പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മൃഗം സ്ത്രീയാകും എന്ന് പറഞ്ഞത് വെര്‍ജീനിയ വൂള്‍ഫ് ആണ്. സ്ത്രീകള്‍ സമൂഹികരാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്ന് തീണ്ടാപ്പാട് നിര്‍ത്തപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്. പൊതുവേ സാമൂഹികമായ നിലവാരം പുലര്‍ത്തപ്പെട്ടു എന്ന് ധരിക്കപ്പെട്ട ലണ്ടനില്‍ പോലും പതിനേഴാം നൂറ്റാണ്ടില്‍ വനിതകളുടെ സാക്ഷരത പത്ത് ശതമാനത്തില്‍ താഴെയായിരുന്നു എന്നത് ഇപ്പോള്‍ അവിശ്വസനീയം ആയി തോന്നിയേക്കാം. ജാന്‍ ഓസ്ടിന്റെ നോവലുകള്‍ വായിക്കുന്ന ഒരാളുടെ ശ്രദ്ധാപൂര്‍വകമായ വീക്ഷണം അവരുടെ കൃതികളിലെ പ്രണയ പരിസരത്തിനപ്പുറം, വൈവാഹിക ജീവിതത്തില്‍ സ്ത്രീയുടെ തന്റെ കാലില്‍ ഉറച്ചു നില്‍ക്കാനുള്ള , അവളുടെ സ്വാതന്ത്ര്യവാഛയെ കെട്ടഴിച്ചു വിടേണ്ടത്തിനുള്ള പ്രേരകങ്ങള്‍ ആയി അടയാളപ്പെടുത്തുന്നുണ്ട്.സ്ത്രീപക്ഷ ചിന്തകളുടെ തുടക്കക്കാരി എന്ന് വിശേഷിപ്പിക്കാവുന്ന മേരി വോള്‍സ്ടോന്‍ക്രാഫ്റ്റ് ആവട്ടെ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ മതിയായ വിദ്യാഭ്യാസത്തിന്റെ അഭാവം ആണ് സ്ത്രീകളെ രണ്ടാം നിര പൌരര്‍ ആയി കാണുന്നതിന്റെ കാരണം എന്ന് കണ്ടെത്തുകയുണ്ടായി. ഇരുപതം നൂറ്റാണ്ടില്‍ സ്ത്രീപക്ഷ ചിന്തകളുടെ രണ്ടാം കാറ്റ് വീശിത്തുടങ്ങിയപ്പോള്‍ വിദ്യാഭ്യാസത്തില്‍ അധിഷ്ടിതമായ സ്ത്രീതുല്യത മുന്നേറ്റങ്ങള്‍ക്ക് ആക്കം കൂടി. ഒരേ സമയം വളരെ സ്ത്രൈണ ഭാവവും അതെ നേരം തന്നെ പുരുഷനോളം മാനസികശാരീരികക്ഷമതയും സൂക്ഷിക്കാന്‍ ആവുന്ന സ്ത്രീ എന്നതായിരുന്നു മേരി വോള്‍സ്ടോന്‍ക്രാഫ്റ്റ്ന്റെ സ്ത്രീ സങ്കല്‍പം. പുരുഷ വിരുദ്ധത എന്നായിരുന്നില്ല സ്ത്രീപക്ഷ സങ്കല്‍പ്പങ്ങളെ അവര്‍ വിശ്വസിച്ചിരുന്നത്. അത്തരത്തില്‍ സമൂഹികരാഷ്ട്രീയ കലാ സാഹിത്യ രംഗങ്ങളില്‍ പുരുഷസമമായ സ്ത്രീ ജീവിതം ആണു സാമൂഹിക നീതിയുടെ അടിസ്ഥാന ഘടകം എന്ന് അവര്‍ കരുതി. സ്ത്രീയുടെ ചിന്താ ശക്തി, അവളുടെ അഭിരുചികള്‍ മാനവികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലങ്ങള്‍ ആവുന്നത് ആണ് ശരിയായ സ്ത്രീസമത്വത്തിന്റെ വഴി. പത്തൊമ്പതാം നൂറ്റാണ്ടില്‍ വെര്‍ജിനീയ വൂള്‍ഫ് ആവട്ടെ ഒരു എഴുത്തുകാരിയ്ക്ക് ആവശ്യം വേണ്ടത് ജീവിക്കാന്‍ ആവശ്യത്തിനു പണവും ഇരുന്നെഴുതാന്‍ സ്വന്തമായി ഒരു മുറിയും ആണെന്നു പറഞ്ഞു. എഴുത്തിന്റെ, പ്രസാധനത്തിന്റെ, വിപണനത്തിന്റെസിംഹ ഭാവവും കയ്യടക്കി വച്ചിരിക്കുന്ന പുരുഷ മേധാവിത്വത്തിനുമുന്നില്‍ സ്ത്രീയുടെ സാഹിത്യ സംരഭങ്ങള്‍ക്ക് വിദ്യാഭ്യാസ പരവുംസാമ്പത്തികപരവുമായ സ്വയം പര്യാപ്തത ആണ് ആവശ്യം എന്ന്നൂറ്റാണ്ടുകള്‍ക്ക് മുന്നേ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും ഇന്നും ഈ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവ് തന്നെ എന്ന്കാണാന്‍ കഴിയും.
എഴുത്ത് / ഭാവനലിംഗ പരവും ശാരിരികവുമായ വ്യത്യാസങ്ങളില്‍ നിന്ന്വിഭിന്നമാണെന്നും അതെ ഏതു മനുഷ്യ ജീവിയിലും സമതുലിതത പാളിക്കുന്നുവെന്നും പുരുഷ എഴുത്തുകാരോട് തോളോടുതോള്‍ ചേര്‍ന്ന്നിന്ന് ചരിത്ര പരിസരങ്ങളില്‍ തങ്ങളുടേതായ ഇടവും മുറിയും അടയാളപ്പെടുത്തിയ സ്ത്രീ എഴുത്തുകാര്‍ തെളിയിച്ചു കഴിഞ്ഞതാണ്. അവര്‍ ആകാശവും ഭൂമിയും മണ്ണും മരങ്ങളും കാറ്റും പുഴയും രതിയും പ്രണയവും വിരഹവും കോപവും താപവും ഉള്‍പ്പെടെ ജീവിയവും അജീവിയവും വികാരപരവുമായ എല്ലാം തന്നെ തങ്ങളുടെ കാലത്ത് അടയാളപ്പെടുത്തിയ പുരുഷ എഴുത്തുകാര്‍ക്ക് ഒപ്പം തോള്‍ ചേര്‍ന്ന് നിന്ന് തങ്ങളുടെ സാഹിത്യ സംഭാവനകള്‍ നല്‍കിയവരാണ്. മലയാളത്തില്‍ ബാലാമണിയമ്മയാവട്ടെ , തന്റെ സമശീര്‍ഷര്‍ ആയിരുന്ന ഇടശ്ശേരി, വൈലോപ്പിള്ളി,ജി.ശങ്കരക്കുറുപ്പ്, പി.കുഞ്ഞിരാമന്‍ നായര്‍,പാലാ നാരായണന്‍നായര്‍ ,വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുടങ്ങി അനവധി പ്രഗത്ഭമതികള്‍ ആയ എഴുത്തുകാര്‍ക്ക് ഒപ്പം തന്റേതു കൂടിയായ ഇടത്തെ സൃഷ്ടിച്ച എഴുത്തുകാരിയാണ്. മാതൃവാത്സല്യം,പ്രണയം, ഭക്തി എന്നത് മാത്രമല്ല പ്രകൃതി, മനുഷ്യ സഹജമായ മറ്റു ചോദനകള്‍, സാങ്കേതിക വളര്‍ച്ചകള്‍, രാഷ്ട്രീയംതുടങ്ങി എല്ലാ വിഷയങ്ങളും തങ്ങളുടെ കവിതകളുടെ ഭാഗമാക്കുന്ന പുതുതലമുറ കവികളുംലിംഗപരമായ അസമത്വങ്ങളെ അതിജീവിക്കാന്‍ ആയവരാണ്.
