ആധുനികാനന്തരം എന്നു വിശേഷിപ്പിക്കപ്പെടുന്ന തൊണ്ണൂറുകള്‍ക്ക്
ശേഷമുള്ള മലയാള കഥാലോകം ഏറെ പരീക്ഷണ ഗ്രസ്ഥമാണ്. അത് പ്രശ്നഭരിതവും
ക്ലേശസമ്പുഷ്ടവുമായ വര്‍ത്തമാനത്തിന്റെ ഭാവുകത്വപരിണാമങ്ങളെ വളരെ വിപുലമായ അളവില്‍
അടയാളപ്പെടുത്തുവാന്‍ ശ്രമിക്കുകയും കുറെയേറെ വിജയിക്കുകയും ചെയ്തുവെന്ന് കാണാന്‍
കഴിയും. പുതിയ കാലത്തെ കഥ പറച്ചിലില്‍ ഭാവുകത്വനിര്‍മ്മിതിയെന്നത് ഒട്ടും ലളിതമല്ല. ഏതെങ്കിലും പൊതുഭാവുകത്വ നിര്‍മ്മിതിയില്‍
ഊന്നിയല്ലാത്ത പുതിയ കാലത്തെ കഥകളുടെ പിറവിയില്‍ സമീപസ്ഥ വിഷയങ്ങളുടെ ആധിക്യം ശ്രദ്ധേയമാണ്.
ചെറിയ കൂട്ടങ്ങളുടെ കൂടിച്ചേരലുകളിലേക്ക് വഴിതുറക്കുന്ന വിവരസാങ്കേതികത, സ്വയം
പ്രകാശനത്തിന്റെ പുതുവഴികള്‍ തുറന്നു കൊടുക്കുന്ന അതെ കാലത്ത് തന്നെ ഒരു എഴുത്തുകാരന്‍ പ്രസീദ്ധീകരണസൌകര്യത്തിന്റെ
ലഭ്യതയ്ക്കായി പ്രസാധകന്‍ കല്‍പ്പിച്ചു കൊടുക്കുന്ന വിഷയങ്ങളുടെ അതിര്‍ത്തികള്‍ക്ക്
ഉള്ളില്‍ നിന്നുകൊണ്ട് എഴുതേണ്ടിയും വരുന്നുണ്ട്. ഇത്തരം പ്രമേയപരമായ സാധ്യ/ അസാധ്യതകള്‍
എഴുത്തിനെ അങ്ങനെ ബാധിക്കുന്നു എന്നതാവും വരും കാലം ചിന്തിക്കുന്ന ഒരു പ്രധാന
വിഷയം. മറ്റുള്ള സാഹിത്യരൂപങ്ങളായ കവിതയും നോവലിനേക്കാളും വളരെ മുന്പ് തന്നെ സംഭവിച്ചത്
കഥയെഴുത്തിലാണ്. ജീവിത സാഹചര്യങ്ങള്‍ ദീര്‍ഘവായനയെ തടസ്സപ്പെടുത്തുന്നു എന്നത് ചെറുകഥയ്ക്ക്
കൂടുതല്‍ സ്വീകാര്യത നല്‍കി. വായനയുടെ ഡിജിറ്റല്‍ സാദ്ധ്യതകളും കഥയിലെ
പരീക്ഷണസാധ്യതകള്‍ക്ക് ഏറെ ഗുണം ചെയ്തു. ചെറുകഥ കൂടുതല്‍ ചെറുതായി തീപ്പെട്ടിക്കഥകളും
മിനിക്കഥകളുമായി.
ചെറിയൊരു ഗ്യാപിനു ശേഷം നോവല്‍ പുതിയ ഭാവുകത്വപരിസരങ്ങളുമായി
വായനക്കാരിലേക്ക് തിരികെ എത്തി. ആഗോളവത്കരണം എഴുത്തിന്‍റെ ദേശ കാല അതിര്‍ത്തികളെ
പുനര്‍നിര്‍ണ്ണയിച്ചത് നോവലില്‍ പുതിയ സാദ്ധ്യതകള്‍ നല്‍കി. സാങ്കേതികതയും ശാസ്ത്ര
പുരോഗതിയും നോവലുകളുടെ പ്രമേയ സാദ്ധ്യതകള്‍ക്ക് പുതിയ ഉണര്‍വ് നല്‍കി. ഈ സാഹചര്യത്തിലാണ്
പുതിയ കാലത്തെ കഥാ ലോകം മുന്‍പില്ലാതിരുന്ന ചില വെല്ലുവിളികളെ നേരിടുന്നത്.
