ശനിയാഴ്‌ച, മാർച്ച് 07, 2015

''ചുംബനം - ശ്ലീലം/ അശ്ലീലം


വര്‍ഷം രണ്ടായിരത്തി പതിമൂന്ന്, മാസം മേയ് :  തുര്‍ക്കിയില്‍ ചില  മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം പൊതു സ്ഥലങ്ങളിലെ / പരസ്യ ചുംബനങ്ങള്‍ക്ക് തുര്‍ക്കി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. മേയ് മാസം  ഇരുപത്തിയേഴാം തീയതി നൂറുകണക്കിന് സ്വാതന്ത്ര്യ ദാഹികള്‍ ആയ ജനങ്ങള്‍  "ഫ്രീ കിസ്" തങ്ങളുടെ അവകാശം എന്ന മുദ്രാവാക്യം മുഴക്കി അങ്കാരയിലെ റെയില്‍ വെ സ്റ്റേഷനില്‍ സംഘടിച്ചു. അവര്‍ പരസ്പരം ചുംബനങ്ങള്‍ കൈമാറുകയും പ്രതിഷേധ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ നിലപാടില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചു. ഇതെത്തുടര്‍ന്ന്‍ നൂറുകണക്കിന് പൌരന്‍മാര്‍ അറസ്റ്റില്‍ ആയി. ഈ സംഭവത്തോട് അനുബന്ധിച്ച് തുര്‍ക്കിയില്‍ മറ്റു പലയിടങ്ങളിലും മുസ്ലിം യാഥാസ്ഥികര്‍ വിഭാഗക്കാര്‍ സമരങ്ങളില്‍ പങ്കെടുത്ത ജനങ്ങളെ ശാരീരികമായി ആക്രമിക്കുകയുണ്ടായി. ഈ സമരം ഒരു ദിവസം ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി തുടങ്ങിയതാണ് എന്നു കരുതുന്നതിനപ്പുറം തുര്‍ക്കിയില്‍ നിഷ്പക്ഷമതികളും പുരോഗമനവാദികളുമായ ജനങ്ങള്‍ക്ക് നേരെ മത/വര്‍ഗ്ഗീയ വാദികളുടെ കടന്നു കയറ്റത്തിനു എതിരെ, തുര്‍ക്കി വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസ് മാര്‍ക്ക്  ലിപ്സ്ടിക് നിരോധനം, അവരോടു മുഖപടം ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം  തുടങ്ങിയവ എന്നിവയ്ക്ക് ഒക്കെ എതിരെ ഉള്ള സമരങ്ങളുടെ ആദ്യ കണ്ണി മാത്രമായിരുന്നു അത്  എന്ന് കാണാവുന്നതാണ്. രണ്ടായിരത്തി പതിനാല് ഒക്ടോബറില്‍ ആവട്ടെ, പരസ്യ ചുംബനത്തിനും ആലിംഗനത്തിനും നിരോധനം ഉണ്ടായത് സിംബാബ് വെ സര്‍വകലാശാലയില്‍ ആണ്. ചരിത്രം പറഞ്ഞു വന്നത്, രണ്ടു പേരുടെ അല്ലെങ്കില്‍ ഒരുകൂട്ടം ആള്‍ക്കാരുടെ ചുംബനം ഉറക്കം കെടുത്തുന്ന ഒന്നാവുന്നത് കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല എന്നതാണ്. എന്ത് കൊണ്ടാണ് രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ അവര്‍ക്ക് ചുറ്റുമുള്ള ലോകം എത്രമാത്രം അക്ഷമരും അസഹിഷ്ണുക്കളും ആവുന്നത് എന്നത് വികാരപരമായ അടിസ്ഥാനങ്ങള്‍ക്ക് മേലെ ചിന്തിക്കേണ്ട വിഷയമാണ്.

