വെള്ളിയാഴ്‌ച, ജനുവരി 25, 2013

 
നിശബ്ദതയുടെ തോട്ടത്തിലിരുന്ന്
നെടുവീര്‍പ്പിന്റെ പൂക്കള്‍ വിടരുന്നത്
തൊട്ടറിയുന്നതിനിടയില്‍ ‍
നിനയ്ക്കുന്ന നേരത്ത്
 മായ്ക്കാനാവുന്ന
ടാട്ടൂപ്പടര്‍പ്പുകള്‍ നിറഞ്ഞൊരു
 കൈത്തണ്ട
ഒളിഞ്ഞിരിക്കുന്ന തന്ത്രികളില്‍ നിന്ന്
പരിചിതങ്ങളായ സ്ട്രിങ്ങുകളാല്‍
വയലിന്‍ വായിക്കാനാരംഭിക്കുന്നു.
പണ്ടെപ്പൊഴൊ മാഞ്ഞു പോയതിന്റെ
ഓര്‍മ്മ
തങ്ങളുടെ
 ഇരിപ്പിടങ്ങളില്‍ നിന്ന്
ഒരു ലൂഥിറിന്റെ വരവിനെ
കാത്തെന്നോണം തളര്‍ച്ചയെ
മീ
ട്ടി-
ത്തുടങ്ങുന്നു.

വെള്ളിയാഴ്‌ച, ജനുവരി 18, 2013

കോടമഞ്ഞിൽ ,ചില രൂപങ്ങൾ - സിന്ധു കെ.വി.


പുതിയ കാലം നിമിഷം പ്രതി എന്നോണം സാങ്കേതികത്തികവിന്റെ അനന്തജാലകങ്ങള്‍ തുറന്നു തരുന്ന ഇക്കാലത്തും ഒറ്റപ്പെട്ടു പോവുന്ന ഒരു സ്ത്രീയുടെ മാനസിക, ശാരീരിക അവസ്ഥകളെക്കുറിച്ചാണ് സിന്ധു കെ.വി. തന്റെ “കോടമഞ്ഞില്‍ ചില രൂപങ്ങള്‍” എന്ന കവിതയിലൂടെ പറയുന്നത്. കോടമഞ്ഞ് എന്നത് ഒരേ സമയം തന്നിലേക്കെത്തുന്ന എല്ലാത്തിനേയും അവ്യക്തമാക്കുന്നതിനൊപ്പം സ്വയം ഇല്ലായ്മകൂടിയാവുന്ന ബിംബകല്‍പ്പനയുടെ ദ്വന്ദ്വത്വമാണ്. സമൂഹത്തിന്റെ ഛേദാവസ്ഥയില്‍ അത് തന്നിലന്തര്‍ലീനമായിരിക്കുന്ന വ്യക്തികളെ പൊതുഘടനയ്ക്കനുസരിച്ച് രൂപഭ്രംശപ്പെടുത്തുന്നതിനൊപ്പം അത്തരമൊരു  അവസ്ഥാന്തരതതില്‍  തങ്ങള്‍ക്കുള്ള പങ്കിനെ ബോധപൂര്‍വ്വം യുക്തിസഹമായി  തള്ളിപ്പറയുക കൂടിചെയ്യുന്നുണ്ട്, കാഴ്ചക്കാരന്റെ ഭൂരിപക്ഷമായ ഒരു സമൂഹം.

