തിങ്കളാഴ്‌ച, ഡിസംബർ 16, 2019

പ്രകാശവേഗത്തില്‍ മാറുന്ന ഇടങ്ങളെ പറ്റി / നരോദപാട്യയില്‍ നിന്നുള്ള ബസ് / കഥകള്‍ / വി. ഷിനിലാല്‍ / ചിന്ത പബ്ലിക്കേഷന്‍സ്.


പ്രകാശവേഗത്തില്‍ മാറുന്ന ഇടങ്ങളെ പറ്റി.
----------------------------------------------

നരോദപാട്യയില്‍ നിന്നുള്ള ബസ് / കഥകള്‍ / വി. ഷിനിലാല്‍ / ചിന്ത പബ്ലിക്കേഷന്‍സ്.



“In times of terror, when everyone is something of a conspirator, everyone will be in a situation where he has to play detective.” ― Walter Benjamin



ഷേക്സ്പിയറിനോട് കിടപിടിക്കുന്ന എഴുത്തുകാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ജര്‍മ്മന്‍ സാഹിത്യകാരന്‍ ബെഹ്ത്, വാള്‍ട്ടര്‍  ബെഞ്ചമിന്റെ ആത്മഹത്യയെ വിശേഷിപ്പിച്ചത് ജര്‍മ്മന്‍ സാഹിത്യത്തിനു നേരിട്ട ആദ്യ തിരിച്ചടി എന്നാണ്. ബ്രഹ്ത്തും ബെഞ്ചമിനും സുഹൃത്തുക്കളായിരുന്നു. വാള്‍ട്ടര്‍ ബെഞ്ചമിന്റെ മരണം ഇപ്പോഴും ഏറെ ദുരൂഹതകള്‍ ബാക്കിവയ്ക്കുന്ന ഒന്നാണ്. ജര്‍മ്മന്‍ സാഹിത്യവിമര്‍ശകനായിരുന്ന ബെഞ്ചമിന്‍ നാസി ഭരണകാലത്ത് പൌരസ്വാതന്ത്യ്രത്തിനും എഴുത്തുകാരുടെ  അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിനു മേലുള്ള ഭരണകൂട കടന്നുകയറ്റങ്ങളോട് പ്രതിരോധ നിലപാടുകള്‍ സ്വീകരിച്ചു. ഒരു ജൂതനായിരുന്ന ബെഞ്ചമിന്‍ നാസികകളുടെ കണ്ണിലെ കരടായി. ഒടുവില്‍ ജര്‍മ്മനി വിട്ടു പലായനം ചെയ്യാന്‍ നിര്‍ബന്ധിതനാവുകയായിരുന്നു. പ്രവാസത്തിലിരിക്കെ നാല്‍പത്തിയെട്ടാം വയസ്സില്‍ ആത്മഹത്യ ചെയ്തുവെന്നുമാണ് ചരിത്രം പറയുന്നതെങ്കിലും അദ്ദേഹത്തെ പിന്തുടര്‍ന്ന നാസികള്‍ കൊലചെയ്യുകയായിരുന്നു എന്നും പറയുന്നവരുണ്ട്.  വാള്‍ട്ടര്‍ ബെഞ്ചമിന്‍ ഒരു ജൂതനായിരുന്നു. ബെഞ്ചമിന്റെ സുഹൃത്തായിരുന്ന ബ്രെഹ്ത്താവട്ടെ ശുദ്ധരക്തമുള്ള ആര്യനും. നാസികള്‍ തങ്ങളുടെ മേല്‍ക്കോയ്മയ്ക്കായി മുന്നോട്ടു വച്ച പിതൃരാജ്യമെന്ന സങ്കല്‍പ്പത്തിനു വിഭിന്നമായാണ് ബ്രെഹ്തിന്റെ ഏറെ പ്രശസ്തമായ “O Germany, Pale Mother! എന്ന കവിതയെ ഫാസിസ്റ്റത്തിനു എതിരെയുള്ള പ്രതിരോധത്തിന്റെ കാവ്യയടയാളമായി കാണുന്നവരുണ്ട്‌. ഇറ്റലിയിലില്‍ ഇതേ കാലത്ത് നടന്ന സാഹിത്യകാരന്‍മാരുടേയും ചലച്ചിത്ര പ്രവര്‍ത്തകരുടേയും കൊലപാതങ്ങള്‍ സമാനസ്വഭാവമുള്ളവയാണ്,കവിയും നോവലിസ്റ്റും രാഷ്ട്രീയ ചിന്തകനും ജേര്‍ണ്ണലിസ്റ്റും നാടകക്കാരനും ചലച്ചിത്രകാരനുമായിരുന്ന പിയര്‍ പാവ്ലോ പസോളിനി കൊലചെയ്യപ്പെട്ടത് എങ്ങനെയെന്ന് കാര്യത്തില്‍ ഇപ്പോഴും ദുരൂഹതകള്‍ ഏറെയാണ്. 1975-ല്‍ പസോളിനി കൊലചെയ്യപ്പെട്ടത് അതീവമൃഗീയമായാണ്. 

