട്ടയുടെയും വസന്തയോട്‌ മല്ലിട്ട ഏതോ കോഴിയുടെ ചുട്ട മാംസത്തിന്റെ ചൂരും അതിനൊപ്പം ഗുളികകള്‍ ആക്കപ്പെട്ട കഞ്ചാവ് ലേഹ്യത്തിന്റെ ഘ്രാണവും ഓര്‍മ്മകളെ ടിക്കിള്‍ ചെയ്തു കടന്നു പോവുന്നുണ്ട്. അതിനും മുന്നേ കീരുകുഴിയുടെ വൈകുന്നരങ്ങളില്‍ അടുത്തടുത്തുള്ള പട്ടക്കടയുടെയും അരിഷ്ടക്കടയുടെയും ബൈ പ്രോഡകറ്റ് ആയ പരിഷ്ട എന്ന അതിവിശിഷ്ട പാനീയത്തിന്റെ വിളി ഉള്ളിലെവിടെയോ ഞെരുങ്ങുന്നുണ്ട്.

മൂന്നാം ഓര്‍മ്മ
-----------------
അന്നത്തെ ദല്‍ഹി ഇന്നത്തെപ്പോലെ സോഷ്യല്‍ മദ്യപാനത്തിന്റെ സുരക്ഷിത ഇടങ്ങള്‍ നീട്ടി നിന്നിരുന്നില്ല. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ചില്ലറ വില്‍പ്പന ശാലകളിലൂടെ മദ്യം വില്‍പ്പന എട്ടു മണിവരെയാണ്. ഏഴു നാല്‍പ്പത് ആവുമ്പോള്‍ ചങ്ങാതി വരും. വാക്കുകള്‍ വിറയ്ക്കും. രണ്ടാളും കൂടി സ്ഥിരം വേഗത്തില്‍ കടയിലെത്തുന്നു.തൊട്ടടുത്തുള്ള മൂസമ്പി ജ്യൂസ് കടയില്‍ നിന്ന് സ്ഥിരം പാകത്തില്‍ ലയിപ്പിച്ചു പാനം ചെയ്ത്  തിരികെ നടക്കും. നഗരാതിര്‍ത്തിയില്‍ പോവുന്നത് വെയിലത്ത് നിരത്തിയിട്ട കയറു കട്ടിലുകളില്‍ കാലും നീട്ടിയിരുന്നു പരസ്യമായി സുരയെ പാനം ചെയ്യാനാണ്. കൌമുദിയിലെ പ്രശസ്തനായ പത്രപ്രവര്‍ത്തകന്‍ കൂട്ടുള്ള പകലുകള്‍. മറ്റൊരു സഹന്‍ , സമയത്ത് പാനം ചെയ്യാതിരുന്നാല്‍ കൈ വിറച്ചവന്‍ ഗ്വാളിയോരിലെക്ക് യാത്രയാവുന്നു. ആശിച്ചവനു ആകാശം കിട്ടിയെന്നതു പോലെയായി ഞങ്ങള്‍ക്ക്. അവനു ജോലി കിട്ടിയത് ഒരു ഡിസ്റ്റിലറിയില്‍. ഇനിയാണ് ട്വിസ്റ്റ്‌. അവനു അവിടത്തെ മണം കാരണം കള്ളടി പറ്റാതെയായി. അത്തിപ്പഴം കൊണ്ട് വായ്പ്പുണ്ണ് ചുരണ്ടുന്നവന്‍ എന്നായി അവനെ മറ്റുള്ളവര്‍ക്ക്.

