വ്യാഴാഴ്‌ച, സെപ്റ്റംബർ 03, 2015

കുട്ടികളുടെ ദൈവവും ദൈവത്തിന്റെതല്ലാത്ത കുട്ടികളും.

കാഴ്ചകളുടെ കണ്ടു മടുത്ത
ചില്ലുജാലകങ്ങളെ ഉയര്‍ത്തിവച്ച്
കുട്ടികള്‍ ദൈവത്തെ തേടിയിറങ്ങി.

മലകളും പുഴകളും
മണല്ക്കാടുകളും പ്രകാശഗോപുരങ്ങളും
അവരെ കടന്നു പോയി.

ഉപേക്ഷിക്കപ്പെട്ട നിസ്സഹായത,
ഛേദിക്കപ്പെട്ട നിഷ്കളങ്കത.

അവര്‍ ദൈവത്തെ തിരഞ്ഞു.

ഉറക്കത്തെ കോട്ടുവായയിട്ട് കുടുക്കിയ
ദൈവമപ്പോള്‍ രാത്രിക്കുപ്പായങ്ങളില്‍
ഒന്നൂരി കാറ്റില്‍ പറത്തി.
വെളുത്ത നിറമുള്ള ആ കുപ്പായം
വിശുദ്ധപുസ്തകങ്ങളുടെ ഉടലാകവേ, .
ദൈവം നിദ്രയിലേക്ക് നടന്നു.

കുട്ടികള്‍ പുരോഹിതരെ കണ്ടു.
വചനശുശ്രൂഷ ചെയ്യുന്ന അധരങ്ങളില്‍
ഒരു കുട്ടി തലേരാത്രി
തന്റെ ഉടലില്‍ മറന്നുവച്ചുപോയ
പാപത്തിന്റെ അടയാളങ്ങളനുഭവിച്ചു.
അവളുടെ ഉടലിപ്പോള്‍ വെഞ്ചരിക്കപ്പെടാത്ത
ഒരു വീടിന്റെ അതിവിശുദ്ധയേകാന്തത.

ഭഗവതിഹോമമുദ്രകള്‍ക്കായ് യോനിപുഷ്പം
വിടര്‍ത്തുന്ന കൈവിരലുകളില്‍
ഒരു കുട്ടി പച്ചയ്ക്ക് കത്തുന്ന കാടായി
നടക്കുന്ന വഴിയെല്ലാം ചിതറുന്നു തീ.

ആലിഫ എന്നു വട്ടപ്പേരുള്ള കുട്ടി
ഉറക്കത്തില്‍ നിലവിളിച്ചു.
അവളുടെ സ്വപ്നങ്ങളില്‍
ശവം നാറികള്‍ പൂത്തു തുടങ്ങി.
നിലയ്ക്കുന്നേയില്ല അവളുടെ നിലവിളികള്‍.

കുട്ടികള്‍ നടന്ന വഴികളില്‍
പ്രവാചകരുടെ നാക്കുകളിഴയുന്നു.
അവയില്‍ കുരുത്ത വിഷസൂചികളാല്‍
അന്യം നിന്ന് പോവുന്നു തലമുറകള്‍

 ഉച്ചമയക്കം കഴിഞ്ഞുണര്‍ന്ന്
മായക്കണ്ണാടി തുറന്ന ദൈവം
പകര്‍ത്തി വെച്ച നിലവിളികള്‍
ആവര്‍ത്തിച്ചാവര്‍ത്തിച്ച് കേള്‍ക്കുന്നു.

ദൈവം രണ്ടാമത്തെ കുപ്പായമൂരി.
ചുവപ്പുകുപ്പായം രക്തക്കടല്‍
വാറ്റിച്ചെടുത്ത മേഘത്തെ ഓര്‍മ്മിപ്പിച്ചു.
കുട്ടികളുടെ ഉടല്‍പ്പോറലുകളില്‍ നിന്ന്
ചോരയുടെ അരുവികള്‍ ചലിച്ചു തുടങ്ങി.