ജാഫര്‍ പനാഹിയാവട്ടെ ഇറാനിയന്‍ ഇസ്ലാമിക ഭരണൂടത്താല്‍ തടവറയിലടയ്ക്കപ്പെട്ട ചലച്ചിത്രകാരനാണ്. ദുരൂഹത ബാക്കിയായ കൊലപാതകങ്ങള്‍, സാഹിത്യസാംസ്കാരിക രംഗത്തുള്ളവരുടെ  സമാന രീതിയുള്ള ഇല്ലാതാക്കലുകള്‍ ഇന്ത്യയിലും വര്‍ദ്ധിച്ചു വരുന്നുണ്ട്. ഇന്ത്യയില്‍ സവര്‍ണ്ണ സംസ്കാര മേല്‍ക്കോയ്മ ആശയപരമായി സാധ്യമല്ലാത്ത ഇടങ്ങളില്‍ വൈദിക, ഫാസിസ്റ്റ് സമൂഹം അത് സാധ്യമാക്കുന്നത് ദളിത്‌, മുസ്ലിം പിന്നോക്ക സമുദായങ്ങള്‍ക്ക്  എതിരെയുള്ള കടന്നാക്രമണത്തിലൂടെയാണ്. പലപ്പോഴും മതപരമായ വ്യത്യാസങ്ങള്‍ ഈ അക്രമരീതികളില്‍ കാണാനാവില്ല. അസഹിഷ്ണുത എല്ലാ മതങ്ങളുടെയും മേല്ക്കൊയ്മാ രീതികളുടെ അടയാളമാണ്. ഇത്തരം അസഹിഷ്ണുക്കള്‍  ചിന്തകരുടെയും അവരുടെ ആശയങ്ങള്‍ ചോദ്യം ചെയ്യുന്ന പൌരന്‍മാരുടെയും ശബ്ദം ഇല്ലാതാക്കാന്‍ എല്ലാകാലത്തും ശ്രമിക്കുന്നുണ്ട്. ബാഗ്ലാദേശില്‍ അത്  സ്വതന്ത്ര ബ്ലോഗര്‍ മാര്‍ക്ക്  നേരെ ആണെങ്കില്‍ ഇന്ത്യയില്‍ അത് എം.എം കല്‍ബുര്‍ഗി, ഗോവിന്ദ് പന്സാരെ  തുടങ്ങിയവരുടെ കൊലപാതകവുമാണ്. ചിന്ത ഉത്ഭവിക്കുന്ന ഇടങ്ങളും ഒഴിവാക്കപ്പെടുന്നില്ല എന്നതിന് ജെ എന്‍ യൂ വും ഹൈദരാബാദ് യൂണിവേര്‍സിറ്റിയും ഉദാഹരിക്കാവുന്നതാണ്.



 ആസന്നഭാവിയില്‍ ലോകത്ത് സംഭവിക്കാന്‍ പോവുന്ന ഒന്ന്  ഫാസിസ്റ്റ് പ്രവണതകളുടെ തിരിച്ചു വരവാകുമെന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിട്ടുണ്ട്. സാംസ്കാരികവും രാഷ്ട്രീയവുമായ പൌരജീവിതത്തിന്റെ വിവിധ കോണുകളില്‍ മത, ജാതി മേല്‍ക്കോയ്മകളുടെ പേരിലുള്ള വിഭജനത്തിലൂടെയാണ് എക്കാലത്തും ഫാസിസത്തിന്റെ വരവ് ഉണ്ടായിട്ടുള്ളത്. ഇന്ത്യയില്‍ ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിട്ട് ഏറെക്കാലമായിരുന്നുവെങ്കിലും ഇപ്പോഴത് ഭരണകൂടനിസ്സംഗതയുടെ തണലില്‍ കൂടുതല്‍ സംഘടിതശക്തിയായും  അക്രമണോന്മുഖമാവുകയും ചെയ്തിട്ടുണ്ട്. ഈ സംഘടിതശക്തികള്‍ തങ്ങളുടെ ആശയങ്ങള്‍ക്ക് വിഭിന്നമായ ആശയങ്ങള്‍ വെച്ച് പുലര്‍ത്തുന്നവരെ നേരിടുക കായികമായാണ്. അധികാരത്തിലത് നീതിന്യായവ്യവസ്ഥയെയും നിയമപരിപാലനത്തെയും തങ്ങളുടെ വരുതിയിലാക്കുന്നു. അഭിപ്രായസ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനുള്ള ഒരു വഴിയായി ദേശസ്നേഹത്തെയും ദേശീയതയെയും ഉപയോഗിക്കുന്നു. കൂടിച്ചെരലിനെയും അപരസാംസ്കാരിക ചിഹ്നങ്ങളെയും തുടച്ചു മാറ്റുന്നു.