പ്രസീദ്ധീകരണസാധ്യതകള്‍ക്കും അപ്പുറം ഓരോ എഴുത്തുകാരനും തങ്ങളുടെ തന്നെ കഥകളുടെ
വിപണനക്കാരനുമാവേണ്ടി വരുന്നുണ്ട്. ലോകചലനങ്ങള്‍ ക്ഷണവേഗത്തില്‍ വീടുകളിലേക്ക്
എത്തുന്ന കാലത്ത് ഒരു വിഷയവും വായനക്കാരന് പുതുമയുള്ളതാവുന്നില്ല എന്നത് ഒരു എഴുത്തുകാരന്‍റെ
പുതിയ വെല്ലുവിളിയാണ്. വാസ്തവങ്ങളുടെ പകര്‍ത്തെഴുത്തിനും അനുഭവപരിസരങ്ങളുടെ ആവര്‍ത്തനത്തിനും പകരം
എഴുത്തുകാരന്‍ തന്‍റേതായ ഒരു ഭാവുകത്വ ലോകത്തെ ആവിഷ്കരിക്കേണ്ടതായി വരുന്നു, അവിടെ
ദേശവും സ്ഥാനവും കാലവും അവനു ഒഴിവാക്കാന്‍ ആവുന്നില്ല. ഇത്തരം ഒരു പരിസരത്തില്‍
നിന്ന് എഴുതുന്ന പ്രവാസകഥാകാരന്‍ ആവട്ടെ മുന്‍കാലങ്ങളില്‍ താന്‍ എഴുതിയിരുന്ന അതികാല്‍പനികതയില്‍
നിന്നും ഗൃഹാതുരത്വപൊള്ളകളില്‍ നിന്നും വിടുതല്‍ നേടി ജീവിക്കുന്ന ഇടത്തെയും
ജീവിച്ചിരുന്ന ഇടത്തെയും ബന്ധിപ്പിച്ച് നവീനമായ ഒരു എഴുത്ത് കാലത്തെ
കണ്ടെടുക്കേണ്ടി വരുന്നുണ്ട്. എന്തുകൊണ്ട് എഴുതുന്നു എന്നതിന്‍റെ മറുപടി തന്‍റെ
എഴുത്തിലൂടെ നല്‍കാന്‍ പുതിയ കാലത്തെ കഥാകാരന്‍ ബാധ്യസ്ഥനാവുന്നു. രാഷ്ട്രീയ
സംസ്കാരത്തിലും ജീവിത സാഹചര്യങ്ങളിലും വന്ന മാറ്റം ഏറ്റവും കൂടുതല്‍ പ്രതിസന്ധിയില്‍
ആക്കുന്നത് പുതിയ കാലത്തെ എഴുത്തുകാരനെയാണ്. കാരണം ഇത്തരം മാറ്റങ്ങള്‍ വായനക്കാരന്‍റെ
അഭിരുചിയില്‍ എഴുതി ചേര്‍ത്ത വ്യതിയാനങ്ങള്‍ എഴുത്തുകാരന് ഒരു പരിധി അവരെ
അന്യമാണ്. അതെ നേരം എഴുത്തു രീതികളുടെ വൈവിധ്യങ്ങളേയും എഴുതുന്ന വിഷയങ്ങളുടെ വ്യത്യസ്ഥകളെക്കാളും ഉപരി
എഴുത്ത് ഒരു എഴുത്തുകാരന്‍റെ ജീവിതദര്‍ശനങ്ങള്‍ കൂടിയാണ്. അത് ഒരാള്‍ തന്‍റെ
അനുഭവങ്ങളിലൂടെയും വായനയിലൂടെയും ജീവിത യാത്രയുടെ മറ്റ് പല തിരിവുകളിലൂടെയും
നേടിയെടുക്കുന്ന വൈയക്തികനിദര്‍ശനത്തില്‍ അധിഷ്ഠിതമാണ്. കലാപത്തിന്‍റെയും പ്രതിരോധത്തിന്‍റെയും
മാനസിക ഉല്ലാസത്തിന്‍റെയും വിശദീകരണത്തില്‍ ഒടുങ്ങാത്ത മറ്റു പല അനുഭവങ്ങളുടെയും
വഴിയാണ് കലാസാഹിത്യപ്രവര്‍ത്തനങ്ങള്‍. ഒരു എഴുത്തുകാരന്‍ അവന്‍റെ എഴുത്തിലൂടെ അവന്‍
കടന്നു പോവുന്ന രാഷ്ട്രീയ, സാമൂഹിക യാഥാര്‍ത്ഥ്യങ്ങളോട് പ്രതി
പ്രവര്‍ത്തനം നടത്തുന്നത് തന്‍റെ കലാസാഹിത്യപ്രവര്‍ത്തനത്തിന്റെ വഴിയിലൂടെയാവാം.
