ശനിയാഴ്‌ച, മാർച്ച് 21, 2015

അപ്രത്യക്ഷമാകലിന്റെ ഓണ്‍ലൈന്‍ സാധ്യതാപഠനങ്ങള്‍

http://beta.mangalam.com/print-edition/sunday-mangalam/280903



റെ നാള്‍ കൂടെ നടന്നവര്‍ എന്നത് കൊണ്ടുമാത്രമല്ല അമ്മയോ സഹോദരിയോ ഭാര്യയോ ജീവിതത്തെ സ്വാധീനിച്ചവരിലെ  ആദ്യ പേരുകാര്‍ ആവുന്നത്. ക്ലേശഭരിതമായിരുന്ന ഒരിന്നലെയ്ക്ക് കൂട്ടായിരുന്നു അമ്മയും ഒരു പരിധി വരെ പെങ്ങളും. അതെ ഇന്നലെയുടെ ചെറിയ ഒരു കഷണവും പിന്നെ വന്ന അത്ര ആയാസരഹിതമല്ലാത്ത ഇന്നിനും കൂട്ടയുള്ളത് ഭാര്യയും മക്കളുമാണ്. ഒരു പക്ഷെ വലിയ ഒരു അളവുവരെ ഒരു പുതിയ തലമുറയുടെ വിചാര വികാരങ്ങള്‍ തിരിച്ചറിയുന്നത് മക്കളിലൂടെ ആണ്. അതും പെണ്മക്കളുടെ അച്ഛ്നമ്മമാര്‍ക്ക് വര്‍ത്തമാന കാല ജീവിതത്തില്‍ അനുഭവിച്ചറിയുവാനാവുന്ന പലതും അറിയുന്നത് മക്കളുടെ കണ്ണിലൂടെ ആണ്. അവരുടെ നിഷ്കളങ്ക ചോദ്യങ്ങള്‍ പലപ്പോഴും ചിന്തയിലും പ്രവൃത്തിയിലും സ്വാധീനം ചെലുത്തുന്നുണ്ട്. അനുഭവിച്ച ബാല്യ കൌമാരങ്ങള്‍ മനസ്സില്‍ വേരുരപ്പിച്ച ചില ചിന്തകളെ ഒരു പിതാവിന്റെ കണ്ണിലൂടെ ജീവന്‍ വയ്പ്പിക്കുന്നതിന്റെ ചാലകങ്ങള്‍ ആണ് മക്കള്‍. അതാണ്‌ അവരുടെ സ്വാധീനം; ജീവിതത്തില്‍. പക്ഷെ ഇതെഴുതുവാന്‍ കാരണമാകുന്ന ചോദ്യം വളരെ വ്യത്യസ്ഥമായ ഒരു ഉത്തരത്തെയാണ് പ്രതീക്ഷിക്കുന്നത്. നിയതമായ വിശദീകരണങ്ങള്‍ക്കോ വരച്ചു വച്ച കള്ളികളിലൊ ഒതുങ്ങാത്ത ഒരു ബന്ധത്തിനു ജീവിതത്തിലോ എഴുത്തിലോ ഉണ്ടാക്കാനാവുന്ന സ്വാധീനത്തെ പറ്റിയാണ് ചോദ്യം. ഉത്തരത്തിനായുള്ള പരതലില്‍ ഒട്ടേറെ മുഖങ്ങളിലേക്ക് ഓര്‍മ്മ അതിന്റെ ദേശാടനപക്ഷികളെ പറത്തി വിടുന്നു. ഓരോന്നും അവ ചില ദേശങ്ങളില്‍, ചില ചില്ലകളില്‍ സൂക്ഷിച്ച നിമിഷങ്ങളെ ചുണ്ടില്‍ കൊരുത്തുകൊണ്ട് മടങ്ങി വരുന്നു.അതില്‍ ദില്ലിയിലെ ഒരു കൊടും മഞ്ഞില്‍ കാണുന്നതെല്ലാം മഞ്ഞപ്പാവുന്ന മഞ്ഞപ്പിത്തകാലത്ത് ജോലിയില്‍ നിന്നും അവധിയെടുത്ത് ശുശ്രൂഷിച്ച ഒരു മുഖമുണ്ട്. അത്ര അടുത്ത ബന്ധമോ, കൊടുക്കല്‍ വാങ്ങലുകളോ പറയാനില്ലെങ്കിലും  ഇതൊക്കെയാണ് ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് മിനിമം ചെയ്യാനുള്ളത് എന്ന് പറയുന്നു ആ ഓര്‍മ്മ.

ഏതു സംസ്കാരത്തിന്റെയും നിര്‍മ്മിതിയില്‍ പുഴകള്‍ക്ക് വലിയൊരു സ്ഥാനമുണ്ട്. മലയാളത്തില്‍ അത് നിളയും പമ്പയും പങ്കിടുന്നു. ഋതുഭേദങ്ങള്‍ക്ക് അനുസരിച്ച് കരകളെ പുണര്‍ന്നോഴുകുന്ന പുഴകള്‍ ആവട്ടെ, അത് കടന്നു പോവുന്ന ഇടങ്ങളുടെ ഫലഭൂയിഷ്ടതയെ നിര്‍ണ്ണയിക്കുന്നു. തലമുറകളുടെ ജീവിത വൃത്തികളെ വരെ സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവയാണ്, ഇത്തരം പുഴകള്‍. ജീവിതത്തിലും ഉണ്ട് എങ്ങനെ പുഴകളുടെ ധര്‍മ്മം നിര്‍വഹിക്കുന്ന ചില വ്യക്തികള്‍. അവരുടെ ഊരോ, പേരോ, പങ്കിട്ട നിമിഷങ്ങളുടെ കണക്കെടുക്കാലോ, കാണാതെ അവസാനിക്കലോ ഒന്നും സ്വാധീനത്തിന്റെ അളവ് കോല്‍ ആവുന്നില്ല.

