വെള്ളിയാഴ്‌ച, ജൂലൈ 01, 2016

വെള്ളിയാഴ്‌ച, മാർച്ച് 11, 2016

കവിതാ  വര്‍ത്തമാനം  / കൃഷ്ണ ദീപക്ക്.

പത്തനംതിട്ട ജില്ലയിലെ ആറന്മുള സ്വദേശി. ഇപ്പോള്‍ ദുബായില്‍. കവി. ചിത്രകാരി. ഗായിക, മള്‍ട്ടി മീഡിയ  ഡിസൈനര്‍.

നിറങ്ങള്‍ ചാലിചെഴുതുന്ന കവിതയെന്നോ കവിത നിറഞ്ഞു തുളുമ്പുന്ന ചിത്രങ്ങള്‍ എന്നോ പറയാനുണ്ടാവും കൃഷ്ണ ദീപക്ക് എന്ന എഴുത്തുകാരി / ചിത്രകാരിയെ കണ്ടു/വായിച്ചറിയുമ്പോള്‍. ആഫ്രിക്കന്‍ മസായി ചിത്രകലയുടെ ഉത്സവ നിമിഷങ്ങള്‍ സമ്മാനിക്കുന്ന ചിത്രങ്ങള്‍. അക്ഷര വര്‍ണ്ണങ്ങളുടെ ഉത്സവകാലങ്ങളെ ഓര്‍മ്മിപ്പിക്കുന്ന കവിതകള്‍. പുതു കവിതയുടെ തരംഗകാലത്തിനു ഒപ്പം അച്ചടിയുടെ വഴികളിലും ഏറെ സുപരിചിതയാണ് ഈ കവി.  

 കൃഷ്ണയോടു  ചില ചോദ്യങ്ങള്‍ :


1.     1. ശേഷിയോ വാസനയോ അല്ല ആത്മ സമര്‍പ്പണമാണ് കവിത എന്ന് പറഞ്ഞത് ബഷോ ആണ്. മഹാബ്രഹ്മാണ്ഡത്തോടോപ്പമുള്ള രമിക്കല്‍ ആണ് തനിക്കു എഴുതുക എന്നതെന്നാണ് ജയമോഹന്‍ പറഞ്ഞത്. എഴുതുന്ന അവസ്ഥയെ താങ്കള്‍ അങ്ങനെ കാണുന്നു?

എഴുതാന്‍ വേണ്ടി എഴുതാറില്ല. അതുകൊണ്ട് തന്നെ അതൊരു ശേഷിയോ ആത്മ സമര്‍പ്പണമോ എന്നെനിക് പറയാന്‍ കഴിയില്ല. പലപ്പോഴും എഴുത്ത് എന്നത് സംഭവിച്ചു പോകുന്ന ഒന്നാണ്. അപ്പപ്പോള്‍ ഉണ്ടാകുന്ന മാനസിക നില. മാസങ്ങളോളം ഒന്നും എഴുതാൻ കഴിയാതെ ഇരുന്നിടുണ്ട്.. എന്നാൽ പൊടുന്നനെ ഒരു നിമിഷം എഴുത്ത് എന്നെ തേടിയെത്തും. ഒരാള്‍ ഇപ്പൊ ഒരു വിഷയം തന്നിട്ട് എഴുതൂ എന്ന് പറഞ്ഞാല്‍ എനിക്ക് ഒരക്ഷരം പോലും എഴുതാന്‍ വരില്ല. എഴുതുന്ന അവസ്ഥയെ എങ്ങനെ പറഞ്ഞു തരുമെന്നും എനിക്കറിയില്ല എഴുതി കഴിഞ്ഞു വായിച്ചു നോകുംപോ ഉള്ള അവസ്ഥയെ വേണേല്‍ ഞാന്‍ പറഞ്ഞു തരാം :)

2. ജീവിക്കുന്ന ഇടത്തെ എഴുതുക എന്നതാണ് പുതിയ കാലത്തെ കവിതയെ പറ്റി പലരും പറയുക. ഇടം എന്നോ അനുഭവം എന്നോ ഒക്കെ പറയാവുന്ന ഒരു ആഖ്യാന തലം അതിനുണ്ടെന്നു തോന്നുന്നു. താങ്കളുടെ കവിതകളില്‍ പ്രവാസം അഥവാ ജീവിക്കുന്ന ഇടം കടന്നു വരാറുണ്ട്. എന്താണ് ഇപ്പോള്‍ ജീവിക്കുന്ന ഇടത്തിന് എഴുത്തില്‍ ഉള്ള സ്വാധീനം?