എഴുത്ത് ചിലപ്പോള്‍ ചരിത്രത്തിന്‍റെ പുനര്‍നിര്‍മ്മിതികൂടി ആവുന്നത് അങ്ങനെയാണ്. പറഞ്ഞു
വന്നത് ശ്രീ. പി.ജെ.ജെ. ആന്റണിയുടെ കഥാസമാഹാരം " ഭ്രാന്ത് ചില നിര്‍മ്മാണ
രഹസ്യങ്ങള്‍ " എന്ന പുസ്തകത്തെ പറ്റിയാണ്. വ്യത്യസ്ഥങ്ങളായ എട്ടു കഥകള്‍ ആണ്
ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. നാല് വ്യത്യസ്ത വിഭാഗങ്ങളായി തിരിച്ചു
വായിക്കാനാവുന്നു ഈ കഥകള്‍. “ലാഹോര്‍ 1928” എന്ന കഥ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ പുനര്‍നിര്‍മ്മിതി
ആവുമ്പോള്‍ “ കാല ദംശനം, കവിത കെട്ടുന്നവരുടെ ഗ്രാമം, ഭ്രാന്ത്
ചില നിര്‍മ്മാണ രഹസ്യങ്ങള്‍, ഹാ! വിജുഗീഷു മൃത്യുവിന്നാമോ
ജീവിതത്തിന്‍ കൊടിപ്പടം താഴ്ത്താന്‍” തുടങ്ങിയ കഥകള്‍ മനുഷ്യന്‍റെ ആത്മസംഘര്‍ഷങ്ങളുടെ
വേറിട്ട ഒരു കാഴ്ചയാണ്. “ചിതയും കനലും, രണ്ടു ചെറുപ്പക്കാരും
ഒരു വൈകുന്നേരവും” തുടങ്ങിയ കഥകള്‍ രണ്ടു വ്യത്യസ്ഥ രാഷ്ട്രീയ അവബോധങ്ങളുടെതാണ്.
അത് ഒരേ സമയം കാലിക പ്രസക്തങ്ങളാണ്. ചെറുത്തു നില്‍പ്പിന്‍റെയും പ്രതിരോധത്തിന്‍റെയും
ആവശ്യകത യാണ് “ചിതയും കനലും” എന്ന കഥയുടെ വിഷയം. രണ്ടു ചെറുപ്പക്കാരും ഒരു
വൈകുന്നേരവും” ആവട്ടെ പുതിയ കാലത്തിന്‍റെ മുഖമുദ്രയായ രാഷ്ട്രീയ പ്രതികരണത്തിന്‍റെ
പൊള്ളത്തരത്തെയും യുവത്വത്തിന്‍റെ സ്വാര്‍ത്ഥ ചിന്തകളെയും വിഷയമാക്കിയ കഥയാണ്. നാലാം
വിഭാഗത്തിലുള്ള “ മൃതരുടെ പുനരധിവാസം” , “കേട്ടെഴുത്തുകാരെ
ആവശ്യമുണ്ട്” തുടങ്ങിയ കഥകളാവട്ടെ പ്രവാസ ലോകത്താണ് സംഭവിക്കുന്നവയാണ്. എന്നാല്‍ ആ
കഥകളുടെ സാര്‍വജനീനമായ മാനം
അതിശയപ്പിക്കുന്നതുമാണ്.
ഒന്ന് : അനിവാര്യതകളുടെ പുനര്‍വായന:
ചരിത്രത്തിന്‍റെ
പുനര്‍വായനയിലൂടെ ലാഹോര്‍ 1028 എന്ന കഥയുടെ തുടക്കം. അത് ഭഗത് സിംഗിന്‍റെ
ജീവിതത്തിലെ സംഭവ ബഹുലമായ രണ്ടു ദിവസങ്ങളെ ,
1928
ഡിസംബര്‍ പതിനേഴ് /പതിനെട്ട് ദിവസങ്ങളെ പറ്റിയാണ് പറയുന്നത്. കൊളോണിയല്‍ ഭരണത്തിനെതിരെ നടന്ന സമരങ്ങളില്‍ തലമുറകളെ
ഏറ്റവും കൂടുതല്‍ രോമാഞ്ചമുണര്‍ത്തുന്ന ഒരേടാണ് ഭഗത് സിങ്ങിന്റെത്. ഡെപ്യൂട്ടി
പോലീസ് സൂപ്രണ്ട് സണ്ടേര്സിന്റെ മനുഷ്യത്വ രഹിത ആക്രമണത്തില്‍ വീരമൃത്യൂ പ്രാപിച്ച
ലാല ലജ് പത് റായിയുടെ ചോരയ്ക്ക് പകരം ചോദിക്കാന്‍ തീരുമാനിച്ചുറപ്പിച്ച
ചന്ദ്രശേഖര്‍ ആസാദ്, രാജ് ഗുരു, ഭഗത് സിംഗ് ,സുഖ്
ദേവ് എന്നീ ചെറുപ്പക്കാരുടെ മാനസിക വ്യാപാരങ്ങളിലൂടെ വികസിച്ച് സണ്ടേര്സ്ന്റെ
കൊലപാതകത്തിന് ശേഷമുള്ള അവരുടെ രക്ഷപെടല്‍ വരെയുള്ള നിമിഷങ്ങള്‍ ആണ് കഥാതന്തു. സമര
ചരിത്രങ്ങള്‍ക്ക് ചോരയുടെ നിറവും മണവും ഉണ്ടാവുക സ്വാഭാവികമാണ്. ഒറ്റിക്കൊടുക്കലും
ചതിയും എല്ലാ ജനവിഭാഗങ്ങളുടെയും ചരിത്രത്തിന്‍റെ ഭാഗമാണ്. സൂക്ഷ്മവിശകലനങ്ങള്‍
പലപ്പോഴും വിഗ്രഹ ഭഞ്ജനങ്ങളിലേക്കുള്ള താക്കോലാവും. അത്തരം ഒരു നിയോഗം ഈ കഥയിലുണ്ട്.