കൈക്കുടന്നയിലെ ജലം സൂര്യാതാപത്താല്‍ അപ്രത്യക്ഷമാവുന്നതിനു തുല്യമാണ് അപ്രതീക്ഷിതമായുണ്ടാവുന്ന ഒറ്റപ്പെടല്‍. എതാള്‍ക്കൂട്ടത്തിലും സ്വയം ഇല്ലാതാവാനുള്ള സ്വഭാവികതയ്ക്ക് വിവര്‍ത്തനം ചെയ്യാനാവാത്ത ഒന്നാണ് സ്വയം കൃതമല്ലാത്ത ഒറ്റയാകല്‍.അത് അകാല വൈധവ്യമോ പൊരുത്തപ്പെടാനാവാത്ത ഒരു കൂടിചെരലില്‍നിന്നുള്ള തിരിഞ്ഞു നടക്കലോ ആവാം.ലിംഗഭേദങ്ങള്‍ക്ക് അനുസരിച്ച് സമൂഹം അതിന്റെ വാതിലുകള്‍ ചിലപ്പോള്‍ പൂര്‍ണ്ണമായും, മറ്റുചിലപ്പോള്‍ ഭാഗികമായും അവള്‍ക്ക്(ന്) നേരെ തുറക്കുന്നു. സ്വാഭാവികമായും മുന്‍വിധികളുടെതാണ് ഈ വാതിലുകള്‍. ഇതേ അവസ്ഥയിലുള്ള ഒരുവളുടെ  ജാലകം പാതിമാത്രം തുറന്നുകിടക്കുന്നതായി സിന്ധു പറയുന്നു.മുഴുവന്‍ തുറന്ന ഒരു ജാലകത്തിലൂടെ ലോകത്തിന്റെ  സൗന്ദര്യക്രമത്തെ അതിന്റെ പൂര്‍ണ്ണതയില്‍ അനുഭവിക്കാനാവാത്ത രാത്രികളില്‍ കറുപ്പും വെളുപ്പും ഇടകലര്‍ന്ന അവളുടെ ലോകത്തെക്കുറിച്ചാണ് പാതി തുറന്ന ജാലകം കറുത്ത രാത്രികളിള്‍ അവളോട്‌ പറയുന്നത്. ഇവിടെ ഒറ്റയ്ക്കായ സ്ത്രീയും കറുത്ത രാത്രിയും പരസ്പരപൂരകങ്ങളാവുന്നു..

സ്ത്രീപക്ഷരചന എന്ന് ഒറ്റനോട്ടത്തില്‍ വായിച്ചെടുക്കാവുന്ന ഒരു രചനയാണ് ഇത്. ഒറ്റപ്പെട്ട സ്ത്രീയുടെ സൗന്ദര്യത്തെ, അവളുടെ തിളങ്ങും കണ്ണുകള്‍ ഉള്‍പ്പെടെ മറ്റു സ്ത്രീകള്‍ക്ക് അവളില്‍ അസഹിഷ്ണുത ഉണ്ടാക്കിയേക്കാവുന്ന എല്ലാ ഘടകങ്ങളും അവരുടെ കണ്ണില്‍ ഒറ്റപ്പെട്ട സ്ത്രീ ഒറ്റ നിറങ്ങള്‍;കറുപ്പൊ വെള്ളയോ വസ്ത്രങ്ങളില്‍ തങ്ങളെ ഒളിപ്പിക്കേണ്ടവരാണ് എന്ന പൊതു മുന്‍ വിധിക്ക് ആക്കം കൂട്ടുന്നവയാണ്. ഒറ്റപ്പെടലിന്റെ കാര്യകാരണങ്ങളിലെക്ക് കവി വായനക്കാരനെ കൂട്ടിക്കൊണ്ടു പോവുന്നില്ല, ഒറ്റപ്പെട്ടതിനു ശേഷമുള്ള അവസ്ഥയെക്കുറിച്ച് മാത്രമാണു പ്രതിപാദിക്കുന്നത്. മുന്‍ വിധികളില്‍ അധിഷ്ഠിതമായ ന്യായാന്യായ നിര്‍വഹണത്തില്‍ പുരുഷന്‍ മാത്രമല്ല, കുട്ടികളൂം മറ്റ് സ്ത്രീകളൂം അവരവരുടേതായ സംഭാവന നല്‍കുന്നുണ്ട്. ആ സ്ത്രീയുടെ ജീവിതം ആരാലും എഡിറ്റു ചെയ്യപ്പെടുന്നതും കുട്ടികള്‍ വരെ അവളെ ഒളിഞ്ഞു നോക്കി അവളെക്കുറിച്ച് കാവ്യങ്ങളെഴുതാനുമാവുന്നത്.

ഒറ്റപ്പെടല്‍ ഒരേ സമയം ശക്തിയുടെ, ചെറുത്തുനില്‍പ്പിന്റെ അവസരം കൂടിയാണ്.എല്ലാമുന്‍ വിധികളെയും വലിച്ചെറിഞ്ഞ് ഒറ്റപ്പെട്ട ഒരുവള്‍ സ്വയം തിരിച്ചറിയുന്നിടത്ത്

“നിങ്ങൾക്കറിയാം
ഒറ്റയ്ക്കാവുന്ന സ്ത്രീ ശക്തയാണെന്ന്.

നിങ്ങളവരെ ഭയപ്പെടുന്നു,
അവളുടെ നോട്ടങ്ങളെ,ചിന്തകളെ,
ചലനങ്ങളെ ഭയപ്പെടുന്നു.” എന്ന് ഈ കവിത പറയുന്നു.

