വെള്ളിയാഴ്‌ച, നവംബർ 27, 2015

കറുത്ത കാലത്തെ ഊര്‍ന്നു പോവാത്ത പ്രതികരണപ്പെടലുകള്‍ .

ഒരു ദുര്‍ന്നക്ഷത്രത്തിന്‍ കീഴില്‍
ഊളന്മാര്‍ ഓലിയിടുമ്പോള്‍
പിറന്നവരാണ് നമ്മള്‍, കവികള്‍.
(അജ്ഞാതനായ ആഫ്രിക്കന്‍ കവി – കറുത്ത കവിത – കെ. സച്ചിദാനന്ദന്‍ )

നമൂസ് പെരുവള്ളൂരിന്റെ കവിതാ സമാഹാരം “ഊര്‍ന്നു പോയെക്കാവുന്നത്ര മെലിഞ്ഞ രണ്ടു കാലുകള്‍” വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സില്‍ വന്നത് എപ്പോഴോ വായിച്ചു, മറന്നു എന്ന് കരുതിയിരുന്ന മേലെ കുറിച്ച കവിതയാണ്. ഈ കവിതകള്‍ വായിക്കുന്നതിന് ഇടയ്ക്ക് ലീറോയ് ജോണ്‍സിന്റെ കവിതയെ ഓര്‍ത്തു. ആശയങ്ങളും അതിന്റെ വിപരീതങ്ങളും നിറഞ്ഞ ഒരു ചുറ്റുപാടില്‍ എങ്ങും എവിടെയും എത്താതെ പോവുന്ന ചിന്താകുലരായ ഒരു സമൂഹത്തിന്റെ പ്രതികരണങ്ങള്‍ വന്നു പോവുന്നുണ്ട് നമൂസിന്റെ കവിതകളില്‍. ഏറ്റവും കുറഞ്ഞത് രണ്ടു കാലങ്ങളെ ആണ് ഈ കവിതകള്‍ അടയാളപ്പെടുത്താന്‍ ശ്രമിക്കുന്നത് എന്ന് കരുതുന്നു. ഒറ്റപ്പെടുത്തപ്പെട്ട, പ്രതീക്ഷയുടെ ഭാരം കൊടുത്ത് ചതിക്കപ്പെട്ട ഒരു വാര്‍ത്തമാന കാലത്തെയും, അമൂല്യമായ സ്മരണകളുടെ ഒരു ഭൂതകാലത്തെയും തുല്യഅളവില്‍ രേഖീയമാക്കാനുള്ള കവിയുടെ ശ്രമമുണ്ട് ഈ കവിതകളില്‍. കലണ്ടര്‍ എന്ന ആദ്യ കവിത മുതല്‍  ഗന്ധകപ്പച്ച, വയസ്സാകുന്നത് തുടങ്ങിയ കവിതകളില്‍ ഭൂതകാലത്തിന്റെ ഗന്ധവും സ്പര്‍ശവുമുണ്ട്. എന്നാല്‍ ഊര്‍ന്നു [പോയെക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍, ആദി (സ)മരം., ബിടി കാലത്തെ വഴുതന, വേട്ട, മേരാ ഭാരത് മഹാന്‍, കാഴ്ച, സദാചാരം, അടയാളം തുടങ്ങിയ കവിതകള്‍ കാലികപ്രസക്തങ്ങളാണ്. അവ ദുര്‍ന്നക്ഷത്രത്തിനു കീഴില്‍ ഊളന്മാരുടെ ഓലിക്ക് എതിരായി കവിയുടെ പ്രതികരണങ്ങള്‍ ആണ്. ഈ രണ്ടു പ്രത്യക്ഷകാലങ്ങളുടെ അടയാളപ്പെടുത്തലിനു അപ്പുറം നില്‍ക്കുന്ന മറ്റു ചില കവിതകള്‍ (എന്നില്‍ നിന്നു തുടങ്ങുന്നത്,മുറിപ്പാട്,വയസ്സാകുന്നത്, വെന്ത സ്വപ്‌നങ്ങള്‍,വയസ്സ് 29, മലയാളി തുടങ്ങിയവ) ആവട്ടെ സ്വത്വാന്വേഷണപരങ്ങളാണ്.

1.         ഒറ്റപ്പെടലിന്റെ രേഖപ്പെടുത്തല്‍‍ അഥവാ സമകാലികത.