സമാധാനത്തിന്‍റെ മനുഷ്യരൂപം എന്ന് ചരിത്രം പില്‍ക്കാലത്ത്
വിശേഷിപ്പിച്ച ഗാന്ധിജി, വൈസ്രോയി ഇര്‍വിന്‍ പ്രഭുവുമായി
നടത്തിയ ഉടമ്പടിയിലൂടെ മോചിപ്പിക്കാന്‍ തീരുമാനിച്ച രാഷ്ട്രീയത്തടവുകാരുടെ
ലിസ്റ്റില്‍ നിന്നും ഒഴിവാക്കപ്പെട്ടതിനാലാണ് അന്ന് തടവില്‍ ആയിരുന്ന ഭഗത് സിംഗും
രാജഗുരുവും സുഖ് ദേവും തൂക്കിലേറ്റപ്പെട്ടത് എന്നത് ചരിത്രത്തിന്‍റെ മറ്റൊരു വിരുദ്ധോക്തിയായി
ഈ കഥ പറയുന്നു. ഒപ്പം, ഭാരത സ്ത്രീകളുടെ ധീരതയുടെയും സാഹസികതയുടെയും രാജ്യ
സ്നേഹത്തിന്‍റെയും പ്രതിനിധിയായി ദുര്‍ഗ്ഗ ദേവിയും കഥയില്‍ മിഴിവാര്‍ന്നു നില്‍ക്കുന്നു.
ചരിത്ര സംഭവങ്ങളുടെ പുനാരാഖ്യാനങ്ങള്‍ വായിക്കുമ്പോഴുള്ള പതിവ് ചെടിപ്പ് ഈ കഥ
വായിക്കുമ്പോള്‍ തോന്നതിരിക്കുന്നത് ഒരുപക്ഷേ കഥാപാത്രങ്ങളുടെ മാനസിക സംഘര്‍ഷങ്ങളിലൂടെയും
മനോവ്യാപാരങ്ങളിലൂടെയും അവരുടെ ചുറ്റുപാടിന്‍റെയും രാജ്യത്തിന്‍റെ രാഷ്ട്രീയാവസ്ഥയെയും
പറ്റി പറയുന്നത് കൊണ്ട് കൂടിയാവണം
രണ്ട് : പിന്തുടര്‍ച്ചകളുടെ റിയാലിറ്റി ഷോ/ വര്‍ത്തമാന
കാലത്തിന്‍റെ രേഖപ്പെടുത്തല്‍
ചരിത്രത്തിന്‍റെ
,രാഷ്ട്രീയ
ഭൂതകാലത്തിന്‍റെ മറ്റൊരു പുനര്‍വായനയാണ് "ചിതയും കനലും" എന്ന കഥ
പറയുന്നത്. ബംഗാളിലെ ഇടത് വിപ്ലവകാരിയായിരുന്ന കനു സന്യാലിന്റെ ആത്മഹത്യയുടെ
പശ്ചാത്തലത്തില്‍ മുന്‍വിപ്ളവകാരിയായ സഖാവ്കോരയുടെ കുടുംബത്തിലെ
മൂന്നു തലമുറകളുടെ കഥയാണ് ഇതില്‍ പറയുന്നത്. മുന്‍ വിപ്ലവകാരിയ്ക്ക് കുടുംബത്തിനു വെളിയില്‍ ഇപ്പോഴും നല്ല ആദരവും
അംഗീകാരവും ആണ്. അതിന്‍റെ പലിശയാണ് മകന്‍ പ്രൊഫസര്‍ തോമസ് കോരയക്ക് കിട്ടുന്ന വഴി വിട്ട സ്ഥാനകയറ്റങ്ങള്‍. ഇപ്പോള്‍ പ്രിന്‍സിപ്പാള്‍
ആയ തോമസ് പാര്‍ട്ടിയുടെ ഭരണത്തില്‍ വൈസ് ചാന്‍സലര്‍ പദവിക്ക് കാത്തിരിക്കുന്നു.
മുന്‍ വിപ്ലവകാരിയെ പാര്‍ട്ടിയിലേക്ക് തിരികെ എടുക്കാം എന്ന് ഓഫര്‍ ഉണ്ട് പക്ഷെ, കിഴവന്‍
തിരികെ പോവാന്‍ സമ്മതിക്കുന്നില്ല എന്നതാണ് പ്രൊഫസര്‍ തോമസ് കോരയുടെ വിഷമം.