ലജ്പത് നഗര്‍ ജീവിക്കുന്ന കാലത്താണ് മുറി ഒരു സോഷ്യലിസ്റ്റ് മദ്യപാന സങ്കേതം ആവുന്നത്.ആര്‍ക്കും എടുത്തു കുടിക്കാം;വയ്ക്കണം. ആര്‍ക്കും കഴിക്കാം;ഭക്ഷണം ഉണ്ടാക്കി മറ്റുള്ളവര്‍ക്ക് വയ്ക്കണം ഇത്യാദി ലളിത ജീവിതക്രമത്തില്‍ ജീവിക്കുന്ന അവിവാഹിതകുഞ്ഞുങ്ങള്‍. രാവിലെ അഞ്ചു മണിക്ക് ക്രിക്കറ്റ് കളിച്ചു തുടങ്ങുന്നു. രാത്രി വൈകിയും ചീട്ടു കളിക്കുന്നു. ഒഴിവുള്ള സമയം പാനം ചെയ്തു ഫില്‍ ചെയ്യുന്നു. അങ്ങനെ ഒരു പകലില്‍ ആണ് അടുത്തുള്ള ചേട്ടത്തി വന്നു വിളിക്കുന്നത്. വീട്ടില്‍ ചെല്ലുമ്പോള്‍ ചേട്ടന്‍ മുറിയില്‍ നുര, പത ഒക്കെ സമം ചേര്‍ത്ത് വാടിക്കിടക്കുന്നു. അതിയാന്‍ ഫുരിദാന്‍ കഴിച്ചതാ രാജേഷേ. അതിനും മുന്നേ അറിഞ്ഞിരുന്നു. ആളൊരു ചെറിയ കോണ്ട്രാക്ടര്‍ . സുരപാനം ഇത്തിരി കൂടുതല്‍. കൂട്ടത്തില്‍ കടവും കൂടുതല്‍. ഞങ്ങള്‍ ചേട്ടായിയെ ഒരു വണ്ടിയില്‍ സഫ്ദര്‍ ജംഗ് ആസ്പത്രിയിലേക്ക് കൊണ്ട് പോവുന്നു. ഇടയ്ക്ക് ബോധം പോയപോലെ തോന്നി. ഓ. പി ഡോക്ടര്‍ സ്തീരീകരിച്ചു . എത്തും മുന്നേ ദൈവത്തിന്റെ പ്രിയപ്പെട്ടവനായി. മരണം അത്ര ദുര്‍ബലം ഒന്നുമല്ല.
അതെ കാലത്ത് എയിംസില്‍ ജോലിയുള്ള ഒരു പെണ്‍കുട്ടി വരുമായിരുന്നു. അവള്‍ വരുമ്പോള്‍ കൂടെ ആഘോഷം വരും. അവളുടെ ഇഷ്ട സിഗ്നേച്ചര്‍ ആവും ആ ദിവസങ്ങള്‍ ഞങ്ങളുടെയും ഇഷ്ടം. നല്ല ഉയരമുണ്ടായിരുന്ന ; അത്ര തന്നെ സ്നേഹവുമുണ്ടായിരുന്ന പെണ്‍കുട്ടി; നീയിപ്പോള്‍ എവിടെയാണ്?

നാലാം ഓര്‍മ്മ

ഡല്‍ഹിയില്‍ നിന്ന് മുങ്ങി മദ്രാസില്‍ പൊങ്ങുന്നു. അന്ന് മദ്രാസ്‌ ചെന്നൈ ആയിട്ടില്ലെന്ന് തോന്നുന്നു. ടി. നഗറിലെ അരുണാ ബാറിനും വടപഴഞ്ഞിയിലെ (അത് തന്നെ അല്ലെ ആ  പേര്) ബിജുവിന്റെ വീടിനും (ബിജു, രാമന്‍, രജി ...) പറയാന്‍ എന്തോരും കഥകള്‍ കാണും. കള്ളിനുമീതെ വെള്ളത്തെ  പാടപോലെ പൊങ്ങിക്കിടത്തിയത് ഒരു കാലം ബിജുവിന്റെ സീക്രറ്റ് ആയിരുന്നു. ബില്ല് കൊടുക്കും മുന്നേ ഒഴിഞ്ഞ ബീയര്‍ കുപ്പികളെ ഭിത്തിയില്‍ ഉരച്ചു ചേര്‍ത്ത് നിര്‍ത്തുന്ന അഭ്യാസവും അവിടത്തേത് തന്നെ എന്ന് തോന്നുന്നു.  കാശ് കൊടുത്തു പുറത്തു വരുമ്പോളഴേക്കും മറിഞ്ഞു വീഴുന്ന കുപ്പികള്‍ പൊട്ടിയിട്ടുണ്ടാവും. പാവം തമിഴന്‍ ചെക്കന്മാര്‍; ക്ഷമിക്കട്ടെ.

