ശനിയാഴ്‌ച, മാർച്ച് 21, 2015

അപ്രത്യക്ഷമാകലിന്റെ ഓണ്‍ലൈന്‍ സാധ്യതാപഠനങ്ങള്‍

http://beta.mangalam.com/print-edition/sunday-mangalam/280903



റെ നാള്‍ കൂടെ നടന്നവര്‍ എന്നത് കൊണ്ടുമാത്രമല്ല അമ്മയോ സഹോദരിയോ ഭാര്യയോ ജീവിതത്തെ സ്വാധീനിച്ചവരിലെ  ആദ്യ പേരുകാര്‍ ആവുന്നത്. ക്ലേശഭരിതമായിരുന്ന ഒരിന്നലെയ്ക്ക് കൂട്ടായിരുന്നു അമ്മയും ഒരു പരിധി വരെ പെങ്ങളും. അതെ ഇന്നലെയുടെ ചെറിയ ഒരു കഷണവും പിന്നെ വന്ന അത്ര ആയാസരഹിതമല്ലാത്ത ഇന്നിനും കൂട്ടയുള്ളത് ഭാര്യയും മക്കളുമാണ്. ഒരു പക്ഷെ വലിയ ഒരു അളവുവരെ ഒരു പുതിയ തലമുറയുടെ വിചാര വികാരങ്ങള്‍ തിരിച്ചറിയുന്നത് മക്കളിലൂടെ ആണ്. അതും പെണ്മക്കളുടെ അച്ഛ്നമ്മമാര്‍ക്ക് വര്‍ത്തമാന കാല ജീവിതത്തില്‍ അനുഭവിച്ചറിയുവാനാവുന്ന പലതും അറിയുന്നത് മക്കളുടെ കണ്ണിലൂടെ ആണ്. അവരുടെ നിഷ്കളങ്ക ചോദ്യങ്ങള്‍ പലപ്പോഴും ചിന്തയിലും പ്രവൃത്തിയിലും സ്വാധീനം ചെലുത്തുന്നുണ്ട്. അനുഭവിച്ച ബാല്യ കൌമാരങ്ങള്‍ മനസ്സില്‍ വേരുരപ്പിച്ച ചില ചിന്തകളെ ഒരു പിതാവിന്റെ കണ്ണിലൂടെ ജീവന്‍ വയ്പ്പിക്കുന്നതിന്റെ ചാലകങ്ങള്‍ ആണ് മക്കള്‍. അതാണ്‌ അവരുടെ സ്വാധീനം; ജീവിതത്തില്‍. പക്ഷെ ഇതെഴുതുവാന്‍ കാരണമാകുന്ന ചോദ്യം വളരെ വ്യത്യസ്ഥമായ ഒരു ഉത്തരത്തെയാണ് പ്രതീക്ഷിക്കുന്നത്. നിയതമായ വിശദീകരണങ്ങള്‍ക്കോ വരച്ചു വച്ച കള്ളികളിലൊ ഒതുങ്ങാത്ത ഒരു ബന്ധത്തിനു ജീവിതത്തിലോ എഴുത്തിലോ ഉണ്ടാക്കാനാവുന്ന സ്വാധീനത്തെ പറ്റിയാണ് ചോദ്യം. ഉത്തരത്തിനായുള്ള പരതലില്‍ ഒട്ടേറെ മുഖങ്ങളിലേക്ക് ഓര്‍മ്മ അതിന്റെ ദേശാടനപക്ഷികളെ പറത്തി വിടുന്നു. ഓരോന്നും അവ ചില ദേശങ്ങളില്‍, ചില ചില്ലകളില്‍ സൂക്ഷിച്ച നിമിഷങ്ങളെ ചുണ്ടില്‍ കൊരുത്തുകൊണ്ട് മടങ്ങി വരുന്നു.അതില്‍ ദില്ലിയിലെ ഒരു കൊടും മഞ്ഞില്‍ കാണുന്നതെല്ലാം മഞ്ഞപ്പാവുന്ന മഞ്ഞപ്പിത്തകാലത്ത് ജോലിയില്‍ നിന്നും അവധിയെടുത്ത് ശുശ്രൂഷിച്ച ഒരു മുഖമുണ്ട്. അത്ര അടുത്ത ബന്ധമോ, കൊടുക്കല്‍ വാങ്ങലുകളോ പറയാനില്ലെങ്കിലും  ഇതൊക്കെയാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് മിനിമം ചെയ്യാനുള്ളത് എന്ന് പറയുന്നു ആ ഓര്‍മ്മ.