ഒരു പക്ഷേ വര്‍ത്തമാനകാല ഇന്ത്യ ഫാസിസത്തിന്റെ എല്ലാ ലക്ഷണങ്ങളെയും പ്രകടമായിത്തന്നെ കാണിച്ചു തുടങ്ങിയിരിക്കുന്നു. മതന്യൂനപക്ഷങ്ങളെ നിശ്ശബ്ദരാക്കാന്‍ അവരുടെ ഭക്ഷണ,ആരാധനാരീതികളെ ഭൂരിപക്ഷത്തെ കണ്ണിലൂടെ കാണുകയും അവയെ പ്രാകൃതമെന്നോ, തങ്ങള്‍ നിര്‍മ്മിക്കുന്ന നിയമങ്ങള്‍ക്ക് പുറത്തുള്ളവയെന്നോ ഇല്ലാതാക്കുന്നു. തൊഴില്‍ സംഘടനകള്‍, തൊഴിലാളി അവകാശങ്ങള്‍ ഒക്കെ ഈ വ്യവസ്ഥിതിയില്‍ ഇല്ലാതാവുന്നുണ്ട്. ഏതാണ്ട് ഇതേ അവസ്ഥ തന്നെയാണ് ദൃശ്യകലകള്‍, സാംസ്കാരിക സ്ഥാപനങ്ങള്‍, ചരിത്രസ്മാരകങ്ങള്‍, സാഹിത്യം എന്നിങ്ങനെ സമസ്ഥ മേഖലയ്ക്കും ഫാസിസ്റ്റുകളില്‍ നിന്ന് നേരിടേണ്ടി വരുന്നത്. ജര്‍മ്മന്‍ സാഹിത്യത്തിലെ ഏറ്റവും ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്നവയും ചരിത്രത്തിന്‍റെയും സംസ്കാരത്തിന്‍റെയും അടയാളങ്ങളായിരുന്ന 25,000 പുസ്തകങ്ങളെ നാസികള്‍ ചുട്ടെരിച്ചത് അവരുടെ സാഹിത്യത്തോടും സംസ്കാരത്തോടുമുള്ള അസഹിഷ്ണുതയുടെ അടയാളമായതാണ് ചരിത്രം കാണുന്നത്. ജര്‍മ്മന്‍ ഹോളോഹോസ്റ്റിനു സമാനമായ കൂട്ടക്കുരുതിയ്ക്ക് ഇന്ത്യയും സാക്ഷ്യം വഹിച്ചിട്ടുണ്ട്‌.   



മാറുന്ന കാലത്ത്  ഒരു സാഹിത്യകാരന്‍ പ്രതിരോധത്തിന്റെ ബിംബമാവെണ്ടത് ഫാസിസത്തിന് എതിരെ മാത്രമല്ല ഫാസിസത്തിന് കൂട്ടായി വരുന്ന  മുതലാളിത്തവും ആഗോളവത്കരണവും ആധുനികവത്കരണമെന്ന ട്രോജന്‍ കുതിരയെയും അവനു നേരിടേണ്ടി വരുന്നുണ്ട്. ലോകത്തിന്റെ പല ഭാഗത്തും ജനകീയ കൂട്ടായ്മകള്‍ ഫാസിസ്റ്റ് വിരുദ്ധമുന്നേറ്റങ്ങളായി വളര്‍ന്നു വരുന്നുണ്ട്. ഫ്രാന്‍സ്, സ്പെയിന്‍, തെക്കന്‍ ആഫ്രിക്ക, അര്‍ജന്റീന, ബ്രസീല്‍ എന്നീ രാജ്യങ്ങളിലെ ചില ജനകീയ പ്രതിരോധങ്ങള്‍ ഇതിന്റെ ഭാഗമായി കാണാവുന്നതാണ്.



മലയാള സാഹിത്യത്തില്‍ സമീപകാലത്ത് ഇത്തരത്തിലുള്ള  രാഷ്ട്രീയ ജാഗ്രതയും മാനവികതയെക്കുറിച്ചുള്ള സൂക്ഷ്മചിന്തകളുമുള്ള ഒരു എഴുത്തുകാരന്‍ എന്ന നിലയിലാണ്  ഷിനിലാലിന്റെ കഥകളുടെ പ്രത്യേകത. വിഷയങ്ങളോടുള്ള സത്യസന്ധമായ പരിചരണമാണ് ഷിനിലാലിന്റെ കഥകളെ അയാളുടെ സമകാലിനരായ എഴുത്തുകാരില്‍ നിന്ന് വ്യത്യസ്ഥനാക്കുന്നത്. അത് തന്നെയാണ് ഒരു പക്ഷെ അയാളെ അത്ര ആഘോഷിക്കപ്പെടുന്ന ഒരു എഴുത്തുകാരനാക്കാതെ നിര്‍ത്തുന്നതും. വാക്കോ കഴുത്തോ എന്ന് ചോദിച്ചാല്‍ എഴുത്ത് എന്ന് പറയാന്‍ അയാള്‍ക്ക് കഴിയും. അതയാള്‍ തന്റെ കഥയിലൂടെ തന്നെ പറയുന്നുണ്ട്. സാഹിത്യവും രാഷ്ട്രീയവും അര്‍ഹിക്കുന്നത് സത്യസന്ധമായ പരിചരണങ്ങളാണ്. അത്തരം പരിചരണനങ്ങളാണ് അനുവാചകന്റെ ഹൃദയത്തിലേക്ക് ഒരു സാഹിത്യകൃതിയ്ക്കുള്ള ഒരേയൊരു വഴി. ഈ വഴിയറിഞ്ഞ എഴുത്തുകാരനാണ്‌ ഷിനിലാല്‍ എന്ന് അയാളുടെ കഥകള്‍ വായനക്കാരനോട് പറയുന്നുണ്ട്.



46 പേജുകളിലായി പരന്നുകിടക്കുന്ന 8 കഥകളാണ് ഷിനി ലാലിന്റെ “ നരോദപാട്യയില്‍ നിന്നുള്ള ബസ്” എന്ന സമാഹാരത്തിലുള്ളത്. വാക്കുകളെ, വരികളെ, കഥാഗതിവിഗതികളെ കണിശതയോടെ നോക്കിക്കാണുന്ന ഒരു കഥാകാരന്‍ ഓരോ കഥയ്ക്കും പിന്നിലുണ്ട്. അതുകൊണ്ട് തന്നെ അയാളുടെ കഥകള്‍ സമീപസ്ഥകഥാഭാവുകത്വങ്ങള്‍ക്കനുസരിച്ചു സമരസപ്പെടാന്‍ യ്ത്നിക്കുന്നില്ല. ഓരോ കഥയിലും പരിചിതമായി തോന്നുന്ന വ്യക്തികളോ അനുഭവങ്ങളോ കാത്തു വയ്ക്കുന്നുണ്ട്‌ കഥാകാരന്‍.



