ശനിയാഴ്‌ച, ജനുവരി 25, 2014

ഒരു ചോദ്യമല്ലേ, ന്നാ ചോദിച്ചാട്ടെ.

ഒന്നും ഉണ്ടായിട്ടില്ല.
ഒന്നും ഉണ്ടാവുകയുമില്ല.
അല്ലെങ്കില്‍ തന്നെ എന്താണ് ഉണ്ടാവുക.
അല്ലെങ്കില്‍ തന്നെ എന്താണ് ഉണ്ടായിട്ടുള്ളത്.
ചോദ്യം ചോദിക്കാതെ?

ചോദ്യം ചോദിക്കാനുള്ളത് അല്ലെ.
അല്ലെ?
ന്നാ ചോദിച്ചോ?

ഒരാളുടെ കവിതയില്‍ ടാഗ്ഗ് ചെയ്യപ്പെട്ട ചിലരെപ്പോലെ
വളരെ പരിചയക്കാരാവും ചോദ്യങ്ങള്‍
ഉത്തരങ്ങളെല്ലാം അറിഞ്ഞുവെന്ന ഭാവത്തില്‍
അദൃശ്യമായൊരു (അ) സാന്നിദ്ധ്യമെന്ന്‍
അവര്‍ക്ക് മാത്രമറിയാവുന്ന ചോദ്യങ്ങളാവണം

ഹോ, ചോദ്യമേ
നിന്നെ കെട്ടിപ്പിടിച്ച് ഒരുമ്മ
അല്ലെങ്കില്‍
നിന്നെ കെട്ടിപ്പിടിച്ച് ഒരുത്തരം.
ഒന്നും ഉണ്ടായിട്ടല്ല
ഒന്നും ഉണ്ടാവുകയുമില്ല.

കണ്ടിട്ടില്ലേ എല്ലാ ചോദ്യത്തിനും
ഉമ്മ എന്നുത്തരമെഴുതുന്ന ഒരു കുട്ടിയെ?
ജീവിതത്തോളമെത്താത്ത അവന്റെ ചോദ്യങ്ങളില്‍
തലേന്ന് എന്നവണ്ണം
ഓരോര്‍മ്മ
ഉമ്മയെന്ന്‍
പുതുക്കപ്പെടുന്നുണ്ടാവണം

ഒരാളെടുത്ത ചിത്രങ്ങളില്‍ നിന്ന്
ഹോ, ദയനീയം എന്നൊരുത്തരം തന്നു
ജീവിതം തന്നെക്കുറിച്ചുള്ള ചില ചോദ്യങ്ങള്‍
കറുത്തിരുണ്ട നാഗങ്ങളുടെ ഇഴയെന്നു
ഒരുടലിന്റെ ഉച്ചിയോളം കൊണ്ടെത്തിക്കുന്നുണ്ട്

കണ്ടിട്ടുണ്ടാവാനിടയുണ്ട്
തന്റേതു തന്നെയായ നിഴല്‍ക്കൈയ്യുകളെ
എത്തിപ്പിടിക്കുന്നൊരു ബാല്യത്തെ
പരാജയത്തിന്റെ പുഞ്ചിരികള്‍ക്കൊപ്പം
തളരാതെ തുടരുന്ന അവന്റെ/അവളുടെ
ശ്രമങ്ങള്‍ നിഴലിന്റെ ഉത്തരങ്ങള്‍ക്ക്
ചോദ്യങ്ങളെ എഴുതി സമര്‍പ്പിക്കുന്നുണ്ട്
എല്ലാ ഉത്തരങ്ങളിലുമല്ല
എല്ലാ ചോദ്യങ്ങളിലുമല്ല
ചിലതിലെങ്കിലും അങ്ങനെയൊക്കെ ആവണം
അത് കൊണ്ടാണ്

ഒന്നും ഉണ്ടായിട്ടില്ലെങ്കിലും
ഒന്നും ഉണ്ടാവുകയുമില്ലെങ്കിലും.
അല്ലെങ്കില്‍ എന്താണ് ഉണ്ടാവുകയെങ്കിലും .
അല്ലെങ്കില്‍ എന്താണ് ഉണ്ടായിട്ടുള്ളതെങ്കിലും
ചോദ്യം ചോദിക്കാതെ/ ചോദിച്ചിട്ടും.
ചോദ്യം ചോദിക്കാനുള്ളത് ആവുന്നത് .
അല്ലെ?
ന്നാ ചോദിച്ചാട്ടെ