ഏതു സംസ്കാരത്തിന്റെയും നിര്‍മ്മിതിയില്‍ പുഴകള്‍ക്ക് വലിയൊരു സ്ഥാനമുണ്ട്. മലയാളത്തില്‍ അത് നിളയും പമ്പയും പങ്കിടുന്നു. ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച് കരകളെ പുണര്‍ന്നോഴുകുന്ന പുഴകള്‍ ആവട്ടെ, അത് കടന്നു പോവുന്ന ഇടങ്ങളുടെ ഫലഭൂയിഷ്ടതയെ നിര്‍ണ്ണയിക്കുന്നു. തലമുറകളുടെ ജീവിത വൃത്തികളെ വരെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവയാണ്, ഇത്തരം പുഴകള്‍. ജീവിതത്തിലും ഉണ്ട് എങ്ങനെ പുഴകളുടെ ധര്‍മ്മം നിര്‍വഹിക്കുന്ന ചില വ്യക്തികള്‍. അവരുടെ ഊരോ, പേരോ, പങ്കിട്ട നിമിഷങ്ങളുടെ കണക്കെടുക്കാലോ, കാണാതെ അവസാനിക്കലോ ഒന്നും സ്വാധീനത്തിന്റെ അളവ് കോല്‍ ആവുന്നില്ല.

ഓര്‍മ്മയുടെ ഒരു ദേശാടനപക്ഷി വര്‍ഷങ്ങളോളം പിന്നോട് ചിറകടിച്ചു പോവുന്നു.  അത് ചെന്നു നില്‍ക്കുന്ന കാലം വിവര സാങ്കേതികവിദ്യയുടെ കൌമാര കാലത്താണ്. സമൂഹ്യമാധ്യമങ്ങള്‍ അതിന്റെ പിച്ചവെക്കലുകള്‍ തുടങ്ങിയ കാലം. അതേ കാലത്താണ് ഓര്‍മ്മയിലുള്ള രണ്ടാം  സാമ്പത്തിക മാന്ദ്യത്തിന്റെയും തുടക്കം. ഒരേ സമയം ഒരു പാട് നേരം ഓണ്‍ലൈന്‍ ആവാനും അതെ നേരം ജോലിയെ സംബന്ധിച്ച കടുത്ത അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയും ചെയ്ത കാലത്താണ് സ്കൂള്‍-കോളേജ് കാലത്ത് മറന്നു വച്ച വായനയിലേക്കും എഴുത്തിലേക്കും മടങ്ങുന്നത്. അത് അച്ചടി മഷിയുടെ മണമുള്ള ഒന്നായിരുന്നില്ല. ലോകം ബ്ലോഗിങ്ങിനെ സംശയത്തോടെ എങ്കിലും ഉള്‍ക്കൊണ്ടു തുടങ്ങിയ കാലം. മലയാളത്തിലെ ആദ്യത്തെ സാമൂഹ്യ മാധ്യമസൈറ്റില്‍ വച്ചാണ് ഞങ്ങള്‍ കണ്ടു മുട്ടുന്നത്. ഏറെ വ്യത്യസ്തം എന്ന് തോന്നുന്ന ഒരു പേജിലെ സ്ഥിരം വായനക്കാരന്‍ ആവുന്നു. എഴുത്തില്‍ ഒരു പക്ഷെ വര്‍ത്തമാന കാലത്ത് ഫേസ് ബുക്കിലും മറ്റും സ്ത്രീ എഴുത്തുകാര്‍ എഴുതാനാഗ്രഹിക്കുന്ന, എഴുതി ആഘോഷിക്കുന്ന  സ്വാതന്ത്ര്യത്തെ അക്കാലത്ത് തന്നെ ആഘോഷിച്ചു തുടങ്ങിയിരുന്നു ആ പ്രൊഫൈല്‍ ഉടമ.മാധവിക്കുട്ടിയുടെയോ രാജലക്ഷ്മിയുടെയോ പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന എഴുത്ത് രീതിയുടെ ഉടമയായിരുന്നു. പ്രവാസത്തെ അതിന്റെ പ്രായോഗിക തലത്തില്‍ കാണുകയും എഴുതുകയും ചെയ്തിരുന്ന ഒരു വ്യക്തി കൂടി ആയിരുന്നു  എന്നതാവണം ആ പേജിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം.
