വെള്ളിയാഴ്‌ച, ഡിസംബർ 13, 2013

ദീപ ബിജോ അലക്സാണ്ടറുടെ കവിതകള്‍

കുരുക്ഷേത്രയുദ്ധത്തില്‍ അഭിമന്യുവിന്റെ ധീരതയ്ക്കും ധീരോചിത വീഴ്ചയ്ക്കും മേലെ ഒരു പക്ഷെ ഭീക്ഷ്മര്‍ മാത്രമാവും ഉള്ളത്.  ഗര്‍ഭസ്ഥനായിരിക്കുമ്പോള്‍ അമ്മ സുഭദ്രയോട് പിതാവ് അര്‍ജുനന്‍ പറഞ്ഞ വീരകഥകള്‍ ,വിവിധ യുദ്ധമുനകളിലെക്ക് കടന്നുകയറ്റം , ആക്രമണരീതികള്‍ , തിരിച്ചിറക്കത്തിന്റെ രീതി ഒക്കെ കേട്ടുകെട്ടാണ്  അഭിമന്യു യുദ്ധവീരന്‍ ആയതെന്നു പറയുന്നു മഹാഭാരതം. അതില്‍ ചക്രവ്യൂഹത്തിന്റെ രീതികള്‍ കേട്ടിരിക്കെ ചക്രവ്യൂഹത്തില്‍ നിന്ന് തിരിച്ചിറങ്ങുന്നത് മുഴുവിക്കും മുന്നേ അമ്മ സുഭദ്ര ഉറങ്ങിപ്പോയി എന്നും അര്‍ജുനനു കഥ തീര്‍ക്കാനായില്ല എന്നതുമാണ് അഭിമന്യുവിന്റെ കഥയിലെ വഴിത്തിരിവ്. പറയാന്‍ ആഗ്രഹിച്ചത് അഭിമന്യുവിനെ പറ്റിയോ മഹാഭാരതത്തെ പറ്റിയോ അല്ല. ഗര്‍ഭസ്ഥ അവസ്ഥയെ പറ്റിയാണ്. ഒരു പക്ഷെ സ്ത്രീ/ അമ്മ പിന്നീടുള്ള ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ പറയുന്നതും അവരുടെ ഗര്‍ഭിണിയായിരുന്ന അമ്മയാകലിലെക്കുള്ള യാത്രയുടെ അനുഭവങ്ങള്‍ ആവും. ആ യാത്രയില്‍ ആ സ്ത്രീക്കും അതെ യാത്രയില്‍  ഓരോ നിമിഷവുമുള്ള കുട്ടിക്കൊപ്പം മൂന്നാമതായി ഉണ്ടാവുക ഒരു ഡോക്ടര്‍ ആവും. പലപ്പോഴും ഒരു സുഹൃത്തെന്നോ ഗുരുവെന്നോ  ഒക്കെ ആ ഡോക്ടര്‍    അവര്‍ക്കൊപ്പം ഉണ്ടാവുന്നു.പലപ്പോഴും ആ അമ്മയ്ക്കും കുഞ്ഞിനും എന്നും   ഓര്‍ക്കാന്‍  പാകത്തില്‍ പലതും അവരില്‍ ബാക്കിയാക്കും ഒരു ഗൈനക്കോളജിസ്റ്റ്. 

പുതിയ കാലത്തെ/ വര്‍ത്തമാന കാലത്തെ എഴുത്ത് അതിന്റെ ജനാധിപത്യപരം എന്ന് പറയാവുന്ന ബഹുസ്വരതകളില്‍ എഴുതുന്ന ആളിന്റെ ജോലി സംബന്ധമായ പ്രത്യേകതകളെ കൂടി പ്രതിഫലിപ്പിക്കുന്നുണ്ട്. അക്കാദമിക് ബാക്ക് ഗ്രൌണ്ട്കളില്‍ നിന്ന് , ഭാഷാ പണ്ഡിതരുടേയും ഭാഷാധ്യപകരുടേയും കൈകളില്‍ നിന്ന് കവിതയെഴുത്ത് തെരുവുകളിലും, ഡസ്ക് ടോപ്പുകളിലെക്കും ഗണിതശാസ്ത്ര ഇക്വേഷനുകളിലെക്കും വൈമാനികരിലെക്കും സഞ്ചരിക്കുന്നു ഇക്കാലത്ത് . ജീവിക്കുന്ന ഇടത്തെ എഴുതുക എന്നത് പുതിയ കവിതയുടെ മേല്‍വിലാസം ആവുന്നു. പൂവ് വിരിയുന്നത്ര ലളിതമായ പദവിന്യാസങ്ങളില്‍ കവിത അതിന്റെ ഇടങ്ങളിലേക്ക് സഞ്ചരിക്കുന്നു. ഒരു സമൂഹത്തിന്റെയോ ജനക്കൂട്ടത്തിന്റെയോ വായനയില്‍ നിന്ന് ഒരു പക്ഷെ വിരലില്‍ എണ്ണാവുന്നവരുടെ ആസ്വാദനത്തിലേക്ക് ചുരുക്കപ്പെടുന്നതും ഈ പുതിയ/പുതുക്കിയ ബഹുസ്വരത കൊണ്ടാവണം. ഇത്തരത്തില്‍ തന്റെ ജോലിയുടെ പ്രത്യേകതകളില്‍ ചിലതെങ്കിലും അവശേഷിപ്പിക്കുന്ന്ട്, ഡോകടര്‍ ദീപ ബിജോ അലക്സാണ്ടര്‍. ഒരു ഗര്‍ഭസ്ഥ ശിശുവിനോട് , അതിന്റെ അമ്മയോട് എന്നപോലെ വളരെ മൃദുവായി, അത്ര കാരുണ്യത്തോടെ,  തന്റെ വാക്കുകളെ തോട്ടെടുക്കുന്നു; തന്റെ കവിതകളില്‍ അവയെ ചേര്‍ത്ത് വയ്ക്കുന്നു. പറയാനുള്ളത് പറയേണ്ടത് പോലെ പറഞ്ഞു പോവുന്നു.