ഗൌരിയമ്മ പോലും തിരികെ പോവാന്‍ റെഡിയായി നില്‍ക്കുമ്പോഴാണ് കിഴവന്‍റെ അഹങ്കാരം, ഒരു
രക്ത ഹാരം പോലും കിട്ടാതെ ശവ മടക്ക് നടക്കാനാവും വിധി എന്നൊക്കെ പ്രൊഫസറിന്‍റെ
ആത്മഗതത്തിലെത്തുമ്പോള്‍ കഥ വര്‍ത്തമാനകാല രാഷ്ട്രീയ സാഹചര്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതില്‍
അത്ഭുതപ്പെടാനില്ല. വര്‍ത്തമാന കാലത്തെ രാഷ്ട്രീയ അപചയങ്ങളും കഥയുടെ പ്ലോട്ടും
തമ്മില്‍ ഒരു കുഴമറിച്ചില്‍ സാധ്യമാവുണ്ട്. വിപ്ലവകാരി ഐഡിയ സ്റ്റാര്‍ സിങ്ങറിന്റെ
ആരാധകന്‍ ആണ്. അത് മറന്നാണ് കനു സന്യാലിന്റെ ആത്മഹത്യയുടെ ലൈവ് ടെലികാസ്റ്റ്
കാണുന്നത്. എന്നാല്‍ ഒരു സെമിറ്റിക് പ്രവാചകനെ പോലെ താന്‍ കണ്ട സന്യാലിന്റെ മരണം
അയാളെ റിയാലിറ്റി ഷോയില്‍ നിന്നും തന്‍റെ ഭൂതകാലത്തെക്ക് കൊണ്ട് പോവുന്നു. അതാവട്ടെ, നിലവിളിയും
ചോരയും കണ്ണീരും നിറഞ്ഞതാണ്. അമ്മയും ഭാര്യയും കുട്ടികളും നോക്കി നില്‍ക്കെ കൊല
ചെയ്ത വര്‍ഗശത്രുകളുടെ ചോര കഴുകിക്കളഞ്ഞു എങ്കിലും കണ്ണീരും നിലവിളിയും അയാളുടെ
ഓര്‍മ്മകളില്‍ കൂടെയുണ്ട്. വിപ്ലവകാരികളുടെ നാവു വീട്ടില്‍ അടക്കി വെയ്ക്കെണ്ടതാണ്
എന്നോര്‍മ്മപ്പെടുത്തുന്നത് ഭാര്യ ബിയാട്രീസ്യാണ്. അതാവട്ടെ മകന്‍റെ
തീരുമാനവും. നന്നായി വായിക്കുന്ന കോര സഖാവിനു വായിച്ചതില്‍ കണ്ടെത്താനാവാതെ പോയ
ചിലതുണ്ട്. അത് വിശക്കുന്നവന് വെന്ത ചോറും കൂട്ടാനും മതിയെന്നതും ദരിദ്രന്‍ ആമാശയങ്ങളുടെ
ഒരു കൂട്ടായ്മ ആണെന്നതും വിപ്ലവം തീറ്റ
വിഭവങ്ങളും മുഴുത്ത കൂലിയുമാണ് എന്നതുമോക്കെയാണ് . അതൊക്കെ സമ്മതിച്ചു കൊടുക്കാനും
കോര സഖാവ് തയ്യാറല്ലതാനും. സൂക്ഷ്മ രാഷ്ട്രീയ വിശകലനങ്ങളുടെ ആകെത്തുകയാണ് ചിതയും
കനലും. മൂന്നാം തലമുറ എന്നത് കോര സഖാവിന്‍റെ മെഡിക്കല്‍ വിദ്യാര്‍ഥിയായ കൊച്ചു
മകനാണ്. അവനാവട്ടെ കഥാന്ത്യത്തില്‍ ഒറീസയില്‍ നിന്ന് വന്ന കൂലിപ്പണിക്കാരന്‍
ദേബാശിഷ് ചൌരസ്യയ്ക്ക് ഒപ്പം അവന്‍റെ ഗ്രാമത്തിലേക്ക് പോവുകയാണ്. ചെറുമകന്‍ യാത്ര
പറയുന്നത് കോര സഖാവിനോടാണ്.. വേനല്‍ക്കുരുതിയില്‍
മൂപ്പെത്താതെ കരിഞ്ഞു പോയ ചോളപ്പാടം എന്നാണു കഥാകാരന്‍ ദേബാശിഷിന്റെ മുഖത്തെ പറ്റി
പറയുന്നത്. ചൌരസ്യ എന്ന അവന്‍റെ പേരിന്‍റെ വാലറ്റമാണ് കോര സഖാവിന്‍റെ കൌതുകം.
അതാണ്, അയാളെക്കൊണ്ട്
നിനക്ക് ഹരി പ്രസാദ് ചൌരാസ്യയെ അറിയാമോ എന്ന് ചോദിക്കുന്നത്. ചെമ്പും
ഇരുമ്പും ബോക്സൈറ്റും കക്കാന്‍ വേണ്ടി കുന്നുകള്‍ ഇടിക്കപ്പെട്ടു
കുടിയിറക്കപ്പെട്ട ഒരു ജനവിഭാഗത്തിന്റെ പ്രതിനിധിയാണ് ദേബാശിഷ്. അവനു കോര സഖാവ് മറ്റൊരു വേദാന്തിയാണ്.
