വ്യാഴാഴ്‌ച, ജൂൺ 13, 2013

“ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക.” :മനോരാജ്


തൊട്ട് ആശുദ്ധമാകപ്പെടലുകളില്‍ നിന്ന്  മുഖ്യധാരാ അച്ചടിമാധ്യമങ്ങള്‍ അകറ്റി നിര്‍ത്തിയിരുന്ന ഒരു കൂട്ടം എഴുത്തൂകാരുടെ വിരലുകളെയും മനസുകളെയും ചേര്‍ത്ത് നിര്‍ത്തുന്ന കണ്ണിയായിരുന്നു ബ്ലോഗ്‌ എന്ന മാധ്യമം അതിന്റെ വസന്തം എന്ന് ഇപ്പോള്‍ സംശയിക്കെണ്ടിയിരുന്ന ഒരു കാലത്ത്. അതെ കാലത്ത് കഥയുടെ വ്യത്യസ്ത വഴികളുമായി ബ്ലോഗ്‌ വായനക്കാരുടെ മനസ്സില്‍ നിറഞ്ഞു നിന്ന കഥയെഴുതുകാരില്‍ ചിലരായിരുന്നു, സുരേഷ് ബാബു, ബിജു കുമാര്‍ ആലംകൊട്, മനോരാജ് , ശിവകാമി എച്ച്മുകുട്ടി, റോസിലി ജോയ് തുടങ്ങിവര്‍. ഇവരില്‍ പലരുടെയും കഥകള്‍ സമാഹാരങ്ങളായി അനുവാചകന് മുന്നിലെത്തുകയും പലതും ശ്രദ്ധിക്കപ്പെടുകയും ചെയ്തു.ഇത്തരം പുസ്തകങ്ങളില്‍ ഈയ്യടുത്ത് പുറത്തിറങ്ങിയ കഥാസമാഹാരമാണ് മനോരാജിന്റെ “ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക.”പതിനഞ്ചു കഥകളുടെ കൂട്ടായ്മയായ ഈ പുസ്തകത്തിലെ മനോരാജിന്റെ പല കഥകളുടെ പേരുകളും വളരെ ആകര്‍ഷകങ്ങളാണ്. പ്രത്യേകിച്ചും ഹോളോ ബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം,ഒരു എക്സ്റേ മെഷിന്റെ ആത്മഗതം,ആ ഞരമ്പ് രോഗികളുടെ വാര്‍ഡ്‌ ,പ്രസവിക്കാന്‍ താത്പര്യമുള്ള യുവതികളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയവ.സാമൂഹിക പ്രതിബദ്ധത, തുടങ്ങി ആഭാവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട് ബ്ലോഗിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും തങ്ങളുടെ എഴുത്തിന്റെ ലോകത്ത് വ്യാപരിക്കുന്ന ഈ തലമുറ എഴുത്തുകാര്‍ക്കിടയില്‍. എഴുത്തിന്റെ ഭൂമിക നൂറ്റാണ്ടുകളായി ചുറ്റിത്തിരിഞ്ഞിരുന്ന ഇട്ടാവട്ടലോകത്തില്‍ നിന്നും അതിവിശാലമാക്കപ്പെടുകയും അനുഭവങ്ങള്‍ തങ്ങളുടെതില്‍ നിന്നും കേട്ടുകേള്‍വി മാത്രമായിരുന്ന വര്‍ണ്ണവര്‍ഗ സമൂഹങ്ങളുടെത് കൂടിയാക്കപ്പെടുകയും ചെയ്യുന്നുണ്ട് പുതിയ തലമുറ എഴുത്തില്‍. മനോരാജിന്റെ എഴുത്ത് ലോകം തനിക്കു ചുറ്റുമുള്ളവരുടെ അനുഭവഭൂമികകള്‍ ആണ്. അത് മനുഷ്യന്റെ നന്മകളുടെ ആഘോഷവും മനുഷ്യത്വമില്ലായ്മയോടുള്ള തള്ളിപ്പറയലുമാണ്.

 