ദീപയുടെ ചില കവിതകള്‍
===================

സമ്മതപത്രം
---------------
ചില്ലു വാതിലിന്നപ്പുറം
ചില പിറുപിറുക്കലുകൾ
കൂട്ടിക്കിഴിക്കലുകൾ.

എല്ലാ കണ്ണുകളിലും
ഒരേയൊരുത്തരം-
"അപ്പോൾ അങ്ങനെയാവാം,
പരീക്ഷണം നിറുത്താം."

നീയറിയുന്നുണ്ടോ?
എനിക്കു നിന്നെ
വേണ്ടാതാവുകയാണ്,
ഋതുഭേദങ്ങൾ പോലെ.

പ്രാണൻ പോലെ സ്നേഹിച്ചത്
വളരെ പണ്ടായിരുന്നോ ?

കണ്ണു നനയാത്തതെന്ത്?
കൈ വിറയ്ക്കാത്തതെന്ത്?
നേർത്തു വരുന്ന ശ്വാസത്തിനും
ഊർന്നു പോകുന്ന വിരലുകൾക്കും
കരയിക്കാനാകാത്ത വണ്ണം
ഞാൻ വളർന്നു പോയെന്ന്
നിസംഗമായിട്ടൊരൊപ്പിലെ
നീലമഷിപ്പൂക്കൾ പറയും.

--------------------------------------

പോയി വരല്ലേ
--------------------------
നീരു വറ്റിയ തണ്ടാ-
യൊടിഞ്ഞു ചാഞ്ഞൊരമ്മ,
ഉടയോനില്ലാതെ
കള മുറ്റിയ പാടമാ-
യുടല്‍ മിനുപ്പോളം
വളര്ന്നെ ത്താത്തൊരു മകള്‍.

ഇത്തിരി മുറ്റ-
ത്തൊരേ കൊമ്പില്‍ കായ്ച്ചു നില്ക്കും
ഞങ്ങളെന്ന് കെട്ട കണ്ണിലെയൂറ്റ്.

ക്ലാവടിഞ്ഞ പാത്രം ചുരണ്ടി
മോറുമ്പോള്‍ സാക്ഷി,
യൊരൊറ്റക്കണ്ണിന്‍ കത്തും
വെട്ടത്തില്‍ നോട്ടം കോര്ത്തൊരു
മീനായ്‌ മലച്ചവള്‍.

തഴുതില്ലാ വാതിലിട്ട
തകരക്കുടിയിലേക്കല്ലേ
ഇനിയുമിവളുടെ മടക്കമെന്ന്
അമ്മവയറായ്‌ വിങ്ങുന്നു
ആശുപത്രിച്ചുവരുകൾ.
----------------------------------------------------------------
എം.ടി.പി *
------------
ചതഞ്ഞൊടിഞ്ഞ്
കലങ്ങിച്ചുവന്ന്
വൈകിയലസിപ്പിച്ച ഭ്രൂണം.

ഇറുത്ത പൂവിന്റെ
ഉയരാത്ത നിലവിളി
ഒഴുകാത്ത കണ്ണുനീർ.

ഓർമ്മയുടെ കുപ്പത്തൊട്ടിയിൽ
നഷ്ട പ്രണയത്തിന്റെ,
ഭഗ്ന മോഹങ്ങളുടെ,
കൈവിട്ടുപോയ ജീവിതത്തിന്റെ,
അലസിപ്പിച്ച ഭ്രൂണം.

*MTP-Medical termination of pregnancy * MTP-Medical termination of pregnancy
 --------------------------------------------------------------