കുന്നിനു മുകളില്‍
ഒറ്റയ്ക്കായാ ചെറു മരം
പച്ചപ്പു പുതച്ച കുന്നിന്റെ
ഇനിയും മുറിയാത്ത
പൊക്കിള്‍ കൊടി
ഒറ്റപ്പെടലിന്റെ വേദനയില്‍
ചെറുകാറ്റിനായി
ഒറ്റക്കാലില്‍ ഒടുങ്ങാത്ത തപസ്സ്
ഇടക്ക് കാറ്റിന്റെ കുസൃതിയില്‍
ഇക്കിളി പൂണ്ട് കുന്നിന്റെ
പച്ചപ്പിലോളിക്കാന്‍ നോക്കും
മരം കുന്നിനെ ചുംബിക്കും പോലെ
അല്ലെങ്കില്‍ കാണുന്നവര്‍ക്ക്
പ്രണയത്തിന്റെ ഒരര്‍ദ്ധവൃത്തം
പ്രണയ ലീലകള്‍ക്കൊടുക്കം
കാറ്റു പോയ വഴിയെ
മരം കുന്നോട് കാത്തിരിപ്പിന്‍റെ
വിരഹവേദന ഇലപോഴിക്കും
കഥകളില്‍ മധുരം കിനിഞ്ഞൊരു
പഴത്തില്‍ വിത്തായോളിപ്പിച്ച
അമ്മമരത്തിന്‍ ഓര്‍മ കരയും
കുന്നിലുപേക്ഷിച്ചു പോയ
കിളിയുടെ കൊഞ്ചല്‍ കേള്‍ക്കും
മഴയില്‍ വേരറ്റു പോവാത്ത
കുന്നിന്റെ പരിരംഭണം മുറുകും
ബന്ധനത്തിന്റെ സുഖമുള്ള നോവു കവിയും
ഋതുഭേദങ്ങളില്‍ മരം കുന്നിന്‍റെ
നിറങ്ങള്‍ ചാലിക്കും
പച്ച, ചുവപ്പിനും ചുവപ്പ്, മഞ്ഞയ്ക്കും
എല്ലാം പരസ്പരം ഒന്നാകും
കുന്നിന്‍ ചരുവില്‍ മരത്തെ
കാണെക്കാണെ മരം ഞാനാകും
നിന്‍റെ ഋതുഭേദങ്ങളില്‍
മരം പോലെ പെയ്തും
പുഴ പോലെ ദാഹിച്ചും
ഒരു വസന്തത്തിന്റെ
നോവു നെഞ്ചില്‍ കുറുകിയും
ഒടുവില്‍ മരവും പുഴയുമാവാതെ
വസന്തത്തിന്‍ നോവറിയാതെ
ഏതോ കാറ്റില്‍ നിലം തൊടാതെ
വീണുടഞ്ഞ ഒരു തുള്ളി കണ്ണീര്‍.