സക്കറിയയുടെ വളരെ പ്രശസ്തമായ ഒരു കഥ ഓര്‍മ്മിക്കുന്നു. അവിവാഹിതനും വൃദ്ധനുമായ ഒരു മനുഷ്യന്‍ തന്നെ കാണാന്‍ വന്ന ചെറുപ്പക്കാരിയായ സഹപ്രവര്‍ത്തകയുടെ കാമുകനൊപ്പം (പ്രതിശ്രുത വരന്‍)  സഹപ്രവത്തകയുടെ ഫ്ലാറ്റില്‍ എത്തുന്നതാണ് കഥാ പരിസരം. വൃദ്ധന്റെ വാക്കുകളിലൂടെ അയാള്‍ക്ക് സഹപ്രവത്തകയോടുള്ള സ്നേഹം ,വാത്സല്യം ഒക്കെ വെളിവാകുന്നു യാത്രക്കിടയില്‍. ചെറുപ്പക്കാരെ രണ്ടു പേരെയും അയാള്‍ അതീവ വാത്സല്യത്തോടെ തന്റെ വീട്ടിലേക്കു ക്ഷണിക്കുന്നു എങ്കിലും അവര്‍ മറ്റ്‌ അത്യാവശ്യം പറഞ്ഞു അയാള്‍ക്കൊപ്പം പോവുന്നില്ല.അവരുടെ വാക്കുകളിലൂടെ വൃദ്ധനോട് ചെറുപ്പക്കാര്‍ക്കുള്ള അവജ്ഞ പുറത്ത് വരികയും ചെയ്യുന്നു. കാപട്യത്തിന്റെ മുഖം മൂടികള്‍ അണിഞ്ഞവരുടെ ലോകത്തെ പറ്റി സക്കറിയ 1965 ലോ മറ്റോ എഴുതിയ കഥ ഇപ്പോഴുംവര്‍ഷങ്ങള്‍ക്കു ശേഷവും പ്രസക്തമാവുന്നു.മനോരാജിന്റെ കഥകളിലും ഉണ്ട് ഇത്തരം കഥാപരിസരങ്ങള്‍. ഒരുകൂട്ടം നാട്ടുകാര്‍ക്ക് തന്റെ ജന്മദിനത്തില്‍ സദ്യ നല്‍കിയ ശേഷം അതെ ചടങ്ങിന്റെ ഫോട്ടോകള്‍ അനാഥരായ മനുഷ്യര്‍ക്ക് താന്‍ നല്‍കിയ സഹായങ്ങളുടെ തെളിവായി പ്രദര്‍ശിപ്പിച്ച ഒരാളെ ഓര്‍ക്കുന്നുണ്ട്. ഈ പുസ്തകത്തിലെ ‘ഹോളോ ബ്രിക്സില്‍ വാര്‍ത്തെടുത്ത ദൈവം’ എന്ന കഥയുടെ പരിസരവും ഇത്തരത്തില്‍ ഒന്നാണ്. അനാഥയായ ഒരു വൃദ്ധയ്ക്ക് ചികിത്സ നല്‍കുന്ന ആശുപത്രി അധികൃതര്‍ ആ വൃദ്ധയെ തങ്ങളുടെ ചാരിറ്റിയുടെ തെളിവായി ചാനലുകള്‍ക്ക് മുന്നില്‍ വിളമ്പുന്നത് വളരെ ഹൃദയസ്പര്‍ശിയായി അവതരിക്കുന്നു മന്നോരാജ് ഈ കഥയില്‍.ചാനല്‍ ഷൂട്ടിംഗ് നു ശേഷം ആശുപത്രിയില്‍ നിന്ന് പുറത്ത് വിടപ്പെടുന്ന വൃദ്ധയാവട്ടെ, സ്വന്തമായി തലചായ്ക്കാന്‍ ഇടം കൂടി ഇല്ലാതെയാവുന്നു.ഹരിചന്ദനം എന്ന കഥയാവട്ടെ കാലികപ്രസക്തമാണ്. ഒരു പക്ഷെ മുന്‍വിധികള്‍ കൊണ്ട് സമ്പന്നം എന്ന് ഒറ്റനോട്ടത്തില്‍ പറഞ്ഞെക്കാവുന്ന ഈ കഥ ചില പ്രസക്തമായ ചോദ്യങ്ങള്‍ക്ക് വഴിമരുന്നിടുണ്ട് താനും.വായനാസുഖ സമൃദ്ധമെന്നു അടിവരയിടുന്നു ഈ സമാഹാരത്തിലെ ഓരോ കഥകളും.

 

 

ഞായറാഴ്‌ച, ജൂൺ 02, 2013

ഏകാ(നാ)(ന)ന്തത

ആഴങ്ങളെ മാത്രം പരിചയപ്പെടുത്തുന്നത്ര
ആഴത്തില്‍ ഒളിച്ചിരിപ്പുണ്ടാവണം
ചിറകടികളുടെ ഒരു സ്വപ്നം.

ഉയരേ,ക്കുയരേക്കെന്നു
അത്രമേല്‍ ആഴത്തിലേക്ക്
ആണ്ടു പോയൊരു
സ്വപ്നത്തിന്റെ ഇടര്‍ച്ച.

പ്രതിഫലനത്തിന്റെ
ഓരോ ഞൊടിയും
പരിചയപ്പെടുത്തുന്നുണ്ടാവണം
അത്രയേറെ
പരിചിതമായ ചില കാഴ്ചകളെ.

പൂക്കളെ വിടരാന്‍ വിട്ടൊരു ചില്ല
അതിനോട്
ഇലച്ചാര്‍ത്ത് അഴിച്ചു വച്ചൊരു വൃദ്ധമരം
അതിനോട്
ആകാശം മറന്നു വച്ച ഒരു മേഘേകാന്തത
അതിനോട്
എന്നിങ്ങനെ വെറുതെ ഓരോന്നും
അതിനോട് തന്നെ എന്നപോലെ തന്നെ
ഒരേകാന്തത

അതിന്റെ കടലോളം പോന്ന
ആഴനിശ്ശബ്ദതതയില്‍ നിന്ന്
തന്റെതന്നെ നൂറ്റിയോന്നാമത്തെ
മുട്ടയ്ക്ക് ചൂട് കൊടുക്കുന്നു.
തോട് പൊട്ടി ജലോപരിതലത്തിലെക്ക്
മുങ്ങാംകുഴിയിട്ട് പോയേക്കാവുന്ന
ഒരു പക്ഷിയ്ക്ക് കാവലിരിക്കുന്നു
അക്ഷമയുടെ ഈ സമുദ്രം.


ആകാശത്തിന്റെ ഈ ചിത്രം
ഒരു പ്രതീക്ഷയാണ്
വിരിപ്പിന്റെ പുതപ്പില്‍ നിന്ന്
കുതിപ്പിന്റെ ഒരാകാശത്തെ
കാത്തു നില്‍ക്കുന്നു എന്ന പ്രതീക്ഷ..
ഉയരെക്കുയരെക്ക് അത്രമേല്‍
ആഴത്തിലാഴത്തിലെന്നതാണ്
അളവില്ലാതെയാകുന്ന ഏകാ(നാ)(ന)ന്തത.