പുതിയ സാമൂഹിക ക്രമങ്ങള്‍ സ്ത്രീകളെ പരമ്പരാഗതമായി പുരുഷമേയ്ക്കൊയ്മ ഉണ്ടായിരുന്ന ഇടങ്ങളില്‍ പോലും തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാന്‍ പര്യാപ്തമാക്കിയിട്ടുണ്ട്. അനുദിനം വര്‍ദ്ധിച്ചു വരുന്ന സാങ്കേതിക വളര്‍ച്ച സ്ത്രീക്കോ പുരുഷനോ അത്രയേറെ കഠിനശ്രമങ്ങള്‍ കൂടാതെ തങ്ങളുടെ ഇടങ്ങളെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്താന്‍ സഹായകമാകുന്നു. അതെ സമയം, പരമ്പരാഗതവും തലമുറകളായി തങ്ങളുടെ ഭാഗമായിരുന്ന ഗാര്‍ഹികവും സാമൂഹികവുമായ അദൃശ്യ ഉത്തരവാദിത്വങ്ങള്‍ കുടഞ്ഞെറിയാന്‍ കഴിയാതെ ആവുന്ന ബഹു ഭൂരിപക്ഷം സ്ത്രീ എഴുത്തുകാര്‍ക്കും തങ്ങള്‍ക്ക് പെട്ടെന്ന് കൈവന്ന ആകാശ സ്വാതന്ത്ര്യത്തെ അഘോഷിക്കുന്നതിന്റെ വഴികളുമായി പൊരുത്തപ്പെടാനും ആവാതെ പോവുന്നുണ്ട്. ഇത്തരത്തില്‍ ചിന്താക്കുഴപ്പത്തില്‍ ആവുന്നതിന്റെ ഭാഗമായാവണം ചിലരെങ്കിലും ലിംഗ സ്വാതന്ത്യം എന്നാല്‍ ഉടല്‍ എഴുത്ത് എന്ന് തെറ്റിദ്ധരിച്ചു പോവുന്നത്. അവയവ വര്‍ണ്ണനകളുടെയും അസഭ്യ വാക്കുകള്‍ എന്ന് സമൂഹം വേര്‍തിരിച്ചു നിര്‍ത്തിയ വാക്കുകളുടെയും അമിത ഉപഭോഗം സ്വാതന്ത്ര്യത്തിന്റെ ലക്ഷണങ്ങള്‍ ആയി അവര്‍ ആഘോഷിക്കുന്നു. ആണ്‍ മേല്‍ക്കോയ്മ നിറഞ്ഞ സമൂഹത്തോട് ഉള്ള തങ്ങളുടെ സമര പ്രഖ്യാപനങ്ങള്‍ ആണ് സാഹിത്യ സംരഭങ്ങള്‍ എന്ന് ഉദ്ഘോഷിക്കുന്നവരും കുറവല്ല. ചിലരാവട്ടെ, പതിവ് പാതകളിലൂടെ ഭക്തിയും സ്നേഹവും നന്മയും വിഷയീഭവിപ്പിച്ച് പതിവ് എഴുത്ത് രീതികളില്‍ സാഹിത്യപ്രവര്‍ത്തനം നടത്തി സംതൃപ്തര്‍ ആവുന്നു. ഇത്തരം രീതി പതിവ് സാഹിത്യ ധാരണകള്‍ക്ക് ഒപ്പം നടക്കുകയും പെട്ടന്ന് തന്നെ ഭൂരിപക്ഷ പ്രീതി നേടിയെടുക്കയും ചെയ്യുന്നു. നേരെ മറിച്ച് മറ്റു ചിലര്‍ ആവട്ടെ, ഇതര ലിംഗവുമായി തോളോട് ചേര്‍ന്ന് സമാന്തരമായ ഒരു സഞ്ചാര പഥത്തെ കണ്ടെത്തുകയും സമതുലിത ഭാഷണത്തിനു മുതിരുകയും ചെയ്യുന്നു.