ഇതെഴുതുന്ന ആള്‍ രണ്ടു പെണ്മക്കളുടെ പിതാവാണ്. ഒരാള്‍ ടീ നേജ് പ്രായത്തില്‍ എത്തിരിക്കുന്നു. ഒരു പിതാവിനു തന്റെ മകളുടെ അല്ലങ്കില്‍ ഒരമ്മയ്ക്ക് തന്റെ മകന്റെ കവിളില്‍ ഒരു സ്നേഹചുംബനം നല്‍കാനോ, വാത്സല്യത്തിന്റെ ഒരു ആലിംഗനമുദ്ര നല്‍കാനോ രണ്ടു വട്ടം ചിന്തിക്കേണ്ട ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നത് ഒരു വല്ലാത്ത അവസ്ഥ തന്നെയാണ്. ചില അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. തൊണ്ണൂറുകളില്‍ ദില്ലിയില്‍ ഒരു വടക്കെയിന്ത്യന്‍ കുടുംബത്തിന്റെ, അവരുടെ ഒരു മുറിയിലെ വാസത്തില്‍ ആണ്, ഒരു കുടുംബത്തിലെ നാലോ അഞ്ചോ അംഗങ്ങള്‍ക്ക് എങ്ങനെയെല്ലാം ഇടപഴകി ജീവിക്കാം എന്ന് മനസില്‍ ആയത്. അതുവരെ ഇപ്പോഴത്തെ ന്യൂ ജെനരെഷന്‍ എന്ന് വിളിക്കുന്ന ചില സിനിമകളില്‍ ഫഹദ് ധരിച്ച ആ കുട്ടി നിക്കര്‍, പഴയ അണ്ട്രയാരിന്റെ അതേ രൂപത്തിലുള്ള വരയന്‍ നിക്കര്‍ , വീട്ടില്‍ എല്ലാവര്ക്കും ഒപ്പം ധരിച്ചു നടക്കാന്‍ പറ്റുന്ന ഒന്നാണ് എന്ന് അറിഞ്ഞിരുന്നില്ല. അടിയില്‍ ഒരു നിക്കറും അതിനു മീതേ ലുങ്കിയോ, വെള്ളമുണ്ടോ, അല്ലെങ്കില്‍ പാന്റോ ധരിച്ച മലയാളിയുടെ സങ്കല്പത്തിന് അപ്പുറം ആയിരുന്നു ആ വിട്ടിലെ ഗൃഹനാഥന്റെ നിക്കര്‍ പകലുകളും രാത്രിയും. അതെ വീട്ടിലെ പെണ്‍കുട്ടി, അവളായിരുന്നു എന്റെ റൂമിലെയും ഫ്യൂസ് ആയ ബള്‍ബ് മാറിയിട്ടിരുന്നത്. അവളുടെ വസ്‌ത്രധാരണവും വലിയ വ്യത്യാസം ഒന്നും ഉള്ളതായിരുന്നില്ല. കൂട്ടത്തില്‍ അപ്പോഴുണ്ടായിരുന്ന എന്റെ അമ്മയ്ക്കാവട്ടെ അതൊക്കെ ഒരു ധീരവനിതയുടെ പ്രവൃത്തിയായി തോന്നിയതില്‍ ഇപ്പോള്‍ അത്ഭുതവും ഇല്ല. പല വടക്കന്‍ ഇന്ത്യക്കാരും; മകളോ മകനോ അച്ഛനെയോ അമ്മയെയോ കാണുമ്പോള്‍ ആദ്യം ചെയ്യുക കാലു വന്ദിക്കുകയും പിന്നെ ആലിംഗനം ചെയ്യുകയും ആവും. അതില്‍ അവര്‍ക്ക് അസ്വഭാവികമായി ഒന്നും തോന്നാറില്ല. ഒരു മലയാളി ആവട്ടെ അവന്റെ ചില്ലറ ഉപചാരങ്ങളില്‍ , ഒരു ചിരിയില്‍ ഒതുക്കുന്നു അത്തരം സന്ദര്‍ഭങ്ങളെ.സ്വന്തം മകളുടെ വിവാഹദിവസം പോലും അവളെ തന്നോട് ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കാത്ത്തവര്‍ ആണ് ഭൂരിഭാഗം മലയാളി പിതാക്കന്മാരും.