ഓര്‍മ്മയുടെ ഒരു ദേശാടനപക്ഷി വര്‍ഷങ്ങളോളം പിന്നോട് ചിറകടിച്ചു പോവുന്നു.  അത് ചെന്നു നില്‍ക്കുന്ന കാലം വിവര സാങ്കേതികവിദ്യയുടെ കൌമാര കാലത്താണ്. സമൂഹ്യമാധ്യമങ്ങള്‍ അതിന്റെ പിച്ചവെക്കലുകള്‍ തുടങ്ങിയ കാലം. അതേ കാലത്താണ് ഓര്‍മ്മയിലുള്ള രണ്ടാം  സാമ്പത്തിക മാന്ദ്യത്തിന്റെയും തുടക്കം. ഒരേ സമയം ഒരു പാട് നേരം ഓണ്‍ലൈന്‍ ആവാനും അതെ നേരം ജോലിയെ സംബന്ധിച്ച കടുത്ത അനിശ്ചിതാവസ്ഥ നിലനില്‍ക്കുകയും ചെയ്ത കാലത്താണ് സ്കൂള്‍-കോളേജ് കാലത്ത് മറന്നു വച്ച വായനയിലേക്കും എഴുത്തിലേക്കും മടങ്ങുന്നത്. അത് അച്ചടി മഷിയുടെ മണമുള്ള ഒന്നായിരുന്നില്ല. ലോകം ബ്ലോഗിങ്ങിനെ സംശയത്തോടെ എങ്കിലും ഉള്‍ക്കൊണ്ടു തുടങ്ങിയ കാലം. മലയാളത്തിലെ ആദ്യത്തെ സാമൂഹ്യ മാധ്യമസൈറ്റില്‍ വച്ചാണ് ഞങ്ങള്‍ കണ്ടു മുട്ടുന്നത്. ഏറെ വ്യത്യസ്തം എന്ന് തോന്നുന്ന ഒരു പേജിലെ സ്ഥിരം വായനക്കാരന്‍ ആവുന്നു. എഴുത്തില്‍ ഒരു പക്ഷെ വര്‍ത്തമാന കാലത്ത് ഫേസ് ബുക്കിലും മറ്റും സ്ത്രീ എഴുത്തുകാര്‍ എഴുതാനാഗ്രഹിക്കുന്ന, എഴുതി ആഘോഷിക്കുന്ന  സ്വാതന്ത്ര്യത്തെ അക്കാലത്ത് തന്നെ ആഘോഷിച്ചു തുടങ്ങിയിരുന്നു ആ പ്രൊഫൈല്‍ ഉടമ.മാധവിക്കുട്ടിയുടെയോ രാജലക്ഷ്മിയുടെയോ പിന്തുടര്‍ച്ച അവകാശപ്പെടാവുന്ന എഴുത്ത് രീതിയുടെ ഉടമയായിരുന്നു. പ്രവാസത്തെ അതിന്റെ പ്രായോഗിക തലത്തില്‍ കാണുകയും എഴുതുകയും ചെയ്തിരുന്ന ഒരു വ്യക്തി കൂടി ആയിരുന്നു  എന്നതാവണം ആ പേജിലേക്ക് ആകര്‍ഷിക്കപ്പെടാന്‍ കാരണം.
അവിടെ വായിക്കുന്ന കവിതകള്‍ക്ക്, കഥകള്‍ക്ക് ഒക്കെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി തുടങ്ങി. ഏറെ ദിവസത്തെ വലിയ ഇടവേളകള്‍ ഉള്ള വാക്കുകളുടെ കൈമാറ്റത്തിനു ശേഷം, പരസ്പരം സംവദിക്കാനുള്ള പൊതു താല്പര്യങ്ങള്‍ ഉള്ള രണ്ടു പേര്‍ എന്ന് തിരിച്ചറിയുന്നു. സംഗീതം, രാഷ്ട്രീയം, സാഹിത്യം തുടങ്ങി ലോകത്തിനു കീഴെയുള്ള എന്തിനെ പറ്റിയും സംസാരിക്കുന്ന രണ്ടു പേര്‍. അതെ സമയം തൂലികാനാമമെന്നോ, യൂസര്‍ നെയിം എന്നോ മറ്റോ വിളിക്കാവുന്ന അജീവിയ വസ്തുക്കളായ രണ്ടു പേരുകള്‍ തമ്മിലുള്ള ആശയ സംവദനം ആയിരുന്നു അത്. പക്ഷെ മറുപടികള്‍ക്ക് ഇടയിലുള്ള കാല വിളംമ്പം പലപ്പോഴും അസഹനീയമായിരുന്നു. സമൂഹ്യമാധ്യമങ്ങളില്‍ അന്നും ഇന്നും സ്ത്രീകള്‍ക്ക് പൊതുവേ വേണ്ടാത്ത വ്യക്തി സ്വാതന്ത്ര്യം അംഗീകരിച്ചു കൊടുക്കാത്ത ഒരു സമൂഹമാണ് മലയാളികളുടെത് എന്ന് തോന്നുന്നു. ഇപ്പോള്‍ ഫേസ് ബുക്കില്‍ വരുന്ന പല ചര്‍ച്ചകളും അവയില്‍ പലരും പ്രകടിപ്പിക്കുന്ന അസഹിഷ്ണുതയും ശരിവയ്ക്കുന്നത് ഇതാണ്. ഇതേ അവസ്ഥയില്‍ പലപ്പോഴും ഓണ്‍ലൈന്‍ എഴുത്ത് ഉപേക്ഷിക്കാന്‍ ശ്രമിച്ച ചങ്ങാതിയെ ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ ഈ സൌഹൃദത്തിനു കഴിഞ്ഞു എന്നാണു വിശ്വാസം.
 ഇതെകാലത്താണ് ബ്ലോഗ്‌ എഴുത്തിന്റെ  തുടക്കകാലം. എന്നെ സംബന്ധിച്ച് മദ്ധ്യ പൌരസ്ത്യ ദേശത്തെക്കുള്ള പ്രവാസത്തിന്റെ പറിച്ചുനടലിന്റെയും തുടക്കകാലമിതാണ്.. മനസ്സില്‍ വരുന്നത് എന്തും മലയാളി കീ ബോര്‍ഡിലൂടെ പ്രകാശിപ്പിക്കുകയും ഒരേ ബട്ടന്‍ കൊണ്ട് ലോകത്തെ മുഴുവന്‍ അതറിയുക്കുകയും അതെ ബട്ടന്‍ കൊണ്ട് അത് ഡിലീറ്റ് ചെയ്യുകയും ചെയ്തു തുടങ്ങിയതും അക്കാലത്താണ്.
 എഴുത്തിന് ഒരിക്കലും പ്രഥമഗണനീയമായ സ്ഥാനം കൊടുക്കാതിരുന്ന ഒരാള്‍ക്ക്, വായനയെ, ദിവസം നാല്‍പ്പത് വരിയെങ്കിലും വായിക്കുവാന്‍ ആവുന്നത് വലിയ കാര്യമായി തോന്നിയിരുന്ന ഒരാള്‍ക്ക് “എത്ര ആഴത്തില്‍ നിങ്ങള്‍ക്കിത് വായിക്കാനും അതിനെ ആസ്വദിക്കാനും ആവുന്നു. അതെ ഭാവന ഒരു പക്ഷെ നിങ്ങളുടെ എഴുത്തില്‍ പ്രതിഫലിച്ചെക്കും. എന്തുകൊണ്ട് എഴുതിക്കൂടാ?” എന്ന നിരന്തര ചോദ്യം വെറുതെ ഒന്ന് ശ്രമിച്ചാലോ എന്ന തോന്നല്‍ ഉണ്ടാക്കി എന്നതാണ്  സത്യം. ഒരു ശ്രമം എന്ന നിലയ്ക്ക് മഷിത്തണ്ട് എന്ന ഒരു പേരിനു പിന്നിലിരുന്നു എഴുതിത്തുടങ്ങി. പിന്നീടാണ് ഒരു ബ്ലോഗ്‌ തുടങ്ങിയത്. അത്  അക്ഷരങ്ങളില്‍ നിന്നും അകന്ന ഒരു ദശാബ്ദത്തിന്റെ വിടവ് അടച്ചു തുടങ്ങി. ആദ്യകാലത്ത് എഴുതിയ പാലത്തിന്റെ ആദ്യത്തെയും അവസാനത്തെയും വായനക്കാരി അവളായി. എഴുതിയ എന്തിനെയും നിഷ്കരുണം ഉപേക്ഷിക്കുവാന്‍ അവള്‍ക്ക് ഒരു മടിയും ഉണ്ടായില്ല. ഒരിക്കലും കണ്ടു മുട്ടാതിരുന്ന രണ്ടു പേര്‍ രണ്ടു കേബിളുകളുടെ ഇരു തലയ്ക്കും നിന്ന് നിരന്തരം സംവദിച്ചു. ബ്ലോഗ്‌ തുടങ്ങിയകാലത്ത് എന്റെ പേരുള്ളവര്‍ പലരായിരുന്നു. ഇവരില്‍ നിന്ന് പേര് കൊണ്ട് എങ്ങനെ വ്യത്യസ്ഥ മാവും എന്നുള്ളതായി ആദ്യത്തെ ചിന്ത. ചെറുപ്പം മുതല്‍ എനിക്കിഷ്ടമുള്ള ഒരു പേര്‍ ആണ് ചിത്തിര. അങ്ങനെ ഒരു പേരുകാരന്‍ എന്റെ അമ്മ വീടിനടുത്തുണ്ട്.അത് എന്റെ നാള് കൂടിയാണ്. എന്നാല്‍ രാജേഷ്‌ ചിത്തിര എന്നാവട്ടെ നിന്റെ പേര് എന്ന് നിര്‍ദ്ദേശിച്ചത് അവളാണ്.

എഴുതാത്ത ദിവസങ്ങളില്‍ നിനക്ക് എഴുതിക്കൂടെ, എന്നും എഴുതുന്ന ദിവസങ്ങളില്‍ ഇങ്ങനെയാണോ എഴുതുന്നത്, ഇതെന്ത് ട്രാഷ് എന്ന് അവയെ കൊന്നുകളയുന്നതും അവള്‍ തന്നെ. ആദ്യത്തെ ബ്ലോഗ്‌ എന്തോ കാരണത്താല്‍ തുറക്കാതെ ആയപ്പോള്‍ രണ്ടാമത്തെ ബ്ലോഗ്‌ അവളുടെ സൃഷ്ടിയായിരുന്നു. അതിന്റെ പേര് പറയുമ്പോള്‍ ഞാന്‍ നാട്ടിലെ ആയുര്‍വേദആശുപത്രിയില്‍ ചികിസ്തയില്‍. അതിലേക്കുള്ള ആദ്യത്തെ കവിത എഴുതുമ്പോള്‍ നാട്ടില്‍ മഴക്കാലം തുടങ്ങിയിരുന്നു. ജനാലയിലൂടെ മഴ നനഞ്ഞോടുന്ന ഒരു കീരി റോഡിന്റെ അങ്ങെപ്പുറത്ത് ഒരു ചെമ്പിലയ്ക്ക് കീഴെ നനഞ്ഞ ഉടല്‍ കുലുക്കി മഴയെ കുടഞ്ഞു കളയുന്നുണ്ടായിരുന്നു. പിന്നീടാണ് ഒരു സമൂഹ്യമാധ്യമത്തിലെ അജീവിയനാമത്തിലുള്ള പ്രൊഫൈലിനു സംഭവിക്കാവുന്ന സ്വാഭാവിക അന്ത്യം സംഭവിക്കുന്നത്. അങ്ങനെ ഒന്ന് ഉണ്ടായിരുന്നു എന്നതിന്റെ ഒരു തെളിവും ബാക്കി വെയ്ക്കാതെ ഒരു വാനിഷിംഗ് ആക്റ്റ്. രണ്ടായിരത്തി പതിനൊന്നില്‍ ആണ് എന്റെ ആദ്യ പുസ്തകം ഉന്മത്തതയുടെ ക്രാഷ്ലങ്ടിങ്ങുകള്‍ പുറത്തു വന്നു.. അതിന്റെ ഉള്‍പ്പെജില്‍ നദീനാമങ്ങള്‍ക്ക് എന്നാണു സമര്‍പ്പണം. ഒരു നദീതുല്യ ജീവിതാനുഭവത്തിന്റെ കരകവിയല്‍  അവശേഷിപ്പിച്ച എക്കല്‍ ആണ് ഒരു പരിധി വരെ ഇപ്പോഴും എഴുത്തിന്റെ വഴിയിലെ തങ്ങാവുന്നത്.

