കായലിനെ ചുറ്റി ഇരുപതുവീടുകളാണ്
വീടിന്റെ വിശപ്പറിഞ്ഞു മീനുകള്‍
അടുക്കളകളിലേക്കു ഒളിഞ്ഞു നോക്കും
ഇടതുകാലിലെ നനഞ്ഞു കുതിര്‍ന്ന
പാതിവെളുത്ത കറുത്തചരടില്‍
ഉമ്മവെച്ചു നില്‍ക്കും ഉച്ചനേരത്ത് .
രാവിലെ കൊമ്പുതാഴ്ത്തി നിന്നു കൊടുക്കും
മുറ്റത്തെ തൈമാവ്.
ചെറുകമ്പുകള്‍ പല്ലുകളിലുരഞ്ഞു കൊഞ്ചുന്നത്
ചില്ലകളെ ചെറുങ്ങനെയനക്കും
പാര്‍ട്ടിയാപ്പീസ് തുറക്കുന്ന നേരത്താവും
വീട്ടുകാരന്മാരെല്ലാം നിരത്തിലേക്ക്
മാര്‍ച്ച് ചെയ്യുന്നത്..
പോക്കറ്റിലിട്ട രണ്ടു നാണയങ്ങള്‍
പരസ്പരം പിണങ്ങി ചിണുങ്ങൂം.
പാതി വഴി പിന്നിട്ട് ഇടതു വശത്ത്
പാര്‍ട്ടി ആപ്പീസില്‍ കട്ടികണ്ണട
വിചാരണാത്താളില്‍ ഒച്ചയെടുക്കുന്നുണ്ടാവും
ആപ്പീസു മുറ്റത്ത് കൊടിത്തണലില്‍
നക്ഷത്രം തുന്നിയ കുപ്പായങ്ങള്‍
വിധിയും കാത്തു കോട്ടുവായിടും
വലതു വശത്താണ് യൂണിയന്‍ ആപ്പീസ്സ്
പാതി തുറന്ന ജനാലയ്ക്കകത്ത്
വിതയ്ക്കാതെ കൊയ്ത വിത്തിന്റെ
വീതം വയ്ക്കല്‍ ഓരിയിടും.
യൂണിയന്‍ ആപ്പീസ്സു കടക്കും വരെ
കണ്ണുകള്‍ രണ്ടും വെട്ടാന്‍ വൈകിപ്പോയ
കാല്‍നഖങ്ങളില്‍ കുരുക്കിയിടും;
നിരത്തില്‍ ചുറ്റിനടക്കും;
നാണയങ്ങള്‍ കുമ്പിള്‍ പൊരിയാകും
ഉച്ചവെയിലിനൊപ്പം തിരിച്ചെത്തും;
സ്കൂള്‍ സഞ്ചികളും ആണുങ്ങളും.
പാതിവെന്ത ചോറൂണും മയക്കവും
നാലു മണിക്കു വീണ്ടും നിരത്തിലേക്ക്
ചൊവ്വാഴ്ചകളിലാണ് വീട്ടുകാരികള്‍
ചന്തയിലേക്ക് പോകുക .
അവര്‍ക്കു പരിചിതങ്ങളായ
ഓള്‍ഡ് കാസ്കോ ഓ.പി.ആറോ
മണത്തിനൊപ്പം വിയര്‍പ്പുപൊന്തും
പ്രകാശം കുറഞ്ഞ മുറികളില്‍
കണ്ണീര്‍പ്പോള ഇളകിയടരും
അടുത്ത ചന്തവരേക്കുള്ള വിശപ്പ്
സഞ്ചിയില്‍ തൂക്കി
ഇരുളു മുറുകും മുന്‍പ്‍ വീട്ടിലേക്ക്.
നാളെ മുതല്‍ നാണയങ്ങള്‍
മേശമേല്‍ ഉഴംകാത്തു കിടക്കും.
.
foto courtesy :Below is the image at: www.merello.com