ശനിയാഴ്‌ച, മേയ് 03, 2014

ആരെന്ന അന്വേഷണത്തിലെ നീയും നിന്നിലെ ഞാനും : അമലിന്റെ നോവല്‍ : കല്‍ഹണന്‍

 ആരെന്ന അന്വേഷണത്തിലെ നീയും നിന്നിലെ ഞാനും : അമലിന്റെ നോവല്‍ : കല്‍ഹണന്‍ 
-----------------------------------------------------------------------------------------------------

മനുഷ്യമനസ്സിന്റെ ആകസ്മിക,അനൈശ്ചിക നിരര്‍ത്ഥതാവസ്ഥകളെ ഏറ്റുവും കൂടുതല്‍ അനുഭവിപ്പിച്ച വായനയായിരുന്നു കാമ്യുവിന്റെ ദി സ്ട്രൈഞ്ചര്‍. അസ്ഥിത്വം എന്ന പ്രഹേളിക അതിന്റെ ആരംഭാവസാനങ്ങള്‍  ഇല്ലാതെ ഒരാളില്‍ എത്ര കണ്ടു ആവേശിക്കുന്നു എന്നതും പല പുസ്തകങ്ങളുടെയും മൂലഹേതു ആയിട്ടുണ്ട്‌. കാലാതീതമായ ഒരു അന്വേഷണത്വരത അസ്ഥിത്വാന്വേഷണത്തിന്റെ ഉപ്പും  ഉറവയും ആവുന്നുണ്ട്‌. ഒരുവന്റെ അസ്ഥിത്വാന്വേഷണവും സമൂഹത്തിന്റെ തന്നെക്കുറിച്ചുള്ള പ്രതീക്ഷകള്‍ എന്ന അംബരദൂരം പോന്ന അയഥാര്‍ത്ഥഭാരവും ചേര്‍ന്ന് നില്‍ക്കുന്ന സാഹിത്യ സൃഷ്ടികള്‍ മലയാളത്തിലും ഏറെയുണ്ട്. ഒരു വന്റെ നിസ്സഹായതാവസ്ഥ എന്നത് കൃതികള്‍ ഏറെ പരിചയപ്പെടുത്തപ്പെട്ടതും വിജയിച്ചതുമായ ഒരു വിഷയമാണ്. ഇരുട്ടിന്റെ ആത്മാവ്, തനിയാവര്‍ത്തനം, കിരീടം തുടങ്ങിയ  ഒട്ടേറെ നോവല്‍, സിനിമകളുടെ  വിഷയവും മറ്റൊന്നല്ല. കല്‍ഹണന്‍ : നീ/ഞാന്‍ ആരാണ് എന്ന അമലിന്റെ ആദ്യ നോവല്‍ പറയുന്നത് ഒരേ നേരം ഒരാളില്‍ ഉണ്ടാവുന്ന രണ്ടു  പേരെക്കുറിച്ച്. ഒരാള്‍ക്ക് നിയന്ത്രിക്കാന്‍ ആവാത്ത മറ്റൊരാള്‍, ഒരാള്‍ ചെയ്യേണ്ടെന്ന് മനസ്സില്‍ കരുതുന്ന കാര്യം ആദ്യം പറഞ്ഞ അറിയാതെ ചെയ്യുന്ന മറ്റൊരാള്‍ . അപരപ്രവര്‍ത്തിയുടെ ചോദനകളെ അടക്കാന്‍ അയാള്‍ ചെയ്യുന്ന, ചെയ്തു പാഴായി പോവുന്ന ശ്രമങ്ങളെ പറ്റി അമല്‍ പറയുന്നു. നാല്‍പ്പത്തി ഒന്‍പതു വയസുള്ള ഗോപികുട്ടന്‍, കാക്കക്കുന്നു എന്ന നായകകഥാപാത്രം തന്റെ ഭാര്യയും രണ്ടു പെണ്മക്കളും അടങ്ങുന്ന കുടുംബത്തിനു വേണ്ടി പല തൊഴിലുകള്‍ ചെയ്യുന്നു. അവസാനം ചെയ്യുന്ന തൊഴില്‍ പെട്രോള്‍ ബങ്കിലെ ഫില്ലെര്‍ ആണ്. അയാള്‍ എന്തിലും ഏതിലും തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ തിരയുന്നു. അത്തരം കാര്‍ട്ടൂണുകള്‍  പൈങ്കിളി വാരികകളില്‍ പ്രസിദ്ധീകരിച്ചു കാണാന്‍  അയാള്‍ ആഗ്രഹിക്കുന്നു. അയാള്‍ ജീവിക്കുന്ന ചുറ്റുപാടും സമൂഹവും ഭാര്യയും ആരും തന്നെ തന്റെ കഴിവിനെ, കാര്‍ട്ടൂണിനെ അതര്‍ഹിക്കുന്ന രീതിയില്‍ കാണുന്നില്ല എന്ന വേദന അയാള്‍ക്കുണ്ട്. അതില്‍ നിന്ന് ഒരു മാറ്റം എന്ന നിലയ്ക്കാണ്, ഗോപിക്കുട്ടന്‍ എന്ന പേരില്‍ വേറെയും കാര്ട്ടൂണിസ്റ്റ് ഉള്ളത് കൊണ്ട് കൂടി അയാള്‍ "കല്‍ഹണന്‍,കാക്കക്കുന്നു" എന്ന പേരിലേക്ക് ചുവടു മാറുന്നു. ഗോപിക്കുട്ടനും അയാളിലെ  കല്‍ഹണനും തമ്മിലുള്ള ആത്മ സംഘര്‍ഷങ്ങള്‍ ആണ് പിന്നീടുന്ടാവുന്നത്. ഗോപിക്കുട്ടല്‍ ജയിലാവുന്നു. അയാളുടെ ജയില്‍ മോചനത്തിലൂടെ ആണ് അമല്‍ തന്റെ നോവല്‍, ഗോപിക്കുട്ടന്റെ ജീവിതത്തെ, അയാളുടെ ആത്മസംഘര്‍ഷങ്ങളെ പറഞ്ഞു തുടങ്ങുന്നത്.