രണ്ടു പേര്‍ കെട്ടാന്‍ തീരുമാനിക്കുന്നു. ഒരാള്‍ നിശ്ചയം കഴിഞ്ഞു നാട്ടില്‍ നിന്ന് മദ്രാസിനു എത്തുന്നു. ഒരുത്തന്‍ കെട്ടാന്‍ പോവുന്ന പെണ്ണിനോട്  വിവാഹാനന്തരം മദ്യം ഉപേക്ഷിക്കും എന്ന് സത്യം ചെയ്തവന്‍. അതിനു മുന്നേ മദ്യപിച്ചു മനസ് നിറയ്ക്കാന്‍ നാട് വിട്ടവന്‍. അഞ്ചു നാള്‍ മാരത്തോണ്‍ മദ്യപാനം. ബ്രാന്‍ഡ്‌ മാറുന്നു. ഉറങ്ങുന്നു-മദ്യപിക്കുന്നു-ഫുഡ്ന്നു.- മദ്യപിക്കുന്നു. നോ പുറം ലോകബന്ധം. ഒടുക്കം ആഗ്രഹം സാധിച്ചു മടങ്ങുന്നു. വീണ്ടും അതെ കൂട്ടര്‍ പൊങ്ങുന്നത് ബോംബെ. കണ്ടു മുട്ടുന്നത് അന്ന് കൂണ് പോലെയുള്ള ഡാന്‍സ് ബാറുകളില്‍ ഒന്നില്‍. അതാണ് പോണ്ടാട്ടിയെക്കാള്‍ പ്രീയമാവുന്നത് മദ്യം.

അഞ്ചാം ഓര്‍മ്മ

വീണ്ടും നാട്ടില്‍. ഓണം അതിന്റെ വര്‍ണ്ണങ്ങള്‍ വിരിച്ചാടുന്നു എന്ന് മനസ് പറയുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടു മുട്ടുന്നവരുടെ ആഘോഷം ഉത്രാടത്തിനും മുന്നേ തുടങ്ങി. തിരുവോണം വീടിനടുത്തുള്ള റിസോര്‍ട്ടിന്റെ ഉയരം കൂടിയ ചില്ലയില്‍. തിരകെ വരുന്നു. കൈയ്യില്‍ നിന്ന് വണ്ടി ഒരിറക്കം കഴിഞ്ഞു സ്വയം തിരിഞ്ഞു ഒരു പൊളിഞ്ഞ കലുങ്കിനെ ചുംബിച്ചു ഇല്ല എന്ന് എന്ന് നിക്കുന്നു. കുടിച്ചത് ആവിയായി. മാരത്തോണ്‍ അബോധ താഴ്വാര യാത്രകള്‍ക്ക് ഒടുക്കം ആറന്മുള വള്ളം കളിക്ക് ബോധം വരുന്നു. റാസ (നടന്നു, യാത്ര ചെയ്തുള്ള കള്ളടി) ഒടുക്കം ആറന്മുള എത്തുന്നു. കണ്മുന്നില്‍ തിരുവോണ തോണി. അതിലുള്ള ശുദ്ധര്‍ തോര്‍ത്ത് ഒക്കെ തന്നു ഉള്ളില്‍ കയറ്റുന്നു. നാല് പുതിയ പോറ്റിമാരുടെ പൂജകള്‍ക്ക് ഭക്തര്‍ സാക്ഷികള്‍ ആവുന്നു. തിരികെ പടി ഇറങ്ങുമ്പോള്‍ ഒരു സര്‍ദാര്‍ജി. "ഇയ്യാള്‍ അല്ലെ പണ്ട്  ഏതോ പെണ്ണിന്റെ കുണ്ടിക്ക് പിടിച്ചത്?" കൂട്ടുകാരന്‍ ഒരാള്‍ തന്റെ ഓര്‍മ്മയെ പരിക്ഷീക്കുന്നു. "അത് കെ പി എസ് ഗില്ലല്ലേ ഇത് എം എസ് ഗില്‍ " ഒരാള്‍ പറയുന്നു. നിമിഷങ്ങള്‍ക്ക് അകം നമ്മള്‍ എം എസ ഗില്ലിന്റെ അംഗരക്ഷകര്‍ ആവുന്നു. ജില്ലാ പോലീസ് മേധാവി മൂന്നു മീറ്റര്‍ പിന്നില്‍. അമ്പലം കാണല്‍ , തൊഴല്‍ . ഇടയ്ക്ക് പഴയ ഇലക്ഷന്‍ കമ്മീഷനും ഇപ്പൊ ഉള്ള മന്ത്രിപ്പണിയും ഒക്കെ എങ്ങനെ പോവുന്നു എന്ന് ചോദ്യങ്ങള്‍. നല്ല മനുഷ്യന്‍ ഉത്തരം പറയുന്നു. ഒടുക്കം ഗില്‍ യാത്രയാവുന്നു. "അച്ചാ ബേട്ടാ ചല്‍ത്തെ ഹൈ. ആനാ മിനിസ്ട്രി കഭി ദില്ലി ആയാ തോ". വണ്ടി കേറി പുള്ളി പോവും മുന്നേ പോലീസ് മേധാവി ചോദിക്കുന്നു " നിങ്ങള്‍ പോവുന്നില്ലേ "  കേള്‍ക്കാത്ത താമസം; ഞങ്ങള്‍ പോയി . മഷി ഇട്ടിട്ടും കിട്ടി കാണില്ല. ഇന്നായിരുന്നെങ്കില്‍ ആരൊക്കെ അല്ലെങ്കില്‍ എന്തൊക്കെ തന്നെ ആയേനെ?