ലോകം അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ തുറസ്സാണ്. അവര്‍ക്ക് പറയാനുള്ള വിഷയങ്ങള്‍, പങ്കു വെയ്ക്കാനുള്ള അനുഭവങ്ങള്‍ , കണ്ടെടുക്കാനുള്ള ഭാവനയുടെ ആകാശങ്ങള്‍ലിംഗാതീതം ആവുന്നു. അവരെ ക്ഷമയോടെ കേള്‍ക്കാന്‍ ലോകം തയ്യാറാവുന്നു. അവരുടെ പറച്ചിലില്‍ ആലംന്കാരികതകള്‍ മുഴച്ചു നില്‍ക്കുന്നുണ്ടാവില്ല. അവരുടെ വാക്കുകള്‍ നവീനമായൊരു രൂപഭംഗി അണിയുന്നുണ്ടാവില്ല. അവര്‍ അവരുടെ ഭാവനയുടെ കാതലുകള്‍ക്ക് മേല്‍ പുത്തന്‍ രീതിയുടെ ചിന്തെരിടുന്നുമില്ല. അവരുടെ വാക്കുകള്‍ക്കായി ഭൂരിപക്ഷത്തിന്റെ കാതുകള്‍ കാവലാകുന്നില്ല. എന്നാലോ കേള്‍ക്കുന്ന കാതുകളോട്, അറിയാന്‍ ആവുന്ന മനസുകളോട് ആഴത്തില്‍ സംവദിക്കാന്‍ ഈ വാക്കുകള്‍ക്ക് ആവുന്നുമുണ്ട്. ഒന്നിനെയും ഉടച്ചു വാര്‍ക്കുന്നില്ല; ഒന്നിനെയുംഅവസാനിപ്പിക്കുന്നുമില്ല.
ഒരേ നേരം സ്ത്രീപക്ഷ ചിന്തകളും അതെ നേരം ലിംഗാതീത മാനവികതയുടെ പതാകാവാഹകരാവുന്ന വാക്കുകള്‍ ആണ് ബിനു ആനമങ്ങാട് എന്ന യുവ കവിയുടെ കവിതകള്‍. സ്ത്രീജന്യമായ ഒരു നിസ്സഹായതയെ വായിക്കാന്‍ ആവുന്നുണ്ട് ബിനുവിന്റെ കവിതകളില്‍. ബിനുവിന്റെ രണ്ടാമത്തെ കവിത സമാഹാരമാണ്, ഫിഷ് തെറാപ്പി. ഉത്തരാധുനികാനന്തരസാഹിത്യം മുഖ്യമായും ആഗോളവത്കരണത്തിന്റെ ഗുണദോഷവശങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പൊതു ഭാവുകത്വ നിര്‍മ്മിതി എന്ന പരമ്പരാഗത ധാരണകളെ റദ്ദ് ചെയ്യുന്ന അത് ഓരോരുത്തരും അവനവന്റെ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നതിലെക്ക് ചുവടു മാറുന്നു. നിയത മാതൃകകളെ വിട്ടു മാറുന്ന ഇത്തരം എഴുത്തുകാരുടെ പ്രതിനിധിയാണ് ബിനുവും. ഫിഷ് തെറാപ്പി എന്ന പുസ്തകത്തിന്റെ പേര് തന്നെയായ കവിത കാണൂ.
മീന്‍മുറിവുകളുടെ/ കാലമായിരുന്നു അത് /നാല് കണ്ടങ്ങള്‍ക്കപ്പുറം /കതിനപൊട്ടുമ്പോള്‍ /വയല്‍ വരമ്പില്‍ /രാമന്‍കുളത്തിലെ പായല്‍ തണുപ്പിലേക്ക് / കാലിട്ടിരുന്ന കാലം....