ഈ സമാഹാരത്തിലുള്ള “സമാന്തരന്‍” എന്ന കഥ വായിക്കുമ്പോള്‍ മുകളില്‍ പറഞ്ഞ ഫാസിസത്തിന്റെ വരവിനെ ഓര്‍മ്മവരുന്നുണ്ട്. ഒരു നിമിഷത്തില്‍ ജീവനാണ് വലുതെന്നു കരുതുകയും എന്നാല്‍ ഭീകരഭരണകൂട/ ഫാസിസ്റ്റ് ദയയാല്‍ തിരികെകിട്ടിയ ജീവിതത്തെ, ജീവിയുടെ ദൈന്യത്തിനും മനുഷ്യന്റെ അഭിമാനത്തിനുമിടയില്‍ നില്‍ക്കുന്ന ഒരു നിമിഷം ഉള്ളിലെ ജീവിയെ ഉപേക്ഷിച്ച് അഭിമാനിയായി ആത്മഹത്യയിലൂടെ ഉപേക്ഷിക്കുന്ന, എഴുത്തുകാരന്റെ കഥയാണത്. അത് കഥാകൃത്ത്‌ തന്നെയാണെന്ന് അയാളുടെ മറ്റുകഥകള്‍ , സമകാലത്തോടുള്ള അയാളുടെ രാഷ്ട്രീയ പ്രതികരണങ്ങള്‍ വായനക്കാരനോട് പറയുന്നുണ്ട്. നേരത്തെ വാള്‍ട്ടര്‍ ബെഞ്ചമിനെയും ബ്രെഹ്ത്തിനെയും ഒപ്പം സ്വന്തം നാടും വീടും ഉപേക്ഷിച്ചു പാലായനം ചെയ്യപ്പെടെണ്ടി വന്നപ്പോള്‍പ്പോലും തങ്ങള്‍ വിശ്വസിച്ച് പ്രത്യയശാസ്ത്രനിലപാടുകളോട് വ്യതിചലിക്കാതിരുന്നവരെ ഓര്‍ക്കുന്നത് ഈ കഥയുടെ മര്‍മ്മം കൊണ്ടാണ്. ഇന്ത്യയുടെ പലഭാഗത്തും പ്രത്യയശാസ്ത്രപരമായ ശരികള്‍ക്ക് വേണ്ടി, പൌരസ്വാതന്ത്ര്യത്തിനു വേണ്ടി തങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കെണ്ടി വന്ന എഴുത്തുകാരും ചിന്തകരുമുണ്ട്. ജൈവികചിന്തകര്‍ തങ്ങള്‍ ജീവിക്കുന്ന കാലത്തിനും സഹജീവികള്‍ക്കും വേണ്ടി ശബ്ദിക്കേണ്ടവരാണ്. അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ക്ക് വേണ്ടി വിശ്വസിച്ചവരെയും വിശ്വാസപ്രമാണങ്ങളെയും ഒറ്റിക്കൊടുക്കേണ്ടവരല്ല; അത് അവരുടെ മരണമാണ് എന്നോര്‍മ്മിപ്പിക്കുന്നു കഥാകൃത്ത്‌.





നെയ്യാറ്റിന്‍കരയില്‍ നെയ്യാര്‍ നദിയ്ക്ക് കരയില്‍ ജീവിച്ചിരുന്ന ഡാര്‍ലി എന്ന ഒരു വൃദ്ധയായ സ്ത്രീയെപറ്റി വാര്‍ത്തകളില്‍ വായിച്ച ഓര്‍മ്മ വരുന്നുണ്ട് ഡാലിയമ്മൂമ്മയുടെ പുഴ എന്ന കഥ വായിക്കുമ്പോള്‍. തൊണ്ണൂറോളം വയസ് പ്രായമുള്ള ഡാര്‍ലിയമ്മൂമ്മ അനധികൃത മണലൂറ്റിനെതിരായ സമരത്തിലൂടെയാണ് വാര്‍ത്തയില്‍ നിറഞ്ഞിരുന്നത് ഒരുകാലത്ത്. തന്റെ വീട് നിറയെ കുട്ടിച്ചാത്തന്മാരാണെന്നും കുട്ടിച്ചാത്തന്‍മാരാണ് തന്നെ സംരക്ഷിക്കുന്നതെന്നും ലോകത്തോട്‌ പറഞ്ഞിരുന്ന ഡാര്‍ലിയമ്മൂമ്മയല്ല കഥാകാരന്റെ ഡാലിയമ്മൂമ്മ. കഥയില്‍ ഉള്ളത് ഭാവനയുടെ ഇടപെടലാണ്.  

ഡാലിയമ്മൂമ്മയുടെ പുഴ അത്തരത്തില്‍ പരിചിതമായ ഒരിടത്ത് നിന്ന് തുടങ്ങുന്ന കഥയാണ്‌. കിള്ളിയാറും ഡാലിയമ്മൂമ്മയും തമ്മിലുള്ള കളിയില്‍ ചുറ്റുമുള്ള ആര്‍ക്കും ഇടപെടാനാവുന്നില്ല. പ്രകൃതിയും പ്രകൃതിയെ അറിയാവുന്ന മനുഷ്യനും തമ്മിലുള്ള ഒരു ജുഗല്‍ബന്ധിയാണ് ഈ കഥ.



