വെള്ളിയാഴ്‌ച, മാർച്ച് 06, 2015

"ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍" : പി. ജിംഷാര്‍

കഥകളുടെ കുന്നിലേക്ക് യാത്രയാവുന്നു ഒരു കൂട്ടുകാരനും കൂട്ടുകാരിയും. കുന്നിനും അവരുടെ കശുമാവിന്‍ തോപ്പിനും ഇടയിലുള്ള കാട്ടിലെ നരികളെ ഭയന്ന് അവരുടെ കൂട്ടുകാര്‍ അവര്‍ക്ക് ഒപ്പം പോവുന്നില്ല. എല്ലാ കഥകളിലെയും പോലെ തന്നെ, യാത്രയ്ക്കിടയില്‍ മഞ്ചാടിപ്പുഴ എത്തിയപ്പോള്‍ കൂട്ടുകാരിയും കൈവിട്ടു പോവുന്നു. ഒറ്റയ്ക്ക് പുഴ നീന്തി കഥക്കുന്നില്‍ എത്തുമ്പോള്‍ അവിടെ കാത്തു നില്‍പ്പുണ്ട് കൂട്ടുകാരി. കഥ പറഞ്ഞാല്‍ മാത്രം  തുറക്കുന്ന   നക്ഷത്ര പൂട്ട്‌ തുറക്കാന്‍ അവള്‍ക്ക് ഒരു കഥ വേണം. കൂട്ടുകാരന് പെട്ടന്നു ഓര്‍മ്മയില്‍ ഒരു കഥയും എത്തുന്നില്ല .കാറ്റ് അവനോടു പറഞ്ഞു.  വഴി പറഞ്ഞു കൊടുത്ത അപ്പൂപ്പന്‍  അവനു കൊടുത്ത ഭൂപടത്തില്‍ ഒരുപാട് കഥകളുണ്ട്. അവന്‍ ആ ഭൂപടത്തില്‍ നാല്‍പ്പത് കുഴികള്‍ ഉണ്ടാക്കി. ഓരോ കുഴിയില്‍ നിന്നും ഓരോ കുറിപ്പ് കണ്ടെത്തി.  പി. ജിംഷാര്‍ എഴുതിയ "ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍" ഉണ്ടാവുന്നത് അങ്ങനെയാണ്. നാല്‍പ്പത് കുറിപ്പുകളിലായി നോവലിസ്റ്റ് ഒരു നാടിന്റെ ആരും പറയാത്ത ഒരു ചരിത്രത്തെ നിര്‍മ്മിക്കുന്നു. സ്വാതന്ത്ര്യപൂര്‍വ കേരളത്തിലെ പൊന്നാനിയില്‍ തുടങ്ങുന്ന കഥ മൂന്നു തലമുറകളിലൂടെ ബാബറി മസ്ജിദിന്റെ തകര്‍ച്ചയും മാഅദനിയുടെ ഉയര്‍ച്ചയും വരെ ഉള്ള പശ്ചാത്തലത്തിലൂടെ ഒരു ദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമൂദായിക അവസ്ഥകളെ, അതിന്റെ അവസ്ഥാന്തരങ്ങളെ അനാവരണം ചെയ്യുന്നു. എങ്ങനെയാണ് നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ സമുദായം അതിന്റെ വിടവ സൃഷ്ടിക്കുന്നത്, പ്രണയത്തില്‍ പോലും സമുദായം അതിന്റെ ഫത്വ ഇമ്പ്ലിമെന്റ് ചെയ്യുന്നത് എന്നത് വളരെ ഭംഗിയായി പറയുന്നു ജിംഷാര്‍.  അമിതപാത്ര സൃഷ്ടിയും വിശദീകരണപരതയിലും പരത്തിപ്പറയലിലും നോവലിന്റെ പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന പുതിയ എഴുത്തുകാര്‍ക്കിടയില്‍ വേറിട്ട അനുഭവം ആവുന്നുണ്ട് നോവലിന്റെ എഴുത്ത് രീതി.  ലത്തീഫിന്റെയും നിരഞ്ജനയുടെയും ദുരന്തപ്രണയത്തിലൂടെ സമുദായങ്ങളുടെ ധ്രൂവികരണത്തിന്റെ വര്‍ത്തമാന അനുഭവങ്ങളെയും ലത്തീഫിന്റെ ഓര്‍മ്മകളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം,പിളര്‍പ്പ് , വളര്‍ച്ച,  പാര്‍ട്ടിയുടെ സാമൂഹിക പ്രസക്തി, കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പര്‍ദ്ദയുടെ വരവ് (ആദ്യകാലത്ത് അതൊരു പരാജയപ്പെട്ട ബിസിനസ്‌ സംരഭം ആയിരുന്നു) തുടങ്ങിയ വളരെ ഏറെ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളെയും അനുഭവങ്ങളെയും നോവലിസ്റ്റിന്റെ കണ്ണിലൂടെ പറയുമ്പോള്‍ അത് ഭാവനയുടെയും ചരിത്രത്തിന്റെ ഇഴചെരല്‍ ആവുന്നു. "ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍"  മലയാള നോവല്‍ ശാഖയിലെ മാജിക്കല്‍ റീയലിസത്തിന്റെ മറ്റൊരു ഉദാഹരണം ആവുന്നുണ്ട്‌. നോവലില്‍ തന്നെ പരാമര്‍ശിക്കുന്ന ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ഈ ഉദാഹരണത്തിന് സാക്ഷ്യം പറയാന്‍ കൂട്ടിനുണ്ട്. ഈ ചെറിയ നോവല്‍ 2015 ല്‍ വായിക്കുന്ന ആദ്യ നോവല്‍ ആവുന്നതില്‍ സന്തോഷം തോന്നുന്നു.