അവിടെ വായിക്കുന്ന കവിതകള്‍ക്ക്, കഥകള്‍ക്ക് ഒക്കെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി തുടങ്ങി. ഏറെ ദിവസത്തെ വലിയ ഇടവേളകള്‍ ഉള്ള വാക്കുകളുടെ കൈമാറ്റത്തിനു ശേഷം, പരസ്പരം സംവദിക്കാനുള്ള പൊതു താല്പര്യങ്ങള്‍ ഉള്ള രണ്ടു പേര്‍ എന്ന് തിരിച്ചറിയുന്നു. സംഗീതം, രാഷ്ട്രീയം, സാഹിത്യം തുടങ്ങി ലോകത്തിനു കീഴെയുള്ള എന്തിനെ പറ്റിയും സംസാരിക്കുന്ന രണ്ടു പേര്‍. അതെ സമയം തൂലികാനാമമെന്നോ, യൂസര്‍ നെയിം എന്നോ മറ്റോ വിളിക്കാവുന്ന അജീവിയ വസ്തുക്കളായ രണ്ടു പേരുകള്‍ തമ്മിലുള്ള ആശയ സംവദനം ആയിരുന്നു അത്. പക്ഷെ മറുപടികള്‍ക്ക് ഇടയിലുള്ള കാല വിളംമ്പം പലപ്പോഴും അസഹനീയമായിരുന്നു. സമൂഹ്യമാധ്യമങ്ങളില്‍ അന്നും ഇന്നും സ്ത്രീകള്‍ക്ക് പൊതുവേ വേണ്ടാത്ത വ്യക്തി സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുക്കാത്ത ഒരു സമൂഹമാണ് മലയാളികളുടെത് എന്ന് തോന്നുന്നു. ഇപ്പോള്‍ ഫേസ് ബുക്കില്‍ വരുന്ന പല ചര്‍ച്ചകളും അവയില്‍ പലരും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും ശരിവയ്ക്കുന്നത് ഇതാണ്. ഇതേ അവസ്ഥയില്‍ പലപ്പോഴും ഓണ്‍ലൈന്‍ എഴുത്ത് ഉപേക്ഷിക്കാന്‍ ശ്രമിച്ച ചങ്ങാതിയെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ ഈ സൌഹൃദത്തിനു കഴിഞ്ഞു എന്നാണു വിശ്വാസം.
 ഇതെകാലത്താണ് ബ്ലോഗ്‌ എഴുത്തിന്റെ  തുടക്കകാലം. എന്നെ സംബന്ധിച്ച് മദ്ധ്യ പൌരസ്ത്യ ദേശത്തെക്കുള്ള പ്രവാസത്തിന്റെ പറിച്ചുനടലിന്റെയും തുടക്കകാലമിതാണ്.. മനസ്സില്‍ വരുന്നത് എന്തും മലയാളി കീ ബോര്‍ഡിലൂടെ പ്രകാശിപ്പിക്കുകയും ഒരേ ബട്ടന്‍ കൊണ്ട് ലോകത്തെ മുഴുവന്‍ അതറിയുക്കുകയും അതെ ബട്ടന്‍ കൊണ്ട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു തുടങ്ങിയതും അക്കാലത്താണ്.
