വ്യാഴാഴ്‌ച, സെപ്റ്റംബർ 10, 2015

കരിക്കോട്ടക്കരി : പുതു കനാന്‍ ദേശത്തെ വേറിട്ട കാഴ്ചകള്‍

ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം വേട്ടയാടുകയും ചെയ്യുന്ന സമകാലീന സാമൂഹിക പശ്ചാത്തലത്തില്‍ സ്വത്വബോധവും സ്വത്വാന്വേഷണവും സ്വത്വനഷ്ടത്തെക്കുറിച്ചുള്ള തിരിച്ചറിവും ലളിതവരിക്കപ്പെടുന്നതില്‍ അത്ഭുതപ്പെടാനില്ല. സ്വത്വനിഷ്ടവും വ്യക്തിനിഷ്ഠവുമല്ലാത്ത, ആള്‍ക്കൂട്ടമനോഭാവം സാമൂഹ്യക്രമമാവുന്ന ഒരിടത്ത് വേറിട്ട ചിന്തകളും വൈയക്തിക അന്വേഷണങ്ങളും ബാലിശമായി തോന്നിയേക്കാം. കരിക്കോട്ടക്കരി എന്നത് കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിക്കടുത്താണ്. ആദിവാസി സമൂഹത്തില്‍ പെട്ട പണിയര്‍ ആയിരുന്നു ഈ പ്രദേശത്തെ ആദ്യകാല താമസക്കാര്‍ എന്ന് ചരിത്രം പറയുന്നു. പണിയര്‍ മലബാര്‍ ജന്മികള്‍ക്കു വേണ്ടി കരിക്കൊട്ടരി വനത്തെ വെട്ടിത്തെളിച്ചു. തിരുവിതാംകൂറില്‍ നിന്ന് കുടിയേറി പാര്‍ത്ത കര്‍ഷകരുടെ ചൂഷണത്തില്‍ പണിയര്‍ ന്യൂനപക്ഷമായി. കുടിയേറി പാര്ത്തവരില്‍ മുഖ്യ പങ്ക് സിറിയന്‍ കത്തോലിക്കര്‍ ആയിരുന്നു. അവര്‍ക്ക് പിന്നാലെ വന്നരാണ് ദളിത്‌ ക്രൈസ്തവര്‍. കോട്ടയം-ആലപ്പുഴ ഭാഗങ്ങളില്‍ കടുത്ത ജാതീയ അവഗണനയ്ക്കും അവഹേളനയ്ക്കും വിധേയരായിരുന്ന ഒരു ഭൂതകാലത്തില്‍ നിന്നും കരിക്കൊട്ടക്കരിയില്‍ എത്തിയ ഈ വിഭാഗത്തിനു തങ്ങളുടേതായ ഒരു സമൂഹനിര്‍മ്മിതിയും ജീവിത ശൈലിയും ഇവിടെ സാധ്യമാവുന്നു. അതെ സമയം തന്നെ അവരുടെ നിറവും ശരീരികാവസ്ഥകളും കൊണ്ട് അവരെ മറ്റു ക്രൈസ്തവവിഭാഗങ്ങള്‍  അവരുടെ ഭാഗമായി കാണുന്നുമില്ല. ഇല്ലെത്തു നിന്ന് പോരികയും അമ്മാത്ത്  എത്തുകയും ചെയ്യാത്ത ഒരു സ്ഥിതിവിശേഷം അവരുടെ സാമൂഹിക, മാനസിക സാഹചര്യങ്ങളില്‍ പ്രകടമാവുന്നു. മറ്റു ദളിത്‌ വിഭാഗങ്ങള്‍ക്ക് കിട്ടുന്ന സാമൂഹികപരിരക്ഷകള്‍- ജോലി സംവരണം പോലെയുള്ളവ -ഇവര്‍ക്ക് കിട്ടുന്നില്ല. ഇത്തരം ഒരു സാഹചര്യത്തെയാണ്‌ വിനോയ് തോമസിന്റെ നോവല്‍ "കരിക്കോട്ടക്കരി " പറയുന്നത്. പുലയരുടെ കാനാന്‍ ദേശം എന്നു വിളിക്കപ്പെടുന്ന കരിക്കോട്ടക്കരിയെ പറ്റിയുള്ള ഈ നോവല്‍    ഖര്‍ വാപസിയുടെ കാലത്ത്  ഏറെ  പ്രസക്തമായി തോന്നുന്നുണ്ട്. പ്രത്യേകിച്ചും ജോലി സംവരണം ലഭ്യമാകുന്നതിന് വേണ്ടി തങ്ങളുടെ പഴയ ജാതിയ വിഭാഗങ്ങളിലേക്ക് തിരിച്ചു പോവാന്‍ പലരും താല്പര്യം കാണിക്കുന്നു എന്ന് പല റിപ്പോര്‍ട്ട്കളും സൂചിപ്പിക്കുന്നയിടത്ത് സ്വയം തീരുമാനിച്ചു ചെയ്യുന്ന ഇത്തരം തിരിച്ചു പോക്കുകള്‍ ചിലര്‍ക്ക് എങ്കിലും ഒരു സാധ്യത കൂടിയാണ്.

