ശനിയാഴ്‌ച, മാർച്ച് 13, 2010

അമ്പത്തിയാറില്‍ നിന്നു തിരിഞ്ഞു നോക്കുമ്പോള്‍













നവാതില്‍ക്കലോളം വന്നു മറഞ്ഞ
പാതിവാടിയ അരമുഴം മുല്ലപ്പൂക്കളാണ്
അമ്പത്തിയാറുനാള്‍ മുന്‍പ്
മറന്നുപോയൊരു പ്രതിജ്ഞ ഓര്‍മ്മിപ്പിച്ചത്.
ശീലിക്കാനും പാലിക്കാനും പറ്റാതെപോയ
ഒരുപാടുകളില്‍ ഒന്നു കൂടി.
ഈ വര്‍ഷം ഞാനൊരു സസ്യഭോജി;
ഒരു വാശിക്ക് പറഞ്ഞു പോയതാണ്.

മുല്ലപ്പൂവിന്റെ ഇളം മഞ്ഞനിറത്തില്‍
പുറം തിരിഞ്ഞുറങ്ങുന്ന
ത്രേതാ,കലിയുഗങ്ങളുടെ ഫ്ലാഷ് ബാക്ക്
പരസ്പരം വിയര്‍പ്പ് നാറും

ജീവനും മരണത്തിനും ഇടയിലെ
നിമിഷദശാംശങ്ങളില്‍
കണ്ണുകള്‍ തുറിച്ചുതള്ളിനിര്‍ത്തുന്നത്
പ്രാണഭയത്താലല്ല;
ആനിമേഷന്റെ അകമ്പടിയില്ലാതെ
വേട്ടക്കാരന്റെ പിന്നീടുള്ള
ഉറക്കപ്പാതികളിലത്പ്രാണനെക്കുറിച്ചുള്ള
പ്രാര്‍ത്ഥന തുറക്കും
ചുവന്നു കലങ്ങിയ ഒരു ജോഡികണ്ണുകള്‍.

പച്ച ചുവയ്ക്കുന്നതും പാതിവേവാത്തതുമായ
മാംസം തൊലിപ്പുറത്ത്
ചൊറിഞ്ഞു തിണര്‍ക്കും ;
കുരുക്കളായി പുറത്തേക്കു ചാടാന്‍ വെമ്പും

ശീതത്തിന്റെ സൂചിമുനകള്‍ ‍
ഉള്ളിലെ വേട്ടക്കാരനെ തോണ്ടിയുണര്‍ത്തും
വേട്ടയാടേണ്ടത് ഉള്ളിലെ
അരുതരുതായ്മകള്‍ തമ്മില്‍.
നീ വിലക്കിയകറ്റുന്ന
ഒരു കനിയാവുന്നുണ്ട് ഞാന്‍.

ഓരോ നിമിഷവും 
ആഘോഷിക്കാനാണെന്ന്
പഠിപ്പിക്കുന്നത് ഉറപ്പുകളെ 
ഒഴിവാക്കാനാണ്.

വാക്കുകളില്‍ പച്ചപ്പു നിറച്ചു
ചിന്തയിലും പ്രവൃത്തിയിലും
മാംസം കടിച്ചു കുടയും
പുതിയതൊന്ന് കണ്ടെത്തുന്ന
അടുത്ത പുതുവത്സര പ്രതിജ്ഞവരെ.