“തല പോയ തെങ്ങിനെക്കാള്‍ / കഷ്ടമാണ് / ആസിയാന്‍ കാലത്തെ കര്‍ഷകനെന്ന് / ധ്യാനം മുറിഞ്ഞ കടല്‍ / കരയിലേക്ക് കയറുന്നു.” - ഊര്‍ന്നു പോയെക്കാവുന്നത്ര മെലിഞ്ഞ രണ്ടു കാലുകള്‍

“ശെരിക്കു പറഞ്ഞാല്‍ / ഒരു താന്തോന്നിക്കാറ്റിന്റെ /ഗൃഹാതുരത/  ശേഷിക്കുറവാണത്രെ / വഴുതനയ്ക്കിത് / ബി ടി ക്കാലമെന്നറിയാഞ്ഞിട്ടല്ല. പാവം “ – ബിടി കാലത്തെ വഴുതന.

ഒറ്റവാക്കില്‍ ക്രീയചെയ്യാവുന്ന പ്രശ്നങ്ങളെയല്ല വര്‍ത്തമാനകാലജീവിതം അനുഭവിച്ചു തീര്‍ക്കുന്നത്. ആഗോളികരണവും വിപണീകേന്ദ്രീകൃതജീവിതക്രമങ്ങളും ജീവിതത്തിന്റെ പതിവ് സാമാന്യവത്കരണങ്ങളെ റദ്ദു ചെയ്യുന്നുണ്ട്. ലോകവ്യവസ്ഥിതിയുടെ ചിട്ടപ്പെടുത്തലുകളെ തിരസ്കരിക്കുന്ന ജീവിതാനുഭവങ്ങള്‍ ലോകത്തെ അതിന്റെ സാങ്കേതികളെക്കാള്‍  ഉപരിയായി ചെറു ഗ്രാമത്തിലേക്ക് ചുരുക്കിയെക്കുന്നുണ്ട്. അത് കൊണ്ടാണ് മൂന്നാം ലോകത്തിലെ ഗ്രാമങ്ങള്‍ പോലും ആസിയാന്‍ കാലത്തെ കര്‍ഷകരെയോ, ബിടി വഴുതനയെപറ്റി പറയുന്ന അടുക്കളകളെ കൊണ്ടോ അല്ലെങ്കില്‍ ലോകബാങ്കിനെ പറ്റി വ്യാകുലപ്പെടുന്ന പ്രഭാതങ്ങളെ കൊണ്ടോ അടയാളപ്പെടും എന്ന് ഭയപ്പെടേണ്ടി വരുന്നത്. ഇത്തരം ഒരു കാലത്തെ അടയാളപ്പെടുത്തുന്നു ഊര്ന്നു പോയെക്കാവുന്നത്രയും മെലിഞ്ഞ രണ്ടു കാലുകള്‍ എന്ന കവിത. ആളാന്‍ മുതിരുന്ന മുതലുകളെ തിരുത്തേണ്ടി വരുന്ന മേല്‍ഘടകങ്ങളാല്‍ നമ്മുടെ രാഷ്ട്രീയം പതിവ് വിശ്വാസികതകളില്‍ നിന്നു കണ്ണു പോവുന്നിടത്താണ് രാഷ്ട്രീയ വിശ്വാസികളുടെ മെലിഞ്ഞു പോയ കാലുകള്‍ ഊര്‍ന്നു പോയേക്കും എന്ന് ഒരു കവിക്ക് ഭയപ്പെടേണ്ടി വരുന്നത്. അപചയം നേരിടുന്ന പ്രത്യയശാസ്ത്രങ്ങള്‍ തല പോയ തെങ്ങുകള്‍ പോലെയാണ്. ലാലൂരും വിളപ്പിന്‍ ശാലകളും പോലെയുള്ള ഒറ്റപ്പെട്ട ജനമുന്നേറ്റങ്ങള്‍ പലപ്പോഴും പ്രത്യയശാസ്ത്രങ്ങള്‍ തങ്ങളുടെ രക്ഷയ്ക്ക് എത്താതാവാന്‍ ഇടയില്ല എന്ന വിശ്വാസത്തില്‍ നിന്നു ഉണ്ടാവുന്നതാണ്. ഒരു തരത്തില്‍ കാലങ്ങളായി ഉരുവപ്പെട്ട പ്രത്യയശാസ്ത്രങ്ങള്‍, അതിന്റെ അടിത്തറകള്‍ മെലിഞ്ഞു മെലിഞ്ഞു സമൂഹത്തില്‍ നിന്നും ഊര്‍ന്നു പോയേക്കാവുന്ന ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നൊരു ഓര്‍മ്മപ്പെടുത്തല്‍ കൂടി ആണ് ഈ കവിത. ഇതേ ആശയങ്ങളോടും സന്ദര്‍ഭങ്ങലോടും ചേര്‍ന്ന ഒരു പ്രതികരണമാണ് ബിടി കാലത്തെ വഴുതന എന്ന കവിതയിലും.