ഒരേ നിമിഷം, സൌഹൃദത്തിന്റെയും വഴി പിരിയലിന്റെയും ജുഗല്‍ ബന്ധിയായ മറ്റൊരു ബന്ധവുമായെത്തുന്നു മറ്റൊരു ഓര്‍മ്മപ്പക്ഷി. ഒരു വിശദീകരണത്തിലും ഒതുങ്ങാത്ത ഒരു ബന്ധമാണ് ഇതെന്ന് ഞാനറിയുന്നു. ഞാന്‍ നിന്റെ സൌഹൃദകൂട്ടത്തില്‍ പെട്ടിട്ടില്ലല്ലോ ഒരിക്കലും എന്നത് ഏതു നിമിഷവും ഒരു അണ്‍ഫ്രണ്ട് ബട്ടനോ, ഡിലീറ്റിനോ തീര്‍ക്കാവുന്ന ക്ഷണികതയാണ്, ഞങ്ങള്‍ക്കിടയിലുള്ളതെന്നത്  ഓര്‍മ്മയിലുണ്ട്. ഒരേ നേരം ഒരു കുട്ടിയെ പോലെ എന്നെ നല്ല വഴി നടത്താന്‍ പഠിപ്പിച്ചു പരാജയപ്പെടുന്നു. അതെ നേരം, ക്ഷമയെ പരീക്ഷിക്കും വിധം ഞാന്‍ പറയുന്ന ഓരോ വാക്കിനെയും കടുത്ത ലിറ്റ്മസ് പരീക്ഷണങ്ങള്‍ക്ക് വിധേയമാക്കുന്നു. എന്നിട്ടും ഒരു നല്ല സഹചാരിആയി കൂടെ നടക്കുന്നു. ഒരു സ്വാധീനശക്തിയാവുന്നു.
ദൂരങ്ങള്‍ താണ്ടി വരുന്ന മറ്റൊരു പക്ഷിയാവട്ടെ, എഴുത്ത് ജീവിതത്തില്‍ ഒരു പാട് കൂടെ നടന്ന മറ്റൊരാളാണ് . എന്റെ പല കവിതകളും ഈ ദേശവും അതിന്റെ ഭാഷയും കടന്നു മറ്റൊരു ദേശത്തും അതിന്റെ ഭാഷയിലുമുള്ളവര്‍ വായിച്ചത് അവളിലൂടെ ആണ്. എഴുത്തു  ജീവിതത്തിന്റെ അംഗീകാരത്തിന്റെ രണ്ടു അടയാളങ്ങള്‍ തേടിയെത്തുമ്പോള്‍; ഞാനില്ലാത്ത ആ വേദിയില്‍ അവളുണ്ടായിരുന്നു. രണ്ടും ഏറ്റു വാങ്ങിയത് ഞാനല്ല. അത് കൊണ്ട് തന്നെ അവ നല്‍കപ്പെടുമ്പോള്‍ അവളുടെ കണ്ണില്‍ എന്തായിരുന്നു എന്ന് അറിയാനായില്ല. ആദ്യത്തേത് സഹോദരീ ഭര്‍ത്താവും രണ്ടാമത്തേത് അമ്മയും ഏറ്റുവാങ്ങി. മലയാളത്തിലെ ഞാനിഷ്ടപ്പെടുന്ന രണ്ടു കവികള്‍, ശ്രീ. കുരീപ്പുഴ ശ്രീകുമാറും, ശ്രീ. ഡി. വിനയചന്ദ്രനും യഥാക്രമം ഈ പുരസ്കാരങ്ങള്‍ രണ്ടുപേര്‍ക്കും നല്‍കി. എന്റെ അമ്മയ്ക്കാവട്ടെ ഒരു മകള്‍ എന്ന് തോന്നിപ്പിക്കുന്ന അടുപ്പം അവളോടുണ്ട്. സ്ഥിരം സംസാരങ്ങളില്ലാത്ത രണ്ടു പേര്‍ക്കിടയില്‍ ഇടവേളകള്‍ ഒരു തടസ്സമാവുന്നില്ല. ഏതു വലിയ ഇടവേളയ്ക്കു ശേഷവും തുടക്കങ്ങള്‍ ഇല്ലാതെ സംസാരിക്കാന്‍ ആവുന്ന ഇഴയടുപ്പും ഹൃദയങ്ങള്‍ക്ക്‌ സൂക്ഷിക്കാന്‍ ആവുന്നു. ആത്യന്തികമായി ഒരാളില്‍ സ്വാധീനം ചെലുത്തുക അടുപ്പങ്ങളുടെ കാലപ്രമാണങ്ങള്‍ ആവില്ല നേരെ മറിച്ചു ഒരാള്‍ക്ക് മറ്റൊരാളുടെ ഹൃദയത്തില്‍ സൃഷ്ടിക്കാനാവുന്ന അടയാളങ്ങള്‍ ആവുമെന്ന് തോന്നുന്നു. ഇത്തരം അടയാളനിര്‍മ്മിതിയ്ക്ക് ഏതെങ്കിലും ബന്ധത്തിന്റെ പേരിട്ടു വിളിക്കേണ്ട ആവശ്യവും ഉണ്ടായി എന്ന് വരില്ല. അത് സ്വാഭാവികമായ സംഭവിക്കുന്നതാണ്. മനപൂര്‍വ്വമുള്ള നിര്‍മ്മിത്കള്‍ ആവില്ല തന്നെ.


Mangalam Sunday Edition : http://beta.mangalam.com/print-edition/sunday-mangalam/280903

ശനിയാഴ്‌ച, മാർച്ച് 07, 2015

''ചുംബനം - ശ്ലീലം/ അശ്ലീലം


വര്‍ഷം രണ്ടായിരത്തി പതിമൂന്ന്, മാസം മേയ് :  തുര്‍ക്കിയില്‍ ചില  മുസ്ലിം സംഘടനകളുടെ ആവശ്യപ്രകാരം പൊതു സ്ഥലങ്ങളിലെ / പരസ്യ ചുംബനങ്ങള്‍ക്ക് തുര്‍ക്കി സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തി. മേയ് മാസം  ഇരുപത്തിയേഴാം തീയതി നൂറുകണക്കിന് സ്വാതന്ത്ര്യ ദാഹികള്‍ ആയ ജനങ്ങള്‍  "ഫ്രീ കിസ്" തങ്ങളുടെ അവകാശം എന്ന മുദ്രാവാക്യം മുഴക്കി അങ്കാരയിലെ റെയില്‍ വെ സ്റ്റേഷനില്‍ സംഘടിച്ചു. അവര്‍ പരസ്പരം ചുംബനങ്ങള്‍ കൈമാറുകയും പ്രതിഷേധ ഗാനങ്ങള്‍ ആലപിക്കുകയും ചെയ്യുന്നതിലൂടെ സര്‍ക്കാര്‍ നിലപാടില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിച്ചു. ഇതെത്തുടര്‍ന്ന്‍ നൂറുകണക്കിന് പൌരന്‍മാര്‍ അറസ്റ്റില്‍ ആയി. ഈ സംഭവത്തോട് അനുബന്ധിച്ച് തുര്‍ക്കിയില്‍ മറ്റു പലയിടങ്ങളിലും മുസ്ലിം യാഥാസ്ഥികര്‍ വിഭാഗക്കാര്‍ സമരങ്ങളില്‍ പങ്കെടുത്ത ജനങ്ങളെ ശാരീരികമായി ആക്രമിക്കുകയുണ്ടായി. ഈ സമരം ഒരു ദിവസം ചുംബന സ്വാതന്ത്ര്യത്തിനു വേണ്ടി തുടങ്ങിയതാണ് എന്നു കരുതുന്നതിനപ്പുറം തുര്‍ക്കിയില്‍ നിഷ്പക്ഷമതികളും പുരോഗമനവാദികളുമായ ജനങ്ങള്‍ക്ക് നേരെ മത/വര്‍ഗ്ഗീയ വാദികളുടെ കടന്നു കയറ്റത്തിനു എതിരെ, തുര്‍ക്കി വിമാനങ്ങളില്‍ എയര്‍ ഹോസ്റ്റസ് മാര്‍ക്ക്  ലിപ്സ്ടിക് നിരോധനം, അവരോടു മുഖപടം ഉപയോഗിക്കാനുള്ള നിര്‍ദ്ദേശം  തുടങ്ങിയവ എന്നിവയ്ക്ക് ഒക്കെ എതിരെ ഉള്ള സമരങ്ങളുടെ ആദ്യ കണ്ണി മാത്രമായിരുന്നു അത്  എന്ന് കാണാവുന്നതാണ്. രണ്ടായിരത്തി പതിനാല് ഒക്ടോബറില്‍ ആവട്ടെ, പരസ്യ ചുംബനത്തിനും ആലിംഗനത്തിനും നിരോധനം ഉണ്ടായത് സിംബാബ് വെ സര്‍വകലാശാലയില്‍ ആണ്. ചരിത്രം പറഞ്ഞു വന്നത്, രണ്ടു പേരുടെ അല്ലെങ്കില്‍ ഒരുകൂട്ടം ആള്‍ക്കാരുടെ ചുംബനം ഉറക്കം കെടുത്തുന്ന ഒന്നാവുന്നത് കേരളത്തിലോ ഇന്ത്യയിലോ മാത്രമല്ല എന്നതാണ്. എന്ത് കൊണ്ടാണ് രണ്ടു പേര്‍ ചുംബിക്കുമ്പോള്‍ അവര്‍ക്ക് ചുറ്റുമുള്ള ലോകം എത്രമാത്രം അക്ഷമരും അസഹിഷ്ണുക്കളും ആവുന്നത് എന്നത് വികാരപരമായ അടിസ്ഥാനങ്ങള്‍ക്ക് മേലെ ചിന്തിക്കേണ്ട വിഷയമാണ്.

ഇതെഴുതുന്ന ആള്‍ രണ്ടു പെണ്മക്കളുടെ പിതാവാണ്. ഒരാള്‍ ടീ നേജ് പ്രായത്തില്‍ എത്തിരിക്കുന്നു. ഒരു പിതാവിനു തന്റെ മകളുടെ അല്ലങ്കില്‍ ഒരമ്മയ്ക്ക് തന്റെ മകന്റെ കവിളില്‍ ഒരു സ്നേഹചുംബനം നല്‍കാനോ, വാത്സല്യത്തിന്റെ ഒരു ആലിംഗനമുദ്ര നല്‍കാനോ രണ്ടു വട്ടം ചിന്തിക്കേണ്ട ഒരു കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നത് ഒരു വല്ലാത്ത അവസ്ഥ തന്നെയാണ്. ചില അനുഭവങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുന്നു. തൊണ്ണൂറുകളില്‍ ദില്ലിയില്‍ ഒരു വടക്കെയിന്ത്യന്‍ കുടുംബത്തിന്റെ, അവരുടെ ഒരു മുറിയിലെ വാസത്തില്‍ ആണ്, ഒരു കുടുംബത്തിലെ നാലോ അഞ്ചോ അംഗങ്ങള്‍ക്ക് എങ്ങനെയെല്ലാം ഇടപഴകി ജീവിക്കാം എന്ന് മനസില്‍ ആയത്. അതുവരെ ഇപ്പോഴത്തെ ന്യൂ ജെനരെഷന്‍ എന്ന് വിളിക്കുന്ന ചില സിനിമകളില്‍ ഫഹദ് ധരിച്ച ആ കുട്ടി നിക്കര്‍, പഴയ അണ്ട്രയാരിന്റെ അതേ രൂപത്തിലുള്ള വരയന്‍ നിക്കര്‍ , വീട്ടില്‍ എല്ലാവര്ക്കും ഒപ്പം ധരിച്ചു നടക്കാന്‍ പറ്റുന്ന ഒന്നാണ് എന്ന് അറിഞ്ഞിരുന്നില്ല. അടിയില്‍ ഒരു നിക്കറും അതിനു മീതേ ലുങ്കിയോ, വെള്ളമുണ്ടോ, അല്ലെങ്കില്‍ പാന്റോ ധരിച്ച മലയാളിയുടെ സങ്കല്പത്തിന് അപ്പുറം ആയിരുന്നു ആ വിട്ടിലെ ഗൃഹനാഥന്റെ നിക്കര്‍ പകലുകളും രാത്രിയും. അതെ വീട്ടിലെ പെണ്‍കുട്ടി, അവളായിരുന്നു എന്റെ റൂമിലെയും ഫ്യൂസ് ആയ ബള്‍ബ് മാറിയിട്ടിരുന്നത്. അവളുടെ വസ്‌ത്രധാരണവും വലിയ വ്യത്യാസം ഒന്നും ഉള്ളതായിരുന്നില്ല. കൂട്ടത്തില്‍ അപ്പോഴുണ്ടായിരുന്ന എന്റെ അമ്മയ്ക്കാവട്ടെ അതൊക്കെ ഒരു ധീരവനിതയുടെ പ്രവൃത്തിയായി തോന്നിയതില്‍ ഇപ്പോള്‍ അത്ഭുതവും ഇല്ല. പല വടക്കന്‍ ഇന്ത്യക്കാരും; മകളോ മകനോ അച്ഛനെയോ അമ്മയെയോ കാണുമ്പോള്‍ ആദ്യം ചെയ്യുക കാലു വന്ദിക്കുകയും പിന്നെ ആലിംഗനം ചെയ്യുകയും ആവും. അതില്‍ അവര്‍ക്ക് അസ്വഭാവികമായി ഒന്നും തോന്നാറില്ല. ഒരു മലയാളി ആവട്ടെ അവന്റെ ചില്ലറ ഉപചാരങ്ങളില്‍ , ഒരു ചിരിയില്‍ ഒതുക്കുന്നു അത്തരം സന്ദര്‍ഭങ്ങളെ.സ്വന്തം മകളുടെ വിവാഹദിവസം പോലും അവളെ തന്നോട് ചേര്‍ത്തു പിടിക്കാന്‍ ശ്രമിക്കാത്ത്തവര്‍ ആണ് ഭൂരിഭാഗം മലയാളി പിതാക്കന്മാരും.