അധികാരത്തില്‍ കുടുംബത്തിന്റെ കാരണവര്‍ ആയിരുന്ന വര്‍ക്കിയവിര പതിവ് സവാരിക്കിടെ കാലില്‍ തടഞ്ഞ പഴുപ്പന്‍ തേങ്ങയെടുത്തു. എന്നാല്‍ ആ പറമ്പിന്റെ ഉടമ പറഞ്ഞു " വര്‍ക്കിയങ്ങുന്നെ, പതിറ്റെതില്‍ പിള്ളേടെ പറമ്പാണത്. " ഇത് കേട്ട വര്‍ക്കിയവിര മൂന്നു ദിവസം ചാവടിയിലെ കസേരയില്‍ കിടന്നു. നാലാം ദിവസം തന്റെ മൂന്നു ആണ്‍മക്കളെയും വിളിച്ച് പകല്‍ മുഴുവന്‍ നടന്നാലും തീരാത്ത അധികാരത്തില്‍ പറമ്പിന്റെ നിര്‍മ്മിതിക്കായി മലബാറില്‍ കുടിയേറാനുള്ള തന്റെ തീരുമാനം പറയുന്നു. അവര്‍ പറമ്പിന്റെ വലിപ്പമാണ് ആസ്തി. അതിലെ വിളവല്ല. അതുകൊണ്ടാണ് പണിക്കാര്‍ക്ക് വേണ്ടി പതിമൂന്നേക്കര്‍ പറമ്പില്‍ കൃഷി ചെയ്യുമ്പോള്‍ കിട്ടുന്ന വിളവു മറ്റെങ്ങും കിട്ടിയില്ലെങ്കിലും അവര്‍ക്ക് പരാതി ഇല്ലാത്തത്.


തലമുറകള്‍ പിന്നിട്ടു ഇങ്ങേ അറ്റത്തെ കണ്ണിയായ നാല്‍പ്പത്തിരണ്ടുകാരന്‍ ഇറാനിമോസ് ഫീലിപ്പോസ് തന്റെ ചരിത്രം എഴുതുന്നിടത്ത് നിന്ന് കരിക്കോട്ടക്കരിയുടെ ചരിത്രം ആരംഭിക്കുന്നു. മറ്റു കുടുംബാംഗങ്ങളില്‍ നിന്ന് വ്യത്യസ്തനായി ഇറാനിമോസ് കറുത്തിട്ടാണ്. അവന്റെ നിറവും രൂപവും അധികാരത്തില്‍ കുടുംബത്തിന്റെതല്ല. അവര്‍ വെളുത്തവരും സുന്ദരന്മാരുമാണ്. ജീവിതത്തിന്റെ എല്ലാ സാധ്യതകളിലും അവന്റെ നിറവും രൂപവും സ്കൂളിലും കുടുംബത്തിലും പരിഹാസത്തിനു പാത്രമാവുന്നു. ഇറാനിമോസിന്റെ നിറം തൊട്ടടുത്ത പുതുക്രിസ്ത്യാനി / പുലയക്രിസ്ത്യാനി ഗ്രാമമായ  കരിക്കോട്ടക്കരിക്കാരുടെതാണ്.  

