ചെമ്പകപ്പാലം ഇടവപ്പാതിക്കണ്ണീരില്‍
മുങ്ങാങ്കുഴിയിട്ട സന്ധ്യക്കാണ്
പൊന്നുവും പിന്നാലെ ശാരദയും
എല്ലുതെളിഞ്ഞൊരു കുടത്തുമ്പുതൊട്ട്
അക്കരെത്തോടുവഴി പടിഞ്ഞാട്ടു പോയത്.
നാലുപേര്‍ക്കൊപ്പം പൊന്റൂര്‍ പോകുംവരെ
കുമാരന്‍ തോടുവക്കത്തെ പൊത്തുകളില്‍
ശാരദേം പൊന്നൂനേം തിരഞ്ഞു.
തിരിച്ചു വന്ന കുമാരന്‍
പി ഡബ്ലൂ റോട്ടിലെ
മഴവെള്ളപൊത്തുകളില്‍ കല്ലു
കൊണ്ടു പൂക്കളം തീര്‍ത്തു.
പോന്റ്റൂന്നു വന്ന സരോയനിയമ്മ
കുമാരനു പിന്നാലെയെത്തും
കുഴിയില്‍ പൊരുന്നയിരിക്കുന്ന കല്ലെല്ലാം
പ്ലാസ്റിക് സഞ്ചിയിലാക്കും
അന്തിവരേക്കുള്ള ഊരുചുറ്റലിനു ശേഷം
കല്ലായകല്ലെല്ലാം പാറമടയിലെ
കല്ലുവെട്ടാംകുഴിക്ക് കൊടുക്കും.
കുഴി നിറയുമ്പോ കല്ലു ചവിട്ടി
മോളില്‍ കേറിവരുന്ന
രാധമ്മയുടെ ഓര്‍മ്മ പുതക്കും
കുഴിയുടെ ആഴങ്ങളിലാണ് രാധമ്മയ്ക്ക്
കിനാവൊന്നു കൈമോശം വന്നത്
വിതക്കുന്ന കുമാരനും
കൊയ്യുന്ന സരോയനിയും
ഒരേ നേരത്തു വരും
കാത്തിരിക്കുന്ന കണ്ണുകളില്‍
ഉന്മാദത്തിന്റെ പൂത്തിരിയേകാതെ
കല്ലുകള്‍ മാത്രം സ്ഥാനം മാറും
കര്‍മ്മഫലങ്ങളുടെ നിരര്‍ത്ഥകതയില്‍
പൊന്റൂര്‍പോക്ക് വ്രതശുദ്ധി
വേണുന്നൊരു തീര്‍ത്ഥാടനമാണ്
* പൊന്റൂര്‍ ...പുനലൂരിനെ നാട്ടു ഭാഷയില്‍ വിളിച്ചിരുന്നത്.
പുനലൂര്‍ പണ്ടൊരു മാനസികാരോഗ്യകേന്ദ്രം ഉണ്ടായിരുന്നു.
foto courtesy : google fotos.
.
17 അഭിപ്രായങ്ങൾ:
കര്‍മ്മഫലങ്ങളുടെ നിരര്‍ത്ഥകതയില്‍
പൊന്റൂര്‍പോക്ക് വൃതശുദ്ധി
വേണുന്നൊരു തീര്‍ത്ഥാടനമാണ്
എനിക്കും ഒരു ഭ്രാന്തനും തമ്മിലുള്ള ഏക വ്യത്യാസം എനിക്കു ഭ്രാന്തില്ല എന്നതാണ് എന്നു പറഞ്ഞ സാല്‍ വദോര്‍ ദാലിയെ ഓര്‍മ്മ വരുന്നു.
നമ്മളെല്ലാം നോര്‍മ്മല്‍ എന്നു നമ്മെപ്പറ്റി വിചാര്രിക്കുന്നു. പക്ഷെ നമ്മള്‍ക്കറിയീല്ലല്ലോ നഷ്ടപ്പെട്ടവന്റെ ചിത്തത്തിന്റെ ഭ്രമങ്ങള്‍.
പുഴയില്‍ ഒഴുകിപ്പൊയതും
കുളത്തില്‍ മുങ്ങിത്താഴ്നതും അവരുടെ മനസ്സല്ലൊ.