 എഴുത്തിന് ഒരിക്കലും പ്രഥമഗണനീയമായ സ്ഥാനം കൊടുക്കാതിരുന്ന ഒരാള്‍ക്ക്, വായനയെ, ദിവസം നാല്‍പ്പത് വരിയെങ്കിലും വായിക്കുവാന്‍ ആവുന്നത് വലിയ കാര്യമായി തോന്നിയിരുന്ന ഒരാള്‍ക്ക് “എത്ര ആഴത്തില്‍ നിങ്ങള്‍ക്കിത് വായിക്കാനും അതിനെ ആസ്വദിക്കാനും ആവുന്നു. അതെ ഭാവന ഒരു പക്ഷെ നിങ്ങളുടെ എഴുത്തില്‍ പ്രതിഫലിച്ചെക്കും. എന്തുകൊണ്ട് എഴുതിക്കൂടാ?” എന്ന നിരന്തര ചോദ്യം വെറുതെ ഒന്ന് ശ്രമിച്ചാലോ എന്ന തോന്നല്‍ ഉണ്ടാക്കി എന്നതാണ്  സത്യം. ഒരു ശ്രമം എന്ന നിലയ്ക്ക് മഷിത്തണ്ട് എന്ന ഒരു പേരിനു പിന്നിലിരുന്നു എഴുതിത്തുടങ്ങി. പിന്നീടാണ് ഒരു ബ്ലോഗ്‌ തുടങ്ങിയത്. അത്  അക്ഷരങ്ങളില്‍ നിന്നും അകന്ന ഒരു ദശാബ്ദത്തിന്റെ വിടവ് അടച്ചു തുടങ്ങി. ആദ്യകാലത്ത് എഴുതിയ പാലത്തിന്റെ ആദ്യത്തെയും അവസാനത്തെയും വായനക്കാരി അവളായി. എഴുതിയ എന്തിനെയും നിഷ്കരുണം ഉപേക്ഷിക്കുവാന്‍ അവള്‍ക്ക് ഒരു മടിയും ഉണ്ടായില്ല. ഒരിക്കലും കണ്ടു മുട്ടാതിരുന്ന രണ്ടു പേര്‍ രണ്ടു കേബിളുകളുടെ ഇരു തലയ്ക്കും നിന്ന് നിരന്തരം സംവദിച്ചു. ബ്ലോഗ്‌ തുടങ്ങിയകാലത്ത് എന്റെ പേരുള്ളവര്‍ പലരായിരുന്നു. ഇവരില്‍ നിന്ന് പേര് കൊണ്ട് എങ്ങനെ വ്യത്യസ്ഥ മാവും എന്നുള്ളതായി ആദ്യത്തെ ചിന്ത. ചെറുപ്പം മുതല്‍ എനിക്കിഷ്ടമുള്ള ഒരു പേര്‍ ആണ് ചിത്തിര. അങ്ങനെ ഒരു പേരുകാരന്‍ എന്റെ അമ്മ വീടിനടുത്തുണ്ട്.അത് എന്റെ നാള് കൂടിയാണ്. എന്നാല്‍ രാജേഷ്‌ ചിത്തിര എന്നാവട്ടെ നിന്റെ പേര് എന്ന് നിര്‍ദ്ദേശിച്ചത് അവളാണ്.