ഇല്ലാതാവുന്ന കുളങ്ങള്‍, ഇല്ലാതാവുന്ന ഗ്രാമീണത എല്ലാ ദേശങ്ങളുടെയും വിധി ആണ്. തടുക്കാനാവത്തത്ര ആത്യന്തികത അതിനുണ്ട് എന്നൊരു നിസ്സംഗതയോടെ നോക്കി ഇരിക്കാനേ നമുക്കാവുന്നുള്ളൂ. പുറമേ നടക്കുന്ന വിസ്ഫോടനങ്ങളെഅവഗണിച്ച് തങ്ങളുടെ മണല്‍ക്കൂനകളിലേക്ക് ഉടല്‍ പൂഴ്ത്തിയിരിക്കുന്ന ഒട്ടക പക്ഷികള്‍ തന്നെ ആണ് സമകാലീന കാലത്ത് മനുഷ്യനും. പഴയ ഗ്രാമങ്ങളും മറിച്ചായിരുന്നില്ല. കതീന പൊട്ടുന്ന നേരത്തും ജലആര്‍ദ്രതയിലെക്ക് അവനവന്റെ കാലു നനച്ച് ചെറു മത്സ്യ ദൃംശനങ്ങളില്‍ ഇക്കിളിപ്പെട്ടിരുന്നബാല്യം ഇന്നു അന്യമാണ്. മറിച്ചോ, തൊലി മിനുസ്സപ്പെടുത്താനും മൃതകൊശങ്ങളെ നാട് കടത്താനും ശീതികരിച്ച മുറികളില്‍ മത്സ്യങ്ങളെഒരുക്കി ഫിഷ് തെറാപ്പിക്ക് കൈയ്യാട്ടി വിളിക്കുന്ന മാലുകല്‍ നമ്മുടെ ചെറു പട്ടണങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. ആഗോള വത്കരണത്തിന്റെ ഒരു പക്ഷെ നമ്മള്‍ കാണുന്ന ഏറ്റവും ഉത്തമ ഉദാഹരണം ആവണം ഇതും. സമൂഹം തന്നെ ഫിഷ് തെറാപ്പിക്ക് വിധേയമാക്കപ്പെടുകയാണ് ഇവിടെ. മീന്‍ വിഴുങ്ങല്‍ ചികത്സയുടെ പേരില്‍ കേരളത്തില്‍ ഒരു കാലത്ത് നടന്ന പറ്റിക്കലുകളെ പറ്റിക്കൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്.
പുതിയ കാലത്തെ കവിതകള്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നീയും ഞാനും ആവണം. ഉപയോഗിച്ചുപയോഗിച്ച് ഇത്ര കാലം ആയിട്ടും ഒട്ടും തേയാതെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്, ഒരു ന്യൂനപക്ഷവായനക്കാരിലെങ്കിലും ഞാന്‍ എന്നാല്‍ എഴുതുന്ന ആളും ഞാന്‍ എന്നാല്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ആരോ എന്ന ധാരണ.ബിനുവിന്റെ കവിതകളും ഈ നീ/ഞാന്‍ ദ്വന്ദം വളരെ പ്രകടമാണ്. കേവലം പ്രണയ കവിതാ ഉപകരണങ്ങള്‍ എന്നതില്‍ ഉപരി ഈ വാക്കുകളെ കവിയും കവിതയും എന്ന് വായിക്കാന്‍ഇഷ്ടപ്പെടുന്നു ഈ പുസ്തകത്തിലെ തിരുത്ത്, ഡിസംബര്‍, നീ, പരിണാമം , വിലക്കു കാലുകള്‍ക്ക്നടുവില്‍ തുടങ്ങിയ കവിതകള്‍.