കരിക്കോട്ടക്കരി എന്ന ഗ്രാമം ആവട്ടെ ഒരു വിദേശരാജ്യത്തെ ഓര്‍മ്മിപ്പിക്കും.  മലയോരത്തുള്ളവര്‍ പാന്റ്സ് ധരിക്കുന്നതിനു വളരെ മുന്‍പ് തന്നെ കരിക്കൊട്ടക്കരിക്കാര്‍ അത് സ്ഥിരം വേഷമായി ഉപയോഗിച്ചിരുന്നു. സഫാരി സ്യൂട്ട് അണിഞ്ഞു ചേനയ്ക്ക് തടമെടുക്കുന്നവര്‍, വിലകൂടിയ കോട്ടും കൈലിയും ധരിച്ച് സൊറപറയുന്നവര്‍.കരിക്കോട്ടക്കരി എന്ന ഗ്രാമത്തിന്റെ ശില്‍പ്പിയാണ്   ഫാദര്‍ നിക്കോളാസ് ബ്രെഷ്യോ എന്ന നിക്കോളച്ചന്‍ എന്ന പന്നിയച്ചന്‍ എന്ന ജര്‍മ്മന്‍ പാതിരി. വളരെ ദീര്‍ഘദര്‍ശിയായ അദ്ദേഹം ഗ്രാമത്തിന്റെ സാമൂദായിക,വിദ്യാഭ്യാസ,സാമൂഹിക,സാമ്പത്തിക, സാംസ്കാരിക, ഭക്ഷണക്രമങ്ങളെ വളരെ അവധാവനതയോടെ ചിട്ടപ്പെടുത്തി. പള്ളിയില്‍ പോവുകയും മാമ്മോദീസ മുങ്ങുകയും ചെയ്തവര്‍ക്ക് സ്വന്തമായി ഭൂമി നല്‍കി.  തന്റെ സ്വത്വപ്രതിസന്ധികള്‍ ഇറാനിമോസിനെ കരിക്കോട്ടക്കരിയില്‍ നിന്നുള്ള സെബനുമായി സൌഹൃദത്തിലാക്കുന്നു. അപ്പന്റെ എതിര്‍പ്പിനെ മറികടന്നു ഇറാനിമോസ് സെബനുമായി തന്റെ സൌഹൃദം ദൃഡപ്പെടുത്തുന്നു. സെബാന്‍, സഹോദരി ബിന്ദു, വൃദ്ധനായ ചാഞ്ചന്‍ വല്യച്ചന്‍,കണ്ണമ്മചേച്ചി ഇങ്ങനെ പിന്നീട് കണ്ടു മുട്ടുന്ന ഓരോ കഥപാത്രത്തിന്റെയും പൊതു സ്വഭാവം ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തിലുള്ള സത്വപ്രതിസന്ധിയാണ്. അവനവന്റെ ദൈവസങ്കല്പങ്ങളെ വ്യത്യസ്തവഴികളിലൂടെ അന്വേഷിക്കുന്നവര്‍. അവനവന്റെ സാമൂഹ്യസാഹചര്യങ്ങളെ, ചരിത്രത്തെ തേടുന്നവര്‍.

ഒരു പ്രത്യേക ഘട്ടത്തില്‍ വീടും വീട്ടുകാരെയും ഉപേക്ഷിക്കുന്ന ഇറാനിമോസ് കരിക്കോട്ടക്കരിയിലെ താമസക്കാരന്‍ ആവുന്നു. പക്ഷെ മറ്റൊരു കാരണത്താല്‍ സെബാന്‍ കരിക്കൊട്ടക്കരിയും തന്റെ ക്രിസ്ത്യന്‍ അടയാളങ്ങളും ഉപേക്ഷിച്ച് കരിക്കോട്ടക്കരി വിടുന്നു. അന്വേഷണങ്ങളുടെ അടയാളങ്ങള്‍ തിരിച്ചറിവുകളാണ്. ഓരോ ആളും തേടിയത് ലഭിക്കാതെ തിരികെ വരുന്നവരാണ്. കണ്ടെത്തുന്നത് അപ്രതീക്ഷിതങ്ങളെയും.