നരോദപാട്യ, സ്റ്റേറ്റ്സ്സ് മാന്‍ തുടങ്ങിയ കഥകള്‍ സവര്‍ണ്ണഫാസിസവും ഭരണകൂടഭീകരതയും വിഷയമാക്കിയുള്ളതാണ്. നരോദപാട്യയില്‍ നിന്നുള്ള ബസ് ഇന്ത്യയില്‍ സ്വാതന്ത്ര്യാനന്തരം നടന്ന ഏറ്റവും വലിയ കൂട്ടക്കുരുതികള്‍ ഒന്നായി കരുതുന്ന സംഭവത്തെ ആധാരമാക്കിയാണ്. ഒരുപക്ഷെ മറ്റൊരു ഹോളോകാസ്റ്റ് എന്ന് വിളിക്കാവുന്ന സംഭവം. ഇത്തരം കൂട്ടക്കുരുതികള്‍ക്ക് ആരും അതീതരല്ല എന്നും അത് ഏതു നേരവും നമ്മളെ തേടിയെത്താം എന്നൊരു മുന്നറിയിപ്പാണ് ഈ കഥ. “നരോദപാട്യ മറന്നവര്‍ ഈ കഥ വായിക്കേണ്ടതില്ല” എന്നൊരു മുന്നറിയിപ്പ് കഥാകാരന്‍ കഥയുടെ തുടക്കത്തില്‍ തന്നെ ചേര്‍ത്തിട്ടുണ്ട്. പൌരസമൂഹത്തിന്റെ ഓര്‍മ്മ അരണിയുടെ ഓര്‍മ്മയ്ക്ക് സമാനമായി ഹൃസ്വമായ ഒന്നാണ് എന്നത് കഥാകാരന്‍ ഇവിടെ ഒട്ടൊരു പരിഹാസത്തോടെ ഓര്‍മ്മിപ്പിക്കുന്നു. താത്ക്കാല്‍കിക ജനപ്രീയനിലപാടുകള്‍ കൊണ്ട് ഭരണം കയ്യാളുന്നവരുടെ പ്രതീക്ഷ ജനങ്ങളുടെ മറവിയിലാണ് എന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. വടക്കോട്ട്‌ നോക്കി കാത്തു നില്‍ക്കുന്ന ഈ കഥയിലെ യാത്രക്കാരന്‍ വായനക്കാരന്‍ തന്നെയാണ്.വേറിട്ട്‌ ചിന്തിക്കുന്നവരെ വിളിക്കുന്ന വട്ടന്‍ എന്ന വിളിപ്പേര് ഈ യാത്രക്കാരനുമുണ്ട്. അയാളുടെ കാത്തു നില്‍പ്പിലെക്ക് ഓടിയെത്തുന്ന ആംബുലന്‍സ് വടക്ക് നിന്നും വന്നതാണ്. അതില്‍ ഒരേ രൂപമുള്ള രണ്ടു പേരുണ്ട്. ഫാസിസത്തിന് എല്ലാ ലോകത്ത് എവിടെയും ഒരേ മുഖമാണ് എന്നത് നമുക്കിവിടെ ഓര്‍ക്കാം. ഈ ആംബുലന്‍സിലേക്ക് ഇടയ്ക്ക് വച്ച് കയറിയ സ്ത്രീയായ ഡോക്ടര്‍, നരോദപാട്യയിലൂടെ നമുക്ക് പരിചിതയാണ്. മായ എന്നാണ് അവരുടെ പേര്. ആംബുലന്‍സില്‍ വച്ച് അവര്‍ ശൂലം പോലെ മൂന്നു മുനകള്‍ ഉള്ള ഒരു ആയുധം വച്ച് ഒരു ഗര്‍ഭിണിയെയും അവരുടെ കുഞ്ഞിനേയും കൊന്നു കളയുന്നത്, ഓര്‍മ്മ ബാക്കിയുള്ള വായനക്കാരന് കഥാകൃത്ത്‌ എന്താണ് പറയുന്നതെന്ന് വെളിവാകും. ഇടം ഒരു രക്ഷാകേന്ദ്രമല്ല എന്നാണ് ഈ കഥയിലൂടെ പറയാന്‍ ശ്രമിക്കുന്നത്. അത് വാസ്തവമാണെന്ന് കേരളത്തിന്റെ സമീപസ്ഥഅനുഭവങ്ങള്‍ വായനക്കാരനോട് സാക്ഷ്യം പറയും.ഒരെഴുത്തുകാരന്‍ ഭാവിയുടെ പ്രവാചകനാവുന്നത് ഇങ്ങനെചില കാഴ്ചകള്‍ കാണിച്ചു തരുന്നത് കൊണ്ടാണ്.