പച്ചക്കള്ളന്മാരുമായി വേദാന്തികള്‍ക്ക് ഏറെ വ്യത്യാസമില്ല. വേദാന്തി എന്ന ഒറ്റവാക്കിന്റെ
ആഴത്തിലൂടെ വീണ്ടും കഥയുടെ രാഷ്ട്രീയ മാനം കക്ഷികള്‍ക്ക് അതീതമകാവുന്ന. വേദാന്ത
എന്ന പേര്‍ നമ്മുടെ പത്രമാധ്യമങ്ങളില്‍ ഇപ്പോഴില്ലെങ്കിലും.കൊച്ചു മകന്‍
പുറപ്പെട്ടുപോവുന്ന രാത്രി മുത്തശ്ശന്‍
കോര സഖാവ് ഐഡിയ സ്റ്റാര്‍ സിംഗറിന്റെ മുടങ്ങിയ എപ്പിസോഡ് കാണുമ്പോള്‍ മകന്‍
പ്രൊഫസര്‍ കോരയാവട്ടെ വരാനിരിക്കുന്ന വൈസ് ചാന്‍സലര്‍ പദവി സ്വപ്നം
കണ്ടുറങ്ങുന്നു. നിയോഗങ്ങള്‍ അങ്ങനെയാണ്. വഴികളും. ജീവിതത്തോളം വരുന്നില്ല ഒരു റിയാലിറ്റി ഷോയും എന്നാവും വായനക്കാരന്‍റെ
പ്രതികരണം.
മൂന്ന്
: കുടിയേറ്റത്തിന്‍റെ കേട്ടെഴുത്തും
കണ്ടെഴുത്തും
പ്രവാസം
എന്നത് ഒരു വ്യക്തിയുടെ ജീവിക്കുന്ന ഇടത്തില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല. അത്
പലപ്പോഴും ഒരു മാനസികാവസ്ഥ കൂടിയാണ്. പുനരധിവാസം എന്നത് വളരെ ഉപയോഗിച്ച് പഴകി
ക്ലീഷേ ആയിത്തീര്‍ന്നിട്ടുണ്ട് പ്രവാസത്തെ സംബന്ധിച്ച ചര്‍ച്ചകളില്‍ . അത്,
പ്രവാസമുപേക്ഷിച്ച് മടങ്ങി വരുന്നവരുടെ ദൈനംദിന ജീവസന്ധാരണത്തിന്റെ വഴികളെപ്പറ്റിയുള്ള
ചര്‍ച്ചകളില്‍ മാത്രം ഒതുങ്ങുന്ന ഒന്നല്ല
എന്നതാണ് യാഥാര്‍ത്ഥ്യം. പ്രവാസ ജീവിതത്തിനിടയില്‍ ജീവന്‍ നഷ്ടപ്പെട്ടു
പോകുന്നവരുടെ പുനരധിവാസം, അവരുടെ ഭൌതിക ശരീരത്തിന്‍റെ അടക്കം ചെയ്യല്‍ പ്രവാസ
ലോകത്ത് ഒരു കീറാമുട്ടിയാണ്. പലപ്പോഴും തിരികെ നാട്ടിലേക്ക് കൊണ്ട് പോവുന്ന ഉടലിനെ
അടക്കം ചെയ്യാന്‍ സ്വന്തമായി ആറടി മണ്ണ് ഇല്ലാത്തവരാവും ആ ഉടലിന്‍റെ
നാട്ടിലുള്ള അവകാശികള്‍ . പ്രവാസ ലോകത്ത് തന്നെ തങ്ങളുടെ അചേതനശരീരവും ഉപേക്ഷിക്കേണ്ടി
വരുന്നവര്‍ അനവധിയാണ്. പല എംബസികളും ഇത്തരത്തില്‍ ശവ ശരീരത്തിന്‍റെ കൈകാര്യം
ചെയ്യലിനെ സംബന്ധിച്ച സൂചകങ്ങള്‍ തങ്ങളുടെ പൌരന്‍മാര്‍ക്ക് നല്‍കിയിട്ടുമുണ്ട്. പറഞ്ഞു
വന്നത്, മൃതരുടെ പുനരധിവാസം എന്ന കഥയെപ്പറ്റിയാണ്. പരാജിതരുടെ ദേഹം കുഴിച്ചു
മൂടുന്നതില്‍ ആനന്ദം കണ്ടെത്തുന്ന മൂന്നു സുഹൃത്തുക്കളുടെ കഥയാണിത്. കാര്‍ലോസ് ആണ്
മറ്റു രണ്ടു കൂട്ടുകാരെ കൂടി ഭൂ ജീവിതം വേണ്ടെന്നു വച്ചവരുടെ ദേഹം ഭൂമി തുരന്നു
ഉള്ളടക്കം ചെയ്യുന്ന ആ ത്രില്ലിലേക്ക് കൊണ്ടുവന്നത്. ഒടുക്കം മൂവരില്‍ ഒരാളുടെ
ദേഹം മറ്റു രണ്ടു പേര്‍ ചേര്‍ന്ന് അടക്കം ചെയ്യേണ്ടി വരുമ്പോഴാണ് എന്തായിരുന്നു
തങ്ങളുടെ നിയോഗം എന്ന് മറ്റു രണ്ടു പേര്‍ കണ്ടെത്തുന്നത്. അതവരുടെ അവസാനത്തെ നിയോഗം കൂടിയാണ്.