പ്രീയ കവി വീരാന്‍ കുട്ടിയുടെ വരികള്‍ കടമെടുത്താല്‍ തങ്ങളില്‍ മിണ്ടും തൊടും എന്നൊക്കെയോര്‍ത്ത് നമ്മള്‍ നമ്മുടെ ആണിനെയും പെണ്ണിനേയും അകറ്റി നിര്‍ത്തുന്നു. അവര്‍ക്കായി പ്രത്യേകം ക്ലാസ് മുറികള്‍, പ്രത്യേകം റെയില്‍വേ ബോഗികള്‍, എന്തിനു പ്രത്യേകം എഴുത്ത് രീതികള്‍ പോലും  നിര്‍മ്മിക്കുന്നു. ഇങ്ങനെ നിര്‍മ്മിച്ച എല്ലാ അതിര്ത്തികളെയും ലംഘിച്ച് പരസ്പരം വേരുകള്‍ കൊണ്ടോ ഇലകള്‍ കൊണ്ടോ തൊട്ടടുത്ത് എത്തുന്നവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ നിയമപരമായ, ഭരണകൂട ഭീകരതയുടെ പ്രത്യക്ഷ,അപ്രത്യക്ഷ വഴികളെ ഉപയോഗിക്കാനും നമ്മള്‍ മടിക്കില്ല. ഭാരതീയ സംസ്കാരം എന്ന് ഭൂരിപക്ഷം എന്ന് അവകാശപ്പെടുന്നവര്‍ പറയുന്നത് മാനുഷികമായ ഒരു പരിഗണനയും ഒരു വ്യക്തിക്ക് നല്‍കാതെ, ഏതൊരു വ്യക്തിയുടെയും വികാരവിചാരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാതെ, നേരത്തെ തന്നെ ചില അജെണ്ടകളുടെ പിന്‍ബലത്തില്‍ സൃഷ്ടിക്കപ്പെട്ട ചില മാമൂലുകളെ പിന്തുടരാന്‍ എല്ലാവരെയും നിര്‍ബന്ധിക്കുക എന്നതാണ്‌.  സംസ്കാരം എന്നത് ലിഖിതമായ ഒന്നിന്റെയും , പാലിക്കപ്പെട്ട ഒന്നിന്റെയും പിന്‍ബലം ഇല്ലാത്ത സന്ദര്‍ഭോചിതം എന്നത് അധികാരവും ആള്‍ബലവും ഉണ്ടെന്നു കരുതപ്പെടുന്ന ഒരു കൂട്ടം തീരുമാനിക്കുന്ന ഒന്നാണ്. അതിനെ അനുസരിക്കാനും പിന്തുടരാനും വേണ്ടി വ്യക്തി സ്വാതന്ത്ര്യത്തെ ഏതു അളവുവരെയും നിഗ്രഹിക്കുവാന്‍ നമ്മുടെ സാംസ്‌കാരികപാലകര്‍ക്ക് മടിയേതും ഇല്ലതാനും.അവിടെ അവര്‍ക്ക് ജാതി,മത, വര്‍ഗ്ഗവ്യതിയാനം ഒന്നും തന്നെ ഉണ്ടാവുന്നില്ല.ഫാസിസം എന്ന് നമ്മള്‍ പറയുന്ന ഈ അവസ്ഥയ്ക്ക് പേരില്‍ മാത്രമേ വ്യതിയാനം കാണൂ. ഇവിടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമീപനവും പൌരന്റെ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണ് എന്ന് പറയാതെ വയ്യ.


