ഞായറാഴ്‌ച, ഫെബ്രുവരി 23, 2014

കൂട്ടിരിക്കുന്നു.

ആശുപത്രിയുടെ ഉള്ളിലേക്ക് കയറിയിപ്പോള്‍.  മുടിയിലാണെന്റെ വിരലുകള്‍ മടിയിലുള്ള ശിരസ്സിന്റെ.

ഈ ഉടലിപ്പോള്‍ എത്ര നാക്കുകളുടെ വാക്കായി പൂക്കുന്നുണ്ടാവണം. ഇടതു ചേര്‍ന്നു വന്നതു കൊണ്ട് യൂ തിരിവീന്നു പിന്നോട്ടി വരേണ്ടി വന്നില്ലെന്നു പറയണം പിന്നീടെന്ന് ചിന്തിച്ചിട്ടുണ്ടാവണം രണ്ടാമന്‍ എന്നിപ്പോഴോര്‍ക്കുന്നു. ഒരുപാടു പേരോടൊന്നും അവന് പറയാനായിട്ടുണ്ടാവില്ല. ഉച്ചവെയില്‍ പുതച്ചു കിടക്കുന്ന വണ്ടികളോടൊപ്പം ഉറങ്ങിക്കിടക്കുകയിരുന്നു വിളിച്ചുണര്‍ത്തും വരെ ഡ്രൈവര് . ഓട്ടോകളൊക്കെ വെയിലില്‍ ആവിപിടിക്കുന്ന പനിക്കാരെപ്പോലെ പുതച്ചിട്ടുണ്ടായിരുന്നു. അധികം ഓടിക്കാണാത്ത വണ്ടിയില്‍ ഈ സമയം പതിവായുറങ്ങുന്നുണ്ട് അയാളെന്ന് ഓര്‍ക്കാന്‍ കാരണം നേരത്തെ അയാളെ കണ്ടതാണ്. അയാളുടെ രണ്ടു പെണ്മക്കളില്‍ മൂത്തവള്‍ ഇളയവളെക്കാള്‍ മെലിഞ്ഞിട്ടാണ്. അവളുടെ കാലുകള്‍ ആദ്യം കാണുമ്പോള്‍ വിളഞ്ഞു കിടന്ന ഏതോ ചോളവയലിലെ പൂവു കുഴച്ചതാണതെന്ന് തോന്നിപ്പിച്ചിരുന്നു.അവളുടെ ഒരു കാലില്‍ അവള്‍ വരുന്നതറിയിക്കുന്ന ചിലമണികള്‍ കൊരുത്തിട്ട ഒരു പാദസരമുണ്ടെന്ന് രണ്ടാമനാണ് ഒരിക്കല്‍ പറഞ്ഞത്. ഞങ്ങള്‍ മൂന്നുപേരാണ് ആ ഗലിയുടെ ഇങ്ങേ തുഞ്ചത്തെ വാടകക്കാര്‍. വീട്ടില്‍ അധികം ആള്‍ വരവു പറ്റില്ലെന്ന് പഞ്ചാബി അമ്മൂമ്മ പറഞ്ഞിരുന്നു. ചെവി കേള്‍ക്കാത്ത അവര്‍ക്ക് രാത്രി കണ്ണും കാണാത്തതു കൊണ്ട് രാത്രിയാണ് ഞങ്ങള്‍ ചീട്ടു കളിക്കുക. ചിലപ്പോള്‍ പത്തുപേരുണ്ടാവും.