പ്രീയ കവി വീരാന്‍ കുട്ടിയുടെ വരികള്‍ കടമെടുത്താല്‍ തങ്ങളില്‍ മിണ്ടും തൊടും എന്നൊക്കെയോര്‍ത്ത് നമ്മള്‍ നമ്മുടെ ആണിനെയും പെണ്ണിനേയും അകറ്റി നിര്‍ത്തുന്നു. അവര്‍ക്കായി പ്രത്യേകം ക്ലാസ് മുറികള്‍, പ്രത്യേകം റെയില്‍വേ ബോഗികള്‍, എന്തിനു പ്രത്യേകം എഴുത്ത് രീതികള്‍ പോലും  നിര്‍മ്മിക്കുന്നു. ഇങ്ങനെ നിര്‍മ്മിച്ച എല്ലാ അതിര്ത്തികളെയും ലംഘിച്ച് പരസ്പരം വേരുകള്‍ കൊണ്ടോ ഇലകള്‍ കൊണ്ടോ തൊട്ടടുത്ത് എത്തുന്നവരെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാന്‍ നിയമപരമായ, ഭരണകൂട ഭീകരതയുടെ പ്രത്യക്ഷ,അപ്രത്യക്ഷ വഴികളെ ഉപയോഗിക്കാനും നമ്മള്‍ മടിക്കില്ല. ഭാരതീയ സംസ്കാരം എന്ന് ഭൂരിപക്ഷം എന്ന് അവകാശപ്പെടുന്നവര്‍ പറയുന്നത് മാനുഷികമായ ഒരു പരിഗണനയും ഒരു വ്യക്തിക്ക് നല്‍കാതെ, ഏതൊരു വ്യക്തിയുടെയും വികാരവിചാരങ്ങള്‍ക്ക് സ്വാതന്ത്ര്യം നല്‍കാതെ, നേരത്തെ തന്നെ ചില അജെണ്ടകളുടെ പിന്‍ബലത്തില്‍ സൃഷ്ടിക്കപ്പെട്ട ചില മാമൂലുകളെ പിന്തുടരാന്‍ എല്ലാവരെയും നിര്‍ബന്ധിക്കുക എന്നതാണ്‌.  സംസ്കാരം എന്നത് ലിഖിതമായ ഒന്നിന്റെയും , പാലിക്കപ്പെട്ട ഒന്നിന്റെയും പിന്‍ബലം ഇല്ലാത്ത സന്ദര്‍ഭോചിതം എന്നത് അധികാരവും ആള്‍ബലവും ഉണ്ടെന്നു കരുതപ്പെടുന്ന ഒരു കൂട്ടം തീരുമാനിക്കുന്ന ഒന്നാണ്. അതിനെ അനുസരിക്കാനും പിന്തുടരാനും വേണ്ടി വ്യക്തി സ്വാതന്ത്ര്യത്തെ ഏതു അളവുവരെയും നിഗ്രഹിക്കുവാന്‍ നമ്മുടെ സാംസ്‌കാരികപാലകര്‍ക്ക് മടിയേതും ഇല്ലതാനും.അവിടെ അവര്‍ക്ക് ജാതി,മത, വര്‍ഗ്ഗവ്യതിയാനം ഒന്നും തന്നെ ഉണ്ടാവുന്നില്ല.ഫാസിസം എന്ന് നമ്മള്‍ പറയുന്ന ഈ അവസ്ഥയ്ക്ക് പേരില്‍ മാത്രമേ വ്യതിയാനം കാണൂ. ഇവിടെ മുഖ്യധാരാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സമീപനവും പൌരന്റെ സ്വാതന്ത്ര്യത്തിനു വിരുദ്ധമാണ് എന്ന് പറയാതെ വയ്യ.


ചുംബനമോ ആലിംഗനമോ ആവട്ടെ, അത് രണ്ടു വ്യക്തികള്‍ അവരുടെ പരിപൂര്‍ണ്ണ സമ്മതത്തോടെ പരസ്പരം കൈമാറുന്ന ഇടത്ത് മൂന്നാമത് ഒരാള്‍ക്ക് എന്താണ് കാര്യം ? പാതയോരത്ത് ഒരാള്‍ അബോധത്തിലോ പട്ടിണിയോ അര്‍ദ്ധാനഗ്നനായി കിടക്കുന്നത് കണ്ടാല്‍ അത് കണ്ടില്ല എന്ന് നടിച്ചു കടന്നു പോവുന്നവര്‍ ആണ് നമ്മളില്‍ ഭൂരിപക്ഷവും. പരിസര ശുചിത്വമിലലായ്മ നമ്മളെ ബാധിക്കുന്നേയില്ല. എന്നിട്ടും ചുംബനമോ വിരുദ്ധ ലിംഗങ്ങളുടെ ഇടകലരലോ നമ്മള്‍ എന്തുകൊണ്ടാണ് ഇത്ര അസഹിഷ്ണുതയോടെ കാണുന്നത്? ലോകത്ത് നടക്കുന്ന എല്ലാ പ്രവര്‍ത്തികളും എല്ലാവരുടെയും ഇഷ്ടത്തോടെ വേണം എന്നത് ജനാധിപത്യപരമോ, വ്യക്തി സ്വാതന്ത്ര്യത്തിനു അനുകൂലമോ ആയ അവസ്ഥയല്ല. അത് ആശാസ്യവുമല്ല. ആരുടെയൊക്കെയോ കണ്ണുകള്‍ക്ക് മുന്നില്‍, ആരൊക്കെയോ താല്പര്യങ്ങള്‍ക്ക് വിധേയമായി  മാത്രം ഭൂരിപക്ഷത്തിനു സഞ്ചരിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുന്ന വ്യക്തി സ്വാതന്ത്ര്യ നിഷേധത്തിന്റെ ഒരു കാലഘട്ടത്തിലൂടെ ആണ് കേരളം കടന്നു പോയിക്കൊണ്ടിരിക്കുന്നത് . സദാചാരപോലിസ് ചമയുന്ന പകല്‍ മാന്യന്മാരുടെ വ്യക്തി സ്വതന്ത്യത്തിലെക്കുള്ള കടന്നു കയറ്റം ജീവിതത്തെ ദുസ്സഹം അക്കിത്തീര്‍ക്കുന്നുണ്ട്. അത് കൊണ്ടാണ്, ആലപ്പുഴ ബീച്ചില്‍ കാറ്റ് കൊണ്ടിരിക്കാന്‍ ഭാര്യഭര്‍ത്താക്കന്മാര്‍ക്ക്  കയ്യില്‍ വിവാഹ സര്‍ട്ടിഫിക്കേറ്റ് കരുതേണ്ടി വരുന്നത്. ഭാര്യക്ക് നെറ്റിയില്‍ ഒരു മത വിഭാഗത്തിന്റെ മാത്രമായ ചില ചിഹ്നങ്ങള്‍ ആവശ്യമായി വരുന്നത്. അതുകൊണ്ടാണ്, മറൈന്‍ ഡ്രൈവില്‍ ആണും പെണ്ണും ചേര്‍ന്നിരിക്കാന്‍ പറ്റാതെ പോവുന്നത്. അതുകൊണ്ടാണ് കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്ന ഗൃഹനാഥന്‍ മര്‍ദ്ദനം ഏല്‍ക്കേണ്ടി വരുന്നത്. അതെ നേരം തന്നെ, കൊച്ചു കുട്ടികള്‍ പീഡിപ്പിക്കപ്പെടുകയും പെണ് വാണിഭങ്ങള്‍ കേരളത്തില്‍ തഴച്ചു വളരുകയും ചെയ്യുന്നത്. മലയാളി ഒരേ സമയം രണ്ടു ഫേക്ക് പ്രൊഫൈലുകള്‍ സൂക്ഷിക്കുന്ന്ട്. സോഷ്യല്‍ മീഡിയയിലും സ്വന്തം ജീവിതത്തിലും. ഒന്ന് വെടക്കാക്കി തനിക്കാക്കല്‍ , രണ്ട് തനിക്കില്ലാത്തത് മറ്റാര്‍ക്കും ഇല്ലാതാക്കല്‍. സ്കൂളില്‍ പണ്ട് പഠിച്ച അത്യഗ്രഹിയും അസൂയക്കാരനും എന്ന പാഠം മാത്രമാവണം ഭൂരിഭാഗം മലയാളിയും ജീവിതത്തിലേക്ക് ചേര്‍ത്തത്. ഫലമോ, സ്വന്തം ജീവിതത്തെയും അപരജീവിതങ്ങളെയും ഒരേ സമയം അസന്തുഷ്ടമാക്കുന്നു.


