വെള്ളിയാഴ്‌ച, മാർച്ച് 07, 2014

ചൂണ്ട



കുണ്ടളേ,കുണ്ടളേന്നു വിളിച്ചിട്ടൊന്നും ഒരു കാര്യോല്ല,
തിരക്കി കണ്ടെത്തണം പാലിന്റെ മണമുള്ള തൊഴുത്തില്‍
മുളപൊട്ടാറായ ഇഞ്ചിത്തടത്തിലെ ഇലച്ചപ്പിനു
മീതെയുള്ള പാതിയുണങ്ങയില്‍ ചാണകക്കൂട്ടില്‍

വെറുതെ ഈ ചൂണ്ടയിങ്ങനെ വെള്ളത്തിലേക്കിറക്കിവച്ച്
മണ്‍തിട്ടയില്‍ ഇരുന്നു കാലാട്ടി സുഖിച്ചിരിക്ക്
കല്ലേനക്കികളും വേറെ ചില പൊടി മീനുകളുമുണ്ട്
ഉള്ളീലെക്കങ്ങെടുക്കാന്‍  വായപൊളിക്കാത്തവ‍
നാലു വശത്തൂന്നും കാര്‍ന്നുകാര്‍ന്നങ്ങു തിന്നും

പോടാ പുല്ലെ, കൊറയായി നിന്റെ ഒരു കൊണവതിയാരം
അതിനല്ലെ കാലിനൊപ്പം ചൂണ്ടക്കമ്പും ഞാനിങ്ങനെ.
ചൂണ്ട വളവിലൂടൊരു കുണ്ടളപ്പുഴുവിനെ മെല്ലെമെല്ലെ
തിരികുമ്പോഴുണ്ടോരു രസം, കാലാട്ടയിരിക്കുമ്പോഴുള്ള പോലെ.

ഒഴുക്കുവെള്ളത്തില്‍ ഇല്ലാതാവും നമ്മുടെ അഴുക്കുകള്‍
നേരം മയങ്ങുന്ന നേരത്തങ്ങനെ നെഞ്ചോളം വെള്ളത്തില്‍
ചേര്‍ന്നുചേര്‍ന്ന് നിക്കുമ്പോ നമ്മളെത്തും ചില കരകള്‍
പനിക്കും ഓര്‍മ്മപോല്‍ പിന്നീടില്ലാതാവും തുരുത്തുകള്‍.

വീടുവിട്ടിറങ്ങുമൊരു പെണ്ണിന്റെ ഉള്‍പ്പിടയല്‍ കാണാം
പ്രണയം പോല്‍ ഉള്ളില്‍ കൊരുത്തു കൂടെ വലിക്കുമീ
ചൂണ്ട വളവിനൊപ്പം ജലരേഖ താണ്ടുമാ നിമിഷത്തിന്‍
മീന്‍ പിടയലില്‍ നീയില്ലാത്ത നേരമേ ഞാനെന്ന പോലെ.