വെള്ളിയാഴ്‌ച, ഡിസംബർ 16, 2011

മുന്‍വിധികളെ വിവര്ത്തനം ചെയ്യുന്ന വിധം

ഏറെ നേരമായി
ഈ നി‍പ്പ്
ഈ ചുറ്റിനടത്തം
ഒട്ടൊന്നു നിവര്‍ന്ന്
ഇട്യ്ക്കൊന്ന് കുനിഞ്ഞ്
തൊട്ടും രുചിച്ചും
തുപ്പിക്കളഞ്ഞും


പാല്‍ വണ്ടി
പത്രക്കാരന്‍
സ്കൂള്‍ക്കുട്ടികള്‍
നീട്ടിയെറിഞ്ഞൊരു
സംശയത്തിന്‍ വലക്കണ്ണികള്‍
വഴിയരികിലുപേക്ഷിച്ച്.


പൂത്തിട്ടുണ്ടോ
ഇനി പൂക്കുമോ
പൂത്താല്‍ തന്നെ
കായ്ക്കുമോ
കൊഴിയാതെ വിടുമോ
കാറ്റിന്റെ കണ്ണുകള്‍



ചില്ലകളിലൊളിപ്പിച്ച
ഉറുമ്പിന്‍ കൂടുകള്‍
നെഞ്ചിലമര്‍ന്ന്
ചോരപൊടിപ്പിക്കും
പോളകള്‍


ഇലപ്പച്ചപ്പെന്നാല്‍
മണം
ഗുണം
ഇനം

ഇടയ്ക്കിടെ
ഇലപ്പീലികള്‍
ആകാശത്തെ മുറിച്ച്


ഉപമയാകണം
ഉപമാനമാകണം
അമ്മയെന്നോ
കുഞ്ഞെന്നോ
ഈണത്തിന്റെ
ഒരു പൂളന്കിലും ആകണ്ടേ
ഒരു നുള്ളു മുളകുപൊടിയില്‍


ഇലകള്‍ പൊഴിച്ച്
വേരുകള്‍ കാണിച്ച്
നിവര്‍ന്ന നടുവില്‍
വേരുന്നി നിന്നാല്‍


ഏതോ മരമെന്നല്ലാതെ
മൂവാണ്ടനോ
കിളീച്ചുണ്ടനോ
ഒരു ഒട്ടുമാവെന്നെങ്കിലും
ആരു പറയും മാവേ..

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

കടല്‍സമാധി

വഴികളുടെ പല പുഴയാത്ര
പര്‍വതക്കണ്ണീരിന്‍ കടല്‍സമാധി
വിരുദ്ധ ദിശകളിലെ‍ നദീയാത്രകള്‍
ഒരേ കടലിലേക്കൊടുക്കം നമ്മള്‍

ചൊവ്വാഴ്ച, നവംബർ 01, 2011

എണ്ണ പോലെ, പിണ്ണാക്കു പോലെ...

ഒരുമിച്ചേറെ വെയില്‍ കൊണ്ടിട്ടൊന്നുല്ല,
ഒരുമിച്ചിങ്ങനെ ഇരുന്നിട്ടിത്തിരി
പുറത്തേക്കെന്നേ കരുതിയുള്ളു.
ഉള്ളിലേക്കിങ്ങനെ വലിഞ്ഞുവലിഞ്ഞ്
എല്ലിമ്മേല്‍ തട്ടേണ്ടേന്നെ നിനച്ചുള്ളു.

ഇത്രമേലെടുത്തിങ്ങനെ ഇരുന്നിട്ടിപ്പോ
വിട്ടുപൊകലിലത്ര നോവോന്നുമില്ല.
എണ്ണപോലൊരു പാതിയൊഴുകുന്നത്
പിണ്ണാക്കുപോലെ കാണാനുമുണ്ട് പൊടിരസം.

വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

ചുരുങ്ങി ചുരുങ്ങി ചെറുതാവുന്ന ചില പെരുക്കങ്ങള്‍

എറുമ്പുകള്‍,
വരിവച്ചടിവച്ച്,
കീഴടങ്ങല,ടക്കലില്ലാതെ,
വീതം വയ്ക്കലില്‍ പെരുക്കങ്ങളില്ലാതെ,
ഇടയ്ക്കിത്തിരി വഴിമാറിയങ്ങനെ.

പറവകള്‍‍,
ചിറകടിയിലൊരാകാശമൊളിപ്പിച്ച്,
അതിരളവുകളില്‍ ഭ്രമിയ്ക്കാതെ,
തൂവലുകളാല്‍ മഴക്കാലങ്ങളൊളിപ്പിച്ച്,
മറവിയുടെ കൂടുതുറന്നെന്ന പോലെ,
തിരഞ്ഞുതിരഞ്ഞങ്ങനെ.

ചിതലുകള്‍,
ഓര്‍മ്മകളുടെ ചെറുവിരല്‍
സ്പര്‍ശം പോലെ,
മഴക്കാറിന്‍ തുന്നലുടുത്ത്,
തിരയുന്നെതെന്താണെന്നു
തിരയുമ്പോലെയെങ്ങനെ,

മത്സ്യങ്ങള്‍,
ചെകിളവിരലുകളാല്‍
ജലവീണമീട്ടി അപൂര്‍വ്വതകളുടെ
പുതുരാഗങ്ങള്‍ തുഴഞ്ഞങ്ങനെ,

രണ്ടുപേര്‍,
മറ്റെല്ലാം അവരിലേക്കോ,
മറ്റെല്ലാം അവരായോ,
അവര്‍തന്നെ ഇല്ലാതായെയാവുന്നതോ..
പോലെ നമ്മള്‍ ..

എറുമ്പുകള്‍,
പറവകള്‍‍,
മത്സ്യങ്ങള്‍,
നമ്മള്‍ ..

ശനിയാഴ്‌ച, ജൂലൈ 30, 2011

ആരോ, ആരോടെന്ന്...



പുഴ പാടുന്ന
കിളികള്‍ ഒഴുകുന്ന
തീരമേ തീരമേയെന്ന്
തീര്‍പ്പില്ലാതെ
ആര്
ആരോടെന്ന് നമ്മളോ..



പാടാത്ത പുഴ
ഒഴുകാത്ത കിളികളെന്ന്
തീരം തീരമൊന്നല്ലാതെ
ആരും
ആരോടുമില്ല
നമ്മള്‍ നമ്മളെന്നില്ലെന്ന് ആരോ.

വ്യാഴാഴ്‌ച, ജൂലൈ 21, 2011




"ഉന്‍മത്തതയുടെ ക്രാഷ് ലാന്‍ഡിംഗുകള്‍" (കവിതാസമാഹാരം) ജൂലായ്‌ ഇരുപത്തിമൂന്നിന് മൂന്നുമണിക്ക് തിരുവനന്തപുരം വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന സൗഹൃദം കൂട്ടായ്മയില്‍ വച്ച് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാര്‍ ആദ്യ പ്രതി ഡോക്ടര്‍ കെ.എം.വേണുഗോപാലിന് നല്‍കികൊണ്ട് നിര്‍വ്വഹിച്ചപ്പോള്‍..

പ്രസാധകര്‍ : സൈകതം ബുക്സ്..

ചടങ്ങില്‍ പങ്കെടുത്ത, ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി.

സൗഹൃദം കൂട്ടുകാര്‍ക്ക് ഒരുപാടു നന്ദി.

ശനിയാഴ്‌ച, മേയ് 21, 2011

ഉളിപ്പേച്ച്

ഉടലുശോഷിച്ചൊരു വരമ്പേ,
ഏതുളീകൊണ്ടാവും ആലിലവയലിലൊ-
രരഞ്ഞാണം പോലെ,
നേര്‍ത്തുനേര്‍പ്പിച്ചതു
നിന്നെയാ പുതുജന്മി.