എഴുതാത്ത ദിവസങ്ങളില്‍ നിനക്ക് എഴുതിക്കൂടെ, എന്നും എഴുതുന്ന ദിവസങ്ങളില്‍ ഇങ്ങനെയാണോ എഴുതുന്നത്, ഇതെന്ത് ട്രാഷ് എന്ന് അവയെ കൊന്നുകളയുന്നതും അവള്‍ തന്നെ. ആദ്യത്തെ ബ്ലോഗ്‌ എന്തോ കാരണത്താല്‍ തുറക്കാതെ ആയപ്പോള്‍ രണ്ടാമത്തെ ബ്ലോഗ്‌ അവളുടെ സൃഷ്ടിയായിരുന്നു. അതിന്റെ പേര് പറയുമ്പോള്‍ ഞാന്‍ നാട്ടിലെ ആയുര്‍വേദആശുപത്രിയില്‍ ചികിസ്തയില്‍. അതിലേക്കുള്ള ആദ്യത്തെ കവിത എഴുതുമ്പോള്‍ നാട്ടില്‍ മഴക്കാലം തുടങ്ങിയിരുന്നു. ജനാലയിലൂടെ മഴ നനഞ്ഞോടുന്ന ഒരു കീരി റോഡിന്റെ അങ്ങെപ്പുറത്ത് ഒരു ചെമ്പിലയ്ക്ക് കീഴെ നനഞ്ഞ ഉടല്‍ കുലുക്കി മഴയെ കുടഞ്ഞു കളയുന്നുണ്ടായിരുന്നു. പിന്നീടാണ് ഒരു സമൂഹ്യമാധ്യമത്തിലെ അജീവിയനാമത്തിലുള്ള പ്രൊഫൈലിനു സംഭവിക്കാവുന്ന സ്വാഭാവിക അന്ത്യം സംഭവിക്കുന്നത്. അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എന്നതിന്റെ ഒരു തെളിവും ബാക്കി വെയ്ക്കാതെ ഒരു വാനിഷിംഗ് ആക്റ്റ്. രണ്ടായിരത്തി പതിനൊന്നില്‍ ആണ് എന്റെ ആദ്യ പുസ്തകം ഉന്മത്തതയുടെ ക്രാഷ്ലങ്ടിങ്ങുകള്‍ പുറത്തു വന്നു.. അതിന്റെ ഉള്‍പ്പെജില്‍ നദീനാമങ്ങള്‍ക്ക് എന്നാണു സമര്‍പ്പണം. ഒരു നദീതുല്യ ജീവിതാനുഭവത്തിന്റെ കരകവിയല്‍  അവശേഷിപ്പിച്ച എക്കല്‍ ആണ് ഒരു പരിധി വരെ ഇപ്പോഴും എഴുത്തിന്റെ വഴിയിലെ തങ്ങാവുന്നത്.

ഒരേ നിമിഷം, സൌഹൃദത്തിന്റെയും വഴി പിരിയലിന്റെയും ജുഗല്‍ ബന്ധിയായ മറ്റൊരു ബന്ധവുമായെത്തുന്നു മറ്റൊരു ഓര്‍മ്മപ്പക്ഷി. ഒരു വിശദീകരണത്തിലും ഒതുങ്ങാത്ത ഒരു ബന്ധമാണ് ഇതെന്ന് ഞാനറിയുന്നു. ഞാന്‍ നിന്റെ സൌഹൃദകൂട്ടത്തില്‍ പെട്ടിട്ടില്ലല്ലോ ഒരിക്കലും എന്നത് ഏതു നിമിഷവും ഒരു അണ്‍ഫ്രണ്ട് ബട്ടനോ, ഡിലീറ്റിനോ തീര്‍ക്കാവുന്ന ക്ഷണികതയാണ്, ഞങ്ങള്‍ക്കിടയിലുള്ളതെന്നത്  ഓര്‍മ്മയിലുണ്ട്. ഒരേ നേരം ഒരു കുട്ടിയെ പോലെ എന്നെ നല്ല വഴി നടത്താന്‍ പഠിപ്പിച്ചു പരാജയപ്പെടുന്നു. അതെ നേരം, ക്ഷമയെ പരീക്ഷിക്കും വിധം ഞാന്‍ പറയുന്ന ഓരോ വാക്കിനെയും കടുത്ത ലിറ്റ്മസ് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു. എന്നിട്ടും ഒരു നല്ല സഹചാരിആയി കൂടെ നടക്കുന്നു. ഒരു സ്വാധീനശക്തിയാവുന്നു.
