തെക്കോട്ടു നോക്കി
വെറുതേ വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
ഇരിക്കെയിരിക്കെ "കാഞ്ഞവെയിലെ"ന്നോര്‍ക്കും
ഓര്‍ത്തോര്‍ത്തിരിക്കെ മറന്നു വെച്ചതെല്ലാം
നിലവിളിച്ചോടിയോടിയെത്തും
ഓര്‍മ്മകളില്‍ മനസും വയറും കായും
കാഞ്ഞവയറിനും കാഞ്ഞവെയിലിനും മീതെ
കൈകള്‍ ഓരോന്നു വീതം വയ്ക്കും .
വെയില്‍ കുളക്കടവിലേക്കു
കുതികുതിക്കുംവരെ ഒരേയിരിപ്പ് .
വെയില്‍ തിന്നിരുണ്ടയിടതു കൈയ്ക്കു താഴേ
വയലിന്‍ ചുടുവാത തെണിര്‍പ്പുകളില്‍
കണ്ണഞ്ചും ചിത്രപ്പണി തെളിയും
ഇലയെല്ലാം പിണങ്ങിപ്പോയ
മരത്തിന്‍റെ മനസുപോലെ വയലിന്റെ
ഉടലും പുകഞ്ഞുപുകഞ്ഞു പൊങ്ങും.
അകലെ വയലിന്‍റെ അരഞ്ഞാണങ്ങള്‍
രാപ്പനിപ്പെട്ടപോലെ നിറം മങ്ങും
വെയിലുണക്കിയ കണ്ണില്‍
പാടം പുതച്ച ചെമ്പട്ടില്‍
നിറം പിടിപ്പിച്ച
ശൂര്‍പ്പണഖമേനികള്‍ പന്തലിക്കും
അരഞ്ഞാണച്ചരടിലും കാട്ടളകളിലും
കട്ടുറുമ്പുകള്‍ പാട്ടുപാടും
തെക്കോട്ടു നോക്കി പിന്നെയും
വെയില്‍ കാഞ്ഞുകാഞ്ഞിരിക്കും
വെയില്‍ കാഞ്ഞുകാഞ്ഞു വയറും കായും.
കാഴ്ചകള്‍ മാത്രം മാറി മാറി വന്നു പോകും
ബ്ലോത്രം വാരാന്ത്യപ്പതിപ്പ്..13/05/2010
,
.
foto courtesy : Google..