ഈ നേരം, ജൂവാന്‍ മന്‍ എന്ന ആസ്ത്രേലിയക്കാരനെ ഓര്‍ക്കുന്നു. അയാളുടെ " ഫ്രീ ഹഗ്സ് " എന്ന കാമ്പയിന്‍ ഓര്‍ക്കുന്നു.അത്തരം ഒരു മൂവേമെന്റിനു അയാള്‍ സഹിച്ച ത്യാഗങ്ങളെ മറക്കാന്‍ ആവുന്നതല്ല.  മറ്റൊരാളുടെ എകാന്തതയ്ക്ക്, ലോകത്തില്‍ മറ്റൊന്നുമില്ല എന്ന തോന്നലിനു നമ്മുടെ ഒരു ആലിംഗനം എത്ര വലിയ ഒരു മാറ്റം ആണ് നല്‍കാന്‍ ആവുന്നത്. മുന്നാ ബായി എം.ബി.ബി.എസ് എന്ന സിനിമ ഒരു പക്ഷെ ഒരു പ്രേക്ഷകന്‍ ഏറ്റവും കൂടുതല്‍ ഓര്‍ക്കുന്നത് അതിലെ ജാദൂ കി ച്ചപ്പി കൊണ്ട് ആവണം. ഒരു ആലിംഗനത്തിനു അത്രയും നിഷ്കളങ്കതും ശക്തിയും ഉണ്ട് എന്നതിനെ അന്ഗീകരിക്കല്‍ കൂടിയാവും അത്. ഒരു ചുംബനം ഒരിക്കലും കാമത്തിന്റെ ലക്ഷണം ആവുന്നില്ല. അതും അതൊരു പരസ്യമായ കൈമാറ്റം ആവുമ്പോള്‍. അത്തരം പരസ്യകൈമാറ്റങ്ങളിലൂടെ ആണ് ചുംബനത്തിന്റെ, ആണ്‍ പെണ് ബന്ധങ്ങളെപറ്റിയുള്ള സമൂഹത്തിന്റെ അബദ്ധപഞ്ചാംഗങ്ങള്‍ തിരുത്തി എഴുതപ്പെടുക. അവിടെ അശ്ലീലത്തിന് സ്ഥാനമില്ല. രണ്ടു പേര്‍ പരസ്പര സമ്മതത്തോടു ചെയ്യുന്ന എന്തും ശ്ലീലമാവണം. ആ രണ്ടു പേര്‍ ആവും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പൂര്‍ണ്ണചന്ദ്രന്‍ ഉദിക്കുന്ന ഭാവി രാത്രികളുടെ വെളിച്ചവാഹകര്‍. അവര്‍ക്ക് ഒപ്പം നില്‍ക്കുക എന്നത് മാത്രമാണ് സമൂഹത്തിന്റെ ധര്‍മ്മം. പൊതു സ്ഥലത്തെ ചുംബനമോ ആലിംഗനമോ നിയമപരമായി തെറ്റല്ല എന്ന കോടതി വിധി നിലവിലുള്ള ഒരു രാജ്യത്ത് ഒരു കൂട്ടം ആളുകള്‍ അവരുടെ സ്വന്തം ഇഷ്ടപ്രകാരം പരസ്പരം ചുംബിക്കുന്നതില്‍ ആര്‍ക്കാണു അശ്ലീലം കണ്ടെടുക്കാന്‍ ആവുക. അത്തരം ഒരു സൂക്ഷ്മദര്ശിനി കയ്യിലുണ്ടാവുക എന്നതോളം അശ്ലീലം ഇന്ത്യ പോലെ ഒരു രാജ്യത്ത് മറ്റൊന്ന് ഉണ്ടാവാന്‍ വഴിയില്ല.

A kiss can be a comma, a question mark or an exclamation point : Mistinguett. അതെ, ഈ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഓരോ ചുംബനവും കൈമാറപ്പെടുമ്പോള്‍ ഒപ്പം നമ്മുടെ കപടസദാചാരത്തിനു നേരെ ഓരോ ചോദ്യചിഹ്നവും, വ്യക്തിസ്വാതന്ത്യത്തിലേക്കുള്ള കടന്നു കയറ്റത്തിനെതിരെ അതൊരു ഇരുട്ടടിയും ആവുന്നുണ്ട്‌. ചിലര്‍ക്കെങ്കിലും അതിനെ ഭയക്കാതെ വയ്യ എന്ന് അവരുടെ പ്രതികരണങ്ങള്‍ സൂചിപ്പിക്കുന്നു.


വെള്ളിയാഴ്‌ച, മാർച്ച് 06, 2015

"ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍" : പി. ജിംഷാര്‍

കഥകളുടെ കുന്നിലേക്ക് യാത്രയാവുന്നു ഒരു കൂട്ടുകാരനും കൂട്ടുകാരിയും. കുന്നിനും അവരുടെ കശുമാവിന്‍ തോപ്പിനും ഇടയിലുള്ള കാട്ടിലെ നരികളെ ഭയന്ന് അവരുടെ കൂട്ടുകാര്‍ അവര്‍ക്ക് ഒപ്പം പോവുന്നില്ല. എല്ലാ കഥകളിലെയും പോലെ തന്നെ, യാത്രയ്ക്കിടയില്‍ മഞ്ചാടിപ്പുഴ എത്തിയപ്പോള്‍ കൂട്ടുകാരിയും കൈവിട്ടു പോവുന്നു. ഒറ്റയ്ക്ക് പുഴ നീന്തി കഥക്കുന്നില്‍ എത്തുമ്പോള്‍ അവിടെ കാത്തു നില്‍പ്പുണ്ട് കൂട്ടുകാരി. കഥ പറഞ്ഞാല്‍ മാത്രം  തുറക്കുന്ന   നക്ഷത്ര പൂട്ട്‌ തുറക്കാന്‍ അവള്‍ക്ക് ഒരു കഥ വേണം. കൂട്ടുകാരന് പെട്ടന്നു ഓര്‍മ്മയില്‍ ഒരു കഥയും എത്തുന്നില്ല .കാറ്റ് അവനോടു പറഞ്ഞു.  വഴി പറഞ്ഞു കൊടുത്ത അപ്പൂപ്പന്‍  അവനു കൊടുത്ത ഭൂപടത്തില്‍ ഒരുപാട് കഥകളുണ്ട്. അവന്‍ ആ ഭൂപടത്തില്‍ നാല്‍പ്പത് കുഴികള്‍ ഉണ്ടാക്കി. ഓരോ കുഴിയില്‍ നിന്നും ഓരോ കുറിപ്പ് കണ്ടെത്തി.  പി. ജിംഷാര്‍ എഴുതിയ "ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍" ഉണ്ടാവുന്നത് അങ്ങനെയാണ്. നാല്‍പ്പത് കുറിപ്പുകളിലായി നോവലിസ്റ്റ് ഒരു നാടിന്റെ ആരും പറയാത്ത ഒരു ചരിത്രത്തെ നിര്‍മ്മിക്കുന്നു. സ്വാതന്ത്ര്യപൂര്‍വ കേരളത്തിലെ പൊന്നാനിയില്‍ തുടങ്ങുന്ന കഥ മൂന്നു തലമുറകളിലൂടെ ബാബറി മസ്ജിദിന്റെ തകര്‍ച്ചയും മാഅദനിയുടെ ഉയര്‍ച്ചയും വരെ ഉള്ള പശ്ചാത്തലത്തിലൂടെ ഒരു ദേശത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമൂദായിക അവസ്ഥകളെ, അതിന്റെ അവസ്ഥാന്തരങ്ങളെ അനാവരണം ചെയ്യുന്നു. എങ്ങനെയാണ് നമ്മുടെ സാമൂഹിക സാഹചര്യങ്ങളില്‍ സമുദായം അതിന്റെ വിടവ സൃഷ്ടിക്കുന്നത്, പ്രണയത്തില്‍ പോലും സമുദായം അതിന്റെ ഫത്വ ഇമ്പ്ലിമെന്റ് ചെയ്യുന്നത് എന്നത് വളരെ ഭംഗിയായി പറയുന്നു ജിംഷാര്‍.  അമിതപാത്ര സൃഷ്ടിയും വിശദീകരണപരതയിലും പരത്തിപ്പറയലിലും നോവലിന്റെ പുതിയ കാലത്തെ അടയാളപ്പെടുത്തുന്ന പുതിയ എഴുത്തുകാര്‍ക്കിടയില്‍ വേറിട്ട അനുഭവം ആവുന്നുണ്ട് നോവലിന്റെ എഴുത്ത് രീതി.  ലത്തീഫിന്റെയും നിരഞ്ജനയുടെയും ദുരന്തപ്രണയത്തിലൂടെ സമുദായങ്ങളുടെ ധ്രൂവികരണത്തിന്റെ വര്‍ത്തമാന അനുഭവങ്ങളെയും ലത്തീഫിന്റെ ഓര്‍മ്മകളിലൂടെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഉദയം,പിളര്‍പ്പ് , വളര്‍ച്ച,  പാര്‍ട്ടിയുടെ സാമൂഹിക പ്രസക്തി, കേരളത്തിന്റെ വടക്കന്‍ ജില്ലകളില്‍ പര്‍ദ്ദയുടെ വരവ് (ആദ്യകാലത്ത് അതൊരു പരാജയപ്പെട്ട ബിസിനസ്‌ സംരഭം ആയിരുന്നു) തുടങ്ങിയ വളരെ ഏറെ ചരിത്രപ്രാധാന്യമുള്ള സംഭവങ്ങളെയും അനുഭവങ്ങളെയും നോവലിസ്റ്റിന്റെ കണ്ണിലൂടെ പറയുമ്പോള്‍ അത് ഭാവനയുടെയും ചരിത്രത്തിന്റെ ഇഴചെരല്‍ ആവുന്നു. "ഭൂപടത്തില്‍ നിന്നും കുഴിച്ചെടുത്ത കുറിപ്പുകള്‍"  മലയാള നോവല്‍ ശാഖയിലെ മാജിക്കല്‍ റീയലിസത്തിന്റെ മറ്റൊരു ഉദാഹരണം ആവുന്നുണ്ട്‌. നോവലില്‍ തന്നെ പരാമര്‍ശിക്കുന്ന ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍ ഈ ഉദാഹരണത്തിന് സാക്ഷ്യം പറയാന്‍ കൂട്ടിനുണ്ട്. ഈ ചെറിയ നോവല്‍ 2015 ല്‍ വായിക്കുന്ന ആദ്യ നോവല്‍ ആവുന്നതില്‍ സന്തോഷം തോന്നുന്നു.