നവവിവരസാങ്കേതികവിദ്യകള്‍ ഒരേ സമയം മനുഷ്യന്റെ ഉളിവിടങ്ങള്‍ എന്ന പ്രതീതി ജനിപ്പിക്കുകയും അതേ നേരം അവനെ ഉടുതുണിയുടെ മറവു പോലുമില്ലാത്ത നിലയില്‍ വെളിപ്പെടലിന്റെ ലോകത്തേക്ക് ഒറ്റയ്ക്കാക്കുകയും ചെയ്യുന്നു. തൂലികാ നാമങ്ങളും ഫെയ്ക്ക് ഐഡികളും തമ്മില്‍ ഒട്ടും അകലം ഇല്ലാതെയാവുന്നു. ഒരു പക്ഷെ സാഹിത്യ ലോകത്ത് പുത്തന്‍ എഴുത്തുകാര്‍ ഏറ്റവും കൂടുതല്‍ തൂലികാനാമങ്ങള്‍  ഉപയോഗിക്കുന്ന ഒരു കാലം ഇതാവണം. ഹിഡുംബി, ഒട്ടകം , നിര്ജലിത എന്നിങ്ങനെ ജീവിയവും അജീവിയവുമായ ഒട്ടേറെ പേരുകള്‍ കൊണ്ട് സമ്പന്നമാവുന്നു സ്വയം പ്രകാശനത്തിന്റെ പുത്തന്‍ എഴുത്തിടങ്ങള്‍. തങ്ങളുടെ എഴുത്ത് പേരുകള്‍ /തൂലികാ നാമങ്ങള്‍ തങ്ങളുടെ സുരക്ഷിത ഒളിയിടങ്ങള്‍ എന്ന് കരുതുന്നവരാണ് കൂടുതല്‍ പേരും. അതെ സമയം ഒട്ടും തന്നെ ഒളിക്കാന്‍ ഇടമുള്ള ഒന്നല്ല ബ്ലോഗ്‌, സോഷ്യല്‍ നെറ്റ് വര്‍ക്ക് എഴുത്ത് ഇടങ്ങള്‍ എന്നത് അവരെ ചിന്താകുലര്‍ ആക്കുന്നുമില്ല. ഗോപിക്കുട്ടന്റെ കല്‍ഹണന്‍ എന്ന തൂലികാ നാമത്തിനാവട്ടെ ഇങ്ങനൊരു സാധ്യതയെ കണ്ടെടുക്കാനും ആവുന്നില്ല. അയാള്‍ മൊബൈലോ ഫെസ് ബുക്കോ ഇല്ലാത്ത പുത്തന്‍ സാങ്കേതികതയില്‍ ഏറെ ആകൃഷ്ടനല്ലാത്ത വ്യക്തിയാണ്. അത്തരം ഒരു സാഹചര്യത്തില്‍ അയാള്‍ക്ക് ഉണ്ടാകാവുന്ന വിനിമയ മാര്‍ഗം തപാല്‍ മാത്രമാണ്. അതാകട്ടെ, കല്‍ഹണന്‍ എന്ന അയാളുടെ സുരക്ഷിത ഇടത്തെ ഒറ്റിക്കൊടുക്കുകയും ചെയ്യുന്നു. ഒരു പുതു എഴുത്തുകാരന് ഒരു അച്ചടി മാധ്യമത്തിലെക്കുള്ള വഴി ഒരു ഹെര്‍ക്കൂലിയന്‍ പ്രയത്നമാവണം. എഴുതുമാത്രമല്ല ഒന്നിന്റെയും പാസ്വേര്‍ഡ്‌. ഒരു തുടക്കക്കാരന്റെ പ്രയാസങ്ങള്‍ , ഇപ്പോഴും ഒട്ടിച്ച കവറില്‍ മാത്രം സൃഷ്ടികള്‍ സ്വീകരിക്കുന്ന മാധ്യമങ്ങള്‍ക്ക് തപാല്‍ സ്റ്റാമ്പ് ഇനത്തില്‍ പോയ പൈസ കൊണ്ട് കുറച്ചു വസ്തു വാങ്ങാം എന്നുള്ള ഗോപിക്കുട്ടന്റെ ഭാര്യയുടെ നെടുവീര്‍പ്പ് എത്ര വാസ്തവം ആവണം.