വേട്ട എന്ന കവിതയില്‍ ആവട്ടെ വികസനത്തിന്റെ പേരില്‍ കുടിയോഴിക്കപ്പെടുന്നവരെ പറ്റിയാണ് പറയുന്നത്. രാത്രിയിലാണ് കതകില്‍ മുട്ടിയത് / പുരോഗതിയെന്നത് / കൂടൊഴിയലാണു / സ്വാതന്ത്ര്യമെന്നാല്‍ / ഉഷ്ണശീതങ്ങളെല്‍ക്കലും, എന്ന് പറയുന്നതിലെ കറുത്ത ഫലിതം ആണ് ഈ കവിതയെ ശ്രദ്ധേയമാക്കുന്നത്. അര്‍ദ്ധരാത്രിയില്‍ സ്വാതന്ത്യം കിട്ടിയ ഒരു ജനതയെ കാത്തിരിക്കുന്ന വികസനത്തിന്റെ വരവും അര്‍ദ്ധരാത്രി കതകില്‍ മുട്ടിക്കൊണ്ടാണ് എന്നത് അത്ര അതിശയോക്തി ഒന്നുമില്ലല്ലോ. അതെ സമയം വര്‍ത്തമാനകാലത്തോടുള്ള തീവ്രപ്രതികരണം എന്ന നിലയില്‍ അടയാളപ്പെടുത്തുന്ന ഈ കവിതകള്‍ അവയുടെ കാവ്യഭംഗി കൊണ്ടോ, കവിതയെ സംബന്ധിക്കുന്ന പതിവ് വാസ്തുമാതൃകകളോടുള്ള സാമ്യതകള്‍ കൊണ്ടല്ല പ്രസക്തമാകുന്നത്. അവ പ്രതികരണത്തിന്റെ സത്യസന്ധതകൊണ്ടാണ് സ്വയം അടയാളപ്പെടുത്തുന്നത്.

2.   ഭൂതകാലത്തിന്റെ ഒളിഞ്ഞു നോട്ടം അഥവാ ഒട്ടും ഗൃഹാതുരതയില്ലായ്മ.

ഭൂതകാലത്തെ പറ്റി പറയുക എന്നത് കേവലം ചരിത്രത്തിന്റെ അടയാളപ്പെടുത്താലോ ഗൃഹാതുരതയുടെ മഴച്ചാറ്റലോ ആവുന്നില്ല നാമൂസിന്റെ കവിതകളില്‍. ഈ കവിതകളിലെ ഭൂതകാലം പ്രസക്തമാവുന്നത് അതിന്റെ ജൈവികതകൊണ്ടും വര്‍ത്തമാനകാലവുമായുള്ള അതിന്റെ സ്പഷ്ടമായ ജുഗല്‍ബന്ധികള്‍ കൊണ്ടുമാണ്. ഗന്ധകപ്പച്ച എന്ന കവിത ഇവിടെ പറയേണ്ടതുണ്ട് എന്ന് തോന്നുന്നു. എല്ലായിടത്തും പുറത്ത് നിന്നു മഴ നനയാന്‍ വിധിക്കപ്പെട്ട മകന്റെ ഉമ്മ, ഒന്നും സാരമില്ല എന്ന് ആശ്വസിപ്പിക്കുമ്പോള്‍ തന്നെ, സ്വയം നിന്നു കത്തുകയാണ്. പറമ്പില്‍ പച്ചപ്പെട്ടു നില്‍ക്കുന്ന മൈലാഞ്ചി ചെടിയാവട്ടെ, കാറ്റില്‍ ഉപ്പയുടെ ബീഡിക്കറയുടെ ഗന്ധമാണ് കൊണ്ട് വരുന്നത്. അത് വളര്‍ന്നു നില്‍ക്കുന്നത് ഉപ്പയുടെ ദേഹത്താണ്. അതില്‍ നിന്നു ഒരു  ഒരു മൈലാഞ്ചി കമ്പ്   പൊട്ടിച്ചത് ഇലകള്‍ അരച്ച് കൈയ്യിലിട്ടാലോ എന്ന് കരുതിയാണ്.. എന്നാല്‍ അങ്ങനെ ചെയ്‌താല്‍ അതിന്റെ മണം കൊണ്ട്  ഉമ്മയ്ക്ക് ഉപ്പയുടെ ഓര്‍മ്മ വരും എന്നോര്‍ത്ത് മൈലാഞ്ചി കമ്പിനെ തലയിണകവറില്‍ ഒളിപ്പിക്കുന്നത് ആണ് ഈ കവിതയുടെ കാതല്‍.രണ്ടു കാലങ്ങളെ, മാനുഷിക ബന്ധങ്ങളുടെ നേര്‍ത്ത ഇഴകളെ ഭംഗിയായി വെളുപ്പെടുത്തുന്ന ഈ കവിത വളരെ വേറിട്ട്‌ നില്‍ക്കുന്നുണ്ട്.

