ശനിയാഴ്‌ച, മേയ് 21, 2011

ഉളിപ്പേച്ച്

ഉടലുശോഷിച്ചൊരു വരമ്പേ,
ഏതുളീകൊണ്ടാവും ആലിലവയലിലൊ-
രരഞ്ഞാണം പോലെ,
നേര്‍ത്തുനേര്‍പ്പിച്ചതു
നിന്നെയാ പുതുജന്മി.

കൊല്ലം കുറെ ഇരുട്ടിവെളുത്തിട്ടാണ്
വെള്ളം മാത്രമായിരുന്ന
ഈ ഭൂലോകത്തീക്കാണുന്ന മൂന്നിലൊന്നു
കരയുണ്ടായതെന്നൊക്കെ
പിള്ളാരു പഠിക്കുന്നത്‌ കള്ളം തന്നെ,
ഇന്നലെ ഒറ്റരാത്രികൊണ്ടല്ലേ ,
ആ ബ്ലേഡ് കുമാരന്‍,
മൂന്നുപറക്കണ്ടം ഒരുതുള്ളി
വെള്ളമില്ലാക്കരയാക്കീത്


പച്ചത്തവള,പച്ചവെട്ടില്‍,
അയ്യാറെട്ടിന്റെ പച്ചപ്പുതപ്പ്,
മാനത്തൊരു കൊള്ളിമീന്‍പോലീക്ക -
ണ്‍മുന്നിലൂടെ പായുന്നൊരു മുശിക്കുഞ്ഞ്,
മീശയുള്ളൊരു കാരി,കൂരിയോ..


വരമ്പീന്നു കാലുതെന്നീട്ടും
നനഞ്ഞില്ലല്ലോ കാല്,
പുഞ്ചയല്ലിതു റബ്ബറെന്നതും
മറച്ചുവോ,റമ്മെനീ...


വീതുളികൊണ്ടാ മാനം വെള്ളകീറുമ്പോ
എന്തൊരു തെരക്കാരുന്നു മുറ്റത്തു പണ്ടൊക്കെ,
മേശിരീ,
വെക്കണം ഉത്തരം ,
കാണണം കിണറു,കട്ടള സ്ഥാനം
കുറ്റിയടിക്കാനും വേണം മേശിരി.


ഒരുത്തനും വേണ്ടിപ്പോ,ബാലനാശാരിയെ,
വസ്തുവിറ്റതും കാന്തക്കാരന്‍ തിന്നട്ടെ;
ചെറ്റകള്‍!
ആലപ്പുഴ,കൊച്ചീക്കാരനാശാരി
പണിയട്ടെ ഉളുത്ത തടിവേരുകള്‍.


ന്നിപ്പോ എവിടാ, കാതലൊള്ള തടി‍,
കരിവീട്ടി,തേക്ക്, കടമരം
ജയഭാരതി,ശ്രീവിദ്യ,ഉണ്ണിമേരി
കണ്ണിലിങ്ങനെ നിരന്നു നിക്കും


പോളീഷും വാര്‍ണീഷും
എറക്കുമതി വെള്ളത്തടി‍,
കണ്ടാക്കണ്ടു ഇന്നു
നാളൈ നടപ്പതു യാരരിവാര്‍


നോക്കിയിരുന്നു,നോക്കീരുന്നു,
നോട്ടത്തിന്റെ മുഴക്കോലു തിണ്ണേല്‍
ചാരിവച്ചുറങ്ങീട്ടുണ്ടാകും, സരോയനി.

കമുകിന്റെ പട്ടിക; കോഴിക്കൂട്
കെഴക്കേക്കോണിലെ മൂലയോട്
പയ്യാരത്തിന്റെ പമ്പ അണപൊട്ടും


കുത്ത്യലും കുത്ത്യാലും മുറുകാത്ത
മുണ്ടേ, നീയിതെവിടെപ്പോയ്..

13 അഭിപ്രായങ്ങൾ:

രാജേഷ്‌ ചിത്തിര പറഞ്ഞു...