സ്വന്തമായി ഒരു മുറിയുള്ള കലാകാരന്മാര്‍ കുറവാകും. എതു അമച്വര്‍ എഴുത്തുകാരന്റെയും ആദ്യ കടമ്പ തന്റെ കുടുംബത്തിന്റെ, ജീവിക്കുന്ന സമൂഹത്തിന്റെ ചുഴിഞ്ഞു നോട്ടങ്ങളെ അതി ജീവിക്കുക എന്നതാവും. കലാകാരന്‍/ കാര്‍ട്ടൂണിസ്റ്റ് തുടങ്ങിയ പദങ്ങള്‍   ഒട്ടും ലാഭകരമല്ലാത്ത, ഉപജീവന സാദ്ധ്യതകള്‍ ഇല്ലാത്ത എന്നാല്‍ ഉണ്മാദികളുടെയും അനാര്‍ക്കിസ്ട്ടുകളുടെയും സുരക്ഷിത ഒളിയിടങ്ങള്‍ ആണ്. അത്തരം ഒരിടത്ത് നിന്നും അവരെ വെളിച്ചത്തെക്ക് കൊണ്ട് വന്നു പൊതു സമൂഹത്തിന്റെ ഭാഗമാക്കുക എന്നത് ഓരോ പൌരന്റെയും കടമ എന്ന് ചിന്തിക്കുന്നു അവന്റെ/അവളുടെ ചുറ്റുമുള്ള സമൂഹം. കലയുടെ അനിര്‍വച്ചനീയത പോലെ തന്നെ അവനവന്റെ ഉള്ളിലുള്ള മറ്റൊരുവന്‍ എന്ന എഴുതിടത്ത്തിന്റെ അനിര്‍വച്ചനീയതയെ അതീവസൂക്ഷമതയോടെ വരയ്ക്കാന്‍ അമലിനു കഴിയുന്നു. ഓരോ വരിയും അമല്‍ എന്ന എഴുത്തുകാരന്റെ, മലയാള കഥ, നോവല്‍ ശാഖയുടെ  ഭാവിയുടെ ചൂണ്ടു പലക ആവുന്നു.  ഞാന്‍ / നീ ആര് എന്നാ ചോദ്യം, അതിന്റെ പ്രസക്തി കാലാതിതമാവുന്നു.