ശനിയാഴ്‌ച, മേയ് 21, 2011

ഉളിപ്പേച്ച്

ഉടലുശോഷിച്ചൊരു വരമ്പേ,
ഏതുളീകൊണ്ടാവും ആലിലവയലിലൊ-
രരഞ്ഞാണം പോലെ,
നേര്‍ത്തുനേര്‍പ്പിച്ചതു
നിന്നെയാ പുതുജന്മി.

കൊല്ലം കുറെ ഇരുട്ടിവെളുത്തിട്ടാണ്
വെള്ളം മാത്രമായിരുന്ന
ഈ ഭൂലോകത്തീക്കാണുന്ന മൂന്നിലൊന്നു
കരയുണ്ടായതെന്നൊക്കെ
പിള്ളാരു പഠിക്കുന്നത്‌ കള്ളം തന്നെ,
ഇന്നലെ ഒറ്റരാത്രികൊണ്ടല്ലേ ,
ആ ബ്ലേഡ് കുമാരന്‍,
മൂന്നുപറക്കണ്ടം ഒരുതുള്ളി
വെള്ളമില്ലാക്കരയാക്കീത്


പച്ചത്തവള,പച്ചവെട്ടില്‍,
അയ്യാറെട്ടിന്റെ പച്ചപ്പുതപ്പ്,
മാനത്തൊരു കൊള്ളിമീന്‍പോലീക്ക -
ണ്‍മുന്നിലൂടെ പായുന്നൊരു മുശിക്കുഞ്ഞ്,
മീശയുള്ളൊരു കാരി,കൂരിയോ..


വരമ്പീന്നു കാലുതെന്നീട്ടും
നനഞ്ഞില്ലല്ലോ കാല്,
പുഞ്ചയല്ലിതു റബ്ബറെന്നതും
മറച്ചുവോ,റമ്മെനീ...


വീതുളികൊണ്ടാ മാനം വെള്ളകീറുമ്പോ
എന്തൊരു തെരക്കാരുന്നു മുറ്റത്തു പണ്ടൊക്കെ,
മേശിരീ,
വെക്കണം ഉത്തരം ,
കാണണം കിണറു,കട്ടള സ്ഥാനം
കുറ്റിയടിക്കാനും വേണം മേശിരി.


ഒരുത്തനും വേണ്ടിപ്പോ,ബാലനാശാരിയെ,
വസ്തുവിറ്റതും കാന്തക്കാരന്‍ തിന്നട്ടെ;
ചെറ്റകള്‍!
ആലപ്പുഴ,കൊച്ചീക്കാരനാശാരി
പണിയട്ടെ ഉളുത്ത തടിവേരുകള്‍.


ന്നിപ്പോ എവിടാ, കാതലൊള്ള തടി‍,
കരിവീട്ടി,തേക്ക്, കടമരം
ജയഭാരതി,ശ്രീവിദ്യ,ഉണ്ണിമേരി
കണ്ണിലിങ്ങനെ നിരന്നു നിക്കും


പോളീഷും വാര്‍ണീഷും
എറക്കുമതി വെള്ളത്തടി‍,
കണ്ടാക്കണ്ടു ഇന്നു
നാളൈ നടപ്പതു യാരരിവാര്‍


നോക്കിയിരുന്നു,നോക്കീരുന്നു,
നോട്ടത്തിന്റെ മുഴക്കോലു തിണ്ണേല്‍
ചാരിവച്ചുറങ്ങീട്ടുണ്ടാകും, സരോയനി.

കമുകിന്റെ പട്ടിക; കോഴിക്കൂട്
കെഴക്കേക്കോണിലെ മൂലയോട്
പയ്യാരത്തിന്റെ പമ്പ അണപൊട്ടും


കുത്ത്യലും കുത്ത്യാലും മുറുകാത്ത
മുണ്ടേ, നീയിതെവിടെപ്പോയ്..

ശനിയാഴ്‌ച, മേയ് 07, 2011

നിന്നോളം വരില്ലൊന്നും

വര്‍ത്തമാനം..






















.
.
നിന്നോളം വരില്ലൊന്നും..
എത്രയടക്കം,‍
എത്രയൊതുക്കം,‍
എത്രയാഴത്തിലത്ര-
മേല്‍ മെല്ലെ.


എത്രമേല്‍ നൊന്തിട്ടിത്ര
മേല്‍ വേഗത്തില്‍,
ഒന്നും കാണാതെയാവില്ല
ഒന്നും കണ്ടിട്ടുമുണ്ടാവില്ല.

ആര്‍ക്കെല്ലാമൊപ്പം വന്നിട്ടും,
ആരെല്ലാം കൈവിട്ടു പോയിട്ടും,
എന്തെല്ലാമാണ് ബാക്കിയാക്കുന്നത്,

കാറ്റേ,
നിന്നോളം വരില്ലൊന്നും.