വെറും പേച്ച്...
ഒരു രാത്രി,
പലരാത്രിയിങ്ങനെയങ്ങനെ...

Raveena Raveendran പറഞ്ഞു...

കുത്ത്യലും കുത്ത്യാലും മുറുകാത്ത
മുണ്ടേ, നീയിതെവിടെപ്പോയ്..
nice

രാമൊഴി പറഞ്ഞു...

..liked the last eight lines..

"ന്നിപ്പോ എവിടാ, കാതലൊള്ള തടി‍,
കരിവീട്ടി,തേക്ക്, കടമരം
ജയഭാരതി,ശ്രീവിദ്യ,ഉണ്ണിമേരി
കണ്ണിലിങ്ങനെ നിരന്നു നിക്കു"..ithithiri kaduthu poyi..pinne levelillathe ayath kond vittu kalanju..:)

Echmukutty പറഞ്ഞു...

വരികൾ വളരെ ഇഷ്ടമായി, അഭിനന്ദനങ്ങൾ

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. പറഞ്ഞു...

വരമ്പീന്നു കാലുതെന്നീട്ടും
നനഞ്ഞില്ലല്ലോ കാല്,
പുഞ്ചയല്ലിതു റബ്ബറെന്നതും
മറച്ചുവോ,റമ്മെനീ...

Ranjith Chemmad / ചെമ്മാടന്‍ പറഞ്ഞു...

നല്ല നാട്ടുചെളിയുടെ മണമുള്ള വരികൾ....
നന്നായെടാ....

Manoraj പറഞ്ഞു...

നല്ല വരികള്‍ രാജേഷ്..

Geetha പറഞ്ഞു...

നന്നായീ രാജേഷ്‌.....
നല്ലൊരു കവിതയ്ക്ക് നന്ദി

- സോണി - പറഞ്ഞു...

"നോക്കിയിരുന്നു,നോക്കീരുന്നു,
നോട്ടത്തിന്റെ മുഴക്കോലു തിണ്ണേല്‍
ചാരിവച്ചുറങ്ങീട്ടുണ്ടാകും, സരോയനി.
..........
കുത്ത്യലും കുത്ത്യാലും മുറുകാത്ത
മുണ്ടേ, നീയിതെവിടെപ്പോയ്..

ശരിക്കും വെള്ളത്തിലായ ഒരാളുടെ കയ്യൊപ്പുള്ള നല്ല ജെനുവിന്‍ ചിന്തകള്‍. കൊള്ളാം.

ചന്ദ്രകാന്തം പറഞ്ഞു...

നോട്ടത്തിന്റെ മുഴക്കോലു തിണ്ണേല്‍ ചാരിവച്ചത്‌....... അതാണ്‌ സ്റ്റൈലന്‍ വരി.

പകല്‍കിനാവന്‍ | daYdreaMer പറഞ്ഞു...

നോക്കിയിരുന്നു,നോക്കീരുന്നു,
നോട്ടത്തിന്റെ മുഴക്കോലു തിണ്ണേല്‍
ചാരിവച്ചുറങ്ങീട്ടുണ്ടാകും,

....കുത്ത്യലും കുത്ത്യാലും മുറുകാത്ത
മുണ്ടേ, നീയിതെവിടെപ്പോയ്..
... kalakki gadee

ഞാന്‍ പറഞ്ഞു...

അളവുപട്ടികകള്‍ തന്നെ കണക്ക് തെറ്റിക്കുന്നു.
വായനക്കാരന് വ്യാഖാനിക്കാന്‍ ഒരുപാട് സാദ്ധ്യതകള്‍ നല്‍കുന്ന വരികള്‍ വ്യത്യസ്തമായ വായനാനുഭവം....
(എഴുതിയ ആള്‍ക്ക് എന്ത് തോന്നിയോ എന്തോ)
സൂക്ഷ്മദര്‍ശിനിയുടെ കാഴ്ചകള്‍ക്ക് നന്ദി........

Sarath Chander പറഞ്ഞു...

KALAKKI !!