വെള്ളിയാഴ്‌ച, ഓഗസ്റ്റ് 30, 2013

ജി. ബിജുവിന്റെ ലോപ സന്ധി :ഗ്രാഫിക് കവിത

 
ഭാഷാശാസ്ത്രത്തിന്റെ സാങ്കേതികതയെക്കുറിച്ച് ഏറെയൊന്നും അറിയില്ല. എഴുത്ത് കെട്ടിക്കിടന്നിരുന്ന ജലം പോലെ ചിലനേരം ഒഴിപ്പോവുന്നു എന്നല്ലാതെ. ശാസ്ത്രം എന്നത്, അറിവിന്റെ നിയതമായ അടുക്കി വെക്കലാണ് എന്ന് വിശ്വസിക്കാനാണ് ഇഷ്ടവും. മറ്റെല്ലാ ശാസ്ത്രവും അറിവിന്റെ അടുക്കിവെക്കലിനെ ഉപകാരപ്രദമായതോ, നൂതനമോ ആയ വഴികളിലേക്ക് കൊണ്ട് പോകുമ്പോള്‍ ഭാഷാ ശാസ്ത്രം അങ്ങനെ ഒന്ന് ചെയ്തിട്ടുണ്ടോ എന്ന് പരിമിതമായ അറിവ് സംശയിപ്പിക്കുന്നു. എത്രപേരെ ഒരു ഭാഷാശാസ്ത്രജ്ഞനു തന്റെ ഭാഷയിലേക്ക് കൊണ്ട് വരാനായി എന്നോ, ഭാഷയിലെ ഏതു നൂതനാശയത്തിനു തിരി കൊളുത്താനായി എന്നോ ഒക്കെയുള്ള ഒരു സാധാരണക്കാരന്റെ സാദാ സംശയം.

അത് പോട്ടെ, ജി. ബിജുവിന്റെ (G.Biju) രണ്ടു പുസ്തകങ്ങളെ പരിചയപ്പെടുത്തിയത് നകുല്‍ വി ജി ( Nakul Vg) ആണ്. അടൂര്‍ ലെന്‍സ് ബുക്സിന്റെ ഓഫിസിലേക്കുള്ള വഴിയില്‍ നകുലിനു പറയാനുള്ളത് കവിത/കവിത എന്ന് മാത്രമാണ്. റോഡ്‌ ബ്ലോക്കിന് ജാം പുരട്ടുന്ന ട്രാഫിക് പോലീസ് കാരന്‍ എന്ന് അവന്റെ കവിത നടക്കുന്നു. ലോപ സന്ധി, ഫോട്ടോ ഷോപ്പില്‍ ഒരാത്മകഥ എന്നിവയാണ് ബിജുവിന്റെ ഗ്രാഫിക് കവിതകള്‍ . ബിജു പത്തനംതിട്ട ജില്ലയിലെ കൊക്കാത്ത്തോട് സ്വദേശി ആണ്. ഒരു പക്ഷെ ബിജുവിനെ കണ്ടിട്ടുണ്ടാവും എന്ന് ഞാന്‍ നകുലിനോട് പറയുന്നു.

പെര്‍ഫോര്‍മന്‍സ് പോയട്രി പോലെ വരകളിലെക്ക് പടരുന്ന വാക്കുകളുടെ കലപോലെ ബിജു വിന്റെ ഗ്രാഫിക് കവിത അനുഭവിപ്പിക്കുന്നു; വായനയെ. കാച്ചിക്കുറുക്കിക്കുറുക്കി കവിതത്തുള്ളികള്‍ ആക്കിയ കവിതകള്‍ ചിത്രങ്ങളിലൂടെ വാക്കുകളുടെ കടല്‍/ ആകാശം പരിചയപ്പെടുത്തുന്നു. മനുഷ്യന്റെ മൃദുല,വൈയക്തിക ഭാവങ്ങള്‍ മാത്രമല്ല കവിതയെന്നു ഈ കവിതകള്‍ ഏറുമ്പുകളെ ,മീനുകളെ, ഇലകളെ , കടലുകളെ ചരിഞ്ഞു പെയ്യുന്ന മഴയെ ഒക്കെ കവിതയിലേക്ക് ആവാഹിക്കുന്നു.

"ഒരു
കിളിത്തൂവലില്‍ നിന്നും
കൊഴിഞ്ഞു വീണ
ദൂരങ്ങലോക്കെയും നുള്ളിപ്പെറുക്കി
എന്റെ വീട്ടുവേലിക്കല്‍ ഞാത്തിയിടുന്നു ഒരു കൂനനെറുമ്പിന്‍ കുറുമ്പ്"...

എന്നും,

"ഞാനക്കരെ

അവളിക്കരെ

ഞങ്ങള്‍ക്കിടയില്‍ കൂട് വച്ചത്
ഏഴു നിറങ്ങള്‍ " ..
എന്ന് മഴവില്ലിനെയും എഴുതുന്നു ബിജു, ലോപസന്ധിയില്‍.