വ്യാഴാഴ്‌ച, സെപ്റ്റംബർ 10, 2015

മുനീര്‍ കെ എഴൂരിന്റെ കവിതകള്‍ : പിരിച്ചെഴുത്ത്.

പ്രവാസിയായ എഴുത്തുകാരന്‍ മുനീറിന്റെ കവിതകള്‍ തൊടാത്ത ഉലകങ്ങളില്ല. അവ പാരിസ്ഥികവും, രാഷ്ട്രീയവും, ദാര്‍ശനികവും ഗൃഹാതുരവുമായ തുറസ്സുകളെയും അടച്ചുറപ്പുകളെയും പരിചയപ്പെടുത്തുന്നു.
മുനീറിന്റെ കവിതകളുടെ  വികാരങ്ങള്‍ പ്രാദേശികമല്ല. അവ ചില പതിവുകള്‍ക്കും ധാരണകള്‍ക്കും വിരുദ്ധമായി പദങ്ങളുടെ തിരഞ്ഞെടുപ്പ് കൊണ്ടും വിഷയങ്ങളുടെ വാചാലത കൊണ്ടും അവ വ്യത്യസ്തങ്ങളാണ്.
ചില ക്ളിഷ്ടതകളെ കൈവിടുന്നില്ലെങ്കിലും അവ പൊതുധാരയുമായി  തോളുരുമ്മി നില്‍ക്കുന്നു.

ചിലതിങ്ങനെ:

അച്ഛന്‍ / മുറിഞ്ഞു വിയര്‍ത്തതും / അമ്മയെ / നനഞ്ഞോലിപ്പിച്ചും കണ്ട് /ഇറങ്ങിപ്പോകാതെ നിന്ന /പഴഞ്ചുമരുകള്‍ (പുത്തന്‍ വീട്).

നീ പറിച്ചിട്ട / ജീവിതത്തിന്റെ /നില്‍പ്പ് കണ്ട്‌ / നിനക്ക് കാലു/ കഴയ്ക്കുന്നുന്ടെങ്കില്‍ / കത്തിക്കരുത് / കിടത്തി/ പച്ചമണ്ണിട്ട് /മൂടിക്കളയുക/ എങ്കിലും /ഇരുത്തിക്കളയാനാകില്ല ( നില്‍പ്പ്) ,

എന്റെ /അച്ഛനും അമ്മയും/ ഉപ്പുമലകള്‍ / ചുമന്നിരുന്നു / ഒരാള്‍ വിയര്‍പ്പിന്റെ / മറ്റെയാള്‍ കണ്ണുനീരിന്റെ ( ഉപ്പ്)

ചുമരുകള്‍ / ചുട്ടു പൊള്ളിക്കുന്നുണ്ട് / ഞാന്‍ / പുഴയുടെ /നെഞ്ചു കീറി പണിതത് / കോണ്ക്രീറ്റ് നരകം (വീട്)


പുറപ്പാട് / പുളിമരം / പുക / മുറിവ് തുടങ്ങിയവ കവിയുടെ പാരിസ്ഥികദര്‍ശനത്തിന്റെ അടയാളങ്ങളാണ്.

പുറപ്പാട്
-------
കടല്
കാറ്റിനോട് പറഞ്ഞു
കാറ്റ് മേഘത്തോടും

കണ്ണുകള്‍
ഇറുക്കിയടച്ചു
മഴ
മരണത്തിലേക്കുള്ള
പുഴയുടെ
ചുണ്ടുകള്‍ നനച്ചു.


റൂഹാന്‍ കിളികള്‍
കൊക്കുകള്‍
മണ്ണില്‍
കൊത്തിപ്പറിക്കവേ-

മരങ്ങള്‍
പുഴയുടെ
ശവമഞ്ചവും പേറി
കടലിലേക്ക് നടന്നു.

പിരിഞ്ഞു നില്‍ക്കാന്‍ കൂട്ടാക്കാതെ ചേര്‍ന്നു നില്‍ക്കുന്ന പുതിയ മേഘങ്ങളാവുന്നു ഈ കവിതകള്‍, വായിക്കുന്നവരിലെക്ക് അവ പെയ്തു നിറയട്ടെ.