ആറാം ഓര്‍മ്മ.

ദോഹ : ലൈസന്‍സ് കിട്ടിയ രാത്രി. ബോധം അബോധത്തിന്റെ വരമ്പിലേക്ക് കാലെടുത്തു വച്ച് തുടങ്ങുന്നു. ഒരാഗ്രഹം . ഇപ്പൊ ഈ നേരം വണ്ടി ഓടിക്കണം.സമയം പന്ത്രണ്ട് മണി രാത്രി.  ചങ്ങാതിയുടെ വണ്ടി. ഹൈവേയിലൂടെ കുതിക്കുന്നു. ഇടയ്ക്ക് എപ്പോഴോ പിന്നില്‍ ഒരു പോലിസ് വണ്ടി. നമ്മള്‍ വണ്ടി ഓരം ചേര്‍ക്കുന്നു. അവരും ചേര്‍ക്കുന്നു. ചലകന്‍ തന്നെ വിറയ്ക്കുന്ന കാലടികള്‍ വച്ച് പിന്നിലേക്ക് ചെല്ലുന്നു. മുറിച്ചു മുറിച്ചു ഇന്ഗ്ലിഷില്‍ നമ്മുടെ വാഹനത്തിന്റെ ഹെഡ് ലൈറ്റ് ഇടാന്‍ അപേക്ഷിക്കുന്നു ; പിന്നാലെ വന്ന പോലിസ്. നമ്മള്‍ ഇട്ടു കാണിക്കുന്നു. പോലീസ് കാരന്‍ ആവട്ടെ ഇത്തരം ഒരു അവസ്ഥയില്‍ പിന്നാലെ മുന്നാലെ വശത്തു കൂടി ഒക്കെ വണ്ടി ഓടിക്കുന്ന മറ്റുള്ളവര്‍ക്ക് നമ്മുടെ വണ്ടിയുലെ തലയിലെ കണ്ണുകള്‍ തിളങ്ങാതെ പോയാലത്തെ ബുദ്ധി മുട്ടുകള്‍ പറഞ്ഞു തരുന്നു. നമുക്ക് മടുകുന്നു. അറബി അറിയാവുന്ന ചങ്ങാതിയോട്‌ 'എത്രയാ ഫൈന്‍ എന്ന് ചോദിക്കെടെ" എന്ന് പറയുന്നു നമ്മള്‍. അവന്‍ ചോദിക്കുന്നു. അതിനും മുന്നേ "ഡ്രിങ്കിനഗ് ആണ്ട് ട്രൈവിംഗ് എന്ന് " സംശയം പറയുന്നു പോലീസ്. ഫൈന്‍ എത്രയെന്നു അറിയാത്ത പോലീസ് ആര്‍ക്കോ ഫോണ്‍ ചെയ്ത് അഞ്ഞൂര്‍ എന്ന് പറയുന്നതിനിടയ്ക്ക് നമ്മുടെ ഭാഗ്യം അയാളുടെ ഓര്‍മ്മയില്‍ നിന്ന് നമ്മുടെ ദ്രിങ്കിംഗ് ഡിലീറ്റ് ചെയ്തു കളയുന്നു. നമ്മുടെ പ്രവാസം നീട്ടിക്കിട്ടുന്നു.

എഴാം ഓര്‍മ്മ

ഗുജറാത്ത് : മദ്യമുക്ത രാജ്യത്തെ എസ്.എം.എസ് . ബാറുകള്‍.
ഏസി വീട്ടു കുടി കേന്ദ്രങ്ങള്‍.

ദമന്‍ ; ഗുജറാത്തിന്റെ ബഹറിന്‍.

--------------

എട്ടാം ഓര്‍മ്മ

xxxxxxxxxx
---------------

ഒന്‍പതാം ഓര്‍മ്മ.

കൊല്‍ക്കൊത്ത.
പിന്നത്തേക്ക്.


പത്താം ഓര്‍മ്മ.

ദുബായ്.

ടെക്വീല.
സിംഗിള്‍ മാള്‍ക്ക്.
ഗ്രീന്‍ ചില്ലി.
ലെബനീസ് റാക്ക്.



xxxxxxxxxxxxxxxxxxx

എല്ലാം മറവി.

കള്ളടി നിര്‍ത്തി:)