പുലര്‍ കാലത്തില്‍ അറുപതാമത്തെ പാട്ടിനൊപ്പം അവളുടെ ജനാലയിലെത്തുന്ന പുലരി, അതിന്റെ പകല്‍ അവളില്‍ ഒരു നിറം മാത്രമാണ് പ്രതീക്ഷിക്കുന്നതെങ്കിലും മഴവില്ലു കണ്ടാണ്‌ മടങ്ങുന്നത്. വരാനിരിക്കുന്ന രാത്രികള്‍ അവളുടെ ജാലകങ്ങളില്‍ പുതിയ കാലത്തിന്റെ, സ്വാതന്ത്യത്തിന്റെ പാട്ടാണ് പ്രതീക്ഷിക്കുന്നതെന്ന ശുഭാപ്തി പങ്കുവെച്ചു കവിത അവസാനിക്കുന്നു. ഇവിടെ കവിത പെണ്‍പക്ഷ രചന എന്ന കേവലതകളില്‍ നിന്ന് കവിത വിടുതല്‍ നേടുന്നു. പുതുകാലത്തെ മറ്റു എഴുത്തുകാരികളെപ്പോലെ ഈ കവിയും തങ്ങളുടെ മുന്‍ഗാമികളുടെ പെണ്‍പക്ഷ രചനയെന്ന ചുരുങ്ങിപ്പോയ വിശേഷങ്ങളെ റദദുചെയത് പുതിയ ദൂരങ്ങളെ കണ്ടെടുക്കുന്നു എന്നത് ശുഭോര്‍ക്കഹമാണ്.പ്രസ്താവനാപരത മുഴച്ചുനില്‍ക്കുന്ന ചില വരികള്‍ വായനയുടെ സ്വാഭാവിക ഒഴുക്കിനെ തടയുന്നുവെങ്കിലും എല്ലാ കവിതകളൂം ചൊല്ലിമാത്രം അനുഭവിക്കാനാവുന്നതല്ല എന്നാശ്വസിക്കാവുന്നതാണ്

 കോടമഞ്ഞിൽ ,ചില രൂപങ്ങൾ

പകുതിമാത്രം തുറന്നിട്ട അവളുടെ ജാലകം
അപ്പോഴും പാടുകയാണ്.
കറുപ്പും വെളുപ്പും ഉടുപ്പിട്ട ജനലഴികൾ
ആ പാട്ടുകളെ പുറത്തേക്ക്,
ഒട്ടുമാവിൻ കൊമ്പിന്റെ ഉയരങ്ങളിലേക്ക്,
തൈത്തെങ്ങിൻ തലപ്പിലേക്ക്
കൊണ്ടുചെന്നെത്തിക്കുന്നുണ്ട്.

മതിൽക്കെട്ടുകൾക്കപ്പുറം
ഉറങ്ങാതിരുന്ന പശുക്കളും ആടുകളും
അവളുടെ പാട്ടുകേൾക്കുന്നു.
ജാലകവാതിൽക്കൽ ചാരി നിന്ന്
കറുത്ത രാത്രിയും അവളുടെ പാട്ട് കേൾക്കുന്നു.

അവൾ ഒറ്റയ്ക്കായ സ്ത്രീയാണ്.

നിങ്ങൾക്കറിയാം,
തനിച്ചാകപ്പെട്ട സ്ത്രീ
ഒരു പൊതുമുതലാണെന്ന്.
ആരാലും എഡിറ്റ് ചെയ്യപ്പെടാവുന്ന
ഒരു കവിതയാണവൾ.

നിങ്ങളുടെ സ്ത്രീകൾ
അവളുടെ ലാവണ്യത്തിൽ
അസഹിഷ്ണുത കാട്ടുകയും.
അവളെ വെള്ളയുടുപ്പിച്ചും
ഇരുട്ടിലൊളിപ്പിച്ചും
വെപ്രാളപ്പെടുകയും ചെയ്യുമ്പോൾ.

നിങ്ങൾ,

നിങ്ങളവളെ
അവളുടെ കണ്ണിന്റെ കാന്തികതയെപ്പറ്റി,
അവളുടെ ഉലയാത്ത മേനിയെപ്പറ്റി,
അവളുടെ അടങ്ങാത്ത മോഹങ്ങളെപ്പറ്റി
നിരന്തരം ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു.

നിങ്ങളവൾക്ക്
ഉപാധികളില്ലാത്ത സ്നേഹം
വാഗ്ദാനം ചെയ്യുകയും
അവളുടെ യൌവ്വനത്തെയോർത്ത്
വേവലാതിപ്പെടുകയും
നിങ്ങളുടെ ഏകാന്തതകളിലേക്ക്
ക്ഷണിക്കുകയും ചെയ്യുന്നു.