ഇതേ തരത്തില്‍ തന്നെ പ്രവാസ ജീവിതങ്ങളുടെ,
പ്രത്യേകിച്ചും പ്രവാസികളായ പുരുഷന്‍മാരുടെ ജീവിതത്തെ പറ്റി അധികം ആരും പറയാത്ത ചില
സ്വകാര്യതകളാണ് “ കേട്ടെഴുത്തുകാരെ ആവശ്യമുണ്ട്” എന്ന കഥയില്‍ . ആട് ജീവിതം ഒരു പ്രവാസിയുടെ
ജീവിതത്തിന്‍റെ, അയാള്‍ അനുഭവിച്ച ശാരീരിക സംഘര്‍ഷങ്ങളുടെ കേട്ടെഴുത്ത് ആയിരുന്നു.
എന്നാല്‍ ആര്‍ക്കാണ് ഒരു പ്രവാസിയുടെ മാനസികവും ശാരീരികവും, അതും ലൈംഗികമായി
അടക്കി വെയ്ക്കപ്പെടുന്ന വികാരങ്ങളുടെ, കേട്ട് എഴുതുവാന്‍ കഴിയുക എന്ന ഒരു
പ്രവാസിയുടെ ചിന്തയാണ് ഈ കഥ. യൌവനവും മധ്യ വയസും കഴിഞ്ഞു വാര്‍ധക്യത്തില്‍ എത്തിയ ഒരാള്‍
തന്‍റെ വഴികളെ ഓര്‍ക്കുമ്പോള്‍ , അയാള്‍ ഇപ്പോള്‍ ഒരു സങ്കരവസ്തുവാണ്. നാനദേശക്കാരായ
സഹജീവികളുമായി ഇടപഴക്കത്തിലൂടെ മറുഭാഷകളിലെ വാക്കുകള്‍ , പരദേശി ഭക്ഷണം, അത്
തിന്നുന്ന രീതി, പെരുമാറ്റം, വസ്ത്രം, മണം ഇതെന്റെയൊക്കെ ഓരോ നുള്ളു കൊണ്ട് നിര്‍മ്മിക്കപ്പെട്ടതാണ്
അയാളിലെ സങ്കരത. ഈ സങ്കരത അവനെ സ്വയം പ്രതിരോധിക്കാന്‍ കഴിയാത്ത വിധം
മറ്റൊന്നാക്കുന്നു. എങ്ങും വേരു പടര്‍ത്താതെ വളരുന്ന ചെടി / ആറ്റു വെള്ളത്തില്‍
വേരുമായി ചുറ്റിത്തിരിഞ്ഞു പോവുന്ന ചില ചെടികളുടെ പോക്ക് / എന്നിങ്ങനെ ആണ് ഒരു
പ്രവാസിയുടെ വിശേഷണം. കോണ്‍ട്രാക്റ്റ് മാറുന്നതിനു അനുസരിച്ച് ഇടം മാറിപ്പോവുന്നു.
നാട്ടില്‍ എത്തിയാലോ, അധികാരം, പത്രാസ് ഒക്കെ ഉണ്ടെങ്കിലും ഭാര്യയും കുഞ്ഞുങ്ങളും
നാട്ടുകാരും ഒക്കെ വേറേതോ ജനുസ്സില്‍ ഉള്ളവരാണ് എന്ന തോന്നലാണ് കൂടെ എപ്പോഴും.
ഇത്തരത്തില്‍ ഒരു പ്രവാസിയുടെ അനുഭവങ്ങളുടെ ആഴത്തിനും പരപ്പിനും ഒക്കെ
ചപ്പുചവറുകള്‍ കൂട്ടിയിടുന്ന ഇടത്തിന്‍റെ ഗന്ധമാണ്. ചീയലും കരിയലും പുകയലുമാണ് എപ്പോഴും.
അവര്‍ സ്വയം ചീഞ്ഞു മറ്റെന്തിനൊക്കെയോ വളമായി മാറുന്നു. ഇതിനിടയില്‍ അമര്‍ത്തിവയ്ക്കുന്ന
ലൈംഗികതയുടെ വിടുതല്‍ ആവട്ടെ, ബ്ലൂ ഫിലിമുകളും അതിനു ശേഷമുള്ള സ്വയംഭോഗത്തിലുടെയുമാണ്.
