ഞായറാഴ്‌ച, ജൂൺ 02, 2013

ഏകാ(നാ)(ന)ന്തത

ആഴങ്ങളെ മാത്രം പരിചയപ്പെടുത്തുന്നത്ര
ആഴത്തില്‍ ഒളിച്ചിരിപ്പുണ്ടാവണം
ചിറകടികളുടെ ഒരു സ്വപ്നം.

ഉയരേ,ക്കുയരേക്കെന്നു
അത്രമേല്‍ ആഴത്തിലേക്ക്
ആണ്ടു പോയൊരു
സ്വപ്നത്തിന്റെ ഇടര്‍ച്ച.

പ്രതിഫലനത്തിന്റെ
ഓരോ ഞൊടിയും
പരിചയപ്പെടുത്തുന്നുണ്ടാവണം
അത്രയേറെ
പരിചിതമായ ചില കാഴ്ചകളെ.

പൂക്കളെ വിടരാന്‍ വിട്ടൊരു ചില്ല
അതിനോട്
ഇലച്ചാര്‍ത്ത് അഴിച്ചു വച്ചൊരു വൃദ്ധമരം
അതിനോട്
ആകാശം മറന്നു വച്ച ഒരു മേഘേകാന്തത
അതിനോട്
എന്നിങ്ങനെ വെറുതെ ഓരോന്നും
അതിനോട് തന്നെ എന്നപോലെ തന്നെ
ഒരേകാന്തത

അതിന്റെ കടലോളം പോന്ന
ആഴനിശ്ശബ്ദതതയില്‍ നിന്ന്
തന്റെതന്നെ നൂറ്റിയോന്നാമത്തെ
മുട്ടയ്ക്ക് ചൂട് കൊടുക്കുന്നു.
തോട് പൊട്ടി ജലോപരിതലത്തിലെക്ക്
മുങ്ങാംകുഴിയിട്ട് പോയേക്കാവുന്ന
ഒരു പക്ഷിയ്ക്ക് കാവലിരിക്കുന്നു
അക്ഷമയുടെ ഈ സമുദ്രം.


ആകാശത്തിന്റെ ഈ ചിത്രം
ഒരു പ്രതീക്ഷയാണ്
വിരിപ്പിന്റെ പുതപ്പില്‍ നിന്ന്
കുതിപ്പിന്റെ ഒരാകാശത്തെ
കാത്തു നില്‍ക്കുന്നു എന്ന പ്രതീക്ഷ..
ഉയരെക്കുയരെക്ക് അത്രമേല്‍
ആഴത്തിലാഴത്തിലെന്നതാണ്
അളവില്ലാതെയാകുന്ന ഏകാ(നാ)(ന)ന്തത.