എന്റെ മടിയിലുള്ള ഇയ്യാളുടെ ഭാര്യയ്ക്ക് വരണമെന്നുണ്ടായിരുന്നു. സ്ഥലമില്ലാത്തതുകൊണ്ട് അവര്‍ ഞങ്ങള്‍ക്കൊപ്പമില്ലാത്തത്. കുഴപ്പമായിപ്പോയെന്ന് മൂന്നാമന്‍ പിന്നീട് പല തവണ പറഞ്ഞു. ഈ ഡ്രൈവറുടെ ഇളയ മകളുടെ കൊലുസിനു പിന്നാലെ പോയ സമയത്തെല്ലാം ഗലിയുടെ അങ്ങേ അറ്റത്തുള്ള വീട്ടുമുറ്റത്ത് അയാളും ഓട്ടോയും ഉറങ്ങിക്കിടക്കുന്നുണ്ടായിരുന്നു. ഡ്രൈവര്‍ക്ക് അയാളുടെ ഇളയമകളെയാണ് ഇഷ്ടക്കൂടുതലെന്ന് മൂന്നാമത്തെ തവണ അവരുടെ വീട്ടുമുറ്റത്തെത്തിയപ്പോള്‍ അയാളുടെ കയ്യിലിരുന്ന ഐസ്ക്രീം കവറില്‍ നിന്ന് മനസ്സിലായിരുന്നു. അയാളുടെ മൂത്തമകള്‍ക്ക് തണുപ്പു പിടിക്കില്ലെന്ന് പറയുമ്പോള്‍ ഇളവയളുടെ ഇടംകാലിലെ കൊലുസ്സ് അതു ശരിവച്ചത് ഞാനോര്‍ക്കുന്നു. ഞങ്ങള്‍ താമസിക്കുന്ന ഗലിയില്‍ വച്ചിപ്പോള്‍ മിണ്ടാറേയില്ല. ദൂരത്തിനാണു കാശുവാങ്ങുന്നതെന്നും വേഗത എന്നത് ഒരു തോന്നല്‍ മാത്രമാണെന്നും മൂന്നാമന്റെ അക്ഷമയ്ക്കു മറുപടി പറഞ്ഞത് കഴിഞ്ഞ വളവിനാണ്. മറന്നുവച്ച കടിഞ്ഞാന്‍ തിരഞ്ഞു പായുന്ന കുതിരകളെന്നാണ്

ഈ നഗരത്തിലെ വാഹനങ്ങളെന്ന് രണ്ടാമന്‍ പറയാറുണ്ട്. ലാജ്പത് നഗര്‍ സിഗ്നലില്‍ രണ്ടു വണ്ടികള്‍ കൂട്ടിമുട്ടിയെന്ന് ടാക്സിക്കാരന്‍ സര്‍ദാര്‍ജിയാണ് ഡ്രൈവറോടു പറഞ്ഞത്. കള്ളുവാങ്ങാന്‍ പോവുന്ന വഴിയോര്‍മ്മിച്ച് അമര്‍ക്കോളനിക്കുള്ളിലൂടെയുള്ള വഴിപറഞ്ഞത് രണ്ടാമനാണ്. പശുക്കള്‍ ഗതാഗതം നിയന്ത്രിക്കുന്ന ഒരു തെരുവാണിതെന്ന് അവന്‍ ചിരിച്ചിരുന്നു. രാത്രി പോലെ സ്വന്തം കൂട്ടിലേക്ക് തിരിച്ചുപോവുന്നവരെ ഈ പശുക്കളോടുപമിച്ചത് കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിന്റെ തലേന്നായിരുന്നു. അന്നു ഞങ്ങള്‍ ജന്‍പഥ് കീഴടക്കിയ നര്‍ത്തകരായിരുന്നു. ഒരു അസ്സാമീസ് നാടോടിപ്പാട്ടായിരുന്നു കേട്ടത് ആ രാത്രി. ഭാഷ വിറുങ്ങലിച്ച് മരവിച്ചിരുന്നു ജനുവരിയുടെ തണുപ്പില്‍. ഓ.പി. വരെ ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു ഡ്രൈവറും. പത്തുമിനിട്ടു മുന്നേ വരെ ശ്വസിച്ചിട്ടുണ്ടാവണമെന്ന് ഡോക്ടര്‍ തന്നെ പറഞ്ഞത് ശരിയാവാതെ വരില്ല. സൗത്ത് എക്സിലെ ഒരു കുഴിയില്‍ നിന്നു നിവരുമ്പോള്‍ എന്റെ കണ്ണിലേക്ക് സൂക്ഷിച്ചു നോക്കിയതോര്‍ക്കുന്നുണ്ട്. ഇരുപത്തിയെട്ടിനിടയിലെ കള്ളക്കളി പിടിച്ചത് ഈ നേരത്തെന്തിനാണ് ഓര്‍ത്തെടുക്കുന്നതെന്ന് ചോദിക്കേണ്ടതായിരുന്നു. ഇയ്യാളുടെ ഭാര്യ പുറപ്പെട്ടിട്ടുണ്ടാവണം കാത്തിരിക്കുക തന്നെ. ആപ്പീസില്‍ പോയിരിക്കുന്ന അയാളുടെ മകനെ വിളിക്കാം. ഏതു വിഷം കുടിച്ചെന്നാണ് അവന്റെ അമ്മ പറഞ്ഞെതെന്നു മറന്നു. അവന്‍ വന്നിട്ടു വേണം മടക്കി വച്ച കൈ വീണ്ടും തുടങ്ങാന്‍. നല്ലൊരു കൈയ്യായിരുന്നു.