അത് ഏകാന്തതയിലും ഇരുട്ടിലുമാണ് നിര്‍വഹിക്കപ്പെടുക. മേലാസകലം മറയ്ക്കുന്ന വസ്ത്രം
ധരിക്കുന്ന സ്ത്രീകളുടെ നാട്ടില്‍ അവരുടെ പുറത്ത് കാണുന്ന കാല്‍പാദത്തിന്റെ ലേശമായ
പിന്‍ ഭാഗ കാഴ്ച കൊണ്ട് തന്നെ ആ പാദത്തിന്‍റെ ഉടമയുടെ ആകാരവും സ്വഭാവവും നിര്‍ണ്ണയിക്കാന്‍
, ഉടമയുടെ മുല ഞെട്ടിന്റെ വലിപ്പം വരെ പറയാന്‍ അറബി പുരുഷന്‍മാര്‍ക്ക്
കഴിയുമത്രേ. ഇത്തരം കാഴ്ചകളിലൂടെ , അറിവിലൂടെ , അനുഭവത്തിലൂടെ കടന്നു പോവുന്ന പ്രവാസികളുടെ
ജീവിതത്തെ കേട്ടെഴുതാന്‍ തയ്യാറുള്ള മലയാളി എഴുത്തുകാരെ ക്ഷണിക്കുകയാണ് ഈ കഥ.
സ്വാഭാവികമായും ഈ രണ്ടു കഥകളും പറയുന്നത് മറ്റാരും കാണാത്ത, കണ്ടിട്ടും കാണാതെ
പോവുന്ന, മലയാള കഥയില്‍ പരിചിതമല്ലാത്ത, എന്നാല്‍ പൊതു സമൂഹത്തിന്‍റെ ശ്രദ്ധ ആവശ്യമുള്ള
പ്രവാസ ലോകത്തെ ചില പ്രശ്നങ്ങളാണ്. പ്രവാസി കൂടിയായ കഥാകാരന്‍റെ കാഴ്ചകളുടെ
വൈവിധ്യം, അവ രൂപീകരിക്കുന്ന ജീവിതത്തെ പറ്റിയുള്ള തെളിവാര്‍ന്ന ദര്‍ശനം തുടങ്ങിയവ
വെളിവാകുന്നു.
നാല് : മൌലികതയുടെ ക(ഥ)വിത കെട്ടല്‍.
ഒരു മനുഷ്യന്‍ മനുഷ്യനായിരിക്കുന്നതിന്റെ ക്ലേശവും ആനന്ദമാണ്
“കവിത കെട്ടുന്നവരുടെ ഗ്രാമം” എന്ന കഥയിലുള്ളത്. അത്, ജീവനുള്ള സകലരും കവിതകളുടെ
പ്രണയിനികള്‍ ആയ ഗ്രാമമാണ്. നിരക്ഷരരായ ഗ്രാമവാസികള്‍ പണി ചെയ്യുമ്പോള്‍ അവരുടെ
ആനന്ദം വായിലൂടെ കവിതകളായി വെളിയില്‍ വരുന്നു. അധിനിവേശത്തില്‍ അവര്‍ക്ക്
നഷ്ടമാവുക മനസിന്‍റെ ആനന്ദമാണ്. അത് കൊണ്ടാണ് അവര്‍ ഒരു അധികാരത്തിനും അടിയറവ്
പറയാത്തത്. ഇത്തരം ഒരു ഗ്രാമത്തെ അധിനിവേശങ്ങളില്‍ നിന്ന് സംരക്ഷിക്കുക എന്നത്
പ്രകൃതിയുടെ ആവശ്യം കൂടിയാണ്. ഏറെ പരിസ്ഥിതി പ്രാധാന്യമുള്ള ഒരു കഥയായി കവിത കെട്ടുന്നവരുടെ
ഗ്രാമം മാറുന്നത് അങ്ങനെയാണ്. മനുഷ്യന്‍റെ മണ്ണിലേക്കും, പ്രകൃതിയിലേക്കുമുള്ള
ആത്യന്തികവും അനിവാര്യവുമായ മടക്കമാണ് ഈ കഥയുടെ കാതല്‍.
ആധുനികാനന്തര മലയാള കഥാ ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടെണ്ട
പുതു തലമുറ കഥാകൃത്തുക്കളുടെ പേരുകളില്‍ തന്‍റെതുമുണ്ട് എന്ന് പറയാതെ പറയുന്നു ശ്രീ..പി.ജെ..ജെ ആന്റണി
ഈ കഥകളിലൂടെ. ഒരു എഴുത്തുകാരന്റെ സാമൂഹിക, രാഷ്ട്രീയ, പരിസ്ഥിതിദര്‍ശനങ്ങളുടെ അടയാളങ്ങളാണ്
ഈ സമാഹാരത്തിലെ ഓരോ കഥയും. അത് പറയുന്നതിനായി ക്രാഫ്റ്റിന്റെ ഗിമിക്കുകള്‍
ഉപയോഗിക്കുന്നില്ല എന്നയിടത്താണ് എഴുത്തിന്‍റെ, ഭാവനയുടെ മൌലികത വെളിവാകുന്നത്. മൌലികത ആണ് ഈ
സമാഹാരത്തിലെ കഥകളുടെ പൊതു അടയാളം
ഈ കഥകളിലെ ഭാഷ ഒരേ സമയം തെളിമയുള്ളതും സൂക്ഷ്മവുമാണ് ഒപ്പം, മൂര്‍ച്ചയുള്ളതും ലക്ഷ്യ
വേധികളും.