മരുഭൂമിയും ഈന്തപ്പനകളും പിന്നെ ഈ എട്ടാം നിലയിലെ ഒറ്റമുറി അതൊക്കേം കടന്നു വരാറുണ്ട്, അതല്ലാതെ .... ഒരു കടന്നു വരവ് അത് കുറവാണെന്ന് തോന്നുന്നു. പ്രവാസ ജീവിതം ആണെങ്കില്‍ തന്നെയും അധികം എനിക്ക് ഇവിടുത്തെ കാര്യങ്ങള്‍ ഒന്നുമറിയില്ല. ഓഫീസ്, വീട് - വീട് ഓഫീസ് അതാണ്‌ എന്റെ പ്രവാസം. 


3. ഒരു ചിത്രകാരി, ഗ്രാഫിക് ഡിസൈനര്‍ എന്നതൊക്കെ ആവും എഴുത്തുകാരി എന്നതില്‍ അപ്പുറം, ഒരു പക്ഷേ എഴുത്തിനു മേലെ താങ്കള്‍ സ്വയം പരിചയപ്പെടുത്താന്‍ ഇഷ്ടപ്പെടുക എന്ന് തോന്നുന്നു. എഴുത്തില്‍ പ്രൊഫഷന്റെ സ്വാധീനം എന്താണ്?

ഒരു എഴുത്തുകാരി എന്ന രീതീയില്‍ പരിചയപ്പെടുത്താന്‍ തക്കവണ്ണംഎന്തേലും എന്റെ എഴുത്തില്‍ ഉണ്ടോന്നറിയില്ല. അതുകൊണ്ട് ആ രീതീല്‍ ഉള്ള പരിചയപ്പെടുത്തല്‍ ഇല്ല. എന്ത് ചെയ്യുന്നു എന്ന് ചോദിച്ചാല്‍ ഡിസൈനര്‍ ആണെന്നാണ് സാധാരണ പറയുക.

പ്രൊഫഷനുമായി ബെന്ധപ്പെട്ടതെന്നു പറയുമ്പോ വര, നിറങ്ങള്‍, ക്യാന്‍വാസ്, തുടങ്ങിയവ ഒക്കെ കടന്നു വരാറുണ്ട് . അത്രേ ഉള്ളു


4. ഒരു പക്ഷെ നോവലില്‍ ഒഴികെ മറ്റു എഴുത്ത് രീതികളില്‍ , കഥ, കവിത ഇവയിലൊക്കെ ഡീറ്റയിലിംഗ് കുറഞ്ഞു വരുന്നുണ്ട് എന്ന് തോന്നിയിട്ടുണ്ട്. ചിത്രം  വരയില്‍ ഇത്തരം ഒരു സൂക്ഷ്മത/ഡീറ്റയിലിംഗ് അനിവാര്യവുമാണ് . ചിത്രം വര കവിതയെഴുത്തില്‍ എന്ത് സ്വാധീനമാണ് ചെലുത്തുന്നത്?

എന്നെ സംബന്ധിച്ച് എനിക്ക് രണ്ടും ഒരേപോലെ പ്രീയപ്പെട്ടതാണ്‌ ഒന്നിനെ മാറ്റി നിര്‍ത്തി മറ്റൊന്നിനു കൂടുതല്‍ പ്രാധാന്യം കൊടുക്കാന്‍ പറ്റുന്നില്ല. പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന അല്ലെങ്കില്‍ ഒന്ന് ഒന്നിന്റെ തുടര്‍ച്ചയാണെന്നു പലപ്പോഴും തോന്നിയിട്ടുണ്ട് . അതിലെനിക്ക് വളരെ വളരെ വളരെ സന്തോഷവും ഉണ്ട്. 

5. ചിത്രം വരയെ പറ്റിത്തന്നെ പറയുമ്പോള്‍ വളരെ റിയലിസ്റ്റിക് ആയ ഒരു സമീപനമാണ് താങ്കളുടേത് എന്ന് തോന്നിയിട്ടുണ്ട്. അബ്സ്ട്രാക്റ്റ് പോലെ മറ്റു മാതൃകകള്‍  കുറവാണു എന്ന് തോന്നിയിട്ടുണ്ട്. എന്താണ് അഭിപ്രായം?

