തിങ്കളാഴ്‌ച, ഡിസംബർ 16, 2019

പാക്കാന്ത

പാക്കാന്ത
.................
കഴിഞ്ഞ മണ്ഡലകാലത്ത് 
മലയിൽ തെങ്ങ് നട്ടു മടങ്ങി വന്നപ്പോൾ
അച്ഛൻ പത്ത് ചുറ്റ് കമ്പി കൊണ്ടുവന്നു

നീയൊണ്ടായ കൊല്ലം വെക്കേണ്ടതായിരുന്നു
നീയിതകത്തോട്ട് വെച്ചേര്
എന്നെ നോക്കി കണ്ണിറുക്കി
കമ്പിച്ചുറ്റ് അമ്മയ്ക്ക് കൊടുത്തച്ഛൻ
മണ്ഡലകാലത്തിതിനൊടുവിൽ അച്ഛൻ
വീട്ടിലെത്തുമ്പോൾ മുതൽ 
ലോഡ് ഷ്രെഡിങ്ങാവും അമ്മേടെ കണ്ണിൽ

അച്ഛൻ മലയ്ക്ക് മാലയിട്ടതിന്റെ തലേന്ന്
മൂന്ന് കോഴികളെ പാക്കാന്ത കൊണ്ടു പോയി
പല നെറത്തിലുള്ള തൂവലുകൾ കൊണ്ടമ്മ
ഓർമ്മയുടെ കോഴിമഹൽ തീർത്ത,ടുക്കളയിൽ

അച്ഛൻ വന്ന വൈകുന്നേരം മുതൽ
തൊട്ടാൽ വിവരമറിയുന്ന കരണ്ടായി
കോഴിക്കൂടിന് ചുറ്റും കാവൽക്കാരൻ.

കോഴിക്കൂട്ടിലിന്നലെ രാത്രി പതിവില്ലാത്ത വിധം ഒച്ചയുണ്ടാർന്ന്
അമ്മ രാവിലെ അയൽക്കാരോട് പറഞ്ഞു
കൊണ്ടോയ പാക്കാന്ത ഇടിവെട്ടി തൊലയും
തലയിൽ കൈവച്ചപ്പോ അമ്മേടെ കണ്ണ് നെറഞ്ഞ്

തിരികെ അടുക്കളെലേക്ക് കേറുമ്പോ 
അച്ഛനെ നോക്കി
നിങ്ങളിന്നലെ കരണ്ട് കുത്തിയാർന്നല്ല്
നൊയമ്പ് നോക്കാൻ തീരുമാനിച്ച അച്ഛൻ
ഒരു പ്രത്യേക രീതിയിൽ 
മേലേക്ക് കണ്ണ് കൂർപ്പിച്ച്
ഫഹവാൻ ശരണം ന്ന് പറഞ്ഞ്
പിന്നെ ഒള്ളതെന്ന് തലയാട്ടി

മംഗളം മംഗളം ദേ, ശ്രീഗണ നായകനേ
പടുക്ക തിരൂമ്മുമ്പേ പക്കാന്ത അലറും
അന്നേരം അച്ഛന്റെ കണ്ണിങ്ങനെയാകും

പാക്കാന്ത വന്നതാണെന്ന് തോന്നുന്നില്ല
ഒരു കോഴീടേം പൂട വീണിട്ടില്ല
അതിയാൻ കോഴിക്കൂടിന് ചുറ്റും 
ഇരുമ്പു കമ്പിയ്ക്ക് കരണ്ട്  കുത്തുന്നത് ഞാൻ കണ്ടതാ,
അടുക്കളേലിരുന്ന് പുട്ട് കൊഴയ്ക്കുന്ന എന്നോടമ്മ

അമ്മയ്ക്ക് നല്ല ശങ്കേണ്ടിടില്ലെ?
പാക്കാന്തല്ല, എനിക്കൊറപ്പാ
ചേച്ചിക്കും ശങ്കേണ്ട് ന്നായി
പാക്കാന്തയാൽ പൂട കെടക്കെണ്ടേ?
ഇപ്പോ എനിക്കും ശങ്കേണ്ടായി
ആർക്കും ശങ്ക പരസ്യമായിട്ടില്ലെന്നായി

നാളെ കഴിഞ്ഞ് മലക്ക് മാലയിടും മുന്നെ
അച്ഛൻ കുടീം വലീം നിർത്തും
എറച്ചീം മീനും വീടിന് പുറത്താകും
അതിനിടേൽ  ശങ്കിച്ചാൽ 
പച്ചക്കറിത്തോട്ടം വിളഞ്ഞ വീട്ടിൽ
ആട്ടിൻ സൂപ്പ് വരുത്തേണ്ടി വരും.

ഇന്ന് വൈകിട്ടച്ഛൻ  പാർട്ടിക്കാരനായ 
മുൻ പഞ്ചായത്ത് മെമ്പറെ കാണും
അയാളുടെ അച്ഛനെ ഓർമ്മിപ്പിക്കും
മൂന്നു തരം മുണ്ടും പൊക്കി കാണിക്കും
മലയിലെ കാട് തെളിയിക്കാത്തതോണ്ടല്ലെ
അവിടെ പാക്കാന്ത പെറ്റ് കെടക്കുന്നത്

അച്ഛന്റെ സംഘം ഇന്ന് കാട് കയറും
കാട്ടുകോഴിം മുയലും കാട് വിട്ടോടും
വൈകിട്ടായപ്പോ അമ്മ പറഞ്ഞു
ആകെപ്പോകെ നാല് കോഴ്യാണ് ബാക്കി
വെർതെ കരണ്ട് ചാർജ് കളയണ്ട
അച്ഛനും അത് തന്നെന്ന് തലയാട്ടി

അമ്മയ്ക്ക് നല്ല ശങ്കേണ്ട്
ഒന്നും രണ്ടും പറഞ്ഞോണ്ടിരുന്നപ്പോ സന്ധ്യയായി
അച്ഛൻ  കാട് കേറുന്നതാവും കാട്ടിൽ വെട്ടം കണ്ടു
ഒന്നിൽ നിന്നു പൊട്ടി-
യൊരുപാട് വെട്ടത്തിൻ തുണ്ടുകൾ
കാട്ടീന്ന് പറക്കുന്ന ഒച്ച കേൾക്കാം
കാട്ടുകോഴി, കൂമൻ, കാക്ക പരുന്തുകൾ
കുതിച്ചോടുന്നുണ്ടാകും 
കാട്ടുമുയൽ, കീരി, പാക്കാന്ത.

നാളെ കഴിഞ്ഞ് മാലയിടാനുള്ള മനുഷ്യനാ
അമ്മ കരണ്ട് കുത്തുന്നതും കണ്ട്
ഒരലർച്ച കേൾക്കുന്നതും  കാത്ത്
ഒറങ്ങാതെ കെടപ്പുണ്ടച്ഛാ
ഇടയ്ക്ക് അമ്മ വിളിച്ച്
ഫഹവാനേ നീ തന്നെ തുണ
ഞങ്ങളും കൂടെ വിളിച്ച്
ഫഹവാനേ നീ തുണ