കവിതയെഴുത്ത് അഥവാ ഉപ്പുപാടങ്ങളിലെ ആത്മഹത്യാശ്രമങ്ങള്‍. - ബിനു ആനമങ്ങാടിന്റെ കവിതകള്‍ "ഫിഷ്‌ തെറാപ്പി"

പ്രപഞ്ചത്തില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട മൃഗം സ്ത്രീയാകും എന്ന് പറഞ്ഞത് വെര്‍ജീനിയ വൂള്‍ഫ് ആണ്.   സ്ത്രീകള്‍ സമൂഹികരാഷ്ട്രീയ മണ്ഡലങ്ങളില്‍ നിന്ന് തീണ്ടാപ്പാട് നിര്‍ത്തപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്. പൊതുവേ സാമൂഹികമായ നിലവാരം പുലര്‍ത്തപ്പെട്ടു എന്ന് ധരിക്കപ്പെട്ട ലണ്ടനില്‍ പോലും പതിനേഴാം നൂറ്റാണ്ടില്‍ വനിതകളുടെ സാക്ഷരത പത്ത് ശതമാനത്തില്‍ താഴെയായിരുന്നു എന്നത് ഇപ്പോള്‍ അവിശ്വസനീയം ആയി തോന്നിയേക്കാം. ജാന്‍ ഓസ്ടിന്റെ നോവലുകള്‍ വായിക്കുന്ന ഒരാളുടെ ശ്രദ്ധാപൂര്‍വകമായ വീക്ഷണം അവരുടെ കൃതികളിലെ പ്രണയ പരിസരത്തിനപ്പുറം, വൈവാഹിക ജീവിതത്തില്‍ സ്ത്രീയുടെ തന്റെ കാലില്‍ ഉറച്ചു നില്‍ക്കാനുള്ള , അവളുടെ സ്വാതന്ത്ര്യവാഛയെ കെട്ടഴിച്ചു വിടേണ്ടത്തിനുള്ള  പ്രേരകങ്ങള്‍ ആയി  അടയാളപ്പെടുത്തുന്നുണ്ട്.സ്ത്രീപക്ഷ ചിന്തകളുടെ തുടക്കക്കാരി എന്ന് വിശേഷിപ്പിക്കാവുന്ന മേരി വോള്‍സ്ടോന്‍ക്രാഫ്റ്റ് ആവട്ടെ പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ തന്നെ മതിയായ വിദ്യാഭ്യാസത്തിന്റെ അഭാവം ആണ് സ്ത്രീകളെ രണ്ടാം നിര പൌരര്‍ ആയി കാണുന്നതിന്റെ കാരണം എന്ന് കണ്ടെത്തുകയുണ്ടായി. ഇരുപതം നൂറ്റാണ്ടില്‍ സ്ത്രീപക്ഷ ചിന്തകളുടെ രണ്ടാം കാറ്റ് വീശിത്തുടങ്ങിയപ്പോള്‍ വിദ്യാഭ്യാസത്തില്‍ അധിഷ്ടിതമായ സ്ത്രീതുല്യത മുന്നേറ്റങ്ങള്‍ക്ക് ആക്കം കൂടി. ഒരേ സമയം വളരെ സ്ത്രൈണ ഭാവവും അതെ നേരം തന്നെ പുരുഷനോളം മാനസികശാരീരികക്ഷമതയും സൂക്ഷിക്കാന്‍ ആവുന്ന സ്ത്രീ എന്നതായിരുന്നു മേരി വോള്‍സ്ടോന്‍ക്രാഫ്റ്റ്ന്റെ സ്ത്രീ സങ്കല്‍പം. പുരുഷ വിരുദ്ധത എന്നായിരുന്നില്ല സ്ത്രീപക്ഷ സങ്കല്‍പ്പങ്ങളെ അവര്‍  വിശ്വസിച്ചിരുന്നത്. അത്തരത്തില്‍ സമൂഹികരാഷ്ട്രീയ കലാ സാഹിത്യ രംഗങ്ങളില്‍ പുരുഷസമമായ സ്ത്രീ ജീവിതം ആണു സാമൂഹിക നീതിയുടെ അടിസ്ഥാന ഘടകം എന്ന് അവര്‍ കരുതി. സ്ത്രീയുടെ ചിന്താ ശക്തി, അവളുടെ അഭിരുചികള്‍ മാനവികതയുടെയും സംസ്കാരത്തിന്റെയും ഈറ്റില്ലങ്ങള്‍ ആവുന്നത്  ആണ് ശരിയായ സ്ത്രീസമത്വത്തിന്റെ വഴി. പത്തൊമ്പതാം നൂറ്റാണ്ടില്‍ വെര്‍ജിനീയ വൂള്‍ഫ് ആവട്ടെ ഒരു എഴുത്തുകാരിയ്ക്ക് ആവശ്യം വേണ്ടത് ജീവിക്കാന്‍ ആവശ്യത്തിനു പണവും ഇരുന്നെഴുതാന്‍ സ്വന്തമായി ഒരു മുറിയും ആണെന്നു പറഞ്ഞു. എഴുത്തിന്റെ, പ്രസാധനത്തിന്റെ, വിപണനത്തിന്റെസിംഹ ഭാവവും കയ്യടക്കി വച്ചിരിക്കുന്ന പുരുഷ മേധാവിത്വത്തിനുമുന്നില്‍ സ്ത്രീയുടെ സാഹിത്യ സംരഭങ്ങള്‍ക്ക് വിദ്യാഭ്യാസ പരവുംസാമ്പത്തികപരവുമായ സ്വയം പര്യാപ്തത ആണ്  ആവശ്യം എന്ന്നൂറ്റാണ്ടുകള്‍ക്ക് മുന്നേ കണ്ടെത്തപ്പെട്ടിരുന്നെങ്കിലും ഇന്നും ഈ മേഖലകളില്‍ സ്ത്രീ പ്രാതിനിധ്യം കുറവ് തന്നെ എന്ന്കാണാന്‍ കഴിയും.

എഴുത്ത് / ഭാവനലിംഗ പരവും ശാരിരികവുമായ വ്യത്യാസങ്ങളില്‍ നിന്ന്വിഭിന്നമാണെന്നും അതെ ഏതു മനുഷ്യ ജീവിയിലും സമതുലിതത പാളിക്കുന്നുവെന്നും പുരുഷ എഴുത്തുകാരോട് തോളോടുതോള്‍ ചേര്‍ന്ന്നിന്ന് ചരിത്ര പരിസരങ്ങളില്‍ തങ്ങളുടേതായ ഇടവും മുറിയും അടയാളപ്പെടുത്തിയ സ്ത്രീ എഴുത്തുകാര്‍ തെളിയിച്ചു കഴിഞ്ഞതാണ്. അവര്‍ ആകാശവും ഭൂമിയും മണ്ണും മരങ്ങളും കാറ്റും പുഴയും രതിയും പ്രണയവും വിരഹവും കോപവും താപവും ഉള്‍പ്പെടെ ജീവിയവും അജീവിയവും വികാരപരവുമായ എല്ലാം തന്നെ തങ്ങളുടെ കാലത്ത് അടയാളപ്പെടുത്തിയ പുരുഷ എഴുത്തുകാര്‍ക്ക് ഒപ്പം തോള്‍ ചേര്‍ന്ന് നിന്ന് തങ്ങളുടെ സാഹിത്യ സംഭാവനകള്‍ നല്‍കിയവരാണ്. മലയാളത്തില്‍ ബാലാമണിയമ്മയാവട്ടെ , തന്റെ സമശീര്‍ഷര്‍ ആയിരുന്ന ഇടശ്ശേരി, വൈലോപ്പിള്ളി,ജി.ശങ്കരക്കുറുപ്പ്, പി.കുഞ്ഞിരാമന്‍ നായര്‍,പാലാ നാരായണന്‍നായര്‍ ,വെണ്ണിക്കുളം ഗോപാലക്കുറുപ്പ്  തുടങ്ങി അനവധി പ്രഗത്ഭമതികള്‍ ആയ എഴുത്തുകാര്‍ക്ക് ഒപ്പം തന്റേതു കൂടിയായ ഇടത്തെ സൃഷ്ടിച്ച എഴുത്തുകാരിയാണ്.    മാതൃവാത്സല്യം,പ്രണയം, ഭക്തി എന്നത് മാത്രമല്ല പ്രകൃതി, മനുഷ്യ സഹജമായ മറ്റു ചോദനകള്‍, സാങ്കേതിക വളര്‍ച്ചകള്‍, രാഷ്ട്രീയംതുടങ്ങി എല്ലാ വിഷയങ്ങളും തങ്ങളുടെ കവിതകളുടെ ഭാഗമാക്കുന്ന പുതുതലമുറ കവികളുംലിംഗപരമായ അസമത്വങ്ങളെ അതിജീവിക്കാന്‍ ആയവരാണ്‌.