സ്റ്റേറ്റ്സ്സ് മാനിലെ രാഷ്ട്രീയം സക്കറിയയുടെ തീവണ്ടിക്കൊള്ളയോട് ചേര്‍ന്നത്ര പൂര്‍ണ്ണമായ ഒരു രാഷ്ട്രീയകഥയായി വായിക്കാനാവുന്നുണ്ട്. പൌരന്റെ ഭക്ഷണവും രതിരീതികളും ചിന്തയും സഞ്ചാരവും സൌഹൃദങ്ങളും ഒക്കെ സ്റ്റേറ്റിന്റെ അധികാരപരിധിക്കുള്ളിലാക്കുന്ന രീതിയെ കുറച്ചൊരു കറുത്ത ഹാസ്യത്തിലൂടെ പറയുകയാണ്‌ കഥാകൃത്ത്‌. പഴയ ഫാസിസ്റ്റ് കാലത്ത് നാസികള്‍ക്ക് അനുവദനീയവും മറ്റുള്ളവര്‍ക്ക് നിഷിദ്ധവുമായിരുന്ന സ്വവര്‍ഗ രതിയെയും മറ്റു പല തരം തിരിവുകളെയും ഈ കഥ ഓര്‍മ്മിപ്പിക്കുന്ന്ന്ട്. നിങ്ങള്‍ ഇപ്പോഴും എപ്പോഴും, കിടപ്പുമുറിയില്‍ നിരീക്ഷണത്തിലാണ് എന്നൊരു സൂചന ഈ കഥയിലുണ്ട്. ആധാര്‍ പോലെ രേഖകളും പൌരസ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമെന്നു പരമോന്നത കോടതി നിരീക്ഷിക്കുകയും എന്നാല്‍ പോംവഴികള്‍ ഇല്ലാതെയിരിക്കുകയും ചെയ്യുന്ന കാലത്താണ് വായനക്കാരന്റെ ജീവിതം. എല്ലാം നല്ലഭാവിക്കും, ഇനി വരാനിരിക്കുന്ന നല്ല നാളിനും വേണ്ടിയുള്ളതാണ് എന്നൊരു പ്രതീക്ഷയുടെ കയ്പവല്ലരിയുമായാണ് ഓരോ സ്റ്റേറ്റ്സ്മാനും പൌരന്റെ ഭവനസന്ദര്‍ശനം നടത്തുക. അയാള്‍ ഇന്റര്‍നെറ്റിന്റെ ദുരുപയോഗത്തെ പറ്റി, കുട്ടികളില്‍ ദൈവഭയം വളര്‍ത്തുന്നതിനെ പറ്റി, ശാരീരിക ക്ഷമതയെപറ്റിയൊക്കെ വാചാലനാവും. നമുക്കയാളുടെ ഗാംഭീര്യത്തില്‍, അയാളുടെ വേഗതയിലോക്കെ അത്ഭുതം തോന്നും. രാഷ്ട്രമനുഷ്യന് നമ്മുടെ ശരീരത്തെ, രതിയെ, ഭക്ഷണക്രമത്തെ പറ്റിയൊക്കെ ആകുലതകളുണ്ട്. എല്ലായ്പ്പോഴും ആകുലനായ അയാള്‍ ചെയ്യുനത് പൌരസ്വാതന്ത്ര്യത്തിന്റെ കടന്നെടുക്കലാണ് എന്നത് പൌരനു മനസിലാവുമ്പോഴേക്കും വൈകിയിട്ടുണ്ടാവും. എങ്കിലും അടിവസ്ത്രം തിരഞ്ഞെടുത്ത് തരാന്‍ പോലുമുമുള്ള അയാളുടെ കഴിവില്‍ ആകൃഷ്ടതായ ഒരു ജനതയെ വളര്‍ത്തിയെത്തിട്ടുണ്ടാവും രാഷ്ട്രമനുഷ്യന്‍ അപ്പോഴേക്കുമെന്നു ഈ കഥ വായനക്കാരനോട് പറയുന്നു.



രണ്ടു മാന്യന്മാര്‍, ബുദ്ധിമാന്‍ പിന്നെയും കോണികയറുന്നു തുടങ്ങിയ കഥകളില്‍ കറുത്ത ഹാസ്യമുണ്ട്. പൊതുബോധത്തിന്റെയും പൌരബോധത്തിന്റെയും പ്രത്യക്ഷപ്രകടനങ്ങള്‍ക്ക് ഉള്ളില്‍ ഒളിപ്പിച്ച മലയാളിയുടെ / ഭാരതീയന്റെ തന്നെ ഫേക്ക് ഐഡന്റിറ്റിയെ നിശിതമായി വിമര്‍ശിക്കുന്നുണ്ട് ഈ കഥകള്‍. ഒളിപ്പിച്ചു വച്ച സദാചാരചിന്തകളും പ്രണയഭീരുത്വത്തെയും ആക്ഷേപഹാസ്യമെന്നു പറയാവുന്ന രീതിയിലാണ് ഈ കഥകളില്‍ വായിക്കാനാവുന്നത്. പൊതുസമൂഹത്തിലെ നമ്മുടെ ഇടപെടലുകള്‍ വരും പ്രതീതി ജനിപ്പിക്കലുകള്‍ മാത്രമാണ് എന്ന സൂചനയോടെയാണ് രണ്ടു മാന്യന്‍മാരുടെ തുടക്കം. അതീവ പരസ്യബഹുമാനം നിലനിര്‍ത്തി സംസാരിക്കുന്ന രണ്ടു പേര്‍ - നരേന്ദ്രകുമാറും അന്‍സാരിയുമാണ് ആ രണ്ടു പേര്‍. ഹിന്ദുവാണെങ്കിലും ഇയാള്‍ കൊള്ളാം എന്ന് അന്‍സാരി നരേന്ദ്രനെയും മുസ്ലിമാണെങ്കിലും ഇയാള്‍ കൊള്ളാം എന്ന്  നരേന്ദ്രനെപറ്റി  അന്‍സാരിയും വിലയിരുത്തുന്നു. ഇത് നമ്മുടെ സമൂഹത്തിലെ അതീവ സാധാരണമായ വിലയിരുത്തലാവുന്നിടത്ത് വായനക്കാരന്‍ തന്നെത്തന്നെ ഈ കഥയിലേക്ക് കുടിയിരുത്തു. പിന്നീടുള്ള ഓരോ വായനക്കാരനും എപ്പോഴെങ്കിലും കടന്നു പോയ സംഭവങ്ങളാണ്. ആകാശത്തിനു കീഴെ സകലതിനെയും പറ്റി സംസാരിക്കാനുള്ള കഴിവുള്ള മലയാളിപുരുഷസ്വത്വങ്ങളാണ് അവര്‍. ഒടുവില്‍ പിരിയുമ്പോള്‍ ചങ്ങാതി നിങ്ങളെ പോലെ ഒരു മാന്യനെ പരിചയപ്പെടാന്‍ സാധിച്ചത്  എന്റെ ഭാഗ്യം തന്നെയാണ്” എന്ന് പരസ്പരം പറയുന്നു. എന്നാല്‍ കണ്ടു മുട്ടലിലും വേര്‍പിരിയലിനും ഇടയില്‍ അവരുടെ ആന്തരികസംവാദങ്ങള്‍ വിടര്‍ന്നു വരുന്നത് ട്രെയിനിന്റെ ടോയ്ലെറ്റ് ഭിത്തിയിലാണ്. അത് രതിയെപ്പറ്റിയും, രാഷ്ട്രീയത്തെപ്പറ്റിയും മതത്തെപ്പറ്റിയും സദാചാരത്തെ പ്പറ്റിയും സാഹിത്യത്തെ പ്പറ്റിയും ഒക്കെയുള്ള അവനവന്റെ ആത്മപ്രകാശനങ്ങളും ആന്തരിക സംഘര്‍ഷങ്ങളും പരസ്പരസംവാദങ്ങളില്‍ നിന്ന് ഒഴിവാക്കി അവര്‍ ഭിത്തിയില്‍ വരച്ചും എഴുതിയും വയ്ക്കുന്നു. പരസ്യ ജീവിതത്തിലും ആന്തരികജീവിതത്തിലും മലയാളി പുലര്‍ത്തുന്ന ഇരട്ടത്താപ്പിനെ കറുത്തഹാസ്യത്തിലൂടെ വെളിവാക്കുന്നതില്‍ കഥാകൃത്ത്‌ വിജയിക്കുന്നു ഈ കഥയില്‍.