കൊല്ലം കുറെ ഇരുട്ടിവെളുത്തിട്ടാണ്
വെള്ളം മാത്രമായിരുന്ന
ഈ ഭൂലോകത്തീക്കാണുന്ന മൂന്നിലൊന്നു
കരയുണ്ടായതെന്നൊക്കെ
പിള്ളാരു പഠിക്കുന്നത്‌ കള്ളം തന്നെ,
ഇന്നലെ ഒറ്റരാത്രികൊണ്ടല്ലേ ,
ആ ബ്ലേഡ് കുമാരന്‍,
മൂന്നുപറക്കണ്ടം ഒരുതുള്ളി
വെള്ളമില്ലാക്കരയാക്കീത്


പച്ചത്തവള,പച്ചവെട്ടില്‍,
അയ്യാറെട്ടിന്റെ പച്ചപ്പുതപ്പ്,
മാനത്തൊരു കൊള്ളിമീന്‍പോലീക്ക -
ണ്‍മുന്നിലൂടെ പായുന്നൊരു മുശിക്കുഞ്ഞ്,
മീശയുള്ളൊരു കാരി,കൂരിയോ..


വരമ്പീന്നു കാലുതെന്നീട്ടും
നനഞ്ഞില്ലല്ലോ കാല്,
പുഞ്ചയല്ലിതു റബ്ബറെന്നതും
മറച്ചുവോ,റമ്മെനീ...


വീതുളികൊണ്ടാ മാനം വെള്ളകീറുമ്പോ
എന്തൊരു തെരക്കാരുന്നു മുറ്റത്തു പണ്ടൊക്കെ,
മേശിരീ,
വെക്കണം ഉത്തരം ,
കാണണം കിണറു,കട്ടള സ്ഥാനം
കുറ്റിയടിക്കാനും വേണം മേശിരി.


ഒരുത്തനും വേണ്ടിപ്പോ,ബാലനാശാരിയെ,
വസ്തുവിറ്റതും കാന്തക്കാരന്‍ തിന്നട്ടെ;
ചെറ്റകള്‍!
ആലപ്പുഴ,കൊച്ചീക്കാരനാശാരി
പണിയട്ടെ ഉളുത്ത തടിവേരുകള്‍.


ന്നിപ്പോ എവിടാ, കാതലൊള്ള തടി‍,
കരിവീട്ടി,തേക്ക്, കടമരം
ജയഭാരതി,ശ്രീവിദ്യ,ഉണ്ണിമേരി
കണ്ണിലിങ്ങനെ നിരന്നു നിക്കും


പോളീഷും വാര്‍ണീഷും
എറക്കുമതി വെള്ളത്തടി‍,
കണ്ടാക്കണ്ടു ഇന്നു
നാളൈ നടപ്പതു യാരരിവാര്‍


നോക്കിയിരുന്നു,നോക്കീരുന്നു,
നോട്ടത്തിന്റെ മുഴക്കോലു തിണ്ണേല്‍
ചാരിവച്ചുറങ്ങീട്ടുണ്ടാകും, സരോയനി.

കമുകിന്റെ പട്ടിക; കോഴിക്കൂട്
കെഴക്കേക്കോണിലെ മൂലയോട്
പയ്യാരത്തിന്റെ പമ്പ അണപൊട്ടും


കുത്ത്യലും കുത്ത്യാലും മുറുകാത്ത
മുണ്ടേ, നീയിതെവിടെപ്പോയ്..

ശനിയാഴ്‌ച, മേയ് 07, 2011

നിന്നോളം വരില്ലൊന്നും

വര്‍ത്തമാനം..






















.
.
നിന്നോളം വരില്ലൊന്നും..
എത്രയടക്കം,‍
എത്രയൊതുക്കം,‍
എത്രയാഴത്തിലത്ര-
മേല്‍ മെല്ലെ.


എത്രമേല്‍ നൊന്തിട്ടിത്ര
മേല്‍ വേഗത്തില്‍,
ഒന്നും കാണാതെയാവില്ല
ഒന്നും കണ്ടിട്ടുമുണ്ടാവില്ല.