ഇടവേളകളില്ലാതെ പെയ്യുന്ന /മഴയും കാറ്റും /വെയിലുമായിരുന്നുനീ എന്ന് കവിതയെ കവി പരിചയപ്പെടുത്തുന്നു. കവിയെ കീഴടക്കുന്നഎഴുത്തെന്ന ത്വരയുടെ പരിണാമത്തെ അനുഭവിക്കുന്നതാവട്ടെ -ഇന്ന്,/ നീ തണുത്തുറഞ്ഞൊരു ശിലയായ് / പരിണമിച്ചപ്പോള്‍/ഞാനറിയുന്നു / കീഴടക്കാനുള്ള ത്വരയായിരുന്നു/ നിന്നില്‍ കത്തിനിന്നിരുന്ന/ഊര്‍ജ്ജം മുഴുവനും (പരിണാമം) . എഴുത്തിന്റെ ഓര്‍മ്മകളില്‍ വേരുകള്‍ ആഴ്ത്തി അലഞ്ഞു നടക്കപ്പെടെണ്ടി വരുന്ന കവിയെ കാത്തിരിക്കുന്നത് ആവട്ടെ ചോരമണം വാര്‍ന്നൊഴുകുന്ന കൈതോലക്കാടുകള്‍ ആണെന്ന് പറയുന്നു നീ എന്നകവിതയില്‍. ആദ്യമായി കവിത തൊട്ട ദിവസം ഡിസംബര്‍ ആയിരുന്നു എന്നും അന്ന് മഞ്ഞു പൊഴിയുന്നുണ്ടായിരുന്നു എന്നും ഉള്ള ഓര്‍മ്മയാണ്ഡിസംബര്‍ എന്നാ കവിത.
ഒരേ നേരം ഒരൊറ്റ സ്പര്‍ശം കൊണ്ട് പുഷ്പിക്കുന്ന ഒരു വൃക്ഷങ്ങളും ഒരൊറ്റ നോട്ടം കൊണ്ട് സൌഗന്ധികങ്ങള്‍ ആവുന്ന കസ്തൂരി ഗര്‍ഭങ്ങളും അതെ നേരം ഒരൊറ്റ വാക്കുകൊണ്ട് ഉണങ്ങിക്കരിഞ്ഞു പോയേക്കാവുന്ന തായ്ത്തടികള്‍ തന്നെയുമുള്ള വൈര്യത്താല്‍ ഉഗ്രകോപികള്‍ ആയേക്കാവുന്ന ഉരഗമൃഗാദികളും ഉള്ള കുന്നും കുഴികളും പച്ചപ്പും മുല്‍പ്പടര്‍പ്പും ഉള്ള തരിശു തളിരുകള്‍ ഉള്ള ഒരപൂര്‍വവനസ്ഥലി ആണ് ഓരോ പെണ്ണുമെന്നു പരിചയപ്പെടുത്തുന്നു"വനസ്ഥലി " എന്ന കവിതയില്‍. അനുരാഗത്തിന്റെ ,പ്രണയത്തിന്റെ,അനുഭവത്തിന്റെ ഉദാത്ത ഉത്തുംഗതയാവും അത്തരത്തില്‍ ഒരാളുമായി തന്റെ നിമിഷങ്ങളെ പങ്കിടുന്ന ഒരുവന്റെ ജീവിതം. ഒരു മഴ പെയ്താല്‍ മതി ജീവിതകാലം മുഴുവന്‍ ചോര്‍ന്നോലിക്കാന്‍ എന്ന് പ്രണയത്തെ പരിചയപ്പെടുത്തിയത്പീ.ആര്‍ രതീഷ് ആണ്.