സായാഹ്നവീഞ്ഞുകോപ്പകള്‍ നിറയ്ക്കുന്നതിനിടെ
ദൈവം മൂന്നാമത്തെ കുപ്പായമൂരി.
ഒരു സെല്‍ഫ് ഗോള്‍ പോലെ വഴുതിയ
അതിന്റെ വായ്ത്തലയിലുരഞ്ഞ്
വൃക്ഷങ്ങള്‍ പിടഞ്ഞു.
കാറ്റിന് ശ്വാസം നിലച്ചു.

മരുഭൂമിക്കു മേലേ വീണ കുപ്പായത്തെ
“ഹരിതാഭമാമൊരു വനഹൃദയ”മെന്നു
ആകാശയാത്ര ചെയ്യുന്ന കുട്ടികള്‍ അടയാളപ്പെടുത്തല്‍

ഉടുപ്പിന്റെ ഉള്‍ച്ചൂടില്‍ കുരുങ്ങിയ
അവരുടെ ഉടലുകള്‍ വെന്തു.
കാഴ്ച കൈമോശം വന്ന പ്രകൃതി എന്ന കുട്ടി.
ഉച്ചത്തില്‍ കരഞ്ഞുകൊണ്ടിരുന്നു.

ബോധത്തിലേക്ക് തിരികെ എത്തിയ
ദൈവം നാലാം കുപ്പായമൂരി.
കയ്യുകള്‍ കൂട്ടിക്കെട്ടിയ കുപ്പായത്തില്‍ 
പാത്രങ്ങള്‍ നിറച്ച് തെരുവിലേക്കിറങ്ങി.
ഉറങ്ങിക്കിടന്നവര്‍ക്ക് മീതേ ഉണര്‍വിന്റെ
വെള്ളമിറ്റിച്ച് പാത്രങ്ങള്‍ കൈമാറി.
മടങ്ങിയെത്തിയ ദൈവം കിളിവാതില്‍ തുറന്നിട്ട്‌
ധനാര്‍ജ്ജനത്തിന്റെ തോതളന്നു.
തെരുവോരത്ത് മഞ്ഞക്കുപ്പായം തിളങ്ങി.

ശിക്ഷകന്റെ ഉന്മാദാലാസ്യത്തില്‍
സംഹാസനത്തിലേക്ക് മറിഞ്ഞ ദൈവം
അവശേഷിച്ച കുപ്പായത്തിന്റെ
കുടുക്കുകള്‍ പറിച്ചെറിഞ്ഞു.
നീതിയുടെ പൂന്തോട്ടങ്ങളിലൂടെ പറന്ന
കറുത്ത കുപ്പായത്തില്‍ നിന്ന്
രാസലായനി മണത്തു.


.
ജനാലക്കൊളുത്തില്‍ കുരുങ്ങിയ
കുപ്പായത്തിനായി താഴേക്ക്‌ പറന്ന ദൈവം
കുട്ടികള്‍ക്ക് നടുവില്‍ മറ്റൊരു ശിശുവായി.
കുട്ടികള്‍ ശിശുവിനു ചുറ്റും വട്ടം ചുറ്റി.
മറ്റെല്ലാ കാഴ്ചകളും മറന്ന
അവര്‍ ദൈവത്തെ വാഴ്ത്താനാരംഭിച്ചു.

ബന്ദിയാവുകയും
ബന്ദിയാക്കപ്പെടുകയും
കൊലചെയ്യുകയും
കൊലചെയ്യപ്പെടുകയും
ആയുധമേന്തുകയും
ആയുധത്തിലേറുകയും
മയങ്ങിപ്പോവുകയും
മയക്കിടത്തുകയും
നിലവിളിക്കുകയും
നിലവിളിപ്പിക്കുകയും ചെയ്യുന്ന
മാംസഭോജിയും
മാംസവിരുദ്ധിയും
നിവര്‍ത്തിക്കും
നിവർത്തികേടിനും
പര്യായവുമായ ദൈവമേ”

കുട്ടികള്‍ പാടുന്നു.
വലിയവരുടെ ഒച്ചയില്‍
അവര്‍ പാടുന്നു.