ചിത്രകാരനാവാനുള്ള ആഗ്രഹത്തെ കുഴിച്ചു മൂടി സര്‍ക്കാര്‍ ഗുമസ്തനായി മാറേണ്ടി വന്ന ഉണ്ണികൃഷ്ണന്റെ പ്രണയസാഹസികതകളാണ് , ബുദ്ധിമാന്‍ പിന്നെയും കോണികയറുന്നു എന്ന കഥയില്‍. എന്നാല്‍ കഥയുടെ വഴിത്തിരിവുകളില്‍ ഇന്ത്യയുടെ സവിശേഷ പ്രണയസാഹചര്യങ്ങളിലൂടെ കടന്നു പോവാനാണ് കഥയുടെ, ഉണ്ണികൃഷ്ണന്റെ വിധി. ഉണ്ണികൃഷ്ണനും ലിസ്സയും ചേര്‍ന്ന പ്രണയകഥ പ്രേമിക്കരുത്” എന്ന പോസ്റ്റര്‍ നഗരത്തില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെ ഒരു വഴിത്തിരിവിലാവുകയാണ്.പ്രണയിനികള്‍ തങ്ങളുടെ സമാഗമകേന്ദ്രമായി കരുതിയിരുന്ന പ്രേമമരം മുറിച്ചു മാറ്റണം എന്നാവശ്യപ്പെട്ട് പ്രക്ഷോഭണമാരംഭിക്കുന്നു. വാലന്റൈന്‍സ് ദിവസം എല്ലാ എതിര്‍പ്പുകളെയും അവഗണിച്ച് കണ്ടുമുട്ടാനുള്ള അവരുടെയും മറ്റു ചില പ്രണയിനികളുടെയും ശ്രമം പരാജയപ്പെടുന്നു. സദാചാര ആള്‍ക്കൂട്ടവിചാരണയില്‍ നിന്ന് രക്ഷപെട്ടോടുന്നത്തിനിടയില്‍ ഉണ്ണികൃഷ്ണന്‍ ലിസ്സയെ ഉപേക്ഷിക്കുന്നു. ഗോര്‍ണ്ണിക്കയെ ഓര്‍മ്മിപ്പിക്കുന്ന സന്ദര്‍ഭങ്ങളിലൂടെ കടന്നു പോവുന്ന അവരുടെ പ്രണയത്തില്‍ ഉണ്ണികൃഷ്ണനാണ് ബുദ്ധിമാന്‍. അയാള്‍ കോണികയറിപോവുന്നു. ചില വര്‍ത്തമാനകാലസംഭവങ്ങളുടെ ഓര്‍മ്മ വായനയ്ക്കിടയില്‍ വന്നു പോവുന്ന ഈ കഥയിലെ ഭാവനയുടെ ഇടപെടല്‍ അതീവ സുരക്ഷിതമാണ് എഴുത്തുകാരന്റെ കയ്യില്‍.  





സാധാരണക്കാരന്റെ നികുതികൊണ്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങള്‍ സാധാരണക്കാരോട് പെരുമാറുക ഒട്ടും സൌഹൃദപരമായല്ല.

