ശനിയാഴ്‌ച, ജനുവരി 08, 2011

കാലത്തിന്റെ സ്റ്റാച്യൂ പറച്ചില്‍ശിശിരമുനയില്‍ 
മൗനത്തിന്റെ മരക്കൂട്ടം.
വേരുകള്‍ മുറിച്ചൊരു കടമരത്തോക്കാ,
നിന്റെ വിരല്‍പ്പാടുകള്‍ പതിച്ചത്,
വലംതിരിഞ്ഞ്,
ഇടമറിഞ്ഞ്,
നിലം ചുംബിക്കുന്നു.
എണ്ണമില്ലാത്ത വിരല്‍പ്പാടുകളില്‍
ഓര്‍മ്മക്കാലടികള്‍‍ വഴുതുന്നു.

കരിയിലക്കണ്ണീരില്‍ 
മരക്കൂട്ടം അടക്കം പറയുമ്പോള്‍,
ചില്ലകളില്‍ നിന്ന് പക്ഷിപ്പൂക്കള്‍ 
ചിറകിതളുകളില്‍
ആകാശം വീതം വയ്ക്കുന്നു.
ഓര്‍മ്മകളുടെ ഒരു തിര,
മേഘങ്ങള്‍ക്കിടയില്‍ മനസ്സുപോലെ
ചിതറിയലിയുന്നു

പൂവിട്ടൊരു പുഴയ്ക്കു മീതെ,
നിന്റെ ഓര്‍മ്മകളുടെ 
വിരല്‍ത്തുമ്പു തൊട്ട്,
ഉപേക്ഷിക്കപ്പെട്ടവരുടെ ആഘോഷങ്ങളിലേക്ക്
ഞാന്‍ തിരിച്ചു നടക്കുന്നു.