മൊഴി എന്ന കവിതയില്‍ പറയുന്നത് സ്വന്തമായി മൊഴിയുണ്ടായിരുന്ന കാലത്ത് പറയാതെ വച്ച കാര്യങ്ങളെ പറ്റിയാണ്. പറയാതെ പോയവ പിന്നീട് സങ്കടപ്പെരുമഴകളായി നനയ്ക്കുന്നു.എങ്ങനെയാവും ഭാഷ നഷ്ടപ്പെട്ടവര്‍ പരസ്പരം സംവേദനം ചെയ്യുക? കൈമുദ്രകള്‍ മാത്രമായ ഒരു ഉടല്‍ കൊണ്ട് ഒരാള്‍ തന്റെ അസാന്നിധ്യത്തില്‍ മറ്റൊരാള്‍ക്ക് വെളിപ്പെടുക? മൃത്യു അതിന്റെ കറുത്ത കൈകളുമായി ഉടലിനെ ആശ്ലേഷിക്കാന്‍ ആയുമ്പോള്‍ മൌനം മാത്രമാവും കൂട്ടുണ്ടാവുക എന്നൊരു നിസ്സഹായതയാണ് ഈ കവിതയുടെ കാതല്‍.

3.    അകാല്‍പ്പനികത അഥവാ  പ്രണയത്തിന്റെ സ്ഥിരയൌവനം

ഏതു നട്ടുച്ചയിലും / പ്രണയം പകുത്ത് / കപ്പലില്‍ അടുത്തടുത്ത് / അരാസ. ഡാസയെന്നു / പാതി താണ്ടി / നീയും ഞാനും  ( വയസാകുന്നത്) 

ഒരിക്കലും പ്രായത്തിനു തൊട്ടറിയാന്‍ കഴിയാത്ത പ്രണയത്തെ പറ്റി പറയാന്‍ കവി കടമെടുക്കുന്നത് മാര്‍ക്വേസിന്റെ ആരാസയെയും ഡാസയെയും ആണ്. പ്രണയിനികളുടെ യാത്രകളില്‍ കൂട്ടുണ്ടാവുന്നത് സങ്കടപ്പോട്ടുകളും ഉടലില്‍ നിറയെ ഓര്‍മപ്പാടുകളും ആണ്.
മറ്റൊരു കവിതയായ “തുണി’ യില്‍ ആവട്ടെ, പ്രണയത്തിന്റെ വരവ് ഇങ്ങനെയാണ്.

സ്വപ്നമുരഞ്ഞുരഞ്ഞു / ഹൃദയം ചുവക്കവേ / ദുഖമഴിഞ്ഞ ഉടലില്‍ / ജീവിതം / പ്രണയമുടുക്കുന്നു.
**
എനിക്ക് നിന്നോടും / നിനക്ക് എന്നോടുമുള്ള പോലെ / ഒരു തീരാക്കടല്‍ / ഒരു തോരാമഴ / ഒരു ഒഴിയാ പുഴ / ഒരു കരിയാ കാട് / പ്രകൃതി /പിന്നെയും / പ്രണയമുടുക്കുന്നു .

“ഊര്‍ന്നു പോയെക്കാവുന്നത്രയും മെലിഞ്ഞ രണ്ട് കാലുകള്‍” എന്ന ഈ സമാഹാരം നമൂസ് പെരുവള്ളൂര്‍ എന്ന സാമൂഹിക പ്രതിബന്ധതയും ജീവിതത്തോടുള്ള ജൈവികപ്രതികരണ താല്‍പ്പരനുമായ ഒരു കവിയുടെ വരവിനെ അടയാളപ്പെടുത്തുന്നു. ഈ സമാഹാരം ഇനിയും ഏറെ ഈ കവിയില്‍ നിന്നും ഏറെ കവിതകള്‍ക്കുള്ള പ്രതീക്ഷ തരുന്നു.