നിങ്ങൾക്കറിയാം
ഒറ്റയ്ക്കാവുന്ന സ്ത്രീ ശക്തയാണെന്ന്.

നിങ്ങളവരെ ഭയപ്പെടുന്നു,
അവളുടെ നോട്ടങ്ങളെ,ചിന്തകളെ,
ചലനങ്ങളെ ഭയപ്പെടുന്നു.

വിലക്കപ്പെടുന്ന
നിങ്ങളുടെസ്ത്രീകളും കുട്ടികളും
അവളെ ഒളിഞ്ഞുനോക്കി
കാവ്യമെഴുതുന്നു.

അവളുടെ ജാലകത്തിൽ
അറുപതാമത്തെ പാട്ടിനൊപ്പം
പുലരിയെത്തുന്നു.

ഒരു നിറം മാത്രമായി
വന്നെത്തിയിട്ടും
അവളിൽ മഴവില്ലുകണ്ട്
പകൽ മടങ്ങുമ്പോൾ,
രാത്രികൾ ജാലകവാതിൽക്കൽ
പാട്ടുകാത്തിരിക്കുന്നു.

 

ശനിയാഴ്‌ച, ജനുവരി 12, 2013

ഇരകള്‍ വേട്ടക്കാര്‍, ഒപ്പം നീലക്കൊടുവേലിയുടെ വിത്തും.

 
ഇരകളെയും വേട്ടക്കാരെയും പറ്റി മാത്രമല്ല, പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെ ഒരു ഭൂമികയെപ്പറ്റി, ഭൂമിശാസ്ത്രപരമായ അതിരുകള്‍ക്കപ്പുറം അവരുടെ ലോകവിശാലതയെപ്പറ്റിയാണ് കോമ്പസ്സും വേട്ടക്കോലും എന്ന തന്റെ ആദ്യനോവലിലൂടെ ഫാസില്‍ പറയുന്നത്.( മാതൃഭൂമി ബുക്സ്/൨൦൧൨).കഥകളിലൂടെ സുപരിചിതനായ ഫാസിലിന്റെ ആദ്യനോവല്‍ പ്രകൃതിയും മനുഷ്യനും, അതിലേറെ പ്രകൃതിയും സ്ത്രീയും നായാടപ്പെടുന്ന ഇരകളായി സമസരപ്പെടുന്നതിനെ തന്റേതായ ശൈലിയില്‍ പറയുന്നു. അതു അന്യം നിന്നുപോകുന്ന നായാടിഗോത്രത്തിന്റെ ചെറുത്തിനില്പ്പിനേയും അടിയറവിനേയും പറ്റി പറയുമ്പോള്‍ നിസംഗതയാണ് ഭാവം . ഷാനിബ, ഗൗരി എന്ന വളരെ വ്യത്യസ്തചുറ്റുപാടുകളില്‍ നിന്നു വരുന്നവരും എന്നാല്‍ പെതുവായ അനുഭവങ്ങളിലൂടെ കടന്നുപോവുന്നവരുമായ രണ്ടു പെണ്‍കുട്ടികളിലൂടെ ചെറുത്തുനില്പ്പിന്റെ ചെറിയ ചലനങ്ങള്‍ പോലും ഒരു പെണ്ണിനുണ്ടാക്കിയേക്കാവുന്ന അനുഭവങ്ങളുടെ ആഴങ്ങളിലേക്ക് അനുവാചകനിലെത്തിക്കുന്നു. ചെറുത്തുനില്പ്പിന്റെ ആയുധമായി ഷാനിബ ഒരവസരത്തില്‍ ഉപയോഗിച്ച ആയുധമാണ് കോമ്പസ്സ്. അതേ ആയുധം ഗൗരിയുടെ ജീവിതത്തെ ഇര എന്ന ഛേദാവസ്ഥയിലേക്ക് കൊണ്ടെത്തിക്കുന്നു. നമ്മുടെ കാലത്തെ ബസ്സുകളില്‍ എറ്റവും കൂടുതല്‍ ഉപയോഗിച്ചിട്ടുണ്ടായേക്കുന്ന സേഫ്റ്റിപിന്‍ എന്ന നിസാര ഉപകരണത്തിന്റെ സ്ഥാനത്താണ് നോവലില്‍ കോമ്പസ്സ് പ്രത്യക്ഷപ്പെടുന്നത്.

" ജീവനോടെ തീയിലെറിയപ്പെടുന്ന ആമകള്‍ അയ്യപ്പന്‍റെ കുട്ടിക്കാലത്ത് ഒരു പതിവു കാഴ്ചയായിരുന്നു. തീയില്‍ എറിയപ്പെടുന്ന ആമകള്‍ ഒരു ചൂഴ്നിലയില്‍ എത്തിപ്പെടുന്നതായി അയ്യപ്പന് തോന്നിയിട്ടുണ്ട്; തോടിനുള്ളിലേക്ക് വലിച്ച കാലുകളും തലയും പുറത്തേക്ക് നീട്ടണോ വേണ്ടയോ എന്ന കുഴപ്പം പിടിച്ച അവസ്ഥ. ആമകളില്‍ ഭൂരിപക്ഷവും തോടിനുള്ളില്‍ തന്നെ തങ്ങളെ പൂര്‍ണമായും ഒളിപ്പിച്ചുകൊണ്ട് മരിച്ചുപോകുന്നു. ന്യൂനപക്ഷത്തിന്റെ കാലുകളും തലയും മരണത്തിനു തൊട്ടു മുമ്പുള്ള നിമിഷങ്ങളില്‍ പുറത്തേക്ക് നീണ്ട് തീയുമായി മല്ലടിച്ച് വെന്തുപോകുന്നു.അയ്യപ്പന്‍റെ കുട്ടിക്കാലത്തിന്റെ ഓര്‍മകളില്‍ തീയിനെ തോല്പിച്ച ഒരാമയുണ്ട്. ആമകളെ തീയിലെറിഞ്ഞ് അമ്മ മറ്റേതോ പണികളിലേക്ക് തിരിഞ്ഞതായിരുന്നു. അപ്പോഴാണ് ആമകളില്‍ ഒന്ന്‍ കാലുകളും തലയും പുറത്തേക്ക് നീട്ടി കനലുകളിലൂടെ നടന്ന്‍ തീയിനു പുറത്തെത്തിയത്. അയ്യപ്പന്‍ നോക്കിയിരിക്കെ അത് കൊലനിവീടുകളുടെ പിറകിലേക്ക് വെന്തുനടന്നു.ആമത്തോടുകള്‍ ചിതറിക്കിടക്കുന്ന മാട്ടമിറങ്ങി വയലില്‍ നെല്ചെടികള്‍ക്കിടയില്‍ വെള്ളത്തില്‍ മറഞ്ഞു. ആമ രക്ഷപ്പെട്ട കാര്യം അയ്യപ്പന്‍ രഹസ്യമായി സൂക്ഷിച്ചു.എണ്ണം കൃത്യമായി അറിയാത്തതു കൊണ്ടോ എന്തോ അമ്മ അത് അറിഞ്ഞുമില്ല. ആ ആമയ്ക്ക് എന്തു സംഭവിച്ചിരിക്കും?.....പലപ്പോഴും അയ്യപ്പന്‍ ചിന്തിച്ചിട്ടുണ്ട്.അത് മരിച്ചു പോയിരിക്കുമോ?.....അതോ....പിന്നീട് കുറേ കാലത്തേക്ക് അച്ഹന്‍ ആമകളുമായി എത്തുംപോഴൊക്കെ പുറന്തോടിന്റെ അടിവശത്ത് കരിഞ്ഞ പാടുകളുള്ള ഒരു വെള്ളാമ കൂട്ടത്തിലുണ്ടോ എന്ന്‍ നോക്കുന്നത് അയ്യപ്പന്‍ പതിവാക്കിയിരുന്നു"