ഇന്ദ്രിയാതീത അനുഭവമാണ് അത്തരത്തില്‍ ഉള്ള ഒരു അനുഭവത്തിന്റെ കണ്ടെടുക്കല്‍. എല്ലാ ആസക്തികളുടെയും അവസാന വാക്കാവും പ്രണയം ചില നേരം . ഇന്ദ്രിയങ്ങളുടെ കണ്കെട്ട് വിദ്യപോലെ ചിലത് പ്രണയത്തില്‍ ഒളിച്ചിരിക്കുന്നുണ്ടാവണം. കാമത്തെ, രതിയെ ഒരു പാപമായി കണ്ടെടുക്കുന്ന നിമിഷത്തില്‍ അതില്‍ നിന്നുള്ള പാപനാശനം കൂടിയാണ് ഒരുവന്റെ/ ഒരുവളുടെപ്രണയം. അത് ശരീര ഭാഷയിലെ അക്ഷരത്തെറ്റുകളെ തിരുത്തിയെഴുതുന്നു.പ്രണയത്തിന്റെ ഭാഷ ശരീരം വരയ്ക്കും പോലെ മറ്റെന്തിനാണ് ചെയ്യാനാവുക. മാധവിക്കുട്ടിയുടെ പ്രണയാക്ഷരങ്ങുടെ നിഴല്‍ കാണാനാവുന്നുണ്ട് "പാപനാശിനി "എന്ന കവിതയില്‍. വിചിത്രമായ ആസക്തിയുടെ ലോകങ്ങളെ കുറിച്ചുള്ള ആകുലതകളെ പ്രണയ പാപനാശിനിയില്‍ കഴുകിക്കളയുന്നു. "ചാവുകടല്‍" ആവട്ടെ ഉപേക്ഷിക്കപ്പെടലില്‍ ഒരാളുടെ ഇല്ലാതാകലിനെ എഴുതി ചേര്‍ക്കുന്നു. ഒരു പാതി മയക്കത്തില്‍ കൊട്ടാരം വിട്ടുപോയ ബുദ്ധസ്മരണയില്‍ ഗൌതമപത്നി എത്രമാത്രം മരിച്ചിട്ടുണ്ടാവണം. പറയാതെ പോയ വാക്കുകളുടെ കണ്ടു പഴകിയ പാതിയടഞ്ഞ കണ്ണുകളുടെ ഓര്‍മ്മയില്‍ ചത്തുപോകലാണ് പ്രണയത്തിന്റെ അന്ത്യം.
ഉപ്പുപാടങ്ങള്‍ക്കപ്പുറമായിരുന്നു.
അവളുടെ വീട്
സദാ വിളര്‍ത്ത
കവിള്‍ത്തടങ്ങളും
തിണര്‍ത്ത ചുണ്ടുകളും
ഉപ്പുകാറ്റെറ്റു വാടിയിരുന്നു.
പുരികങ്ങള്‍ക്കിടയില്‍
ഉപ്പുപരലുകള്‍
പറ്റിപ്പിടിച്ചിരുന്നു.
പഴയൊരു ആത്മഹത്യാശ്രമത്തെ
ഓര്‍മ്മിപ്പിച്ചിരുന്നു
നീലിച്ച കഴുത്തിണ. (ഉപ്പുപാടങ്ങള്‍)
വര്‍ത്തമാന കാലത്ത് ഒരാള്‍ കവിത എഴുതുന്നു എന്നത് ആത്മഹത്യാപരമായ ഒരു പ്രവൃത്തിയാണ്. കവിത മറ്റെല്ലാ വിതകള്‍ക്കും അപ്പുറം കൊടുക്കവാങ്ങലിന്റെ ഒരു നാട്ടു ചന്തയിലെ വ്യവഹാര വസ്തു കൂടിയായി അത് രൂപാന്തരം പ്രാപിച്ചു തുടങ്ങിയിരിക്കുന്നു. കേള്‍ക്കപ്പെടാത്ത വേറിട്ട ശബ്ദങ്ങളും ഉപേക്ഷിപ്പെട്ട ചുമരുകളിലെ ഉടമസ്ഥനില്ലാത്ത ചിത്രക്കൊറലുകളും പോലെ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വേറിട്ട കവിതാ സംരംഭങ്ങള്‍ കാണാതെയോ/ കണ്ടില്ലെന്നു നടിക്കപ്പെടുകയോ/ പോവുന്ന ഒരു കാലത്തിനു ഒപ്പം നടക്കുമ്പോള്‍ അതത് കാലത്ത് അറിയാതെ പോയെക്കുമെങ്കിലും കാലത്തെ അതിജീവിക്കാനുള്ള പാങ്ങുള്ളവ പല വേനലുകളില്‍ വെന്ത ഒരു വിത്ത് അതിന്റെ ആദ്യ മഴയില്‍ എന്നതു പോലെ, എത്ര വൈകിയായാലും അതിന്റെ വായനയെ കണ്ടെത്തുക തന്നെ ചെയ്യും.