ആര്‍ക്കെല്ലാമൊപ്പം വന്നിട്ടും,
ആരെല്ലാം കൈവിട്ടു പോയിട്ടും,
എന്തെല്ലാമാണ് ബാക്കിയാക്കുന്നത്,

കാറ്റേ,
നിന്നോളം വരില്ലൊന്നും.

ശനിയാഴ്‌ച, ഏപ്രിൽ 23, 2011

രണ്ടു വയസ്സുള്ള ദൈവം

 ഭ്രൂണാവസ്ഥയുടെ ഒരു ചിത്രത്തില്‍ ‍
തന്നെ‍ത്തന്നെ വരച്ചുവെച്ച്,
ഉറക്കത്തിലേക്കുള്ള ഈ ഊളിയിടലിന്,
ജലതന്ത്രികളുടെ ഇടമുറിയ്ക്കാതെ
അക്കരെയിലേക്കുള്ള നീന്തലില്‍
ദൈവത്തിന്റെ വിരലൊപ്പു പതിച്ച ശാന്തത.

ഉറങ്ങും മുമ്പേ മുടിയിഴകളിലൂടെ,
നനുനനുത്ത വിരലുകളാല്‍ ,
തന്റേതായ സംഖ്യാക്രമത്തില്‍
ഇനിയിത്രയേ ബാക്കിയുള്ളുവെന്നോട്
പരിഹാസം തൊടാത്തൊരു പുഞ്ചിരി.
ഇടയ്ക്കെപ്പൊഴൊ വേനല്‍ക്കാറ്റില ചാറ്റല്‍ പോലെ
ഉടലാകെ വിരല്‍ പെരുക്കം.

പിണങ്ങിയകന്നൊരു ചില്ലുഗ്ലാസ്സിന്‍,
കരച്ചില്‍ മറന്നൊരു യവനകുമാരിക്ക്,
കൂകല്‍ തെറ്റിയൊരു റെയില്‍ വണ്ടിക്ക്,
കണ്ണുനിറയ്ക്കുന്ന ദൈവം,
ഇനിയും തെളിയാത്ത തന്റെ കൈരേഖകള്‍
വായിച്ചെന്നപോലെ നിസ്സംഗതയുടെ
ഒരപൂര്‍ണ്ണഗാനത്തില്‍ തന്നെ ലയിപ്പിക്കുന്നു.

തനിക്കുമാത്രം പറയാനും,
കേള്‍ക്കാനുമാകുന്ന ഭാഷയില്‍
കഥകളുടെ കാറ്റിനെ കെട്ടഴിച്ചു വിടുന്നു.

തന്നിലേക്കു പാളിയേക്കാവുന്ന രണ്ടു കണ്ണുകള്‍ക്ക്,
പ്രലോഭനത്തിന്റെ പത്തു വിരലുകള്‍ക്ക്,
കാത്തിരിപ്പിന്റെ തിരമുറിച്ചു തളര്‍ന്നിട്ടും
ഞൊടിവേഗത്തില്‍ ഇരുകൈകളും നീട്ടി
പുണരാനായുന്ന ദൈവം പാതിയുറക്കത്തില്‍
തലേരാത്രി വിതച്ച ചീരവിത്തുകള്‍ മുളച്ചതു കണ്ട്,
‍പുഞ്ചിരിയാല്‍ മുറിയെ പകലാക്കുന്നു.
കാറ്റു വരച്ച വയല്‍ ചിത്രങ്ങളില്‍ ഞെട്ടിക്കരഞ്ഞ്
ഇരുകൈകളിലും എന്നെ ചേര്‍ത്തണയ്ക്കുന്നു.

‍തന്നിലേക്കുള്ള വഴിമാത്രം തുറന്നിടുന്ന ദൈവം,
മറ്റെല്ലാ വഴികളിലും നിഴല്‍ വീഴ്ത്തുന്നു.
എന്റേതെ,ന്റേതെന്ന് ചേര്‍ത്തെടുക്കാനായുമ്പോള്‍
കയ്യകലങ്ങളില്‍ അപരിചിത്വത്തിന്റെ
കനല്‍ മുന്തിരിവള്ളികള്‍ പടര്‍ത്തിയകന്നു പോവുന്നു.