സ്വന്തം ശരീരസ്വാതന്ത്ര്യം കൊണ്ട് അടിമത്തത്തിന്റെ അടയാളങ്ങളെ മായിച്ചു കളയുകയാണ് കണ്ണമ്മ.മോക്ഷവും ദൈവവും ആണ് ശരീരം. അതിനെ ദുഖിപ്പിക്കല്‍ ആണ് ഏറ്റവും വലിയ പാപം.ഉള്ളില്‍ അടക്കിവക്കാളിലൂടെ മനസിനെ വിഷമിപ്പിക്കല്‍ മറ്റൊരു പാപവും ആണ്. അവരുടെ സ്വാതന്ത്യത്തോടുള്ള അടങ്ങാത്ത ആവേശം അവരെ ഭര്‍ത്തൃവീടിനെ ഉപേക്ഷിപ്പിക്കുന്നു. തിരികെ വന്നു സ്വന്തം വീട്ടില്‍ തന്റേതായ ക്രമങ്ങള്‍ക്ക്‌ അനുസരിച്ച് ജീവിക്കുന്നു. സ്വത്വബോധവും അതിന്റെ അടയാളപ്പെടുത്തലും ഓരോരുത്തരിലും ഓരോ അളവിലാവും. അതിനു സമൂഹം കല്പിച്ചു നല്‍കിയ മാനകങ്ങള്‍ പലപ്പോഴും ചേരുന്നവ ആവാതെയും വന്നേക്കും.അപ്പോഴാണ്‌ പാര്‍ശ്വവല്‍ക്കരണത്തിനൊപ്പം ബഹിഷ്കരണം കൂടി നേരിടേണ്ടി വരുന്നത്.

ചാഞ്ചന്‍ വല്യച്ചന്‍ പറയുന്നത് എഴുതപ്പെടാത്ത ചരിത്രങ്ങള്‍ ആണെന്ന് തോന്നും. വില്ലുവണ്ടിയില്‍ ആണ് അയ്യങ്കാളി വന്നത്. തന്റെ മുന്‍തലമുറക്കാര്‍ രാജ്യം ഭരിച്ചവര്‍ ആയിരുന്നു എന്നറിയാവുന്ന ആളായിരുന്നു അയ്യന്‍‌കാളി. ചേരന്‍മാരുടെ അളം ചേരളം. ആദ്യത്തെ രാജാക്കന്മാര്‍ ചേരന്മ്മാര്‍. അതിയന്‍, തിതിയന്‍,അണ്ടിരന്‍, കിണ്ടിരന്‍...മരോം ചെടീം വച്ച രാജാക്കന്മാര്‍, മണ്ണില്‍ പണിചെയ്ത് രാജാക്കന്മാര്‍, അവരുടെ പിന്മുറക്കാര്‍ പിന്നീട് നടുവ് വളച്ച് പുലയന്മാര്‍ ആയി. ശുദ്ധദ്രാവിഡരരായിരുന്നു ചെരമാന്മാര്‍. നിറത്തോടുള്ള അവരുടെ അപകര്‍ഷത തുടങ്ങുന്നത് പടിഞ്ഞാറന്‍ കടലിലൂടെ ഉള്ള ആര്യന്മാരുടെ വരവോടുകൂടിയാണ്. അവരാവട്ടെ ആടിനേം പശൂനേം തീറ്റാന്‍ വന്നവരായിരുന്നു. വന്ന വഴിയില്‍ ഒക്കെ അവര്‍ അവരുടെ അമ്പലങ്ങള്‍ പണിഞ്ഞു. അവര്‍ക്കൊപ്പം അവര്‍ പെണ്ണുങ്ങളെ കൊണ്ട് വന്നിരുന്നില്ല. ദ്രാവിഡരില്‍ പെട്ട ചേരമന്‍, പറയന്‍, പുള്ളോന്‍, വെട്ടോന്‍ തുടങ്ങിയ എല്ലാ ജാതിയിലെയും പെണ്ണുങ്ങള്‍ക്ക് ഒപ്പം ശയിച്ച ആര്യന്മാര്‍  വെളുപ്പും നിറോം പൊക്കോം ഉള്ള കുട്ടികളെ സൃഷ്ടിച്ചു. അവര്‍ പുതിയ ജാതി ക്രമങ്ങള്‍ സൃഷ്ടിച്ചു. ഇറാനിമോസിന്റെ സ്വത്വാന്വേഷണം അവസാനിക്കുന്നത് അപ്പനെ വീണ്ടും കാണുമ്പോള്‍ ആണ്. അത് വരെ ഉണ്ടായിരുന്ന തെറ്റിദ്ധാരണകള്‍ മാറി