നായാടിക്കൂട്ടമെന്നത് വര്‍ത്തമാന കേരളീയ സമൂഹമെന്ന് ഒരു വിശാലവായനക്ക് തയ്യാറാകുമ്പോള്‍ തീയ്യില്‍ ചുടപ്പെടുന്ന ആമകളാവുന്നത് ഓരോ മലയാളിയുമാണ്. വെന്തുമരിക്കലില്‍ നിന്ന് രക്ഷപെടുന്ന ഒരു ആമയെ നോവലിസ്റ്റ് പരിചയപ്പെടുത്തുന്നുണ്ട്. ഒരോ പ്രവാസിയും ഇങ്ങനെ രക്ഷപെട്ടവനാവണം, വയലുകളിലെ ആമയെന്ന് അവന്‍ മരുഭൂമിയിലെ പരിചിതങ്ങളിലെ സ്വയം വെന്തുമരിക്കുന്നുവെന്ന് അനുഭവിക്കുന്നുണ്ടാവണം. ഗോത്രപ്പഴമയിലേക്ക് അതിന്റെ ആചാരങ്ങളെന്ന ഉള്‍വഴികളലേക്ക് അനായാസമായി വായനക്കാരനെ കൊണ്ടപോകാന്‍ ഫാസില്‍ എന്ന എഴുത്തുകാരനു കഴിയുന്നുണ്ട്. ഭീതിയുടെ,അശാന്തിയുടെ സ്വത്വനഷ്ടത്തിന്റെ അടയാളപ്പെടുത്തലാവുന്ന ഈ നോവല്‍ സമകാലിന ജീവിതാവസ്ഥകളില്‍ ഒരു നല്ല വായനാനുഭവമാകുന്നു.വേട്ടക്കോല്‍ എന്നത് നായാടിയുടെ ഇരതേടാനുള്ള ആയുധമാണ്.കണ്ണടച്ചു തുറക്കലിന്റെ ക്ഷണികതകളില്‍ തുടച്ചുമാറ്റപ്പെടുന്ന ഒരു ജനവിഭാഗത്തിന്റെ ആയുധം തന്നെ ഇരയുടെ രൂപകമാണ്. ഒരേ സമയം ഇരയും വേട്ടക്കാരനുമെന്ന് ദ്വന്ദ്വത്തിന്റെ ഒരു ബിംബമായി നോവലിലുടനീളം അത് നിസ്സഹായതയുടെ പ്രതീകമാവുന്നു. എടുത്തു പറയേണ്ട ഒരു പോരായ്മയായി വായനയില്‍ അവശേഷിക്കുന്നത്, നോവലിന്റെ പലഭാഗത്തും എഴുത്തുകാരന്‍ പുലര്‍ത്തുന്ന അവതരണത്തിലെ പിശുക്കാണ്.വളരെ ശ്രദ്ധേയമായ നിരവധി കഥകളുടെ സൃഷ്ടാവിന്റെ ആദ്യ നോവല്‍ എന്ന നിലയില്‍ ഈ പുസ്തകത്തെ സമീപിക്കുമ്പോള്‍ കഥകളില്‍ പുലര്‍ത്തുന്ന ആറ്റിക്കുറുക്കള്‍ നോവലെന്ന മാദ്ധ്യമത്തിന് ഒരു പോരായ്മയായി മാറുന്നുണ്ട്, പ്രത്യേകിച്ചും ഒരു ജനവിഭാഗത്തെ അവരുടെ ആചാരാനുഷ്ഠാനങ്ങളെപ്പ്റ്റി പരിചയപ്പെടുത്തുന്ന ഇടങ്ങളില്‍. ഒരു പെണ്‍പക്ഷരചന എന്ന നിലയിലും വായിച്ചെടുക്കാവുന്നതാണ് ഈ നോവല്‍.

""കാടൊരു വീടാ,ണെല്ലാദിക്കിലു-
മാദിമനുഷ്യര്‍ പണിഞ്ഞവ,തൂണുകള്‍
ഉത്തര,മേശകള്‍,കഴുക്കോ,ലോലകള്‍
ഒന്നും വേണ്ടാത്തറവാട്.
ഓരോ ജന്മവുമെടുത്തവര്‍ വന്നും
പോയുമിരിക്കും സത്ര,മതാര്‍ക്കും
സ്വന്തമിതെന്ന് ശഠിക്കാനാവാ-
തെന്തുമൊളിക്കാത്തൊരു വീട്."