വ്യാഴാഴ്‌ച, മാർച്ച് 31, 2011

പ്രൈം ടൈം ന്യൂസ്സ്

.
.
വെള്ളം തൊടാതെത്രെ കുപ്പി
പാല്‍ ഭഗവതിയ്ക്ക്.
കൊമ്പന്‍ മലയ്ക്കെത്ര വെറ്റില-
യടക്ക,പൊയില ശനിയാഴ്ചകള്‍

പതിനാലു പെണ്ണാടുകള്‍ക്കിപ്പുറ-
മൊരു ആണാട്..

കുടമണികിലുക്കി,
കാറ്റിനെതിരെ വാലോങ്ങി,
ചെറു കൊമ്പ് ഇടയ്ക്കൊന്നിളക്കി
അവനിങ്ങനെ..

ഉണക്കയിലയുടെ പാലാഴികടഞ്ഞ്,
കുറുമ്പിന്റെയകിടു ചുരത്തി,
മലയിറങ്ങി,
ഇടയ്ക്കെപ്പൊഴൊ..

തിരഞ്ഞുതിരഞ്ഞ്,
അക്ഷമയുടെ വേലിക്കമ്പില്‍
ഇരുപിടിക്കയറില്‍
അവനെയും കൂട്ടി..

വയസ്സറിയിക്കാത്ത പതിനാലുപേര്‍
അറിയാവളവില്‍ ഒറ്റയ്ക്കായവര്‍.

എതോടക്കുഴലിന്റെ താളത്തില്‍,
എതു കാല്‍ത്തളമേളത്തില്‍,
എതു നിലത്തിന്റെ ചരിവിനെ പഴി-
ച്ചേതു നൃത്തത്തെ പുനര്‍വചിക്കുന്നുണ്ടാവും ..

തോരാമഴ കണ്ണീരുണങ്ങുമ്പോള്‍
പ്രൈം ടൈം ന്യൂ‍സ്സ്,‍ നൃത്തം ലൈവ് ,
ഓടക്കുഴലിന്റെ റിംഗ്ഗ് ടോണ്‍ റെക്കോര്‍ഡഡ്
കണ്ടാലറിയാവുന്ന ജഡ്ജസ്സിന്റെ പരേഡ്
ഇടയ്ക്കൊരു കൊമേര്‍സ്യല്‍ ബ്രേക്ക്..

ശനിയാഴ്‌ച, മാർച്ച് 05, 2011

ഓര്‍മ്മപ്പുകയലിന്റെ കുന്തിരിക്കം‍

ഇത്,

അന്ധനാമൊരു കുട്ടി
മിഴിത്തുമ്പാല്‍ തൂവിയിട്ട
പേരറിയാച്ചായത്തില്‍
കിനാക്കാഴ്ച്ചകളും
നമ്മളുമലിഞ്ഞ ചായപ്പകര്‍ച്ച .


ബധിരനാമൊരു കുഞ്ഞിന്റെ
കാതില്‍ വന്നലക്കുന്നുണ്ട്
വിജയത്തിന്റെ തലേനാള്‍
പല്ലില്‍ കോര്‍ത്തൊരു പതാകയുമായ്
പലായനം ചെയ്തോരോറ്റ കുളമ്പടി


നിശ്വാസച്ചൂരിന്റെ കാടെരിച്ചില്‍
പാതിയുലുപേക്ഷിച്ച രാത്രി.

യാത്രയുടെ അറിയാത്തിരിവില്‍
സ്വയമറിയാതെയെരിഞ്ഞു തീര്‍ന്നൊരു
നക്ഷത്രപാളി പോലെ മനസ്സ്;
ഓര്‍മ്മപ്പുകയലിന്റെ കുന്തിരിക്കം‍.