പുതിയ സാമൂഹിക ക്രമങ്ങള്‍ സ്ത്രീകളെ പരമ്പരാഗതമായി പുരുഷമേയ്ക്കൊയ്മ ഉണ്ടായിരുന്ന ഇടങ്ങളില്‍ പോലും തങ്ങളുടെ സാന്നിധ്യം വിളിച്ചറിയിക്കാന്‍ പര്യാപ്തമാക്കിയിട്ടുണ്ട്. അനുദിനം വര്‍ദ്ധിച്ചു വരുന്ന സാങ്കേതിക വളര്‍ച്ച സ്ത്രീക്കോ പുരുഷനോ അത്രയേറെ കഠിനശ്രമങ്ങള്‍ കൂടാതെ തങ്ങളുടെ  ഇടങ്ങളെ ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ബന്ധപ്പെടുത്താന്‍ സഹായകമാകുന്നു. അതെ സമയം, പരമ്പരാഗതവും തലമുറകളായി തങ്ങളുടെ ഭാഗമായിരുന്ന ഗാര്‍ഹികവും സാമൂഹികവുമായ അദൃശ്യ ഉത്തരവാദിത്വങ്ങള്‍ കുടഞ്ഞെറിയാന്‍ കഴിയാതെ ആവുന്ന ബഹു ഭൂരിപക്ഷം സ്ത്രീ എഴുത്തുകാര്‍ക്കും തങ്ങള്‍ക്ക് പെട്ടെന്ന് കൈവന്ന ആകാശ സ്വാതന്ത്ര്യത്തെ അഘോഷിക്കുന്നതിന്റെ വഴികളുമായി പൊരുത്തപ്പെടാനും ആവാതെ പോവുന്നുണ്ട്.  ഇത്തരത്തില്‍ ചിന്താക്കുഴപ്പത്തില്‍ ആവുന്നതിന്റെ ഭാഗമായാവണം ചിലരെങ്കിലും ലിംഗ സ്വാതന്ത്യം എന്നാല്‍ ഉടല്‍ എഴുത്ത് എന്ന് തെറ്റിദ്ധരിച്ചു പോവുന്നത്. അവയവ വര്‍ണ്ണനകളുടെയും അസഭ്യ വാക്കുകള്‍ എന്ന് സമൂഹം വേര്‍തിരിച്ചു നിര്‍ത്തിയ വാക്കുകളുടെയും അമിത ഉപഭോഗം സ്വാതന്ത്ര്യത്തിന്റെ ലക്ഷണങ്ങള്‍ ആയി അവര്‍ ആഘോഷിക്കുന്നു. ആണ്‍ മേല്‍ക്കോയ്മ നിറഞ്ഞ സമൂഹത്തോട് ഉള്ള തങ്ങളുടെ സമര പ്രഖ്യാപനങ്ങള്‍ ആണ് സാഹിത്യ സംരഭങ്ങള്‍ എന്ന് ഉദ്ഘോഷിക്കുന്നവരും കുറവല്ല. ചിലരാവട്ടെ, പതിവ് പാതകളിലൂടെ ഭക്തിയും സ്നേഹവും നന്മയും വിഷയീഭവിപ്പിച്ച് പതിവ് എഴുത്ത് രീതികളില്‍ സാഹിത്യപ്രവര്‍ത്തനം നടത്തി സംതൃപ്തര്‍ ആവുന്നു. ഇത്തരം രീതി പതിവ് സാഹിത്യ ധാരണകള്‍ക്ക് ഒപ്പം നടക്കുകയും പെട്ടന്ന് തന്നെ ഭൂരിപക്ഷ പ്രീതി നേടിയെടുക്കയും ചെയ്യുന്നു. നേരെ മറിച്ച് മറ്റു ചിലര്‍ ആവട്ടെ, ഇതര ലിംഗവുമായി തോളോട് ചേര്‍ന്ന് സമാന്തരമായ ഒരു സഞ്ചാര പഥത്തെ കണ്ടെത്തുകയും സമതുലിത ഭാഷണത്തിനു മുതിരുകയും ചെയ്യുന്നു.ലോകം അവര്‍ക്ക് സ്വാതന്ത്ര്യത്തിന്റെ തുറസ്സാണ്. അവര്‍ക്ക് പറയാനുള്ള വിഷയങ്ങള്‍, പങ്കു വെയ്ക്കാനുള്ള അനുഭവങ്ങള്‍ , കണ്ടെടുക്കാനുള്ള ഭാവനയുടെ ആകാശങ്ങള്‍ലിംഗാതീതം ആവുന്നു. അവരെ ക്ഷമയോടെ കേള്‍ക്കാന്‍ ലോകം തയ്യാറാവുന്നു. അവരുടെ പറച്ചിലില്‍ ആലംന്കാരികതകള്‍ മുഴച്ചു നില്‍ക്കുന്നുണ്ടാവില്ല. അവരുടെ വാക്കുകള്‍ നവീനമായൊരു രൂപഭംഗി അണിയുന്നുണ്ടാവില്ല. അവര്‍ അവരുടെ ഭാവനയുടെ കാതലുകള്‍ക്ക് മേല്‍ പുത്തന്‍ രീതിയുടെ ചിന്തെരിടുന്നുമില്ല. അവരുടെ വാക്കുകള്‍ക്കായി ഭൂരിപക്ഷത്തിന്റെ കാതുകള്‍ കാവലാകുന്നില്ല. എന്നാലോ കേള്‍ക്കുന്ന കാതുകളോട്, അറിയാന്‍ ആവുന്ന മനസുകളോട് ആഴത്തില്‍ സംവദിക്കാന്‍ ഈ വാക്കുകള്‍ക്ക് ആവുന്നുമുണ്ട്. ഒന്നിനെയും ഉടച്ചു വാര്‍ക്കുന്നില്ല; ഒന്നിനെയുംഅവസാനിപ്പിക്കുന്നുമില്ല.

ഒരേ നേരം സ്ത്രീപക്ഷ ചിന്തകളും അതെ നേരം ലിംഗാതീത മാനവികതയുടെ പതാകാവാഹകരാവുന്ന വാക്കുകള്‍ ആണ് ബിനു ആനമങ്ങാട് എന്ന യുവ കവിയുടെ കവിതകള്‍. സ്ത്രീജന്യമായ ഒരു നിസ്സഹായതയെ വായിക്കാന്‍ ആവുന്നുണ്ട്‌ ബിനുവിന്റെ കവിതകളില്‍. ബിനുവിന്റെ രണ്ടാമത്തെ കവിത സമാഹാരമാണ്, ഫിഷ്‌ തെറാപ്പി. ഉത്തരാധുനികാനന്തരസാഹിത്യം മുഖ്യമായും ആഗോളവത്കരണത്തിന്റെ ഗുണദോഷവശങ്ങളുമായി ബന്ധപ്പെട്ടു നില്‍ക്കുന്നു. പൊതു ഭാവുകത്വ നിര്‍മ്മിതി എന്ന പരമ്പരാഗത ധാരണകളെ റദ്ദ് ചെയ്യുന്ന അത് ഓരോരുത്തരും   അവനവന്റെ ഭാവുകത്വത്തെ അടയാളപ്പെടുത്തുന്നതിലെക്ക് ചുവടു മാറുന്നു. നിയത മാതൃകകളെ വിട്ടു മാറുന്ന ഇത്തരം എഴുത്തുകാരുടെ പ്രതിനിധിയാണ് ബിനുവും. ഫിഷ്‌ തെറാപ്പി എന്ന പുസ്തകത്തിന്റെ പേര് തന്നെയായ കവിത കാണൂ.

മീന്‍മുറിവുകളുടെ/ കാലമായിരുന്നു അത് /നാല് കണ്ടങ്ങള്‍ക്കപ്പുറം /കതിനപൊട്ടുമ്പോള്‍ /വയല്‍ വരമ്പില്‍ /രാമന്‍കുളത്തിലെ പായല്‍ തണുപ്പിലേക്ക് / കാലിട്ടിരുന്ന കാലം....

ഇല്ലാതാവുന്ന കുളങ്ങള്‍, ഇല്ലാതാവുന്ന ഗ്രാമീണത എല്ലാ ദേശങ്ങളുടെയും വിധി ആണ്. തടുക്കാനാവത്തത്ര ആത്യന്തികത അതിനുണ്ട് എന്നൊരു നിസ്സംഗതയോടെ നോക്കി ഇരിക്കാനേ നമുക്കാവുന്നുള്ളൂ. പുറമേ നടക്കുന്ന വിസ്ഫോടനങ്ങളെഅവഗണിച്ച് തങ്ങളുടെ മണല്‍ക്കൂനകളിലേക്ക് ഉടല്‍ പൂഴ്ത്തിയിരിക്കുന്ന ഒട്ടക പക്ഷികള്‍ തന്നെ ആണ് സമകാലീന കാലത്ത് മനുഷ്യനും. പഴയ ഗ്രാമങ്ങളും മറിച്ചായിരുന്നില്ല. കതീന പൊട്ടുന്ന നേരത്തും ജലആര്‍ദ്രതയിലെക്ക് അവനവന്റെ കാലു നനച്ച് ചെറു മത്സ്യ ദൃംശനങ്ങളില്‍ ഇക്കിളിപ്പെട്ടിരുന്നബാല്യം ഇന്നു അന്യമാണ്. മറിച്ചോ, തൊലി മിനുസ്സപ്പെടുത്താനും മൃതകൊശങ്ങളെ നാട് കടത്താനും ശീതികരിച്ച മുറികളില്‍ മത്സ്യങ്ങളെഒരുക്കി ഫിഷ്‌ തെറാപ്പിക്ക് കൈയ്യാട്ടി വിളിക്കുന്ന മാലുകല്‍ നമ്മുടെ ചെറു പട്ടണങ്ങളിലും ഉയര്‍ന്നു കഴിഞ്ഞു. ആഗോള വത്കരണത്തിന്റെ ഒരു പക്ഷെ നമ്മള്‍ കാണുന്ന ഏറ്റവും ഉത്തമ ഉദാഹരണം ആവണം ഇതും. സമൂഹം തന്നെ ഫിഷ്‌ തെറാപ്പിക്ക് വിധേയമാക്കപ്പെടുകയാണ് ഇവിടെ. മീന്‍ വിഴുങ്ങല്‍ ചികത്സയുടെ പേരില്‍ കേരളത്തില്‍ ഒരു കാലത്ത് നടന്ന പറ്റിക്കലുകളെ പറ്റിക്കൂടി ഇവിടെ ഓര്‍ക്കാവുന്നതാണ്.