നിങ്ങളുടെ പ്രവൃത്തികള്‍ക്ക് ഒരു ഫലമുണ്ട്‌ -നല്ലതും ചീത്തയും. എന്നാല്‍ നിങ്ങള്‍ പ്രവൃത്തിക്കാതിരുന്നാല്‍ ഒരു ഫലവും ഉണ്ടാവില്ല എന്ന് ഗാന്ധിജി പറഞ്ഞത് സ്റ്റേറ്റിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെടുന്ന ജീവനക്കാരോട് കൂടിയാണ്. ഓരോ ഫയലിലും ഓരോ ജീവിതമാണ് എന്ന് പറഞ്ഞത് കേരള മുഖ്യമന്ത്രിയാണ്. എന്നാല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പലരും ഈ ചിന്തകള്‍ക്കും പ്രബോധനങ്ങള്‍ക്കും വിഭിന്നമായ ഒരു സമീപനമാണ് പലപ്പോഴും തങ്ങള്‍ക്ക് മുന്നിലെത്തുന്ന അപേക്ഷകലോടും പൌരന്‍മാരോടും സ്വീകരിക്കുക. ഇത്തരത്തില്‍ ഒരു ആശയപ്രകാശനമാണ് “ജോബനെ ചോറാനി എചണം” എന്ന കഥയിലുള്ളത്. ശ്യാം സുന്ദര്‍ എന്ന യുവാവ് തന്റെ സെക്രട്ടറിയെറ്റ് അസിസ്റ്റന്‍റ് ജോലിയില്‍ ആദ്യദിവസം പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് ആക്ഷേപഹാസ്യരീതിയില്‍ ഈ കഥ വികസിക്കുന്നു.അയാള്‍ക്ക് കിട്ടുന്ന ആദ്യ ഫയല്‍ ഏതോ വിദൂര ഗ്രാമത്തിലുള്ള വിധവയായ വൃദ്ധ, മുഖ്യമന്ത്രിയ്ക്ക് അയക്കുന്ന അപേക്ഷയാണ് ശ്യാം സുന്ദറിനു കിട്ടിയ ആദ്യ ഫയല്‍. അതില്‍ ശ്യാംസുന്ദര്‍ കുറിക്കുന്നതാണ് “ ജോ വര്‍, ബ ജ്റ , നെ ല്ല് , ചോ ളം, റാ ഗി, നി ലക്കടല, എ ള്ള് , ചണം” എന്നിങ്ങനെ ഖരീഫ് വിളകളെ മനസിലുറപ്പിക്കാനുള്ള കോഡ് ഭാഷയാണ്‌ അയാള്‍ കുറിക്കുന്നത് ഫയലില്‍. അത് ആ ഫയല്‍ ഇനി എത്താനുള്ള അണ്ടര്‍ സെക്രട്ടറിയ്ക്ക് തിരിച്ചറിയാന്‍ ആവില്ല എന്നൊരു വിശ്വാസമുണ്ട്‌ നാല് പ്യൂണ്‍മാര്‍ ആ ഫയല്‍ ധാരാളം തിരിവുകളും വളവുകളുമുള്ള സെക്രട്ടറിയേറ്റിന്റെ ചക്രവ്യൂഹത്തിലെക്ക് താങ്ങിക്കൊണ്ട് പോവുമ്പോള്‍ ശ്യാം സുന്ദറിനുള്ള ആശ്വാസം.

  എട്ടു കഥകളുള്ള ഒരു ചെറിയ കഥാസമാഹാരമാണ് നരോദപാട്യയില്‍ നിന്നുള്ള ബസ്സ്‌. എങ്കിലും കഥകളുടെ എണ്ണമോ പുസ്തകത്തിന്റെ വലിപ്പമോ അല്ല പറയുന്ന കഥകളുടെ, വിഷയങ്ങളുടെ കാമ്പാണ് വായനക്കാരനെ ആഘാതപ്പെടുത്തുന്നത് എന്ന് ഈ കഥകള്‍ സാക്ഷ്യം പറയുന്നു.  അതിനു കാരണം അയാള്‍ക്ക് പറയനാനുള്ള കഥകള്‍ - ഓര്‍മ്മപ്പെടുത്തലുകള്‍ ചുറ്റും വേഗത്തില്‍ -പ്രകാശവേഗത്തില്‍ -മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ പറ്റിയാണ്. അത് പറയുന്ന രീതിയാവട്ടെ, സാഹിത്യത്തോടും തന്റെ വായനക്കാരനോടും, ജീവിക്കുന്ന സമൂഹത്തോടുമുള്ള സത്യസന്ധവും യുക്തിസഹവുമായ പരിചരണത്തിലൂടെയാണ്. വാക്ക് കൊണ്ടും പ്രവൃത്തി കൊണ്ടും ഓരോ പൌരനും എത്ര ജാഗ്രൂകനാവണം എന്ന് ഈ ഷിനി വായനക്കാരനെ ഓര്‍മ്മിപ്പിക്കുന്നു ഈ സമാഹാരത്തിലെ ഓരോ കഥയിലുടെയും. എഴുത്തുകാരനിവിടെ ഒരു അന്വേഷകനാണ്. തനിക്കു ചുറ്റും നടക്കുന്ന ഉപജാപങ്ങളെ, അധികാരത്തിന്റെ കറുത്ത ഇടനിലങ്ങളെ അന്വേഷിച്ച് വായനക്കാരനോടത് പങ്കു വയ്ക്കുക എന്ന തന്റെ ധര്‍മ്മത്തിന്റെ മര്‍മ്മമറിഞ്ഞു പ്രവര്‍ത്തിക്കുന്ന ഒരു എഴുത്തുകാരനെ ഈ കഥകളിലൂടെ വായിച്ചെടുക്കുന്നു.