നിലാവേ ,
മായക്കാഴ്ചകളുടെ ഈ ചെമ്മണ്‍മല തുരന്ന്
നിന്‍ കണ്ണുകള്‍ക്കകലെയാ
ശുഭ്രസ്പടിക തടാകത്തിന്‍ ‍
ശൈത്യപ്പുതപ്പിലെന്നെയും
ചേര്‍ത്തണയ്ക്ക നീ

വ്യാഴാഴ്‌ച, ഫെബ്രുവരി 17, 2011

വെറുതെ, വെറുതെ,വേരറ്റ്...

.
.
രു ചില്ല,

ഒരു സ്നാപ്,
ഒരു വനം.

ഒരേ ക്യാമറ,
ആയിരം സ്നാപ്സ്,
നീ അപൂര്‍ണ്ണം

നമ്മള്‍,

വാക്കുകളുടെ ഒരു കടല്‍,
നിന്നിലെത്താതെ പോവുന്ന,
എന്റെ മനസ്സ്

***********************************
മുഖം കറുപ്പിച്ചൊരാകാശമേ,
എന്നും വരാറുള്ളൊരാ
ചുള്ളന്‍ പ്രഭാതത്തെ,
പീണക്കിയയച്ചുവോ ഇന്നു നീ?

***********************************

നിന്നെക്കുറിച്ചുള്ള
ഓര്‍മ്മകളുടെ, ചുഴലിയില്‍
നില്‍ക്കുന്നതുകൊണ്ടാവണം,
ഒറ്റപ്പെടലെന്ന നീറ്റല്‍ അറിയാതെപോയത്.

കുന്നിന്‍ ചരുവിലെ മരം,
ഇലകളില്‍ നിന്നു മഴത്തുള്ളിയെ
കൈവിടും പോലെ ഓര്‍മ്മകളില്‍നിന്നു
നിന്നെ,
കുടഞ്ഞു കളയാനും പറ്റുന്നില്ലല്ലോ

***********************************

മൂക്കുമ്മുലയുമില്ലെങ്കിലെന്ത്
ശൂര്‍പ്പണ്‍ഖേ,
നീയാണു സുന്ദരി

ഹൃദയഛേദത്തെക്കാള്‍
മേലെയെന്താണ് പ്രണയമേ,
നിയെനിക്കു തന്നു മടങ്ങുക

***********************************

ശനിയാഴ്‌ച, ജനുവരി 08, 2011

കാലത്തിന്റെ സ്റ്റാച്യൂ പറച്ചില്‍



ശിശിരമുനയില്‍ 
മൗനത്തിന്റെ മരക്കൂട്ടം.
വേരുകള്‍ മുറിച്ചൊരു കടമരത്തോക്കാ,
നിന്റെ വിരല്‍പ്പാടുകള്‍ പതിച്ചത്,
വലംതിരിഞ്ഞ്,
ഇടമറിഞ്ഞ്,
നിലം ചുംബിക്കുന്നു.
എണ്ണമില്ലാത്ത വിരല്‍പ്പാടുകളില്‍
ഓര്‍മ്മക്കാലടികള്‍‍ വഴുതുന്നു.

കരിയിലക്കണ്ണീരില്‍ 
മരക്കൂട്ടം അടക്കം പറയുമ്പോള്‍,
ചില്ലകളില്‍ നിന്ന് പക്ഷിപ്പൂക്കള്‍ 
ചിറകിതളുകളില്‍
ആകാശം വീതം വയ്ക്കുന്നു.
ഓര്‍മ്മകളുടെ ഒരു തിര,
മേഘങ്ങള്‍ക്കിടയില്‍ മനസ്സുപോലെ
ചിതറിയലിയുന്നു

പൂവിട്ടൊരു പുഴയ്ക്കു മീതെ,
നിന്റെ ഓര്‍മ്മകളുടെ 
വിരല്‍ത്തുമ്പു തൊട്ട്,
ഉപേക്ഷിക്കപ്പെട്ടവരുടെ ആഘോഷങ്ങളിലേക്ക്
ഞാന്‍ തിരിച്ചു നടക്കുന്നു.