ദൂരങ്ങള്‍ താണ്ടി വരുന്ന മറ്റൊരു പക്ഷിയാവട്ടെ, എഴുത്ത് ജീവിതത്തില്‍ ഒരു പാട് കൂടെ നടന്ന മറ്റൊരാളാണ് . എന്റെ പല കവിതകളും ഈ ദേശവും അതിന്റെ ഭാഷയും കടന്നു മറ്റൊരു ദേശത്തും അതിന്റെ ഭാഷയിലുമുള്ളവര്‍ വായിച്ചത് അവളിലൂടെ ആണ്. എഴുത്തു  ജീവിതത്തിന്റെ അംഗീകാരത്തിന്റെ രണ്ടു അടയാളങ്ങള്‍ തേടിയെത്തുമ്പോള്‍; ഞാനില്ലാത്ത ആ വേദിയില്‍ അവളുണ്ടായിരുന്നു. രണ്ടും ഏറ്റു വാങ്ങിയത് ഞാനല്ല. അത് കൊണ്ട് തന്നെ അവ നല്‍കപ്പെടുമ്പോള്‍ അവളുടെ കണ്ണില്‍ എന്തായിരുന്നു എന്ന് അറിയാനായില്ല. ആദ്യത്തേത് സഹോദരീ ഭര്‍ത്താവും രണ്ടാമത്തേത് അമ്മയും ഏറ്റുവാങ്ങി. മലയാളത്തിലെ ഞാനിഷ്ടപ്പെടുന്ന രണ്ടു കവികള്‍, ശ്രീ. കുരീപ്പുഴ ശ്രീകുമാറും, ശ്രീ. ഡി. വിനയചന്ദ്രനും യഥാക്രമം ഈ പുരസ്കാരങ്ങള്‍ രണ്ടുപേര്‍ക്കും നല്‍കി. എന്റെ അമ്മയ്ക്കാവട്ടെ ഒരു മകള്‍ എന്ന് തോന്നിപ്പിക്കുന്ന അടുപ്പം അവളോടുണ്ട്. സ്ഥിരം സംസാരങ്ങളില്ലാത്ത രണ്ടു പേര്‍ക്കിടയില്‍ ഇടവേളകള്‍ ഒരു തടസ്സമാവുന്നില്ല. ഏതു വലിയ ഇടവേളയ്ക്കു ശേഷവും തുടക്കങ്ങള്‍ ഇല്ലാതെ സംസാരിക്കാന്‍ ആവുന്ന ഇഴയടുപ്പും ഹൃദയങ്ങള്‍ക്ക്‌ സൂക്ഷിക്കാന്‍ ആവുന്നു. ആത്യന്തികമായി ഒരാളില്‍ സ്വാധീനം ചെലുത്തുക അടുപ്പങ്ങളുടെ കാലപ്രമാണങ്ങള്‍ ആവില്ല നേരെ മറിച്ചു ഒരാള്‍ക്ക് മറ്റൊരാളുടെ ഹൃദയത്തില്‍ സൃഷ്ടിക്കാനാവുന്ന അടയാളങ്ങള്‍ ആവുമെന്ന് തോന്നുന്നു. ഇത്തരം അടയാളനിര്‍മ്മിതിയ്ക്ക് ഏതെങ്കിലും ബന്ധത്തിന്റെ പേരിട്ടു വിളിക്കേണ്ട ആവശ്യവും ഉണ്ടായി എന്ന് വരില്ല. അത് സ്വാഭാവികമായ സംഭവിക്കുന്നതാണ്. മനപൂര്‍വ്വമുള്ള നിര്‍മ്മിത്കള്‍ ആവില്ല തന്നെ.


Mangalam Sunday Edition : http://beta.mangalam.com/print-edition/sunday-mangalam/280903