ചുംബനമോ ആലിംഗനമോ ആവട്ടെ, അത് രണ്ടു വ്യക്തികള്‍ അവരുടെ പരിപൂര്‍ണ്ണ സമ്മതത്തോടെ പരസ്പരം കൈമാറുന്ന ഇടത്ത് മൂന്നാമത് ഒരാള്‍ക്ക് എന്താണ് കാര്യം ? പാതയോരത്ത് ഒരാള്‍ അബോധത്തിലോ പട്ടിണിയോ അര്‍ദ്ധാനഗ്നനായി കിടക്കുന്നത് കണ്ടാല്‍ അത് കണ്ടില്ല എന്ന് നടിച്ചു കടന്നു പോവുന്നവര്‍ ആണ് നമ്മളില്‍ ഭൂരിപക്ഷവും. പരിസര ശുചിത്വമിലലായ്മ നമ്മളെ ബാധിക്കുന്നേയില്ല. എന്നിട്ടും ചുംബനമോ വിരുദ്ധ ലിംഗങ്ങളുടെ ഇടകലരലോ നമ്മള്‍ എന്തുകൊണ്ടാണ് ഇത്ര അസഹിഷ്ണുതയോടെ കാണുന്നത്? ലോകത്ത് നടക്കുന്ന എല്ലാ പ്രവര്‍ത്തികളും എല്ലാവരുടെയും ഇഷ്ടത്തോടെ വേണം എന്നത് ജനാധിപത്യപരമോ, വ്യക്തി സ്വാതന്ത്ര്യത്തിനു അനുകൂലമോ ആയ അവസ്ഥയല്ല. അത് ആശാസ്യവുമല്ല. ആരുടെയൊക്കെയോ കണ്ണുകള്‍ക്ക് മുന്നില്‍, ആരൊക്കെയോ താല്പര്യങ്ങള്‍ക്ക് വിധേയമായി  മാത്രം ഭൂരിപക്ഷത്തിനു സഞ്ചരിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്ന വ്യക്തി സ്വാതന്ത്ര്യ നിഷേധത്തിന്റെ ഒരു കാലഘട്ടത്തിലൂടെ ആണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത് . സദാചാരപോലിസ് ചമയുന്ന പകല്‍ മാന്യന്മാരുടെ വ്യക്തി സ്വതന്ത്യത്തിലെക്കുള്ള കടന്നു കയറ്റം ജീവിതത്തെ ദുസ്സഹം അക്കിത്തീര്‍ക്കുന്നുണ്ട്. അത് കൊണ്ടാണ്, ആലപ്പുഴ ബീച്ചില്‍ കാറ്റ് കൊണ്ടിരിക്കാന്‍ ഭാര്യഭര്‍ത്താക്കന്മാര്‍ക്ക്  കയ്യില്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് കരുതേണ്ടി വരുന്നത്. ഭാര്യക്ക് നെറ്റിയില്‍ ഒരു മത വിഭാഗത്തിന്റെ മാത്രമായ ചില ചിഹ്നങ്ങള്‍ ആവശ്യമായി വരുന്നത്. അതുകൊണ്ടാണ്, മറൈന്‍ ഡ്രൈവില്‍ ആണും പെണ്ണും ചേര്‍ന്നിരിക്കാന്‍ പറ്റാതെ പോവുന്നത്. അതുകൊണ്ടാണ് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന ഗൃഹനാഥന്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നത്. അതെ നേരം തന്നെ, കൊച്ചു കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും പെണ് വാണിഭങ്ങള്‍ കേരളത്തില്‍ തഴച്ചു വളരുകയും ചെയ്യുന്നത്. മലയാളി ഒരേ സമയം രണ്ടു ഫേക്ക് പ്രൊഫൈലുകള്‍ സൂക്ഷിക്കുന്ന്ട്. സോഷ്യല്‍ മീഡിയയിലും സ്വന്തം ജീവിതത്തിലും. ഒന്ന് വെടക്കാക്കി തനിക്കാക്കല്‍ , രണ്ട് തനിക്കില്ലാത്തത് മറ്റാര്‍ക്കും ഇല്ലാതാക്കല്‍. സ്കൂളില്‍ പണ്ട് പഠിച്ച അത്യഗ്രഹിയും അസൂയക്കാരനും എന്ന പാഠം മാത്രമാവണം ഭൂരിഭാഗം മലയാളിയും ജീവിതത്തിലേക്ക് ചേര്‍ത്തത്. ഫലമോ, സ്വന്തം ജീവിതത്തെയും അപരജീവിതങ്ങളെയും ഒരേ സമയം അസന്തുഷ്ടമാക്കുന്നു.