അടുത്തു വരെ ഞാന്‍ റിയലിസ്ടിക് ചിത്രങ്ങള്‍ ആയിരുന്നു ചെയ്തിരുന്നത് . ഏകദേശം ഒരു ഒന്നര വര്‍ഷം ആയിട്ടുള്ളൂ അതില്‍ നിന്ന് അല്പം മാറിയിട്ട്. 
അബ്സ്ട്രാക്റ്റ് ചെയ്തു നോക്കിയിട്ടില്ല, എനിക്ക് വഴങ്ങില്ലാന്നു തോന്നുന്നു :)

6. പൊതുവേ പ്രവാസ രചനകളില്‍ ദേശത്തെ എഴുതുന്ന ഒരു പതിവ് കണ്ടു വരാറുണ്ട്. എന്നാല്‍ താങ്കളുടെ കവിതകളില്‍ ദേശം ഒരു വിഷയമോ ഘടകമോ ആയി വരുന്നതു വളരെ വിരളമാണ്. താങ്കളെ ഇതിനെ എങ്ങനെ വിലയിരുത്തുന്നു?

ദേശത്തെ എഴുതുക എന്ന് പറയുമ്പോള്‍ അതിനെ കുറിച്ച്  നമുക്കൊരു ധാരണ വേണം അല്ലെ ? എനിക്കതില്ല :)  നമ്മള്‍ ഇവിടേക്ക് വന്നിട്ടല്ലേ ഉള്ളൂ സമയം ഉണ്ടല്ലോ.

7. നഷ്ടപ്രണയത്തിന്റെ അതി തീവ്രമായ ഒരു വിഷാദചരിവ് പ്രതലത്തില്‍ നിന്നാണ് താങ്കളുടെ പല കവിതകളുടെയും വരവ് എന്ന് തോന്നിയിട്ടുണ്ട്. ഒരേ സമയം പ്രണയം എന്നോ അല്ലെങ്കില്‍ കവിതയുടെ തന്നെ നഷ്ടബോധത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട് പലതും. നീ എന്നത് വെറും നീ അല്ലെന്നും കവിത തന്നെ എന്നും വ്യാഖ്യാനിക്കുന്ന പുതു കവിതാരീതി തന്നെയല്ലേ അതും?

പലപ്പോഴും ഇമോഷണല്‍ ആകുന്ന സമയത്താണ്  എഴുതുന്നത്‌  അപ്പൊ അതിലേക്കു വിഷാദചരിവ് കടന്നു വരിക സ്വാഭാവികം. എല്ലാറ്റിനോടും പ്രണയം ഉണ്ട്  പ്രണയം മാത്രമല്ല സ്നേഹവും ഉണ്ട് . പ്രണയത്തെ എഴുതിയിട്ട് വായിക്കുമ്പോ, യാഥാർത്ഥ്യബോധത്തോടെ അതിനെ സമീപിക്കുമ്പോ നല്ല രസാ. 'നീ' എന്നത് ചിലപ്പോഴൊക്കെ സങ്കല്‍പം ആണ് ചിലപ്പോഴൊക്കെ യാഥാര്‍ത്യവും.

പുതുക്കവിതകല്ള്‍ക്ക് ഒരു യൂണിവേര്‍സല്‍ ഫീല്‍ തരാന്‍ കഴിയുന്നുണ്ട്.  ഭാഷയിലും പ്രമേയങ്ങളിലും ആഖ്യാനത്തിലും ഉള്ള ഒരു വൈകാരികത അത്  വായിക്കുമ്പോ നമുക്ക് വേണ്ടി എഴുതിയ പോലെ അല്ലേല്‍ നമ്മളെ നമ്മള്‍ വായിക്കുമ്പോലെ അങ്ങനെ ഒക്കെ ഒരു തോന്നല്‍. എനിക്ക് പലപ്പോഴും ഉണ്ടാകാറുണ്ട് 

8. നഷ്ടപ്രണയം, വിരഹം, ജീവിതവ്യഥ ഇത്യാദി വിഷയങ്ങള്‍ വായനക്കാരനിലേക്ക്  സംവദിക്കാന്‍ എഴുത്തുകാരന്റെ വളരെ  ലളിതമായ മാര്‍ഗങ്ങള്‍ ആണ്. പ്രസാദാത്മകതനഷ്ടം വന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത് എന്നതിന്റെ ഉദാഹരണം ആണോ പുതുകവിതയില്‍ ഈ വിഷയങ്ങളുടെ തുടര്‍ ഉപയോഗങ്ങള്‍?