ഇറാനിമോസ് തിരികെ കരിക്കോട്ടക്കരിയിലേക്ക് പോവുന്നു. കരിക്കോട്ടക്കരി ആവട്ടെ പന്നിയച്ചന്റെ മരണത്തോടെ അതിന്റെ എല്ലാത്തരത്തിലുമുള്ള നാശത്തില്‍ പെട്ടിക്കിരുന്നു. ചെറുത്തു നില്‍ക്കാനുള്ള ശേഷി ഇല്ലാതെ കീഴടങ്ങിയ സമൂഹത്തിന്റെ പരിശ്ചേദം ആണത്. ചൂഷണം അതിന്റെ ഉച്ചസ്ഥായിയിലും അതിജീവനം വിദൂരസാധ്യതയും ആണ് അവിടെ. വീട് വിട്ടു പോയ സെബാന്‍, പിന്നീട് സുമേഷ് കുമാറിനെ കാണുന്നു. അവനാവട്ടെ, ജോലിയ്ക്ക് വേണ്ടി, അതിലൂടെ കാമുകിയെ സ്വന്തമാക്കാന്‍  തന്റെ പഴയ ജാതിയ്ലെക്ക് പോയതാണ്. എന്നാല്‍ അവളുടെ സ്നേഹത്തിന്റെ കാതല്‍ ഉയര്‍ന്ന ജാതിക്കാരിക്ക് താഴ്ന്ന ജാതിക്കാരനോടുള്ള സഹതാപമാണ് എന്ന് തിരിച്ചറിഞ്ഞത് പിന്നീടാണ്. ബിന്ദു ആവട്ടെ പുതു ക്രിസ്ത്യാനി എന്ന ഉടുപ്പഴിച്ചു വച്ച് പുലയര്‍ ആയ മക്കളെ പ്രസവിച്ച് ആരുടേയും അടിമകള്‍ അല്ലാതെ വളര്‍ത്തുക എന്ന സ്വപ്നം മാറ്റിവച്ചു ചൂഷണത്തിനെതിരെയുള്ള പോരാട്ടത്തില്‍ ഭാഗഭാക്കാവുന്നു. അവിടെക്കാണ്. ഇറാനിമോസിന്റെ മടക്കം. അവകാശികളെ ആട്ടിയോടിച്ച് വളഞ്ഞു പിടിച്ച മണ്ണ് അവര്‍ക്ക് തിരികെ നല്‍കാനാണ് ഇറാനിമോസിന്റെ അപ്പന്റെ തീരുമാനം. അവകാശപ്പെട്ടവരുടെ കൈകളിലേക്ക് തിരിച്ച് എത്തപ്പെടെണ്ടാതാണ് ഭൂമി. അവകാശികളുടെ സന്തോഷം ആണ് അത്യന്തികം.

നോവലില്‍ അയ്യന്‍ കാളി സഹോദരന്‍ അയ്യപ്പന്‍ എന്നിവരെ പറ്റി പരാമര്‍ശമുണ്ട്.അടിമപ്പണി ചെയ്യാന്‍ സമ്മതമില്ലാത്തതിനാല്‍ നാട് വിട്ടതാണ് ചേരമാന്‍ ചാഞ്ചന്‍ ചെങ്കുട്ടവന്‍. വീട് വിട്ടു ഓടിയോടി പറവൂര്‍ എത്തിയ ചാഞ്ചന്‍ ഒരു വീടിന്റെ അടുക്കളയ്ക്ക് മുന്നില്‍ വീണു പോയി. അയ്യപ്പന്‍ എന്ന ചോകോന്റെ വീടായിരുന്നു അത്. അയ്യപ്പന്‍ ചാഞ്ചനു കുടിക്കാന്‍ കഞ്ഞി, കിടക്കാന്‍ ഇടം കൊടുത്തു. ജാതി വ്യത്യാസങ്ങള്‍ മറന്നു തന്നോട് ചേര്‍ത്ത് പിടിച്ചു.നാട്ടുകാര്‍ സഹോദരന്‍ എന്ന് വിളിച്ചിരുന്ന ചാഞ്ചനെ എഴുത്തും വായനയും പഠിപ്പിച്ചു. കൊച്ചിയില്‍ നിന്ന് പറവൂരിലേക്ക് അഞ്ചലോട്ടക്കാരന്റെ ജോലിയും വാങ്ങിക്കൊടുത്തു. എന്നാല്‍ കടുത്ത ജാതീയ അസമത്വം നിലനിന്ന കാലത്ത് മേല്‍ ജാതിക്കാരെ കണ്ടാല്‍ കാട്ടില്‍ ഒളിക്കണം അഞ്ചലോട്ടക്കാരന്‍. അങ്ങനെ ഒളിച്ചു നിന്ന ചാഞ്ചനെ ഒരിക്കല്‍ എതിരേറ്റത് ഒരു പാതിരി ആണ്. നിക്കോളാസ് അച്ചന്‍. പട്ടിക്കും പൂച്ചയ്ക്കും ക്രിസ്ത്യാനിയ്ക്കും ഏതു വഴിക്കും നടക്കാം. അച്ചന്‍ കഴുത്തിലിട്ടു കൊടുത്ത വെന്തിങ്ങയുമായി ചാഞ്ചന് ഏതു വഴിക്കും പോവാം. ആര് എതിരെ വന്നാലും ഒളിക്കെണ്ടതില്ല. ഇത് മറ്റുള്ളവര്‍ക്കും ഒരു വഴികാട്ടിയായി. പലരും ക്രിസ്ത്യാനിയായി. എന്നാല്‍ ചാഞ്ചന്റെ സ്വത്വബോധത്തില്‍ നിറഞ്ഞു നിന്നിരുന്ന ആചാര,അനുഷ്ടാനങ്ങളില്‍ നിന്ന് വിഭിനമായിരുന്നു പുതിയതായി വന്നവരുടെത്. അവര്‍ അവരുടെ ആചാരങ്ങളെ, കാവുകളെ ഒക്കെ മറക്കുകയോ നശിപ്പിക്കുകയോ ചെയ്തു. ഇത് കണ്ട ചാഞ്ചന്‍ തന്റെ വെന്തിങ്ങ വലിച്ചെറിയുകയും തന്റെ അഞ്ചലോട്ട വഴിയില്‍ ഓടിക്കൊണ്ടിരിക്കുകയും ചെയ്തു. ആരും തടഞ്ഞില്ല. നോവലിലെ ചില സന്ദര്‍ഭങ്ങള്‍ സത്യകഥയുടെ വിവരണം പോലെ അനുഭവപ്പെടുന്നുണ്ട്.

മഴയെപ്പറ്റി (പേജ് 24), പ്രാചീനതയില്‍ നിന്ന് വളരാത്ത മനുഷ്യകുല നിര്‍മ്മിതി (പേജ് : 47), പന്നി വേട്ട (പേജ് :18) പന്നിവെട്ട് (പേജ് : 64), മീന്‍വേട്ട (പേജ് :33) ഒക്കെത്തന്നെ പ്രകൃതിയും മനുഷ്യനുമായി , ഒരു പ്രദേശത്തിന്റെ ജീവിതാവസ്ഥകളുടെ രേഖപ്പെടുത്തലുകളായി  വായിച്ചെടുക്കാവുന്നതാണ്.  അതേ സമയം തന്നെ, കരിക്കോട്ടക്കരി കണ്ണൂരില്‍ മാത്രം ഒതുങ്ങുന്നില്ല. വളരെ പ്രസക്തമായ ചില ചിന്തകളും ചോദ്യങ്ങളും ഉയര്‍ത്തുന്ന ഈ നോവല്‍ കാലികപ്രസക്തമാണ്; ശ്രദ്ധിക്കപ്പെടെണ്ടതും. സ്വത്വബോധാന്വേഷണങ്ങളുടെ വഴിയില്‍ ഏതെങ്കിലും ഉത്തരം തരാനുള്ള ശ്രമം ഈ നോവലില്‍ കാണാന്‍ ആവുന്നില്ല. ഉന്നതമായ ഒരു അവബോധനിര്‍മ്മിതിയില്‍ നിന്ന് സ്വതന്ത്രമായി നില്‍ക്കുന്നു നോവല്‍ സൃഷ്ടി. അവസാനമില്ലാത്ത അന്വേഷണം അവനവനു പൊരുത്തപ്പെടാന്‍ പറ്റുന്ന ചില തുരുത്തുകള്‍ കാണിക്കുന്നു. രതി, മിഥ്യാഭിമാനം, ഉപേക്ഷിക്ക്പ്പെടല്‍,...മനുഷ്യാവസ്ഥയുടെ ഒട്ടേറെ മേഖലകളെ തൊട്ടു പോവുന്ന യാത്ര തുടരുകയും ചെയ്യുന്നു. വിനോയിയുടെ ഭാഷ മോഹിപ്പിക്കുന്നതാണ്, നോവലിന്റെ ക്രാഫ്റ്റ് ഇത്തരം ഒരു വിഷയത്തിന്റെ ഗൌരവവും വായനയുടെ ഒഴുക്കും ഒരേ നേരം ചേര്‍ത്തു നിറുത്തുന്നുമുണ്ട്.