പുതിയ കാലത്തെ കവിതകള്‍ ഒരു പക്ഷെ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന വാക്കുകള്‍ നീയും ഞാനും ആവണം. ഉപയോഗിച്ചുപയോഗിച്ച് ഇത്ര കാലം ആയിട്ടും ഒട്ടും തേയാതെ ഇപ്പോഴും ഉപയോഗിക്കപ്പെടുന്നുണ്ട്, ഒരു ന്യൂനപക്ഷവായനക്കാരിലെങ്കിലും ഞാന്‍  എന്നാല്‍ എഴുതുന്ന ആളും ഞാന്‍ എന്നാല്‍ അവരുടെ ജീവിതവുമായി ബന്ധപ്പെട്ട ആരോ എന്ന ധാരണ.ബിനുവിന്റെ കവിതകളും ഈ നീ/ഞാന്‍ ദ്വന്ദം വളരെ പ്രകടമാണ്. കേവലം പ്രണയ കവിതാ ഉപകരണങ്ങള്‍ എന്നതില്‍ ഉപരി ഈ വാക്കുകളെ കവിയും കവിതയും എന്ന് വായിക്കാന്‍ഇഷ്ടപ്പെടുന്നു ഈ പുസ്തകത്തിലെ തിരുത്ത്, ഡിസംബര്‍, നീ, പരിണാമം , വിലക്കു കാലുകള്‍ക്ക്നടുവില്‍ തുടങ്ങിയ കവിതകള്‍.  

ഇടവേളകളില്ലാതെ പെയ്യുന്ന /മഴയും കാറ്റും /വെയിലുമായിരുന്നുനീ എന്ന് കവിതയെ കവി പരിചയപ്പെടുത്തുന്നു. കവിയെ കീഴടക്കുന്നഎഴുത്തെന്ന ത്വരയുടെ പരിണാമത്തെ  അനുഭവിക്കുന്നതാവട്ടെ -ഇന്ന്,/ നീ തണുത്തുറഞ്ഞൊരു ശിലയായ് / പരിണമിച്ചപ്പോള്‍/ഞാനറിയുന്നു / കീഴടക്കാനുള്ള ത്വരയായിരുന്നു/ നിന്നില്‍ കത്തിനിന്നിരുന്ന/ഊര്‍ജ്ജം മുഴുവനും (പരിണാമം) . എഴുത്തിന്റെ ഓര്‍മ്മകളില്‍ വേരുകള്‍ ആഴ്ത്തി അലഞ്ഞു നടക്കപ്പെടെണ്ടി വരുന്ന കവിയെ കാത്തിരിക്കുന്നത് ആവട്ടെ ചോരമണം വാര്‍ന്നൊഴുകുന്ന കൈതോലക്കാടുകള്‍ ആണെന്ന് പറയുന്നു നീ എന്നകവിതയില്‍. ആദ്യമായി കവിത തൊട്ട ദിവസം ഡിസംബര്‍ ആയിരുന്നു എന്നും അന്ന് മഞ്ഞു പൊഴിയുന്നുണ്ടായിരുന്നു എന്നും ഉള്ള ഓര്‍മ്മയാണ്ഡിസംബര്‍ എന്നാ കവിത.

ഒരേ നേരം ഒരൊറ്റ സ്പര്‍ശം കൊണ്ട് പുഷ്പിക്കുന്ന ഒരു വൃക്ഷങ്ങളും ഒരൊറ്റ നോട്ടം കൊണ്ട് സൌഗന്ധികങ്ങള്‍ ആവുന്ന കസ്തൂരി ഗര്‍ഭങ്ങളും അതെ നേരം ഒരൊറ്റ വാക്കുകൊണ്ട് ഉണങ്ങിക്കരിഞ്ഞു പോയേക്കാവുന്ന തായ്ത്തടികള്‍ തന്നെയുമുള്ള വൈര്യത്താല്‍ ഉഗ്രകോപികള്‍  ആയേക്കാവുന്ന ഉരഗമൃഗാദികളും ഉള്ള കുന്നും കുഴികളും പച്ചപ്പും മുല്‍പ്പടര്‍പ്പും ഉള്ള തരിശു തളിരുകള്‍ ഉള്ള ഒരപൂര്‍വവനസ്ഥലി ആണ് ഓരോ പെണ്ണുമെന്നു പരിചയപ്പെടുത്തുന്നു"വനസ്ഥലി " എന്ന കവിതയില്‍. അനുരാഗത്തിന്റെ ,പ്രണയത്തിന്റെ,അനുഭവത്തിന്റെ ഉദാത്ത ഉത്തുംഗതയാവും അത്തരത്തില്‍ ഒരാളുമായി തന്റെ നിമിഷങ്ങളെ പങ്കിടുന്ന ഒരുവന്റെ ജീവിതം. ഒരു മഴ പെയ്താല്‍ മതി ജീവിതകാലം മുഴുവന്‍ ചോര്‍ന്നോലിക്കാന്‍ എന്ന് പ്രണയത്തെ പരിചയപ്പെടുത്തിയത്പീ.ആര്‍ രതീഷ്‌ ആണ്.
ഇന്ദ്രിയാതീത അനുഭവമാണ് അത്തരത്തില്‍ ഉള്ള ഒരു അനുഭവത്തിന്റെ കണ്ടെടുക്കല്‍. എല്ലാ ആസക്തികളുടെയും അവസാന വാക്കാവും പ്രണയം ചില നേരം . ഇന്ദ്രിയങ്ങളുടെ കണ്കെട്ട് വിദ്യപോലെ ചിലത് പ്രണയത്തില്‍ ഒളിച്ചിരിക്കുന്നുണ്ടാവണം. കാമത്തെ, രതിയെ ഒരു പാപമായി കണ്ടെടുക്കുന്ന നിമിഷത്തില്‍ അതില്‍ നിന്നുള്ള പാപനാശനം കൂടിയാണ് ഒരുവന്റെ/ ഒരുവളുടെപ്രണയം. അത് ശരീര ഭാഷയിലെ അക്ഷരത്തെറ്റുകളെ തിരുത്തിയെഴുതുന്നു.പ്രണയത്തിന്റെ ഭാഷ ശരീരം വരയ്ക്കും പോലെ മറ്റെന്തിനാണ് ചെയ്യാനാവുക. മാധവിക്കുട്ടിയുടെ പ്രണയാക്ഷരങ്ങുടെ നിഴല്‍ കാണാനാവുന്നുണ്ട് "പാപനാശിനി "എന്ന കവിതയില്‍. വിചിത്രമായ ആസക്തിയുടെ ലോകങ്ങളെ കുറിച്ചുള്ള ആകുലതകളെ പ്രണയ പാപനാശിനിയില്‍ കഴുകിക്കളയുന്നു. "ചാവുകടല്‍" ആവട്ടെ ഉപേക്ഷിക്കപ്പെടലില്‍ ഒരാളുടെ ഇല്ലാതാകലിനെ എഴുതി ചേര്‍ക്കുന്നു. ഒരു പാതി മയക്കത്തില്‍ കൊട്ടാരം വിട്ടുപോയ ബുദ്ധസ്മരണയില്‍ ഗൌതമപത്നി എത്രമാത്രം മരിച്ചിട്ടുണ്ടാവണം. പറയാതെ പോയ വാക്കുകളുടെ കണ്ടു പഴകിയ പാതിയടഞ്ഞ കണ്ണുകളുടെ ഓര്‍മ്മയില്‍ ചത്തുപോകലാണ് പ്രണയത്തിന്റെ അന്ത്യം.

                                                                ഉപ്പുപാടങ്ങള്‍ക്കപ്പുറമായിരുന്നു.
                                                                           അവളുടെ വീട്
                                                                           സദാ വിളര്‍ത്ത 
                                                                         കവിള്‍ത്തടങ്ങളും 
                                                                       തിണര്‍ത്ത ചുണ്ടുകളും
                                                                   ഉപ്പുകാറ്റെറ്റു വാടിയിരുന്നു.
                                                                       പുരികങ്ങള്‍ക്കിടയില്‍
                                                                           ഉപ്പുപരലുകള്‍ 
                                                                          പറ്റിപ്പിടിച്ചിരുന്നു.
                                                               പഴയൊരു ആത്മഹത്യാശ്രമത്തെ 
                                                                           ഓര്‍മ്മിപ്പിച്ചിരുന്നു
                                                                           നീലിച്ച കഴുത്തിണ. (ഉപ്പുപാടങ്ങള്‍)

വര്‍ത്തമാന കാലത്ത് ഒരാള്‍  കവിത എഴുതുന്നു എന്നത് ആത്മഹത്യാപരമായ ഒരു പ്രവൃത്തിയാണ്‌. കവിത മറ്റെല്ലാ വിതകള്‍ക്കും അപ്പുറം കൊടുക്കവാങ്ങലിന്റെ ഒരു നാട്ടു ചന്തയിലെ വ്യവഹാര വസ്തു കൂടിയായി അത് രൂപാന്തരം പ്രാപിച്ചു തുടങ്ങിയിരിക്കുന്നു. കേള്‍ക്കപ്പെടാത്ത വേറിട്ട ശബ്ദങ്ങളും ഉപേക്ഷിപ്പെട്ട ചുമരുകളിലെ ഉടമസ്ഥനില്ലാത്ത ചിത്രക്കൊറലുകളും പോലെ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് വേറിട്ട  കവിതാ സംരംഭങ്ങള്‍ കാണാതെയോ/ കണ്ടില്ലെന്നു നടിക്കപ്പെടുകയോ/ പോവുന്ന ഒരു  കാലത്തിനു  ഒപ്പം നടക്കുമ്പോള്‍ അതത് കാലത്ത്  അറിയാതെ പോയെക്കുമെങ്കിലും  കാലത്തെ അതിജീവിക്കാനുള്ള പാങ്ങുള്ളവ പല വേനലുകളില്‍ വെന്ത ഒരു വിത്ത് അതിന്റെ ആദ്യ മഴയില്‍ എന്നതു പോലെ, എത്ര വൈകിയായാലും അതിന്റെ വായനയെ കണ്ടെത്തുക തന്നെ ചെയ്യും.