തുടര്‍ ഉപയോഗങ്ങള്‍ എന്ന് പറയാന്‍ പറ്റില്ല. എല്ലാം അനാ(ആ)വശ്യമായ തുടര്‍ച്ച അല്ലെ.
കുറച്ചു നാള്‍ ഒരേ അവസ്ഥയില്‍ കിടന്നു വട്ടം കറങ്ങാറുണ്ട്. കുറച്ചു കഴിയുമ്പോ അതിനു മാറ്റം ഉണ്ടാകും. പിന്നെ നമ്മളിങ്ങനെ പരിണമിച്ചുകൊണ്ടിരിക്കയല്ലേഓരോ ദിവസം കഴിയുമ്പോഴും പുതുമകളും വൈവിധ്യങ്ങളും നമ്മുടെ ജീവിതത്തിനു മാറ്റങ്ങള്‍ ഉണ്ടാക്കും അത് തീര്‍ച്ചയായും നമ്മുടെ എഴുത്തിലും കടന്നു കൂടും. 

9. റോള്‍ മോഡലുകള്‍ ഇല്ലാത്ത ഒരു കാലത്തെയാണ് താങ്കള്‍ പ്രതിനിധാനം ചെയ്യുന്നത്. തീവ്ര ജീവിതാനുഭവങ്ങളുടെ അഭാവവും കൂട്ടിനുണ്ട്. ഇങ്ങനെ ഒരു ജീവിതാവസ്ഥയില്‍  സമൂഹത്തില്‍ എഴുത്തുകാരന്റെ സ്ഥാനം എന്താണ്?

ഒരാളെ വായിക്കുമ്പോ എനിക്കും അങ്ങിനെ അതെ രീതിയില്‍ എഴുതണം എന്ന് തോന്നിയിട്ടില്ല പക്ഷെ വായിച്ചതിനെ ഓര്‍ത്ത്‌ അത്ഭുതപ്പെട്ടിട്ടുണ്ട് പലപ്പോഴും.   തീവ്ര  ജീവിതാനുഭവങ്ങള്‍ തീര്‍ച്ചയായും ഉണ്ട്. തികച്ചും വ്യക്തിപരം ആണെന്നുള്ളതുകൊണ്ട് എനിക്കങ്ങനെ വിളിച്ചു പറയാന്‍ കഴിയില്ല. 

10. സൈബര്‍ എഴുത്തിന്റെ കാലത്താണ് നമ്മള്‍ എഴുതുന്നത്‌. ഈ മാധ്യമത്തിന്റെ ശക്തി ദൌര്‍ബല്യങ്ങളെ, എഴുത്തില്‍ ഈ മീഡിയത്തിന്റെ സ്വാധീനത്തെ എങ്ങനെ നോക്കിക്കാണുന്നു?

വരയുടെ / എഴുത്തിന്റെ / വായനയുടെ ഒക്കെ കാര്യത്തില്‍ സൈബര്‍ മാധ്യമം നന്നായിട്ട് തന്നെ ഞാന്‍ ഉപയോഗിക്കുന്നുണ്ട്  എനിക്കൊരുപാട് നേട്ടം ഉണ്ടായിട്ടുണ്ട് മുഖ്യധാരാ അച്ചടി മാധ്യമങ്ങളില്‍ എഴുതുന്നത്‌ വരാന്‍ തുടങ്ങിയിട്ടേ ഉള്ളു അപ്പൊ അങ്ങനെ ഒരിടത്തേക്ക് കൊണ്ടെത്തിച്ചത് സൈബര്‍ മാധ്യമം ആണെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നുണ്ട്. നമ്മുടെ സ്വാതന്ത്ര്യം, നമ്മുടെ എഴുത്ത് ... അതുകൊണ്ട് തന്നെ അതിനോടോരിക്കലും മുഖം തിരിക്കാന്‍ കഴിയില്ല തീര്‍ച്ചയായും അതൊരു ശക്തി തന്നെയാണ്.

11. അവസാനമായി താങ്കളെക്കുറിച്ച്? ഭാവി, എഴുത്ത്, ചിത്രം വര ഇവയെക്കുറിച്ച്?