ഈ നേരം, ജൂവാന്‍ മന്‍ എന്ന ആസ്ത്രേലിയക്കാരനെ ഓര്‍ക്കുന്നു. അയാളുടെ " ഫ്രീ ഹഗ്സ് " എന്ന കാമ്പയിന്‍ ഓര്‍ക്കുന്നു.അത്തരം ഒരു മൂവേമെന്റിനു അയാള്‍ സഹിച്ച ത്യാഗങ്ങളെ മറക്കാന്‍ ആവുന്നതല്ല.  മറ്റൊരാളുടെ എകാന്തതയ്ക്ക്, ലോകത്തില്‍ മറ്റൊന്നുമില്ല എന്ന തോന്നലിനു നമ്മുടെ ഒരു ആലിംഗനം എത്ര വലിയ ഒരു മാറ്റം ആണ് നല്‍കാന്‍ ആവുന്നത്. മുന്നാ ബായി എം.ബി.ബി.എസ് എന്ന സിനിമ ഒരു പക്ഷെ ഒരു പ്രേക്ഷകന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് അതിലെ ജാദൂ കി ച്ചപ്പി കൊണ്ട് ആവണം. ഒരു ആലിംഗനത്തിനു അത്രയും നിഷ്കളങ്കതും ശക്തിയും ഉണ്ട് എന്നതിനെ അന്ഗീകരിക്കല്‍ കൂടിയാവും അത്. ഒരു ചുംബനം ഒരിക്കലും കാമത്തിന്റെ ലക്ഷണം ആവുന്നില്ല. അതും അതൊരു പരസ്യമായ കൈമാറ്റം ആവുമ്പോള്‍. അത്തരം പരസ്യകൈമാറ്റങ്ങളിലൂടെ ആണ് ചുംബനത്തിന്റെ, ആണ്‍ പെണ് ബന്ധങ്ങളെപറ്റിയുള്ള സമൂഹത്തിന്റെ അബദ്ധപഞ്ചാംഗങ്ങള്‍ തിരുത്തി എഴുതപ്പെടുക. അവിടെ അശ്ലീലത്തിന് സ്ഥാനമില്ല. രണ്ടു പേര്‍ പരസ്പര സമ്മതത്തോടു ചെയ്യുന്ന എന്തും ശ്ലീലമാവണം. ആ രണ്ടു പേര്‍ ആവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്ന ഭാവി രാത്രികളുടെ വെളിച്ചവാഹകര്‍. അവര്‍ക്ക് ഒപ്പം നില്‍ക്കുക എന്നത് മാത്രമാണ് സമൂഹത്തിന്റെ ധര്‍മ്മം. പൊതു സ്ഥലത്തെ ചുംബനമോ ആലിംഗനമോ നിയമപരമായി തെറ്റല്ല എന്ന കോടതി വിധി നിലവിലുള്ള ഒരു രാജ്യത്ത് ഒരു കൂട്ടം ആളുകള്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം പരസ്പരം ചുംബിക്കുന്നതില്‍ ആര്‍ക്കാണു അശ്ലീലം കണ്ടെടുക്കാന്‍ ആവുക. അത്തരം ഒരു സൂക്ഷ്മദര്ശിനി കയ്യിലുണ്ടാവുക എന്നതോളം അശ്ലീലം ഇന്ത്യ പോലെ ഒരു രാജ്യത്ത് മറ്റൊന്ന് ഉണ്ടാവാന്‍ വഴിയില്ല.

A kiss can be a comma, a question mark or an exclamation point : Mistinguett. അതെ, ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഓരോ ചുംബനവും കൈമാറപ്പെടുമ്പോള്‍ ഒപ്പം നമ്മുടെ കപടസദാചാരത്തിനു നേരെ ഓരോ ചോദ്യചിഹ്നവും, വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നു കയറ്റത്തിനെതിരെ അതൊരു ഇരുട്ടടിയും ആവുന്നുണ്ട്‌. ചിലര്‍ക്കെങ്കിലും അതിനെ ഭയക്കാതെ വയ്യ എന്ന് അവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.