നീല ലിറ്റ്മസിനപ്പുറം കത്തുന്ന
തീനാളമാരുടെ മനസ്സാണ്?
ഉര്‍വ്വരമായ മണ്ണില്‍ വിതയ്ക്കുന്ന
കണ്ണുകളെല്ലാമാരുടേതാണ്?
(ചിത്തരോഗാശുപത്രിയിലെ ദിവസങ്ങള്‍-എ.അയ്യപ്പന്‍)
ചിത്തത്തിന്റെ ഭ്രമണപഥങ്ങൾ..
ഈ മനസ്സുകളെയൊന്നു തൊടാന്‍ പോലുമുള്ള വ്രതശുദ്ധി നമുക്കുണ്ടൊ?. കവിത നോവിക്കുന്നു. നന്നായി.
touching
ബോധത്തിന്‍റെ നൂല്‍പ്പാലത്തിലൂടെയുള്ള മനുഷ്യന്‍റെ തീര്‍ത്ഥയാത്ര..
വഴുതി ഒഴുകുന്ന മനസ്സിന്‍റെ കാഴ്ച്ചകള്‍ക്ക് എന്തു നിറം..
നല്ല വരികള്‍
കവിത നിറക്കാമായിരുന്നു ഇനിയും .
മനോനില തെറ്റിയവര്‍ ഒരര്‍ത്ഥത്തില്‍ ഒന്നും അറിയുന്നില്ല. വേദനിക്കുന്നുമില്ല . കാണുന്നവര്‍ക്ക് വേദന നല്‍കുന്നു എന്നതാണ് പ്രശ്നം. നല്ല വരികള്‍ .. എനിക്കിഷ്ടമായി
നാട്ടുകലുങ്കിലിരുന്ന് ഒരു ചൂടു ചായ കുടിക്കുന്ന
നിര്‍മ്മലതയോടെ വായിച്ചു തീര്‍ത്തു...
പട്ടിളം മനസ്സുകളുടെ ഉടമകള്‍.
അവര്‍ പൊന്റൂര്‍ക്ക് പോകാതെ അവരുടേതായ ലോകങ്ങളില്‍ തന്നെ വിഹരിക്കട്ടേ. നമുക്ക് അവരുടെ മേലൊരു കണ്ണുവയ്ക്കാം.
വിതയുള്ളത്
എല്ലാ സുഹ്രുത്തുക്കള്‍ക്കും നന്ദി.
എന്താ പറയ്യാ... കുഴിയുടെ ആഴങ്ങളില്‍ കളഞ്ഞ് പോയ സ്വപത്തിന് വേണ്ടി തിരച്ചില്‍ ഇപ്പോഴും തിരച്ചില്‍ നടത്തുന്ന രാധമ്മയും കുമാരനും സരോയിനിയും കാലത്തിന്റെ വിങ്ങല്‍ തന്നെ
ഇന്നും ഇടങ്ങളില്‍ നമ്മെ അലോസരപ്പെടുത്തുന്ന
നൊമ്പരപ്പെടുത്തുന്ന....
ഒരോര്‍മ്മപ്പെടുത്തല്‍
നന്നായി....
tracking
രാജേഷ്, ഇവിടെ കണ്ടതിലും വായിച്ചതിലും പരിചയപ്പെട്ടതിലും സന്തോഷം....
നന്നായിരിക്കുന്നു ...
"കുഴി നിറയുമ്പോ കല്ലു ചവിട്ടി
മോളില്‍ കേറിവരുന്ന
രാധമ്മയുടെ ഓര്‍മ്മ പുതക്കും
കുഴിയുടെ ആഴങ്ങളിലാണ് രാധമ്മയ്ക്ക്
കിനാവൊന്നു കൈമോശം വന്നത് "
നമുക്കു ചുറ്റിലും എത്രയെത്ര രാധമാര്‍... അവരെ കണ്ടില്ലെന്ന് നടിച്ച് നമ്മള്‍ ജീവിക്കുന്നു.
വായിച്ചു തീര്‍ന്നപ്പോള്‍ ഒരസ്വസ്ഥത. വ്യത്യസ്തമായൊരു കവിത. ഇഷ്ടപ്പെട്ടു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