ഭാവി എഴുത്ത്, ചിത്രം വര... എന്നൊക്കെ പറയുമ്പോ ..... :) മുൻകൂട്ടി നിശ്ചയിച്ച്  ഉറപ്പിച്ച്  നാളെ എന്തെഴുതണം എന്നോ എന്ത് വരയ് ക്കുമെന്നോ അങ്ങനെ ഒന്നില്ല. പെട്ടെന്ന് ഉണ്ടാകുന്ന ഒരു തോന്നൽ അതിനപ്പുറം ഒന്നുമില്ല. പിന്നെ എല്ലാം ദൈവത്തിന്റെ കൈയ്യില്‍ അല്ലെ :)


കൃഷ്ണയുടെ കവിത.

നീയിറങ്ങിപ്പോകുമ്പോൾ / ഞാൻ ഉപേക്ഷിക്കപ്പെടുമ്പോൾ
--------------------------------------------------------------------------------------

ഒട്ടിക്കിടന്ന് 
കടലല പോലെ പൊങ്ങിയും താണും കുറെ ഒഴുകി
ആകാശത്തേക്ക് നോക്കി മലർന്നു കിടന്ന്
വെയില് കണ്ടു,
മഴ കൊണ്ടു
കടൽത്തിരകളിൽ മുങ്ങാംകുഴിയിട്ടു 

ഹാ
നീയിറങ്ങിപ്പോകുമ്പോൾ
ഞാൻ ഉപേക്ഷിക്കപ്പെടുമ്പോൾ -
നെടുനീളത്തില്‍ പാഞ്ഞുപോകുന്നു
മൂർച്ചപ്പെട്ട രാത്രികളുടെ ശ്വാസച്ചൂട്‌  
നിന്നിൽ നിന്നെങ്ങനെ പുറത്തുകടക്കും എന്ന ചിന്തയിൽ 
നീ ഉമ്മവച്ചിടമൊക്കെ ആഴത്തിൽ തുരക്കുകയാണ്  ഞാൻ

വ്രണപ്പെടുന്ന മുറിവുകളിൽ -
കാറ്റെടുത്ത് കൊണ്ടുപോയ ദിവസങ്ങളെ 
അള്ളിപ്പിടിക്കുന്ന
കറുത്ത തുമ്പികളെ കണ്ടു
നിന്റെ അസാന്നിദ്ധ്യങ്ങളുടെ നിഴലുകളിൽ 
ഇറുകെ പിടിച്ചുകിടക്കുന്ന നരിച്ചീറുകളെ,
മരവിപ്പുകളെ ചുരണ്ടിയിളക്കുന്ന എറുമ്പുകളെ
തുരന്ന് 
തുരന്ന്  ചെന്നപ്പോൾ 
മുറിവുകളിൽ
മുറിവുകളിൽഉറവ വറ്റാത്ത ഉപ്പ് കടൽ കണ്ടു 
അടിത്തട്ടിൽ ഉടല്‍ക്കുടഞ്ഞുവിരിച്ച്നീ..നീയെന്ന് 
പകർത്തി എഴുതുന്ന എന്നെ
എന്നെ കണ്ടു

ഓർമകളുടെ വേരിറക്കങ്ങളെ അടർത്തിക്കീറി
പ്രണയം / മുറിവ് / നോവ്‌ /
മുറിവ് / നോവ്‌ / പ്രണയം/
നോവ്‌ / മുറിവ് / വേദന /
മുറിവ് / വേദന /
മാറി മാറി ചികഞ്ഞ്,  
എന്തൊക്കെയോ ഓർത്തിട്ട് 
പിന്നെയും പിന്നെയും

ഉന്മാദികളായ മരത്തലപ്പുകളിൽ പടർന്ന്,
പൂപ്പല്‍ബാധിച്ച സ്വപ്നങ്ങളെ ഉമ്മവെച്ച്  ഉമ്മവെച്ച്  
അടിമപ്പെടുന്ന
നനഞ്ഞുതൂങ്ങുന്ന രാത്രി...

നൊന്ത് നൊന്ത് ഏതൊക്കെയോ ഇടങ്ങളില്‍ 
ഒന്നുപോലനേകം തിരകളാൽ കടൽ കലങ്ങിമറിഞ്ഞു
കാറ്റ്‌ വീശി 
ചില്ലകൾ കുലുങ്ങി 
മരങ്ങൾ ഇളകി 

അനന്തരം കവിതകൾ 

നിർത്താതെ
പെയ്യാൻ തുടങ്ങി