പെണ്ണൊഴുക്കിന്റെ ഈ ചെരിവ്.
നുരയുന്ന സ്ഫടികത്തുഴയൂന്നി
ലഹരിയാഴത്തിലേക്കടിവെച്ച്
വിശക്കുന്ന കണ്‍ചലനങ്ങളുടെ
കടിഞ്ഞാന്‍ മുറിച്ച്,
സ്വയം മറന്ന് ആണ്‍കൂട്ടം.
ഇരിത്രിയയുടെ ഭൂപടം,
മിഴിയോളപ്പരപ്പിലൂടെ ഇങ്ങേച്ചരുവിലേക്ക്.
ഏതു വെള്ളപ്പൊക്കത്തിന്റെ,
തിരുശേഷിപ്പാണീ അരക്കെട്ടിനൊതുക്കം,
അബോധത്താളുകളില്‍ പരതുന്നു കൈകള്‍.
കൈത്തണ്ടയുടെ നിറസാമ്യതകളിലെ കറുത്തതേനേ;
ഹണീയെന്ന നിന്റെ പേരുപോല്‍ മധുരമേ ,
മൊറോക്കൊയില്‍ കാടുണ്ടോ,
നീയേതു കാട്ടി,ലേതുമരപ്പൊത്തിലിളിച്ചിത്രനാള്‍
ചുണ്ടുകളിലെ തേനരുവിയുറവേ.
നീളും കയ്യുകളിലെല്ലാമുടലുരസി,
ഉയര്‍ന്ന നെഞ്ചിലെല്ലാമൊതുക്കി,
പോകും വഴിയെല്ലാം പരക്കുന്നീ
സുഗന്ധമേ,റൂസ്സിന്‍ തലയെടുപ്പേ.
ഒരൊ പെണ്ണുടല്‍ ചലനങ്ങളും
ഓരോ രാജ്യത്തേക്കുള്ള
എമിഗ്രേഷന്‍ ക്ലിയറനില്ലാവിസ
ഓരോ ആണുടലിനും
ഒരു സഡന്‍ ടേക്കോഫ്;
നിമിഷാര്‍ദ്ധത്തിലൊരു ക്രാഷ് ലാന്‍ഡിംഗ്.
ഹേയ്,ഈ രാത്രി,
താക്കോലറ്റത്തെ മുറിയുടെ
നമ്പറോര്‍മ്മിക്ക നീ,
കലാപത്തിന്റെ ഇമവെട്ടലേ,
മുന്‍പിന്‍ ചലിക്കും എത്യോപ്യന്‍ കുന്നുകളെ, .
മറവെത്താത്തിരു കുന്നുകള്‍ക്കിടയില്‍
മറഞ്ഞിരുന്നോരു കുരിശ്,
നെഞ്ചിലെ വേദപുസ്തകച്ചൂര്
അറിയാത്തൊരു ഗ്രാമത്തില്‍
കാത്തിരിക്കുന്നുണ്ടോരുവന്‍;യൂസേഫ്
രാജൂ,നീയെനിക്ക് എന്റെ സഹോദരന്‍.
കണ്ണുകളിലെ പ്രണയമിന്നാമിനുങ്ങിനെ
തൊട്ടു സത്യം ചെയ്യുന്നുണ്ട് റാഫില
അമിതാഭേ,ഷാരൂഖെ,
കണ്ടെല്ലാ സിനിമയിലും സ്നേഹം
വാരിത്തൂവിപ്പിച്ച രാജൂമാരെ,
ലഹരീത്തൂവലുകള്‍ പാതികൊഴിയുമ്പൊള്‍
മൊബൈല്‍ ദേവതാപ്രാര്‍ത്ഥനകളില്‍ ,
പന്ത്രണ്ടക്കം തെളിഞ്ഞാല്‍ തന്നെയതു
ബിസ്സിയാകുമോ, ഔട്ടോഫ് കവറേജോ?
..പുതു കവിതയില്‍..