  നീലക്കൊടുവേലിയുടെ വിത്ത് എന്നത് പ്രവാസികവിയായ ശ്രീ.പി.ശിവപ്രസാദിന്റെ പ്രഥമ കവിതാസമാഹരത്തിന്റെ പേരാണ്. പഴമയെന്ന ഓര്‍മ്മ മനസ്സിലേക്കെത്തിക്കുന്ന ഈണത്തിന്റെ മാധുര്യവും പുതുകാലത്തിന്റെ പ്രത്യേകതയെന്നു പറയാവുന്ന ക്ഷണികതകപ്പെക്കുറിച്ചുള്ള ഉത്കണ്ഠതകളും ഇടകലര്‍ന്ന ഒരു സമാഹാരമാണ് കൂട്ടം ബുക്സ് പുറത്തിറക്കിയ ഈ പുസ്തകം എന്നു പറയാം.സുഖാനുഭവങ്ങളുടെ മരവിപ്പില്ലാത്ത ഇന്ദ്രിയങ്ങള്‍ തുറന്നു വച്ച് അണുമാത്രകൊണ്ട് പുഷ്പിച്ചെടുത്ത അപ്രീയസത്യങ്ങളുടെ കരിങ്കവിതകളാണ് ത്ന്റെ കവിതകളെന്ന് കവിത തന്നെ പറയുന്നുണ്ട് 'ആര്‍ക്കും അറിയാത്തത്" എന്ന കവിതയില്‍.കാട്ടരുവിയുടെ കണ്ണീര്‍ പോലെ പൊള്ളുന്ന ചോരയുടെ ഉപ്പ്, കണ്‍കുഴിയില്‍ വിളഞ്ഞ ചിപ്പിയിലെ കരിഞ്ഞ മാംസത്തിന്റെ കയ്പ്പ്, ചാവേറിന്റെ പ്രതീകാത്മക സ്വപ്നം തുടങ്ങിയ ബിംബസമൃദ്ധിയില്‍ നല്ലൊരു വായനാനുഭവമാണ് ഈ കവിത.
  
   ആസക്തിയുടെ ശരശിഖരത്തില്‍ മയങ്ങുന്ന ദൈവത്താറിനുള്ള ഓര്‍മ്മപ്പെടുത്തലാണ് "രക്തമഴ" എന്ന കവിത. നെഞ്ചില്‍ മേടമണല്‍ക്കാടുലയുന്ന വിഷുദിനത്തില്‍ കവി നന്മനിലച്ചുപോയ കാലത്തിരുന്ന ഇനി പിറക്കാനിടയില്ലാത്ത, നഷ്ടപ്പെട്ടുപോയ നല്ല നാളുകളെക്കുറിച്ച് ഓര്‍ക്കുകയാണ്. ഓര്‍മ്മളിലെ കണ്ണുപൊട്ടിയടര്‍ന്ന നാളികേരങ്ങള്‍ ബോംബ് തകര്‍ത്ത ശിരസ്സുകളായും ഞൊറിവെയ്ക്കാനെടുക്കുന്ന കോടിത്തുണികള്‍ ശവങ്ങളുടെ നാണം മറയ്ക്കലുകളായും കണ്ടെത്തപ്പെടുന്ന കവി മനസ്സ് വിഷുപ്പുലരിയില്‍ ബാഗ്ദാദിനെ , യുഫ്രറ്റീസിനെ, റ്റൈഗ്രീസിനെ, ചുറ്റും ചൂഴ്ന്നു നില്‍ക്കുന്ന ജഡമൗനങ്ങളെ ഓര്‍മ്മിപ്പിക്കുമ്പോള്‍ അധികാരിയുടെ, കയ്യൂക്കിന്റെ ആഘോഷമായ യുദ്ധത്തിനെതിരെയുള്ള ഒരു പ്രതിഷേധക്കുറിപ്പാവുന്നു രക്തമഴ. നേരും നെറിയും കെട്ട കാലത്തിന്റെ പോര്‍ വിളികെല്‍ക്കെതിരെയുള്ള പ്രതികരണങ്ങളാണ് പലകവിതകളും.കാട് എന്ന കവിത ഇത്തരത്തിലുള്ള ഒന്നാണ് നാവ മരിക്കും വരെ പോരാടുള്ള തന്റെ ദൃഡനിശ്ചയത്തെ ഈ കവിതയിലൂടെ വെളിവാക്കുന്നു.പ്രവാസിയായ കവിയുടെ മരുയാത്രയാണ്, ഒറ്റപ്പെട്ടുപോയവന്റെ അന്വേഷണമാണ് "മണല്‍ രേഖകള്‍" എന്ന കവിത. മണലിനെ ഒരു മഹാകാവ്യമായും ജീവന്റെ മാറിമറിയുന്ന ജലരേഖകളായും അശ്രുമുഖരേഖകളായും വിവര്‍ത്തനം ചെയ്യുന്ന കവി തന്റെ ഏകാകിത്വത്തെ, മണല്‍ക്കാടുകളില്‍ ഒറ്റപ്പെട്ടുപോയ തന്റെ സഹോദരരുടെ പദരേഖതിരയലുകളെ ഒക്കെ വായനക്കാരുമായി പങ്കുവയ്ക്കുന്നു ഇക്കവിതയില്‍.
        
   ഒറ്റയാള്‍ യാത്രയാണ് ഭൂരിഭാഗം വരുന്ന പ്രവാസിജീവിതവും. ഓരോ വ്യക്തിയും മരണം വരെ നീളുന്ന അവനവന്റെ തന്നെ ഒറ്റയാള്‍ യാത്രയിലാണ്.പരിചിത ബന്ധനത്തില്‍ പെട്ട ഇരുപാദങ്ങളിലാണ് ഒരോ മനുഷ്യന്റെയും യാത്ര.ബന്ധനത്തിന്റെ രൂപഭാവങ്ങളില്‍ മാത്രമാവും വ്യത്യാസങ്ങളൂണ്ടാവുക.ശിവപ്രസാദിന്റെ "ഒറ്റ്" എന്ന കവിത സ്വപ്നത്തിനും യാഥാര്‍ത്ഥ്യത്തിനുമിടയിലെ ഒരു നിമിഷത്തിന്റെ ആഴത്തില്‍ ഒരാളുടെ സ്വയം കണ്ടെത്തലിനെക്കുറിച്ചാണെന്നു പറയാം.ഒറ്റയാള്‍ യാത്രയുടെ അക്കരെയിക്കരെ ഒറ്റുകൊടുക്കപ്പെടുന്ന ജീവിതത്തെക്കുറിച്ചുള്ള മുന്നറിയപ്പെന്നോ, തിരിച്ചറിവെന്നോ ഈ കവിതയെ വായിച്ചെടുക്കാം.
ഉദരനിമിത്ത ബഹുകൃതവേഷങ്ങളെക്കുറിച്ച്, ഉദരക്കായലിലെ തിരപ്പെരുക്കങ്ങള്‍ക്കനുസരിച്ച് സ്ഥിതിഗതികളുടെ പരാദജീവിതത്തില്‍ തുടിച്ചു നീന്താന്‍ വിധിക്കപ്പെടുന്ന ഒരുവന്റെ ദുരാര്‍ത്തിഭൂതങ്ങളെക്കുറിച്ചാണ് "മീന്‍ മണമുള്ള ജീവിതം" പറയുന്നത്.കിടക്കയില്‍ ഉറക്കം വരാതെ കിടക്കുന്ന ഒരുവന്റെ അവസ്ഥ മീനിന്റേതാണ്; ഇടം വലം തിരിഞ്ഞ് ഉറക്കത്തിന്റെ ജലരാശികടക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളൂടെ ഓര്‍മ്മ വരാല്‍ മീനിന്റെ പോലെയെത്തുന്നു.കന്യകമാരും കാമുകരുമാവുന്ന കാലുകള്‍ വളര്‍ന്ന വരാലുകളുടെ ജാലത്തിലൂടെ ഭൂതകാലത്തെക്കുറിച്ച് ഓര്‍ത്തെടുക്കുന്ന ഈ കവിത വായനാസുഭഗമാണ്.
 
              ഇരുപത്തിയെട്ട് കവിതകളുടെ സമാഹാരമായ ' നീലക്കൊടുവേലിയുടെ വിത്ത്" ശിവപ്രസാദ് എന്ന കവിയുടെ എഴുത്തിന്റെ വ്യത്യസ്തതയും കവിതകളുടെ വിഷയവൈവിദ്ധ്യവും വായനക്കാരനു പരിചയപ്പെടുത്തുന്നു.ഒരു സമാഹാരത്തിലെ എല്ലാ കവിതകളും എല്ലാ വായനക്കാരേയും തൃപ്തിപ്പെടുത്തുക എന്നത് പലപ്പോഴും സംഭാവ്യമല്ല, ഇവിടെയും അപ്രകാരം എന്നിരിക്കെ തന്നെ കവിതാപ്രേമികള്‍ക്ക് ഓര്‍ത്തുവയ്ക്കാനാവുന്ന കുറെ കവിതകളുണ്ട് ഈ സമാഹരത്തില്‍. ഓര്‍മ്മയുടേയും ആകുലതകളുടേയും തൃഷ്ണയുടേയും ദുരന്തങ്ങളുടേയും ഒക്കെ ഒട്ടേറെ ചിത്രങ്ങള്‍ വരക്കാനാവുന്നുണ്ട്, ശിവപ്രസാസിന്റെ നീലക്കൊടുവേലിയുടെ വിത്തിന്. കാലങ്ങളോളം കവിതാപ്രേമികളുടെ മനസ്സില്‍ കേടുകൂടാതെ നിലനില്‍ക്കാനുള്ള വിത്തുഗുണമുള്ള നീലക്കൊടുവേലിയുടെ വിത്തുകളൊളിപ്പിച്ചവയാണ് ഇതിലെ കവിതകള്‍.